ജോര്‍ജ് വലിയപാടത്ത്
Oct 4
ആരുടെയെങ്കിലും നല്ല ജീവിതം മുരടിച്ചുതുടങ്ങിയെന്ന് തോന്നിയാല്‍ അവരോട് ചോദിക്കുന്ന ഒരു ചോദ്യമാണ് 'നടവഴിയില്‍ പുല്ലു കയറിയോ' എന്ന്. മനുഷ്യരിലേക്കും ദൈവത്തിലേക്കും നീളുന്ന വഴിയാകെ കാടും കളയും വളര്‍ന്ന് വഴിതെറ്റിപ്പോയി. എങ്കിലും കാടും കളയും തെളിക്കാന്‍ ഇനിയും സാധിക്കും. 'തിരുനാള്‍ ദിനത്തില്‍' എന്നു പേരുള്ള ഒരു ഇറ്റാലിയന്‍ കഥയിങ്ങനെ: പട്ടണത്തില്‍ ഒറ്റയ്ക്കു താമസിക്കുന്ന ധനികയുവാവ്. കവര്‍ന്നും ചോര്‍ത്തിയും ഉണ്ടാക്കിയ ധനം ഏറെ. സുഖതൃഷ്ണകളോടുള്ള കനത്ത അഭിനിവേശവുമുണ്ട്. കാറ്റത്തു പറക്കുന്ന പതിരുപോലെ തെന്നിത്തെന്നി ഒരു തരം ജന്മം. എല്ലാമുണ്ടായിട്ടും വല്ലാത്തൊരു ശൂന്യതയുണ്ട് ഉള്ളില്‍.
കൊട്ടാരസദൃശ്യമായ ഹോട്ടലിന്‍റെ ലോബിയില്‍ ഒരു വൈകുന്നേരം നില്‍ക്കുമ്പോള്‍ പട്ടണത്തിലെ ഏതോ പള്ളിയില്‍നിന്ന് പുറപ്പെട്ട പട്ടണപ്രദക്ഷിണം അയാള്‍ കാണുന്നു. കുഞ്ഞിന്‍റെ വിടര്‍ന്ന കണ്ണോടെ കണ്ടുനിന്ന അയാളുടെ ഉള്ളില്‍ പെട്ടെന്നൊരു കണ്ണീരൊഴുക്ക്. അയാള്‍ മുറിയിലേക്ക് വേഗത്തില്‍ നടന്നു. ലഗേജുകള്‍ക്കിടയിലെ തുകല്‍പ്പെട്ടിയില്‍ നിന്ന് അയാള്‍ ഒരു കൊന്ത പുറത്തെടുത്തു. അമ്മ പണ്ട് നല്‍കിയതാണ്. അത് നല്‍കിക്കൊണ്ടമ്മ പറഞ്ഞു: "തെറ്റില്‍ വീഴാതിരിക്കാന്‍ ഇതു നെഞ്ചോടു ചേര്‍ത്തുവെച്ച് നടക്കണം."
തെറ്റില്‍ അടിമുടി മുങ്ങിനില്‍ക്കുന്ന അയാളെ നോക്കി, അയാള്‍ പെട്ടെന്നു ചിരിച്ചുപോയി. കരച്ചിലില്‍ മുട്ടിനില്‍ക്കുന്ന ഒരു ചിരി. അയാള്‍ നിശ്ശബ്ദം കരഞ്ഞു. കരച്ചിലിനൊടുവില്‍ താഴേക്ക് ഓടിയിറങ്ങി. ജപമാല കഴുത്തിലണിഞ്ഞുകൊണ്ട് അയാള്‍ ആ പ്രദക്ഷിണത്തില്‍ ചേര്‍ന്നു. അമ്മ കൈപിടിച്ച് കൂടെ നടക്കുന്നതുപോലെ. അയാള്‍ ഹൃദയം തുറന്നു പാടി:
"ആവേ മരിയാ..."
അന്നാദ്യമായി താന്‍ നിലാവ് പെയ്യുന്ന വഴിയിലൂടെയാണ് നടക്കുന്നതെന്ന് അയാള്‍ക്കു തോന്നി. (പുഴയുടെ വീട് - വിന്‍സെന്‍റ് വാര്യത്ത്).
