top of page

കാക്കകൾ പറക്കുന്ന പാടം

Apr 16, 2025

3 min read

ജോ��സ് സുരേഷ് കപ്പൂച്ചിൻ
Vincent Van Gogh
Picture credit: Wikimedia Commons

"ശരിയായ രീതിയിൽ പറഞ്ഞാൽ, വാൻ ഗോഗ് ഭ്രാന്തുപിടിച്ച് മരിച്ചില്ല, എന്നാൽ മനുഷരാശിയുടെ ദുരാത്മാവ് ആദിമുതൽ പോരാടുന്ന ഒരു പ്രശ്നത്തിൻ്റെ ശാരീരിക യുദ്ധക്കളമായി സ്വയം മാറിയപ്പോൾ അദ്ദേഹം ഭ്രാന്തനായി തീർന്നു.

ആത്മാവിന് ശരീരത്തിനു മേലുള്ള, അല്ലെങ്കിൽ ശരീരത്തിന് മാംസത്തിനു മേലുള്ള, അല്ലെങ്കിൽ ആത്മാവിന് ഇതിന് രണ്ടിനും മേലുള്ള ആധിപത്യത്തിൻ്റെ പ്രശ്നം.

ഈ വിഭ്രാന്തിയിൽ എവിടെയാണ് മനുഷ്യ സ്വത്വത്തിൻ്റെ സ്ഥാനം?

വിചിത്രമായ ഊർജ്ജത്തോടും നിശ്ചയദാർഢ്യത്തോടും വാൻഗോഗ് തൻ്റെ ജീവിതത്തിലുടനീളം ഒരു തിരച്ചിൽ നടത്തി. ഇതിൽ വിജയിക്കാത്തതിൽ, ഭ്രാന്തിൻ്റെ ഉച്ചിയിൽ അദ്ദേഹം ആത്മഹത്യ ചെയ്യുക ആയിരുന്നില്ല. നേരെ മറിച്ച്, അവൻ ആരാണെന്നും ആരായിരുന്നെന്നും കണ്ടെത്തുന്നതിൽ വിജയിച്ചപ്പോൾ സമൂഹത്തിൻ്റെ കൂട്ടായ ബോധം അതിൻ്റെ പിടിയിൽ നിന്നും അവൻ രക്ഷപെട്ടതിന് അവനെ ആത്മഹത്യ ചെയ്യിപ്പിച്ചു.”


അൻറ്റോണിയ അർറ്റൗഡിൻ്റെതാണ് ഈ കണ്ടെത്തൽ. വിശുദ്ധീകരിക്കപ്പെട്ട, സമർപ്പിക്കപ്പെട്ട, വിമോചിതമായ, ഭൂതാവിഷ്ടമായ സമൂഹം അവൻ നേടിയെടുത്ത അഭൗമമായ പ്രജ്ഞയെ ഒരു പുഴുവിനെ പോലെ അവൻ്റെ ഉള്ളിൽ പ്രവേശിപ്പിച്ച് മായിച്ചു കളയാൻ ശ്രമിച്ചതു കൊണ്ടാണ് വാൻഗോഗ് ത്തത്മഹത്യ ചെയ്തെന്ന് അർറ്റൗഡ് കുറ്റപ്പെടുത്തുന്നു. സമൂഹം, മാധവിക്കുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ, ആയിരം കണ്ണും മുക്കും വായുമുള്ള പടുകിളവി, അവളുടെ പരദൂഷണ ജീവതത്തിൽ നിന്നും രക്ഷപ്പെട്ട് രൂപാന്തരികരണത്തിൻ്റെ പുഴകളും മലകളും കാടുകളും താണ്ടുന്നവരെ കല്ലെറിഞ്ഞു കൊല്ലാൻ എല്ലാ കാലത്തും അവളുടെ ശിങ്കിടികളെ പറഞ്ഞയക്കുന്നു.


അർറ്റൗഡിനെയും അവർ വന്ന് പിടിച്ചു കൊണ്ടു പോയി, ഭ്രാന്താശുപത്രിയിൽ തളച്ചിടാനായി. അവിടെ കിടന്നുകൊണ്ട് അർറ്റൗഡ് അവയവങ്ങളില്ലാത്ത ശരീരത്തെ സ്വപ്നം കണ്ടു. കാരണം, അവയവങ്ങളിലൂടെയാണ് സമൂഹം ദൈവത്തിൻ്റെ വിധി പ്രസ്താവിക്കുന്നത്. എന്നന്നേക്കുമായി ദൈവത്തിൻ്റെ വിധികളെ അയച്ചു വിടാനായി മനുഷ്യൻ അയവങ്ങളില്ലാത്ത ശരീരമായി മാറേണ്ടിവരും. സമൂഹത്തിന് കാണാൻ കഴിയാത്ത കണ്ണുകളുള്ള, സമൂഹത്തിന് പ്രസ്താവിക്കാൻ കഴിയാത്ത വാക്കുകളുള്ള, സമൂഹത്തിന് കടന്നുചെല്ലാൻ കഴിയാത്ത ഏകാന്തതകളുള്ള വാൻഗോഗിനെ അത് നിർദ്ദയം പുറന്തള്ളി. അവസാനം വാൻഗോഗ് അഭയം പ്രാപിച്ചത് ഭ്രാന്തിൻ്റെ വിദൂര പ്രകരണങ്ങളിലായിരുന്നു.


Wheat field with crows- Vincent van Gogh
Wheat field with crows- Vincent van Gogh

ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ്, വാൻ ഗോഗ് വരച്ച കാക്കകൾ പറക്കുന്ന ഗോതമ്പു പാടം എന്ന ചിത്രത്തെക്കുറിച്ച് അർറ്റൗഡ് പറയുന്നത്, "ചിത്രികരിക്കപ്പെട്ട ഒരു ചിത്രത്തിലേക്ക് അല്ലെങ്കിൽ ചായം പൂശിയിട്ടില്ലാത്ത പ്രകൃതിയിലേക്കും, സാധ്യമായ ഒരു 'അപ്പുറ'ത്തിലേക്കും ഇത് വാതിൽ തുറക്കുന്നു എന്നാണ്." നിഗൂഢവും ദുഷ്ടവുമായ ഈ 'അപ്പുറം' കണ്ടെത്താനാകുക സാധ്യമായ ഒരു സ്ഥിര യാഥാർത്ഥ്യമായിരിക്കും.


വാൻഗോഗിൻ്റെ ക്യാൻവാസിൽ കറുത്ത കാക്കകൾ തിങ്ങിക്കൂടുന്നു , അവയ്ക്കു കീഴിൽ വിളറി വെളുത്തതും ശൂന്യവുമായ ഒരു മൈതാനം, അതിൽ ഭൂമിയുടെ വീഞ്ഞ് നിറം ഗോതമ്പിൻ്റെ വൃത്തികെട്ട മഞ്ഞ നിറവുമായി വന്യമായി സംയോജിപ്പിച്ചിരിക്കുന്നു. വാൻ ഗോഗിനല്ലാതെ മറ്റാർക്കും കാക്കകളെ വരയ്ക്കാൻ വേണ്ടി കറുപ്പിൻ്റെ സമ്പന്നമായ ഈ വിരുന്നിനെ, സായാഹ്നത്തിൻ്റെ മങ്ങിപ്പോകുന്ന തിളക്കത്തിൽ വിസ്മയിച്ച് പറന്നു പോകുന്ന കാക്കകളുടെ ചിറകിനെ ക്യാൻവാസിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല.


ശുഭോദർക്കമായ ആ കാക്കകളുടെ താഴെ ഭൂമി എന്താണ് പരാതിപ്പെടുന്നത്? തിന്മയുടെ ആഡംബര പൂർണ്ണമായ ഒരു പ്രവചനനത്തിനും സ്പർശിക്കാൻ കഴിയാത്ത വിധത്തിൽ നിൽക്കുന്ന വാൻഗോഗ് ഭൂമിയോട് ചെയ്ത പാതകം എന്തായിരുക്കും? അർറ്റൗഡ് കണ്ടെത്തുന്ന ഉത്തരം: ഇതുവരെ ആരും ഭൂമിയെ ഇങ്ങനെ വീഞ്ഞിലും നനഞ്ഞ രക്തത്തിലും പിഴിഞ്ഞെടുത്ത ഒരു തുണിയാക്കി മാറ്റിയിട്ടില്ല എന്നാണ്.

