top of page

വെള്ളം പൊതുസ്വത്ത്

Jun 1, 2010

4 min read

ജക
Preserve the water resources
Preserve the water resources

ഭൂമിയുടെ അടിസ്ഥാന മൂലധനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലം. ജലമില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കുകപോലും അസാദ്ധ്യം. ജലം സമൃദ്ധമായി ലഭിച്ചിരുന്നപ്പോള്‍പോലും പഴയ തലമുറ ജലം അനാവശ്യമായി ഉപയോഗിക്കുമായിരുന്നില്ല. ജലത്തെ കച്ചവട സാധനമായി കണ്ടിരുന്നുമില്ല. ജീവന്‍റെ നിലനില്‍പ്പില്‍ മുഖ്യപങ്കു വഹിക്കുന്ന ജലത്തിന് വിശുദ്ധിയുടെ പരിവേഷവും വിവിധ മതവിഭാഗങ്ങള്‍ നല്‍കിയിരുന്നു. അപ്രകാരം സംരക്ഷിക്കപ്പെട്ടിരുന്ന ജീവജലം ഇന്ന് കച്ചവടതന്ത്രത്തിന്‍റെ ഇരയായിക്കൊണ്ടിരിക്കുന്നു. പൊതുടാപ്പുകളും പൊതുജല വിതരണ സമ്പ്രദായവും പൊതുകിണറുകളും അപ്രത്യക്ഷമായി കഴിഞ്ഞു. ജലചൂഷണം സീമകളില്ലാതെ കോളയുടെ രൂപത്തില്‍, വാട്ടര്‍ തീം പാര്‍ക്കുകളുടെ രൂപത്തില്‍, പഞ്ചനക്ഷത്ര സ്വിമ്മിംങ് പൂളുകളുടെ രൂപത്തിലൊക്കെ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് ഒരു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്.

നദികളും തടാകങ്ങളും ജലവുമെല്ലാം പൊതുസ്വത്താണെന്ന ഒരു കാഴ്ചപ്പാട് നമ്മുടെ നാട്ടില്‍ വളര്‍ന്നിരുന്നു. പൊതുസ്വത്തായതിനാല്‍ അത് എല്ലാവര്‍ക്കും പ്രാപ്യമാണെന്നും ആര്‍ക്കും നശിപ്പിക്കുവാന്‍ അവകാശമില്ലെന്നുമാണ് പൊതു സമൂഹത്തിന്‍റെ പൊതുമനസ്സ്. അനാദികാലത്ത് ജനപദങ്ങള്‍ രൂപം കൊണ്ടിടത്തൊക്കെ ജലസ്രോതസ്സുകള്‍ ആ സമൂഹത്തിന്‍റെ പൊതു താത്പര്യാര്‍ത്ഥം സംരക്ഷിച്ചിരുന്നു. അത് നിയമശാസ്ത്രത്തിന്‍റെ സൈദ്ധാന്തിക പിന്‍ബലത്തോടുകൂടിയായിരുന്നില്ല. ഇന്നും അവികസിത മേഖലയില്‍ രൂപപ്പെട്ടുവരുന്ന സിവില്‍ സമൂഹത്തിന്‍റെ ആരും പാസ്സാക്കാത്ത നിയമമായി പൊതു ഉടമസ്ഥത സിദ്ധാന്തം പ്രകടീകരിക്കപ്പെടുന്നുണ്ട്. അതിന്‍റെ ഒരു രൂപമാണ് ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചും മറ്റുമുള്ള പൊതുസ്ഥലങ്ങള്‍. സ്റ്റേറ്റിന്‍റെ ഇടപെടലില്ലാതെതന്നെ സമൂഹം സ്വയം പൊതു ഉടമസ്ഥത സിദ്ധാന്തം നടപ്പിലാക്കാറുണ്ട്.