ടാഗോര്‍ എഴുതി: "നിങ്ങള്‍ വീട്ടില്‍നിന്ന് എത്ര അകലെ അലഞ്ഞാലും നിങ്ങള്‍ ഒരുനാള്‍ വീട്ടിലേക്ക് മടങ്ങിവരും. കാരണം, നിങ്ങളുടെ വീട്ടിലെ തിരി നാളമണഞ്ഞിട്ടില്ല. അലച്ചിലുകള്‍ക്കുശേഷം നിങ്ങള്‍ മനസ്സിലാക്കുന്നു, നിങ്ങളെ ആരോ കാത്തിരിക്കുന്നുണ്ട്." എന്നും അത്താഴം വിളമ്പി 'ഒരു നാള്‍ വരും' എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഷീറിന്‍റെ ഉമ്മയെപ്പോലെ.
അമ്മയായ മറിയത്തെ മേയ് മാസ റാണിയായി ബഹുമാനിച്ചുകൊണ്ട് കത്തോലിക്കാസഭയില്‍ വര്‍ഷംതോറും മേയ്മാസത്തില്‍ നടത്തുന്ന ഒരു ജനകീയ ഭക്താഭ്യാസമാണ് മാതാവിന്‍റെ വണക്കമാസം. മാറിവരുന്ന ഋതുക്കളില്‍ മേയ്മാസം പൂക്കളുടെ കാലമാണ്. കൊന്നയും വാകയുമൊക്കെ പൂത്തുലഞ്ഞ് പ്രകൃതിയെ വര്‍ണ്ണാഭമാക്കുന്ന കാലം. പുതുമഴയില്‍ വീട്ടിലേക്കുള്ള നടവഴിയില്‍ മുളച്ച കാടും കളയുമെല്ലാം നീക്കി വൃത്തിയാക്കും. നടവഴിയുടെ ഇരുവശത്തും മേയ്മാസ ലില്ലികള്‍ പൂത്തുലയും. വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയ മുല്ലയും റോസുമെല്ലാം പൂക്കും. വര്‍ഷത്തിലെ ഏറ്റവും വര്‍ണ്ണാഭമായ മാസം പരിശുദ്ധ കന്യാമറിയത്തെ ബഹുമാനിക്കുന്നതിനായി സഭ സമര്‍പ്പിക്കുന്നത് കേവലം യാദൃച്ഛികമല്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒന്നാണ് ഈ ജനപ്രിയ പാരമ്പര്യം.
സാധാരണയായി മേയ്മാസത്തിലെ സായാഹ്നങ്ങളില്‍ വീടുകളുടെയോ ദൈവാലയങ്ങളുടെ അകത്തോ തുറസ്സായ സ്ഥലങ്ങളിലോ ആകാം പ്രാര്‍ത്ഥനക്കായി ആളുകള്‍ ഒത്തുകൂടുക.
ആദ്യകാല വിശ്വാസസമൂഹത്തെ സൂചിപ്പിക്കുന്നതിന് ചിലയിടങ്ങളില്‍ താത്ക്കാലികമായി ഒരു പനമ്പ്ഷെഢ് കെട്ടി 'വണക്കമാസപ്പുര' എന്ന് അതിനെ നാമകരണം ചെയ്യാറുണ്ട്. ഈ പുരകളില്‍ മിക്കവാറും വൈകുന്നേരങ്ങളിലാണ് വണക്കമാസാചരണം നടക്കുന്നത്. ഒരുമിച്ചുകൂടുന്ന ആളുകള്‍ കൊന്തചൊല്ലി, വണക്കമാസം ചൊല്ലി, മരിയഭക്തിഗാനങ്ങളും പ്രാര്‍ത്ഥനയ്ക്കൊപ്പം ആലപിക്കും. കേരളത്തില്‍ ഇതിന്‍റെ ഭാഗമായി പാടാറുള്ള പഴയ ഗാനങ്ങളില്‍ ഒന്നിന്‍റെ തുടക്കം "നല്ല മാതാവേ മരിയേ..." എന്നാണ്. പതിനാറാം നൂറ്റാണ്ടുമുതല്‍ കത്തോലിക്കാ സഭയിലാകെ നിലവിലുള്ള ഭക്തിശാഖ അന്നുമുതല്‍ കത്തോലിക്കാസമൂഹങ്ങളുടെ മത-സാംസ്കാരിക ജീവിതത്തിന്‍റെ ഒരു അവിഭാജ്യഘടകമാണ്. പ്രാര്‍ത്ഥനകള്‍ തീരുമ്പോള്‍ പങ്കെടുക്കാനെത്തുന്ന മുതിര്‍ന്നവര്‍ തങ്ങളുടെ മടിശ്ശീലയില്‍ കരുതുന്ന മധുരപലഹാരങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് ഗ്രാമീണ നന്മയുടെ ഭാഗമാണ്.