വൈക്കോൽ കൂനകളുടെ മുകളിൽ അനേകം സൂര്യമാരെ മദ്യപിച്ച് ഉന്മത്തരാക്കി അനിയന്ത്രിയമായി ചുറ്റിത്തിരിയിപ്പിച്ച ഒരു മനുഷ്യൻ്റെ മരണത്തിന് ശരിയായ അകമ്പടിയാണ് ഈ ഗോതമ്പ് പാടവും കാക്കകളും.


വയറ്റിൽ വെടിയുണ്ടയുമായി നിൽക്കുന്ന അയാൾക്ക് ആ ഭൂ ദ്യശ്യത്തെ രക്തവും വീഞ്ഞും കൊണ്ട് പ്രവഹിപ്പിക്കാതെ, കയ്പേറിയ വീഞ്ഞിൻ്റെയും കേടായ വിനാഗിരിയുടെയും രുചിയുള്ള ഇരുണ്ടതും സന്തോഷകരവുമായ അവസാനത്തെ മിശ്രിതം കൊണ്ട് ഭൂമിയെ നനയിക്കാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നു.


'സാധാരണ ഒരു പ്രജ്ഞക്ക് വഹിക്കാവുന്നതിലും കൂടുതൽ നിറഞ്ഞിരുന്ന വാൻഗോഗിനെ ഡോക്ടർമാരും അവരുടെ സൈക്കോളജിയും മരുന്നും ഭ്രാന്തനാക്കി' എന്ന് അർറ്റൗഡ് എഴുതുമ്പോൾ അതിൽ ഒരു ആത്മകഥ കൂടിയുണ്ട്. ഒരു സൈക്യാട്രിസ്റ്റ് ഒരിക്കലും വിശ്വാസിക്കാനാകാത്തത് ഒരു ജീനിയസ് വിശ്വസിക്കുന്നു എന്നതാണ് മെഡിക്കല്‍ ലോകത്തിൻ്റെ പ്രശ്നം. വാൻഗോഗ് നമുക്ക് തന്നത് ഏതെങ്കിലും ജ്യോതിഷത്തിൻ്റെ ലോകമല്ല. പകരം ബുദ്ധിക്കും പ്രജ്ഞക്കും അപ്പുറമുള്ള ഒരു ഭൂമിയെ നേരിട്ട് സമ്മാനിക്കുന്ന വാൻ ഗോഗിൻ്റെ പ്രതിഭ മറ്റേത് കവിയെയും എഴുത്തുകാരനേയും അതിശയിപ്പിക്കുന്നതാണെന്ന് അർറ്റൗഡ് തിരിച്ചറിയുന്നു. ഭൂമിയിലെ ഏറ്റവും സാധാരണ വസ്തുവിൽ നിന്നും പോലും ഒരു മിത്തിനെ വേർതിരിച്ചെടുക്കാനുള്ള കഴിവുള്ള വാൻഗോഗിനേക്കാൾ വലിയൊരു കലാകാരൻ ഇവിടെ ജന്മമെടുക്കുകയുമില്ല.


ക്യാൻവാസിൻ്റെ ആഴങ്ങളിൽ ഉറ്റുനോക്കുന്ന വാൻഗോഗിൻ്റെ കണ്ണുകൾ, ഭൂമിയെ വീണ്ടും അതിൻ്റെ തീരാഭംഗിയിൽ കാണാൻ കൊതിക്കുന്ന ആ കണ്ണുകളിൽ നോക്കുമ്പോൾ മനുഷ്യ കുലം മുഴുവൻ കുറ്റവാളിയായി എണ്ണപ്പെടുന്നു.

ഭൂമിയിലെ ഏറ്റവും അസന്തുഷ്ടനായ മനുഷ്യൻ ഞാനായിരുന്നു എന്നു പറയുന്ന ആ രൂപം ആത്മാവിൻ്റെ വസ്ത്രം അഴിച്ചു കളഞ്ഞ ഒരാളുടേതാണ്, മനസ്സിൻ്റെ ഉപജാപങ്ങൾക്കപ്പുറം ശരീരത്തെ നഗ്നമാക്കിയ ഒരാളുടേതാണ്.