ഭൂരിപക്ഷം സ്വകാര്യവ്യക്തികള്‍പോലും തന്‍റെ ആവശ്യത്തിന് വേണ്ട വെള്ളം ശേഖരിച്ചശേഷം ബാക്കിയുള്ളത് സമീപവാസികളായ പൊതുജനങ്ങള്‍ ആവശ്യപ്പെട്ടെങ്കില്‍ നല്‍കുകയെന്നതാണ് ജലക്ഷാമത്തിന്‍റെ നാളുകളില്‍ അനുവര്‍ത്തിച്ചു പോന്ന നയം. പഴയകാലത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രം മിനറല്‍ വാട്ടര്‍ എന്ന പേരില്‍ കുപ്പി വെള്ളം ലഭ്യമായിരുന്നു. വിദേശികള്‍ മാത്രമായിരുന്നു അതിന്‍റെ ഗുണഭോക്താക്കള്‍. അത് പഴങ്കഥയാകുകയും പൊതുടാപ്പുകള്‍ അപ്രത്യക്ഷമാകുകയും കുടിവെള്ളം കുപ്പിവെള്ളമായി മാറുകയും ചെയ്തു. ജലം വില്‍ക്കാനുള്ള ചരക്കാണ് എന്ന കമ്പോള സംസ്കാരത്തിന്‍റെ അധമതലത്തിലേയ്ക്ക് കൂപ്പുകുത്തുകയാണുണ്ടായത്.

പൊതു ഉടമസ്ഥത സിദ്ധാന്തം നിയമശാസ്ത്രത്തിന്‍റെ ഭാഗമായി ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. പൊതു ഉടമസ്ഥത സിദ്ധാന്തം ആരംഭിച്ചത് റോമന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍റെ കാലത്താണ്. ഉദ്ദേശം എ. ഡി. 530 -ല്‍ ഒരു കൂട്ടം സിവില്‍ നിയമങ്ങള്‍ വിളക്കിച്ചേര്‍ത്ത ജസ്റ്റീനിയന്‍ സംഹിതയില്‍ കടല്‍ത്തീരവും, കടലുകളും, നദികളും, വനങ്ങളും പൊതു പൈതൃകമാണെന്ന് പ്രഖ്യാപിച്ചു. പൊതുജനങ്ങളുടെ സ്വതന്ത്രവും തടസ്സപ്പെടാത്തതുമായ ഉപയോഗത്തിനായി ഇവ സര്‍ക്കാരിന്‍റെ പക്കല്‍ നിലനില്‍ക്കണമെന്ന സിദ്ധാന്തത്തിന്‍റെ ചുവടുപിടിച്ചാണ് പൊതു ഉടമസ്ഥത തത്ത്വം വികസിച്ചുവന്നത്.

