top of page

സ്കോറെത്രയായ്?

Dec 1, 2013

2 min read

ജച

സ്കോറെത്രയായ്?

ഒരുനാള്‍ കേരനാട്ടിന്‍ തലപ്പത്ത്

ത്രിസന്ധ്യാനേരത്ത്, മദ്യത്തിളപ്പിലൊ-

രധമന്‍ കെട്ടിയോളെ

മേശക്കാലിനടിച്ചു കൊന്നു.

പ്രാണവേദനയുടെ നിലവിളി

അയല്‍ക്കാര്‍ കേട്ടുവത്രേ.

ആരും തിരിഞ്ഞുനോക്കിയില്ല,

കാരണം മൂന്നുണ്ട്.

പള്ളുകളുടെ അധീശനാണു പുള്ളി,

തെറിപോലെ മല്ലൂസിനു പേടി

വേറൊന്നില്ലല്ലോ; ഒന്ന്.

രണ്ട്, ക്രിക്കറ്റ് കളിയൊന്ന് ടിവിയില്‍

കത്തിക്കാളുകയായിരുന്നത്രെ;

മേശക്കാലല്ലെങ്കിലും അതും

മരവടികൊണ്ടുള്ളഭ്യാസമാണല്ലോ.

മൂന്ന്, ആയമ്മയുടെ നിലവിളി

സ്ഥിരമായി കേട്ടുമടുത്തതാണ്.

ആയിരത്തൊന്നാവര്‍ത്തി കളിച്ചിട്ടും

മടുക്കാത്ത കേളികളുടെ നാടാണിത്.

ഒരു ചാവൊലിക്ക് ലാവണ്യമില്ലല്ലോ,

റേറ്റിങ്ങും കുറവാണ്, മടുക്കും.

സന്ധ്യയായാല്‍ കളി നിറുത്തി

പുരകയറാന്‍ ഈ മലയാളി

പ്പിറപ്പുകളെ ആരും പഠിപ്പിച്ചില്ലേ?

(യഥാര്‍ത്ഥ സംഭവം, തിരുവനന്തപുരം കുടപ്പനക്കുന്നില്‍ 2012 ല്‍ നടന്നത്...)

2. വനം വനത്തോട്

നിങ്ങളോടൊരു വാക്ക്:

വിപ്ലവം തോക്കിന്‍കുഴലില്‍

വിടരുന്നില്ല, പുലരുന്നില്ല.

ആയിരുന്നെങ്കില്‍ യന്ത്രത്തോക്കിലും

പീരങ്കിയിലും മഹാവിപ്ലവം പിറന്നേനേ.

അവരോടൊരു വാക്ക്:

ഒരു വിപ്ലവം പോലും

തോക്കിന്മുനയിലൊടുങ്ങില്ല

ആയിരുന്നെങ്കില്‍ തോക്കും

കവാത്തും ഭയന്നാളുകള്‍

ഉണ്ടുമുറങ്ങിക്കഴിഞ്ഞേനേ.

ഇന്നോളവും പല്ലിനായ് നാം

പല്ല് കരുതുന്നത്

ഉള്ളിലടരാത്തതാം

അബോധമൊരു വനന്യായം.

എല്ലാവരോടുമൊരു വാക്ക്:

നുണയുന്നൊരു കൊതിവായ

കശക്കുന്നൊരു പെരുംകൈ

ഞെരിക്കുന്നൊരു കൊടുംകാല്-

ഗോത്രഭൂമികളിലെ

പ്രാക്തനസ്വപ്നങ്ങളില്‍

ഇവ വന്നുകയറിയിട്ട്

നാളേറെയായില്ല;

സ്വച്ഛസ്വപ്നങ്ങളുടെ

പോക്കുകാലം.

3. സിറിയ

എനിക്ക് സിറിയയെ പരിചയം

ഇങ്ങനെയൊക്കെയാണ്:

ചുരുള്‍രോമങ്ങളിളകും

താടിയുലച്ച് കുളമ്പടിതാളത്തില്‍,

കയ്യില്‍ കണ്ണില്‍ അസ്ത്രപ്രഭ,

പായുന്ന തേരില്‍

യുദ്ധത്തിന്‍റെ ആള്‍മുഖം:

ഇതിഹാസച്ചുവര്‍രേഖയില്‍

എഴുന്ന ശില്പങ്ങളായി കല്ലിച്ച

അസ്സീറിയന്‍ പ്രഭുക്കള്‍

കീഴ്ജനതയുടെ പ്രവാസഗീതി

ദേശഭ്രഷ്ടിന്‍റെ ദൈവാനുഭവം.

വെട്ടുക്കിളികളെപ്പോല്‍ അവര്‍

വന്നും പോയുമിരുന്നു- അസ്സീറിയര്‍.


അപ്രേമിന്‍റെ സ്വരച്ചിട്ടകള്‍

നേര്‍പ്പിച്ചതെങ്കിലുമൊരു പള്ളിപ്പാട്ട്,

മരുതലങ്ങളിലെ മുനിയറകള്‍

തപോവൃത്തിയുടെ ഈറ്ററ,

യേശുവിന്‍റെ അരമായമൊഴി-

മധുരമായവന്‍ പറഞ്ഞതൊക്കെ,

ശീമോന് ദുസ്തോനായ-

പെരുന്തൂണില്‍ കാലം കഴിച്ചവന്,

അവനെ വലയ്ക്കുന്ന

ബൂഞ്ഞുവേലിന്‍റെ ഭൂതങ്ങള്‍

മൈക്കിളച്ചന്‍ ചന്തത്തില്‍

തലയിളക്കിപ്പാടിയ

"കന്തീശാ ആലാഹാ..."

ത്രൈശുദ്ധകീര്‍ത്തനം, പഴമൊഴിയില്‍.

കിറുക്കനായ ഞാനും, അരക്കിറുക്കന്‍

സുഹൃത്തും തൃശ്ശൂര് മാര്‍ നര്‍സായി പ്രസ്സില്‍

വാങ്ങിയ അരമായ പാഠങ്ങള്‍,

അന്നത്തെ പൊരിവെയിലും ആനന്ദവും.

സുറായി, സുറിയാനി, ക്നാനായ ഗരിമകള്‍

ഇതൊന്നുമില്ലാത്തയെന്‍ ലത്തീന്‍

തിരുശേഷിപ്പുകള്‍ ശോഷിച്ചത്;

കടലില്‍ത്താഴ്ന്ന കല്‍ദായമെത്രാന്‍,

മതതീക്ഷ്ണതയുടെ പറങ്കിക്കായാങ്കികളുടെ ആറാം കപ്പല്‍

പ്പടക്കണ്ണില്‍ ഇന്നു സിറിയ.

ഭ്രാതൃഹത്യ, വംശശൗചം,

യൂറ്റ്യൂബിലോടുന്ന യുദ്ധവീഥി,

കബന്ധ നിര്‍മ്മതി,

ഉടലില്‍ ചാരിവച്ചൊരു

അറുത്തതല:

ഫ്രാന്‍സ്വാ മുറാദി-

ആയിരങ്ങളില്‍ കേവലമൊരാള്‍.


പച്ചച്ചങ്ക് തിന്നുന്നൊരു

സമരവീരന്‍-നരഭോജനത്തിന്‍റെ

പുത്തന്‍പിറ, പുത്തന്‍ചിറ;

തിന്നപ്പെട്ടവന്‍റെ മൊബൈലില്‍

വിവസ്ത്രമായൊരു കീറപ്പൂവ്-

ഒരു പീഡനചിത്രം - അവന്‍റെ

ചങ്ക് പറിക്കപ്പെടാന്‍ കാരണങ്ങളുണ്ട്.

മുറുക്കിയടച്ച രാജ്യസീമ

മുള്‍വേലിയുടക്കി അഭയാര്‍ത്ഥന;

അഭയം തൂകിപ്പോന്ന ശൃംഗങ്ങള്‍

യന്ത്രത്തോക്കിന്‍ കഴുകന്‍കൂട്,

ചിന്നിച്ചിതറി ഊരുകള്‍

പേരുകള്‍, ഭാഷകള്‍.

ഒളിത്തോക്കിന് കണ്‍കെട്ടാന്‍

വലിച്ചുകെട്ടിയ വര്‍ണ്ണകംബളങ്ങള്‍

ആകാശക്കാഴ്ചയില്‍ ഉത്സവനിറം

പരത്തിയേക്കാം, ഭൂമിയില്‍

ഭയപ്പെട്ടുവിടര്‍ന്ന കണ്ണുകള്‍

വര്‍ണ്ണാന്ധമാണവയിതു കണ്ടേക്കില്ല.

വിഷപ്പുകയേറ്റ് മരവിച്ച

ഉടലുകള്‍, കണക്കറ്റ് വെളുത്ത്,

കുളിച്ചൊരുക്കാതെ കൂട്ടിമൂടിയത്.

ചിതറിയ പാല്‍ത്തുള്ളിപോലെ

അങ്ങിങ്ങ് കുരുന്നുടലുകള്‍,

നിറമായ നിറമൊക്കെയണിഞ്ഞ്

അവരുറങ്ങുന്നു ഉണരാതെ;

വീട്ടിലുമുണ്ടിങ്ങനെയെന്‍റെ

അനന്തിരക്കുഞ്ഞുങ്ങള്‍-

അവരുടെ വാരിവലിച്ചിട്ട പഞ്ഞിപ്പാവകള്‍

ഇങ്ങനെ കിടക്കുന്നതു കണ്ടിട്ടുണ്ട്.

ഇതെല്ലാം ആരു തുടച്ചുകഴുകും

ഇനിയും കുട്ടികള്‍ ഏറെ വരാനുണ്ട്.

ജച

0

0

Featured Posts

bottom of page