ഡോൺ മാക് ലിൻ പാടുന്നതു പോലെ, എല്ലാ കാമുകന്മാരെയും പോലെ സ്വയം നിറയൊഴിച്ച വിൻസെൻ്റിനെ പോലെ സുന്ദരനായ ഒരാൾക്ക് വേണ്ടിയുള്ളതല്ല ഈ ലോകം. ഇടത്തരം മനുഷ്യർ ഭരിക്കുന്ന ഈ ലോകം കലാകാരന്മാരെ, പ്രതിഭയുള്ള മനുഷ്യരെ എപ്പോഴും വേട്ടയാടും.


Description on van Gogh

ക്ഷമിക്കുക, വാൻഗോഗിനോട് ഒരു കവിതയിലുടെ സംസാരിക്കാതിരിക്കാതെ നിവൃത്തിയില്ല.


വിൻസൻ്റ്

നിൻ്റെ കണ്ണുകളെ ഒരിക്കലും പ്രായം ബാധിച്ചില്ല,

പേടിച്ച ഒരു കുട്ടിയുടെ കണ്ണുകളായിരുന്നു നിനക്ക്.

നീ വസ്തുക്കളെ ആദ്യമെന്നോണം കണ്ടു,

ഒരിക്കലും ആവർത്തിക്കാതെ.


ശിശിരം എത്ര പെട്ടെന്നാണ് അവയിൽ വീണത്,

കൊടുങ്കാറ്റ് അവയിലൂടെ പാഞ്ഞു പോയി.

നീ നോക്കിയപ്പോൾ, നക്ഷത്രങ്ങൾ

ഭൂമിയിയുടെ എല്ലാ കോണിൽ നിന്നും

നിൻ്റെ കണ്ണുകളിലേക്ക് കുതിച്ചെത്തി,

ശീതക്കാറ്റ് ശാന്തമായി, ഗോതമ്പു പാടത്തിനു

ചുറ്റും വിറക്കാൻ തുടങ്ങി,

ആ മഞ്ഞ കടലിനു മുകളിലൂടെ

ഏതോ ആഭിചാരം നിർവ്വഹിക്കാനെന്നവണ്ണം

കാക്കകൾ പാഞ്ഞു പോയി,

സൂര്യകാന്തികൾ തീപിടിച്ച് കത്തി നിന്നു.

നിറങ്ങൾ നിറം മാറി മാറി പൂശി.


പക്ഷെ, സ്ത്രീകൾ, അവർ മാത്രം

നിന്നെ കാണാൻ മടിച്ചു.

നീ അവളുടെ പിതാവിനോട് പാഞ്ഞു,

'ഞാനിനി വരില്ല, ഈ വിളക്കിൽ കൈവച്ചിട്ട്

പൊള്ളി വലിക്കുന്നതുവരെ അവളെ കാണാൻ അനുവദിക്കുക.'

അവൾക്കറിയാമായിരുന്നു കൈകത്തു തീപിടിച്ചാലും

പിൻവലിക്കാതെ നീ അവളെയും നോക്കി നിൽക്കുമെന്ന്.


വിൻസൻ്റ് ആർക്കാണ് നിൻ്റെ നോട്ടത്തെ

നോക്കി നിൽക്കാനാകുക?

ഒരു കൊടുക്കാറ്റിന്, ഒരു നക്ഷത്രാങ്കിത ആകാശത്തിന്,

ഐറിസുകൾക്ക്, ആൽമണ്ട് വൃക്ഷത്തിന്.


എല്ലാ നക്ഷത്രങ്ങളും പിൻവലിഞ്ഞ ആ ദിവസം

അപമാനത്താൽ നീ സ്വയം വെടിവെച്ചു.

ഇപ്പോഴും ആ വെടിയൊച്ച മുഴങ്ങുന്നു.

തകർക്കപ്പെട്ട ഒരു പക്ഷിയെ പോലെ നീ വീണു,

ശവപ്പെട്ടി പോലെ കണ്ണുകൾ പൊട്ടിവീണു.


ഇനി ആരാണ് ബദാം മരത്തെ കാണുക?

ആരാണ് കർഷകൻ്റെ പൊട്ടിപൊളിഞ്ഞ

ഷൂവിനെ കാണുക?

ആരാണ് സൂര്യനെ ഇഷ്ടം പോലെ ഉലഞ്ഞാടാൻ

അനുവദിക്കുക ?

വിൻസൻ്റ്

ദൈവം അവനെത്തന്നെ കണ്ട

കണ്ണുകളായിരുന്നു നീ.


Apr 16, 2025

0

88

Recent Posts

bottom of page