
സ്നേഹത്തിന്‍റെ, പരിഗണനയുടെ ഗ്രേഡിങ്ങ് നഷ്ടപ്പെടുത്തരുത്
Aug 3, 2025
1 min read

മാര്‍ക്കിന്‍റെ ഗ്രേഡിങ്ങിലേക്ക് ശ്രദ്ധയൂന്നി കുട്ടികളുടെ ജീവിതത്തിന്‍റെ ഗ്രേഡ് ലെവല്‍ താഴ്ന്നു പോകുന്നത് സാമൂഹ്യ പ്രശ്നമായി മാറുന്നു. കോവിഡിന് മുമ്പും, പിമ്പും ഉണ്ടായിരുന്ന കുട്ടികളുടെ മാനസിക നിലയില്‍ വന്ന പരിവര്‍ത്തനം വളരെ വലുതാണ്. കുട്ടികളിലും, കൗമാരക്കാരിലും, മുതിര്‍ന്നവരിലും ആ മാറ്റം ശ്രദ്ധിക്കാം.
ഒരു പുഴ വരണ്ടു പോകുന്നതു പോലെയാണ് സൗഹൃദങ്ങള്‍ അന്യമായത്. പുഴയുടെ യാത്രയില്‍ തീരങ്ങളോട് ചങ്ങാത്തം കൂടിയിരുന്നുവെങ്കില്‍ വരണ്ട ഭൂമികയില്‍ പുഴ എന്ന വിളി മാത്രം.
ഇതേ പോലെയാണ് മനുഷ്യന്‍, ആകെ സൗഹൃദം മൊബൈലിനോട് മാത്രം. ഉണര്‍ന്ന് എണീക്കുമ്പോള്‍ മുതല്‍ സൈബറിടത്തിന്‍റെ ആഴങ്ങളില്‍ മുങ്ങിയിറങ്ങുകയാണ്.
എത്ര നേരം വേണമെങ്കിലും അവിടെ തോണ്ടിയിരിക്കാന്‍ മടിയില്ല. മറ്റുള്ളവര്‍ക്കു മുന്നില്‍ തല താഴ്ത്തില്ല എന്നു പറയുമ്പോള്‍ മൊബൈലിന് മുന്‍പില്‍ ശിരസ്സ് താഴ്ത്തി അതിനോട് വിധേയപ്പെട്ട മനുഷ്യ ജീവിതങ്ങളെ ചുറ്റിനും കാണാം. ആന്തരികമായ പരിവര്‍ത്തനത്തിന്‍റെ ബാഹ്യരൂപമാണ് പെരുമാറ്റ രീതിയിലെ മാറ്റങ്ങള്‍. കുട്ടികള്‍ ക്ലാസ് മുറിയില്‍ പെരുമാറുന്നത് പോലും താനെവിടെയാണ് എന്ന ചിന്തയില്ലാതെയാണ്.
രഹസ്യങ്ങളുടെ കെട്ടഴിക്കാന്‍ പരസ്യമായ ഇടങ്ങള്‍ ധാരാളം. അതില്‍ അവര്‍ക്ക് ലജ്ജയില്ല. മറ്റുള്ളവര്‍ കാഴ്ചക്കാരായാല്‍ പോലും അത് തങ്ങളെ ബാധിക്കയേ ഇല്ല എന്ന നിശ്ചയധാര്‍ഢ്യം.
ഡിജിറ്റല്‍ വിപ്ലവത്തിലേക്ക് വന്നപ്പോൾ എല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാകുമെന്ന അഹങ്കാരം മനുഷ്യരെ സഹജീവികളില്‍ നിന്നകറ്റി. അയൽപ്പക്ക ബന്ധങ്ങള്‍ ഇല്ലാതായി. അടുത്ത വീട്ടിലേക്ക് ഒരു ഫോണ്‍ കോളിനപ്പുറം മറ്റ് ബന്ധങ്ങളില്ല.