"ഈ വിഭവങ്ങള്‍ ഒന്നുകില്‍ ആരുടേതുമല്ല അല്ലെങ്കില്‍ എല്ലാവരുടേതുമാണ്" എന്നാണ് റോമന്‍ നിയമം അനുശാസിക്കുന്നത്. മദ്ധ്യകാല യൂറോപ്പിലും ഇതിന്‍റെ അനുരണനങ്ങള്‍ ഉണ്ടായിയെന്നാണ് പണ്ഡിതമതം. 13-ാം നൂറ്റാണ്ടില്‍ സ്പെയിനില്‍ ജലഗതാഗതത്തിനുള്ള പൊതു അവകാശം അംഗീകരിച്ചിരുന്നു. ഇംഗ്ലണ്ടിലും ഈ തത്ത്വം പ്രാബല്യത്തില്‍ വന്നു. മാഗ്നാകാര്‍ട്ടായില്‍ പൊതുഅവകാശങ്ങള്‍ കൂടുതല്‍ ശക്തിയായി പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനു വേണ്ടി നദികള്‍ക്കു കുറുകെ കെട്ടിയിരുന്ന ചിറകള്‍ ജലഗതാഗതത്തിനു വേണ്ടി നീക്കംചെയ്യുന്നതിന് വ്യവസ്ഥയുണ്ടാക്കി. കാലിഫോര്‍ണിയായിലെ മോണോ ലേയ്ക്ക് കേസ്സില്‍ കാലിഫോര്‍ണിയ സുപ്രീം കോടതി പൊതു ഉടമസ്ഥത തത്ത്വം മുറുകെപിടിച്ചിട്ടുണ്ട്. പൊതുമുതല്‍ പൊതു ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുക എന്നല്ല അതിനുമപ്പുറം പൊതു അരുവികളും തടാകങ്ങളും ചതുപ്പുനിലങ്ങളുമെല്ലാം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സ്റ്റേറ്റിനുണ്ടെന്നും കോടതി നിരീക്ഷിച്ചു. എല്ലാ പ്രകൃതി വിഭവങ്ങളുടെയും ട്രസ്റ്റിയാണ് സ്റ്റേറ്റ് എന്നും കോടതി പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ 1997 മുതല്‍ സുപ്രീം കോടതി പല വിധിന്യായങ്ങളിലും പൊതു ഉടമസ്ഥതാതത്ത്വം മുറുകെ പിടിച്ചിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലാണ് ഇന്ത്യന്‍ ജുഡീഷ്യറി വിപ്ലവകരമായ പൊതു താത്പര്യ വ്യവഹാരങ്ങള്‍ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. അതോടെ കോടതി വ്യവഹാരങ്ങളുടെ രീതി തന്നെ മാറുകയുണ്ടായി. ഇന്ത്യയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഉണ്ടായ കേസ്സുകളൊക്കെത്തന്നെ പൊതുതാത്പര്യ വ്യവഹാരത്തിന്‍റെ (PIL) പരിധിയില്‍ വരുന്നവയാണ്. ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യരും ജസ്റ്റിസ് ഭഗവതിയുമാണ് പൊതു താത്പര്യ വ്യവഹാരങ്ങള്‍ക്ക് ഈടുറ്റ സംഭാവനകള്‍ നല്‍കിയത്. സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്നതിനുമപ്പുറത്ത് പൊതു താത്പര്യമുള്ള വിഷയങ്ങളില്‍ കോടതികള്‍ സജീവമായി ഇടപെടുമെന്ന അവസ്ഥയുണ്ടായി. കത്തുകള്‍പോലും റിട്ട് ഹര്‍ജിയായി പരിഗണിച്ച് വിധികള്‍ പാസ്സാക്കി. സ്വകാര്യമായ നഷ്ടമോ മറ്റോ ഇല്ലെങ്കിലും ഒരാള്‍ക്ക് പൊതുതാത്പര്യമുള്ള വിഷയങ്ങള്‍ കോടതി മുമ്പാകെ കൊണ്ടുവരാമെന്ന അവസ്ഥയുണ്ടായി. ഇന്ത്യയില്‍ പൊതു ഉടമസ്ഥത തത്ത്വം സുപ്രീം കോടതി പ്രയോഗിച്ചത് വിഖ്യാതമായ എം. സി. മേത്ത ഢെ കമല്‍നാഥ് എന്ന പരിസ്ഥിതി കേസ്സിലാണ്. ഇത് ഇന്ത്യന്‍ നിയമ സംവിധാനത്തിന്‍റെയും ഭാഗമായി മാറി. 1996 ഫെബ്രുവരി 25 ന് ഇന്ത്യന്‍ എക്സ്പ്രസ്സ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാണ് സുപ്രീംകോടതി സ്വമേധയാ ഈ കേസ്സെടുത്തത്. കുളു- മനാലി താഴ്വരയിലെ സ്വാന്‍ റിസോര്‍ട്ട് ഉടമസ്ഥരായ സ്വാന്‍ മോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി ബിയാസ് നദിയുടെ കരയില്‍ 1990 - ല്‍ വന്‍തോതില്‍ ഭൂമി കയ്യേറുകയും 'സ്പാന്‍ ക്ലബ്' നിര്‍മ്മിക്കുകയും ചെയ്തു. 1994-ല്‍ കമല്‍നാഥ് വനം - പരിസ്ഥിതി വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ പ്രസ്തുത കയ്യേറ്റത്തെ വ്യവസ്ഥാപിതമാക്കി കൊടുത്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍മൂലം ബിയാസ് നദി ഗതിമാറി ഒഴുകുകയും സ്പാന്‍ ക്ലബിന് നാശമുണ്ടാകുകയും ചെയ്തു. അവര്‍ ബിയാസ് നദിയെ അഞ്ചാറ് മീറ്റര്‍ മുകളില്‍വച്ച് ഗതിമാറ്റി വിടുന്നതിന് ശ്രമിച്ചു. അതായിരുന്നു കേസ്സിന് ആസ്പദമായ വിഷയം. ഈ കേസ്സില്‍ പ്രകൃതിവിഭവങ്ങളുടെ പൊതു ഉടമസ്ഥത സിദ്ധാന്തം ഇന്ത്യന്‍ നിയമസംഹിതയുടെ അവിഭാജ്യഘടകമാണ്. ജസ്റ്റിസ് കുല്‍ദിപ്സിംഗ് നിരീക്ഷിച്ചു... "ഇംഗ്ലീഷ് പൊതുനിയമത്തില്‍ അധിഷ്ഠിതമായ നമ്മുടെ നിയമവ്യവസ്ഥ അതിന്‍റെ വ്യവഹാരങ്ങളുടെ ഭാഗമെന്ന നിലയില്‍ പൊതു ഉടമസ്ഥത സിദ്ധാന്തത്തെ ഉള്‍ചേര്‍ത്തിട്ടുണ്ട്. പൊതു ഉപയോഗത്തിനും ഉപഭോഗത്തിനുമാണെന്ന് സ്വഭാവേന നിശ്ചയിക്കപ്പെട്ടതായ പ്രകൃതിവിഭവങ്ങളെല്ലാറ്റിന്‍റെയും മേല്‍നോട്ടക്കാരനാണ് രാഷ്ട്രം. കടല്‍ത്തീരത്തിന്‍റെയും ഒഴുകുന്ന ജലത്തിന്‍റെയും വായുവിന്‍റെയും വനങ്ങളുടെയും പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂമികളുടെയും ഗുണഭോക്താക്കള്‍ പൊതുജനങ്ങളാണ്. മേല്‍നോട്ടക്കാരനെന്ന നിലയില്‍ രാഷ്ട്രത്തിന് ഈ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമപരമായ ബാദ്ധ്യതയുണ്ട്. പൊതു ഉപയോഗത്തിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഈ വിഭവങ്ങള്‍ സ്വകാര്യ ഉടമസ്ഥതയിലേയ്ക്ക് മാറ്റാവുന്നതല്ല."

"വായു, ജലം, ഭൂമി, സസ്യങ്ങള്‍, ജന്തുക്കള്‍ പ്രത്യേകിച്ചും പരിസ്ഥിതി ഘടനയിലെ പ്രാതിനിധ്യ സ്വഭാവമുള്ള ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ഭൂമിയിലെ പ്രകൃതിവിഭവങ്ങള്‍ വര്‍ത്തമാനത്തിലെയും ഭാവിയിലെയും തലമുറകള്‍ക്കായി ജാഗ്രത്തായ ചിട്ടപ്പെടുത്തലുകളിലൂടെയോ പരിപാലനങ്ങളിലൂടെയോ ഏതാണോ യുക്തം അങ്ങിനെ തന്നെ സംരക്ഷിക്കപ്പെടുകയും വേണം" എന്നതുള്‍പ്പെടുന്ന 1972-ലെ സ്റ്റോക് ഹോം പ്രഖ്യാപനവും ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്.

1972 ലെ സ്റ്റോക് ഹോം ഡിക്ളറേഷനിലാണ് നിലനില്‍ക്കുന്ന വികസനം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചചെയ്തതും അംഗീകരിച്ചതും. മിസ്. ജി. എച്ച് ബ്രണ്ട്ലന്‍റ് അദ്ധ്യക്ഷയായുള്ള പരിസ്ഥിതിക്കും വികസനത്തിനുമായ അന്താരാഷ്ട്ര കമ്മീഷന്‍ (World commission on environment and development) 'നമ്മുടെ ഭാവി' (Our common future) എന്ന പേരില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇത് ബ്രണ്ട്ലന്‍റ് റിപ്പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്നു. ഭാവിതലമുറയ്ക്ക് അവരുടെ ആവശ്യങ്ങളെ അപകടത്തിലാക്കാത്തവിധം ഇന്നിന്‍റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതാകണം വികസനം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസന മാതൃക എന്ന നിലയില്‍ നിലനില്‍ക്കുന്ന വികസനം എന്ന ആശയം അന്താരാഷ്ട്രനിയമത്തിന്‍റെ ഭാഗമാക്കുന്നതില്‍ നാം ശങ്കിക്കേണ്ടതില്ല എന്ന് ബ്രണ്ട്ലന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 1992-ല്‍ റിയോ ഉച്ചകോടി ബയോളജിക്കല്‍ ഡൈവേഴ്സിറ്റി കണ്‍വന്‍ഷനും കാലാവസ്ഥാ വ്യതിയാന കണ്‍വന്‍ഷനും ഉണ്ടാക്കി. ഇന്ത്യയിലെ ചില ന്യായാധിപന്മാരെങ്കിലും ഇതൊക്കെ പഠിക്കുകയും തങ്ങളുടെ വിധിന്യായത്തില്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്. "നിങ്ങള്‍ക്കെങ്ങനെ ആകാശം വാങ്ങാന്‍ പറ്റു..." എന്നു തുടങ്ങുന്ന റെഡ് ഇന്ത്യന്‍ മൂപ്പന്‍ സിയാറ്റിലിനെ മുതല്‍ ഒ എന്‍ വി യുടെ 'ഭൂമിക്കൊരു ചരമഗീതം' വരെ ഉദ്ധരിച്ചുകൊണ്ടുള്ള കോടതിവിധികളും വായിക്കാനിടയായിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായി ഉണ്ടായിരിക്കുന്ന വിധികളൊക്കെ ജഡ്ജിമാരുടെ പാരിസ്ഥിതിക അവബോധത്തിന്‍റെ പ്രതിഫലനമാണെന്ന് കാണാന്‍ സാധിക്കും. നിലവിലുള്ള നിയമങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന് പര്യാപ്തമല്ല. അവ്യക്തമായ നിയമഭാഗങ്ങളെ വ്യാഖ്യാനിച്ച് പാരിസ്ഥിതികോന്മുഖമാക്കിയാണ് ഇത്തരം വിധി പ്രസ്താവങ്ങള്‍ നടന്നിട്ടുള്ളത്. പക്ഷേ, പ്ലാച്ചിമട കേസ്സില്‍ ഭൂഗര്‍ഭ ജലം കോളക്കമ്പനി ഊറ്റുന്നതിനെതിരെ ജസ്റ്റീസ് ബാലകൃഷ്ണന്‍ നായരുടെ വിധി മറികടന്ന് ഡിവിഷന്‍ ബഞ്ച് കോളകമ്പനിക്ക് വെള്ളമെടുക്കുന്നതിന് അനുകൂലമായ വിധി പ്രസ്താവിക്കുകയുണ്ടായി. കേസ്സ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജഡ്ജിമാരുടെ പരിസ്ഥിതി സാക്ഷരതയുടെ ആഴമനുസരിച്ച് മാത്രം സംരക്ഷിക്കപ്പെടേണ്ടതല്ല നമ്മുടെ വിഭവങ്ങള്‍. നമ്മുടെ ഇന്ത്യന്‍ വ്യവസ്ഥയിലുള്ള നിയമശാസ്ത്രവും നിയമങ്ങളും രൂപപ്പെട്ടു വരേണ്ടതുണ്ട്. പ്രകൃതി സംരക്ഷണം യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗം തന്നെയാണ്. എല്ലാ വിഭവങ്ങളും ഈശ്വരന്‍റേതാണെന്നും നാം അതിന്‍റെ സൂക്ഷിപ്പുകാരാണെന്നും അത്യാവശ്യത്തിനുള്ളതുമാത്രമെ നാം ഉപയോഗിക്കാവൂ എന്നുമാണ് ഗാന്ധിജിയുടെ ദര്‍ശനവും.

