top of page

ചരിത്ര പുസ്തകം പഠിപ്പിക്കാത്തത്

Mar 2, 2025

1 min read

എ. കെ. അനില്‍കുമാര്‍



ചരിത്ര പുസ്തകം നമ്മെ

കുറേയേറെ പഠിപ്പിക്കുന്നുണ്ട്.

അധിനിവേശത്തിന്‍റെ ചരിത്രം

വെട്ടിപ്പിടിക്കലുകളുടെ ചരിത്രം

പലായനത്തിന്‍റെ ചരിത്രം

അടിച്ചമര്‍ത്തലുകളുടെ ചരിത്രം.


യുദ്ധവെറിയുടെ

അധികാര, കാമ ആര്‍ത്തിയുടെ

എത്രയെത്ര ഏടുകള്‍

ചരിത്ര പുസ്തകത്തില്‍

നമുക്കായി എഴുതപ്പെട്ടിരിക്കുന്നു.


ചരിത്രം പഠിക്കാതെ

മനുഷ്യ മസ്തിഷ്കത്തിന്

ഭൂമിയില്‍ നിലനില്‍പ്പില്ല.



ഭൂമിയുടെ സ്പന്ദനം

കണക്കു പുസ്തകത്തിലല്ല;

ചരിത്ര പുസ്തകത്തിലാണ്.


സൂര്യന്‍ കിഴക്കുദിക്കുന്നതിനും

പടിഞ്ഞാറ് അസ്തമിക്കുന്നതിനും

ഒരു ചരിത്രമുണ്ടാവണം.


മേഘം മഴ പെയ്യിക്കുന്നതിനും  

വേനല്‍ ചുട്ടുപൊള്ളിക്കുന്നതിനും

ചരിത്രമില്ലാതെ വരില്ല.


എല്ലാ ജീവജാലങ്ങളും

ഉണരുന്നതും

ഉറക്കത്തിലേക്കാണ്ടുപോവുന്നതും

ഒരു ചരിത്രത്തില്‍നിന്നും

മറ്റൊരു ചരിത്രത്തിലേക്കാണ്.    


എല്ലാം പഠിപ്പിച്ചിട്ടും

ചരിത്രപുസ്തകം നമ്മെ പഠിപ്പിക്കാത്തത്

ഒന്നുമാത്രം; സ്നേഹം...


പ്രണയത്തിന്‍റെ ഉപാധികളില്ലാത്ത,

സ്വാര്‍ഥതയുടെ കപടതയില്ലാത്ത,

കാമത്തിന്‍റെ മുഖംമൂടിയില്ലാത്ത,

മതത്തിന്‍റെ അതിര്‍വരമ്പുകളില്ലാത്ത,

സ്നേഹത്തെക്കുറിച്ചുമാത്രം

ചരിത്രപുസ്തകം പഠിപ്പിക്കുന്നില്ല.


ചരിത്രത്തിന്‍റെ ഏടുകളില്‍നിന്നും

സ്വയം കൊഴിഞ്ഞുപോയൊരു അദ്ധ്യായം.

Mar 2, 2025

0

65

Recent Posts

bottom of page