മാസാവസാനമായ മേയ് 31ന് വണക്കമാസം കാലംകൂടല്‍ എന്നൊരു ചടങ്ങോടെ മേയ്മാസഭക്തിക്ക് വിരാമമിടും. അന്ന് മാതാവിന്‍റെ രൂപമോ ചിത്രമോ വഹിച്ചുകൊണ്ട് ചെറിയൊരു പ്രദക്ഷിണവും പാച്ചോറ് വിതരണവും ലാത്തിരി, പൂത്തിരി, കമ്പിത്തിരി എന്നിവകൊണ്ടുള്ള ചെറിയ കരിമരുന്ന് പ്രകടനവും സന്തോഷസൂചകമായി നടത്തിവരാറുണ്ട്. അവസാനം യാഗശാലക്ക് തീയിടുന്നപോലെ വണക്കമാസപ്പുര കത്തിച്ച് കലാശക്കൊട്ടിടും.
പതിനാറാം നൂറ്റാണ്ടിലാണ് ഈ ഭക്തിക്ക് തുടക്കമായതെങ്കിലും, പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് ഈ ഭക്തി കൂടുതല്‍ സജീവമാകാന്‍ തുടങ്ങിയത്. മാതാവിന്‍റെ രൂപമോ, ചിത്രമോ പൂക്കള്‍ക്കൊണ്ട് അലങ്കരിക്കുന്നതില്‍നിന്ന്, പ്രത്യേകിച്ച് റോസാപ്പൂക്കള്‍കൊണ്ട് കിരീടമുണ്ടാക്കി മാതാവിനെ അണിയിക്കുന്ന നന്മ പ്രവൃത്തിയാണ് വണക്കമാസം എന്ന പുണ്യമാസ ചിന്തയിലേക്ക് നയിച്ചത്. വസന്തകാലത്തില്‍ പൂക്കുന്ന പൂക്കള്‍ പ്രകൃതിയുടെ ആരാധനയാണ്. മേരിയെ മേയ്മാസ റാണിയായി വണങ്ങിക്കൊണ്ടുള്ള ആരാധന. റോസാപ്പൂക്കള്‍കൊണ്ടുള്ള കിരീടങ്ങള്‍ ജപമാലയുടെ മുന്‍ഗാമികളായി കണക്കാക്കപ്പെടുന്നു. ജപമാല പ്രാര്‍ത്ഥിക്കുമ്പോള്‍ ധ്യാനിക്കുന്ന രഹസ്യങ്ങളിലൊന്ന് ആകാശത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായി മറിയത്തിന്‍റെ കിരീടധാരണമാണല്ലോ.
വസന്തകാലത്ത് സ്വര്‍ഗ്ഗരാജ്ഞിക്ക് അര്‍ഹമായ ആദരവ് നല്‍കുന്നത് ഉചിതമാണ്. പരിശുദ്ധ അമ്മ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുകയും അവളുടെ ഉജ്വലമായ കൃപയുടെ പൂര്‍ണ്ണതയില്‍ നമുക്കും പങ്കുചേരാന്‍ അനുഗ്രഹം നല്‍കുകയും ചെയ്യട്ടെ. നമ്മുടെ അപേക്ഷകള്‍ മേയ്മാസരാജ്ഞിയുടെ കരുണാര്‍ദ്രഹൃദയത്തിലേക്ക് എളുപ്പം എത്തിച്ചേരുകയും ചെയ്യട്ടെ.