എല്ലാവര്‍ക്കും കുടിവെള്ളം സൗജന്യമായി നല്‍കാനുള്ള ബാദ്ധ്യത സ്റ്റേറ്റിനുണ്ട്. അതുകൊണ്ടുതന്നെ വെള്ളം പൊതുസ്വത്തായി സംരക്ഷിക്കേണ്ടതുമുണ്ട്. നിലവിലുള്ള നിയമങ്ങളിലൊന്നും ഇക്കാര്യം വ്യക്തമായി വിവരിക്കുന്നില്ല. കേരള പഞ്ചായത്ത് രാജ് നിയമത്തില്‍ 218-ാം വകുപ്പില്‍ ജലമാര്‍ഗ്ഗം, നീരുറവകള്‍, ജല സംഭരണികള്‍ മുതലായവ പഞ്ചായത്തുകളെ ഏല്പിക്കുന്നതായി പറയുന്നുണ്ടെങ്കിലും ഭൂഗര്‍ജലത്തിന്‍റെ കാര്യം പ്രത്യേകം പറയുന്നില്ല.

ഇന്ത്യന്‍ ഭരണഘടനയില്‍തന്നെ വെള്ളം പൊതു സ്വത്താണെന്നും അത് എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും സൗജന്യമായി എല്ലാവര്‍ക്കും ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനുള്ള ബാദ്ധ്യത സ്റ്റേറ്റിന് ഉണ്ടായിരിക്കുന്നതാണെന്നും കൃത്യമായി ഭേദഗതി ചെയ്ത് ചേര്‍ക്കണം. കുടിവെള്ളം മൗലികാവകാശമാകണം. ഒരു പഞ്ചായത്ത് പ്രദേശത്തുള്ള ജലത്തിന്‍റെ വിനിയോഗം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനുള്ള അധികാരം ഗ്രാമസഭയ്ക്കും പഞ്ചായത്തുകള്‍ക്കും നല്‍കണം. കുടിവെള്ളത്തിന്‍റെ വില്പന നിരോധിച്ചുകൊണ്ടും കുടിവെള്ളമെങ്കിലും സൗജന്യമായി മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കിക്കൊണ്ടും അതിന്‍റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുവാന്‍ സ്റ്റേറ്റ് ബാദ്ധ്യസ്ഥമാണ്. പൊതു ഉടമസ്ഥത സിദ്ധാന്തം ഒരു സമഗ്ര നിയമനിര്‍മ്മാണത്തിലൂടെ നിയമമാക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് വെള്ളത്തിന്‍റെ മാത്രം വിഷയമല്ല. ഏക്കറുകളും സെന്‍റുകളുമൊക്കെയായി ഭൂമിയെ ഭാഗിക്കാമെങ്കിലും പട്ടയവും ആധാരവുമൊക്കെ ഭൂമിക്ക് സമ്പാദിക്കാമെങ്കിലും ഭൂമിയെന്നത് ഒന്നാകെ കാണേണ്ട, ഒന്നായി സംരക്ഷിക്കേണ്ട, ഒന്നായി നില്‍ക്കുന്ന മനുഷ്യന്‍റെ ആവാസവ്യവസ്ഥയാണ്. അത് പൊതുഉടമസ്ഥതയിലാവണം. അതിലെ പ്രകൃതിവിഭവങ്ങള്‍ എല്ലാവരുടേതുമായി നിലനിര്‍ത്തണം. പ്ലാച്ചിമടയും നന്ദിഗ്രാമും മൂലമ്പള്ളിയും കിനാലൂരും പിന്നെ അലഞ്ഞുതിരിയുന്ന ആയിരക്കണക്കിന് പരിസ്ഥിതി അഭയാര്‍ത്ഥികളും ആവശ്യപ്പെടുന്നതും അതുതന്നെ.

ജക

0

0

Featured Posts