top of page

നാം മുന്നോട്ട്

Jan 1, 2019

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

red rose images

ഒരു നവവത്സരത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ക്രിസ്തുമസ്സിന്‍റെ നാളുകളില്‍ നാം ധ്യാനിച്ച ചില ചിന്തകളുണ്ട്. അതുമായി നവവത്സരത്തിലേക്ക് നാം പ്രവേശിക്കണം. ഉണ്ണിയേശുവിനെ കണ്ട് ആരാധിക്കുവാനായി മൂന്നു ജ്ഞാനികളെ നമുക്കു ധ്യാനവിഷയമാക്കാം. അവരുടെ ദൈവാനുഭവം ഒരു പുതിയ വഴിത്തിരിവിന് കാരണമായി മാറി. ദൈവത്തിന്‍റെ ചെറുതും വലുതുമായ ഇടപെടലുകള്‍ അനുഭവിക്കാന്‍ അവര്‍ നിതാന്ത ജാഗ്രതയിലായിരുന്നു. ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ പെട്ടെന്നു തിരിച്ചറിഞ്ഞു. ശ്രദ്ധയോടും കരുതലോടുംകൂടിയിരിക്കുന്നവര്‍ ഏതു ചെറിയകാര്യവും ഗൗരവമായി എടുക്കും. അന്വേഷണക്കണ്ണുകള്‍ സൂക്ഷിക്കുന്നവര്‍ എന്നും കണ്ടെത്തലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അന്വേഷണം നിറുത്തിയാല്‍ കണ്ടെത്തലുകളും അവസാനിക്കും. അന്വേഷണമനസ്സുള്ളവന്‍ ഒരു ചെറിയ മൊട്ടുസൂചിപോലും കണ്ടെത്തും. അന്വേഷണക്കണ്ണുകളില്ലാത്തവന് മുഴുത്ത പാറക്കഷണങ്ങള്‍പോലും ശ്രദ്ധയില്‍പ്പെടാതെ പോകും. 

ദൈവം അടയാളങ്ങള്‍ നല്‍കുമ്പോള്‍ അതിന്‍റെ പിന്നാലെ ശ്രദ്ധാപൂര്‍വ്വം പ്രയാണം ചെയ്യണം. ഒരു കാര്യം ബോധ്യമായിക്കഴിഞ്ഞാല്‍ അതിന്‍റെ പൂര്‍ത്തീകരണത്തിനായി നാം പരിശ്രമിക്കണം. യേശുവിന്‍റെ ജനനം ബെത്ലഹേമിലായിരിക്കും എന്നുപറഞ്ഞ് ചുരുളുകള്‍ അടച്ച് കിടന്നുറങ്ങിയ കൊട്ടാരം ജ്ഞാനികളെ ബൈബിള്‍ പരിചയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ദൈവാനുഭവം ദുഷ്കരമാണ്. ബോധ്യമുള്ള കാര്യങ്ങള്‍ക്കായി സാഹസികതയോടെ ഇറങ്ങിത്തിരിക്കണം. ദൈവം അടയാളങ്ങള്‍ കാണിക്കുകയേയുള്ളൂ. അതിന്‍റെ പിന്നാലെ അന്വേഷകരായി യാത്ര ചെയ്യേണ്ടത് മനുഷ്യരാണ്. എത്രയോ അടയാളങ്ങള്‍ ദൈവം കാണിക്കുന്നുണ്ട്. നല്ല മനുഷ്യരുടെ ജീവിതമാതൃകകള്‍, പ്രപഞ്ചത്തിന്‍റെ പ്രതിഭാസങ്ങള്‍, അപ്രതീക്ഷിതമായ മരണങ്ങള്‍ തുടങ്ങിയ എല്ലാം അടയാളങ്ങളാണ്. വിട്ടവന്‍ വിളിക്കുമ്പോള്‍ തിരിച്ചുപോകണമെന്ന അടയാളങ്ങള്‍. ഉറച്ചബോധ്യത്തോടുകൂടി ഇറങ്ങിത്തിരിക്കുന്നവര്‍ ചരിത്രത്തില്‍ നിര്‍ണായക പങ്ക് നല്‍കുന്നവരാകും. മഹാത്മഗാന്ധിയും മദര്‍ തെരേസായുമൊക്കെ നമ്മുടെ മുമ്പില്‍ ഉദാഹരണങ്ങളായി നിറഞ്ഞുനില്‍ക്കുന്നു. 