ഡിജിറ്റല്‍ സംവിധാനം പോലെ മനുഷ്യ മനസ്സ് യാന്ത്രികമാകുന്നു. അമ്മ ഭക്ഷണം വെച്ച് തന്നില്ലയെങ്കില്‍ ഒന്നുമില്ല. ഓണ്‍ലൈ നില് ഭക്ഷണം വരുത്തിക്കഴിക്കാം എന്ന ചിന്ത കുട്ടികളെ കഷ്ടപ്പാടിന്‍റെ അവസ്ഥകള്‍ തിരിച്ചറിയുന്നതില്‍ നിന്നും പിന്നോട്ടടിക്കുന്നു..
എന്തും ചെയ്യാമെന്ന തോന്നലാണ് അവരെ നയിക്കുന്നത്. 'രക്തരക്ഷസ്' എന്ന് പറഞ്ഞാല്‍ പേടിക്കുന്നിടത്തു നിന്നും, എന്നാലൊന്നു കണ്ടു കളയാം എന്ന രീതിയിലേക്ക് കുട്ടി മനസ്സ് വളര്‍ന്നു. സ്നേഹം കുടുംബത്തില്‍ നിന്ന് അന്യമായി കൊണ്ടിരിക്കുന്നു. മാതാപിതാക്കളും, മക്കളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍. എല്ലാവരും അവരവരുടെ വഴിയേ പോകുന്നു.
ബഹുഭൂരിപക്ഷം കുടുംബങ്ങളിലും ആള്‍ക്കൊന്നിന് വാഹനം എന്ന നിലയിലെത്തി. കുട്ടികളുടെ ചിന ്താശേഷിയെ നശിപ്പിക്കത്തക്ക വിധം തലച്ചോറില്‍ ഓണ്‍ലൈന്‍ ഗയിമുകള്‍ ഇത്തിള്‍ക്കണ്ണി പോലെ വളര്‍ന്നു. പറഞ്ഞാല്‍, ഒന്ന് കേള്‍ക്കാനുള്ള മനസ്സ് പോലും അവര്‍ക്കില്ല.
വിദ്യാലയങ്ങളില്‍ പരീക്ഷയുടെ പരീക്ഷണങ്ങളും, മാര്‍ക്കിന്‍റെ വിലയിരുത്തലും നടത്തും. കുട്ടികളുടെ മാനസിക വ്യാപാരങ്ങളെ അളന്നെടുക്കാന്‍ ആര്‍ക്കും സമയമില്ല. എ പ്ലസുകളുടെ മത്സരത്തില്‍ വിദ്യാലയങ്ങള്‍ തോല്‍ക്കാന്‍ പാടില്ലല്ലോ. വിദ്യാഭ്യാസത്തിന്‍റെ ആത്യന്തിക ലക്ഷ്യം വിദ്യാര്‍ഥിയുടെ മാനസിക, ശാരീരിക ക്ഷമതയെ സമൂഹത്തിന് ഗുണപരമായി മാറ്റുക എന്നതാണ്. ലഹരിയുടെയും, ഡിജിറ്റല്‍ ഉപകരണങ്ങളുടെയും നിയന്ത്രണ വലയത്തില്‍ ആയാല്‍ സമൂഹം തന്നെ അരക്ഷിതമാകും. വിദ്യാര്‍ഥി ജീവിതത്തെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മാത്രം രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കരുത്. വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക് സൗഹൃദവും, സ്നേഹവും കൂടിച്ചേര്‍ന്നുള്ള ഗ്രേഡിങ്ങിനാണ് പരിഗണന നല്‍കേണ്ടത്.
സ്നേഹത്തിന്‍റെ, പരിഗണനയുടെ ഗ്രേഡിങ്ങ് നഷ്ടപ്പെടുത്തരുത്...
റെജി മലയാലപ്പുഴ
അസ്സീസി മാസിക, ഓഗസ്റ്റ് 2025





