എത്രമാത്രം ബുദ്ധിയും ശക്തിയുമുണ്ടെങ്കിലും നമുക്കു വഴിതെറ്റാം. അശ്രദ്ധമൂലം ജീവിതത്തില്‍ വഴിതെറ്റുന്നവരുണ്ട്. ഒരു നിമിഷത്തിന്‍റെ അശ്രദ്ധയില്‍ ജീവിതകാലം മുഴുവന്‍ നരകിക്കേണ്ടിവരുന്നവരുണ്ട്. വളരെ ശ്രദ്ധയോടെ വണ്ടിയോടിക്കുന്ന ഒരാള്‍ ഒരുനിമിഷം കണ്ണടച്ചാല്‍ അപകടം ഉറപ്പാണ്. ജ്ഞാനികളായവരുടെ ശ്രദ്ധക്കുറവ് അവരെ ഹേറോദേസിന്‍റെ കൊട്ടാരത്തില്‍ എത്തിച്ചു. എത്താനാഗ്രഹിച്ച സ്ഥലത്തിന്‍റെ നേരെ വിപരീതമായ സ്ഥലത്താണ് അവരെത്തിയത്. വളരെ നല്ലവരായ ചില മനുഷ്യര്‍ നിരന്തരമായ അശ്രദ്ധമൂലം മോശക്കാരായിത്തീരാറുണ്ട്. ക്രിസ്തുവിന്‍റെ ശിഷ്യസമൂഹത്തില്‍ ജീവിച്ച യൂദാസ് അവസാനം ഒറ്റുകാരനായി മാറി.

തിരിച്ചറിവുകള്‍ ലഭിക്കുമ്പോള്‍ തിരിച്ചുനടക്കേണ്ടവരാണ് മനുഷ്യര്‍. തങ്ങളുടെ വഴിതെറ്റിപ്പോയി എന്നു തിരിച്ചറിഞ്ഞ ജ്ഞാനികള്‍ ഉടന്‍തന്നെ കൊട്ടാരം വിട്ടിറങ്ങി. ഒരിക്കല്‍ തെററുപറ്റിയെന്നറിഞ്ഞാല്‍ എത്രയും വേഗം അതു തിരുത്തണം. അവര്‍ക്കു വേണമെങ്കില്‍ സുഭിക്ഷമായ ഭക്ഷണം കഴിഞ്ഞ് കൊട്ടാരത്തില്‍ കുറേ സമയം ഉറങ്ങാമായിരുന്നു. പക്ഷേ അവരതിനു വഴങ്ങിയില്ല. ഒരു പുതിയ വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന നമ്മള്‍ സത്യത്തിന്‍റെ വഴിയിലേക്കു തിരിയണം. തിരിയലും പിന്‍തിരിയലും വീണ്ടും തിരിയലുമെല്ലാം മനുഷ്യന്‍റെ സ്വഭാവങ്ങളാണ്. കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞുനോക്കി തിരുത്തേണ്ടവയെ നമുക്കും തിരുത്താം. ഞാന്‍ നില്‍ക്കേണ്ടിടത്തല്ല നില്‍ക്കുന്നതെങ്കില്‍ ഒരു പുതിയ പുറപ്പാടിലേക്കു നമുക്കു പ്രവേശിക്കാം. അങ്ങനെയുള്ള പുറപ്പാടുകളാണ് നമ്മെ ദൈവസന്നിധിയിലെത്തിക്കുക. ജ്ഞാനികള്‍ പുറപ്പെടുകയും ദൈവപുത്രനെകണ്ട് ആരാധിക്കുകയും ചെയ്തു. സത്യത്തിന്‍റെ വഴിയില്‍ യാത്രചെയ്യുന്നവര്‍ സത്യദൈവത്തെ കണ്ടെത്തും. വീഴ്ചകളും പരാജയങ്ങളും വരുമ്പോള്‍ അതിന്‍റെ മുമ്പില്‍ പതറി നില്‍ക്കാതെ ദൈവത്തില്‍ ദൃഷ്ടികളൂന്നി നമുക്കും പ്രയാണം ചെയ്യാം. പുതിയ വര്‍ഷത്തില്‍ പുത്തന്‍തീരുമാനങ്ങളുമായി നമ്മുടെ യാത്ര തുടരട്ടെ.


ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts