ചോരയും നീരും


സത്യം പറഞ്ഞാൽ, ഗാഗുൽത്തായിൽ അപ്പോളുണ്ടായിരുന്ന റോമൻ പടയാളി, മരിച്ചു കഴിഞ്ഞിരുന്ന ക്രൂശിതൻ്റെ പാർശ്വത്തിൽ കുന്തം കൊണ്ട് കുത്തിയത് അവൻ മരിച്ചു എന്ന് പൂർണ്ണമായും ഉറപ്പാക്കാൻ വേണ്ടിയായിരുന്നു. അക്കാര്യം യോഹന്നാൻ വിവരിക്കുമ്പോൾ അയാൾ അവിടെ ഒരു വിശദാംശം എഴുതിച്ചേർക്കുന്നുണ്ട്. "ഉടനെ അതിൽനിന്ന് രക്തവും വെള്ളവും പുറപ്പെട്ടു" എന്നതാണ് ആ വിശദാംശം. വളരെ സ്വാഭാവികമായ ഒരു കാര്യമല്ലേ അത്? മരിച്ചിട്ട് ഒരു മണിക്കൂർ പോലും ആയിട്ടില്ലാത്ത, തൂങ്ങി കിടക്കുന്ന ഒരാളുടെ ചങ്കിൽ കുന്തം കുത്തി ഇറക്കിയാൽ സ്വാഭാവികമായും കുറച്ച് രക്തവും, ഭേദിക്കപ്പെടുന്ന ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും കരളിൻ്റെയും ആവരണ പാളികളിൽ നിന്ന് ജലം എന്ന് തോന്നത്തക്ക ശരീരദ്രവവും ഒഴുകും. എന്നാൽ, സുവിശേഷകനായ യോഹന്നാൻ ആ ഒരു വാക്യത്തിൽ അതിശക്തമായ രീതിയിൽ സ്പോട്ട്ലൈറ്റ് കൊടുക്കുകയാണ്. "അത് കണ്ടയാൾ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിന് താൻ സത്യമാണ് പറയുന്നതെന്ന് അവൻ അറിയുകയും ചെയ്യുന്നു." ഇങ്ങനെ മൂന്ന് ചെറുവാചകങ്ങൾ കൂടി യോഹന്നാൻ അവിടെ എഴുതിച്ചേർക്കുന്നു. പ്രസ്തുത കാര്യം ഒരു സാക്ഷിമൊഴിയാണ്. ആയത് സത്യസാക്ഷ്യമാണെന്ന് അയാൾ ആണയിടുന്നു. സത്യമേ ബോധിപ്പിക്കൂ എന്ന പ്രതിജ്ഞയെടുത്തിട്ടാണ് അയാൾ അത് എഴുതുന്നത്!! എന്തിനാണ് ഈ ഒരു വാക്യത്തിന്മേൽ ഇത്രയേറെ സ്പോട്ട് ലൈറ്റ് ?!
അതുകൊണ്ടുതന്നെ ആദിമ സഭാപിതാക്കന്മാർ തുടങ്ങി കാലാകാലങ്ങളിൽ ഒത്തിരിപ്പേർ ഈ ഒരു ചെറുവാക്യത്തെക്കുറിച്ച് ധ്യാനിച്ചിട്ടുണ്ട്.
ഏറ്റവും അടിസ്ഥാനപരമായി യേശു മരിച്ചിരുന്നു എന്നതിൻ്റെ ഇരട്ട സ്ഥിരീകരണം ആണത്. എന്നാൽ, ശരീരശാസ്‌ത്രത്തിൻ്റെ ആദ്യപടവിൽ നിന്നുപോകരുത് നമ്മുടെ അർത്ഥാന്വേഷണങ്ങൾ.
ദൈവകരുണയും വിശുദ്ധീകരണവുമാണ് അവൻ്റെ പിളർക്കപ്പെട്ട ചങ്കിൽ നിന്ന് ഒഴുകുന്നത് എന്നതാണ് ഒന്നാമത്തെ വിശദീകരണം. അതാണ് വി. ഫൗസ്റ്റീനക്ക് ലഭിക്കുന്ന ആത്മീയാവബോധം. ഈസ്റ്റർ കഴിഞ്ഞുവരുന്ന പുതുഞായറാഴ്ച ദൈവകരുണയുടെ തിരുന്നാളായി ആചരിക്കണമെന്ന് പതിന്നാല് സ്വകാര്യദർശനങ്ങളിലൂടെ ദിവ്യനാഥൻ പറഞ്ഞു എന്നാണ് അവളുടെ ഡയറിക്കുറിപ്പുകളിൽ. അതുകൊണ്ടാണ്, സ്വകാര്യ വെളിപാടിൽ ക്രിസ്തു ഫൗസ്റ്റീനയോട് ആവശ്യപെട്ടതനുസരിച്ച്, തൻ്റെ വക്ഷസ്സിലെ മുറിവിൽ വിരൽ ചേർക്കാൻ ഉത്ഥിതൻ തോമ്മാശ്ലീഹായെ ക്ഷണിക്കുന്നതിനെ ധ്യാനിക്കുന്ന പുതുഞായറാഴ്ച ദൈവകരുണയുടെ തിരുന്നാളായി ആചരിക്കാൻ വി. ജോൺ പോൾ II പാപ്പാ സഭയോട് ആവശ്യപ്പെട്ടത്.
അവൻ്റെ വിലാവിൽ നിന്നൊഴുകിയത് സഭയിലെ രണ്ട് അടിസ്ഥാന കൂദാശകളായ മാമ്മോദീസായും (ജലം) വിശുദ്ധ കുർബാനയും (രക്തം) ആയിരുന്നു എന്നതാണ് അതേക്കുറിച്ചുള്ള കൗദാശികമായ അർത്ഥവിശദീകരണം.
എല്ലാ പാപികൾക്കും കയറി ഒളിക്കാൻ പാകത്തിൽ ക്രിസ്തുവിൻ്റെ ഹൃദയം തുറന്നിടപ്പെടുകയായിരുന്നു എന്നതാണ് മറ്റൊരു കാഴ്ചപ്പാട്.
ഇപ്പറഞ്ഞ ധ്യാനങ്ങളൊക്കെ നല്ലതുതന്നെ. എന്നാൽ, വ്യക്തിപരമായി എന്നെ ഏറെ ആകർഷിച്ചിട്ടുള്ളത് മറ്റൊരു പരികല്പനയാണ്. അതാകട്ടെ വി. അഗസ്തീനോസിൽ നിന്നു വരുന്നതുമാണ്. സഭയുടെ ജനനമാണവിടെ സംഭവിക്കുന്നതത്രേ!
ക്രിസ്തു പുതിയ ആദമാണ് എന്ന് ഒരു ചിന്തയുണ്ട്. ആദ്യത്തെ ആദത്തെ നിദ്രയിലാഴ്ത്തിയ ശേഷം ദൈവം അവൻ്റെ വക്ഷസ്സിൽ നിന്ന് ഹവ്വയെ സൃഷ്ടിച്ചു എന്നാണ് ഉല്പത്തിക്കഥ. പുതിയ ആദാമായ ക്രിസ്തുവിനെ നിദ്രയിലാഴ്ത്തി അവൻ്റെ വക്ഷസ്സിൽനിന്ന് ദൈവം പുതിയ ഹവ്വായെ - സഭയെ- സൃഷ്ടിച്ചത് അപ്പോഴായിരുന്നു എന്നതാണ് ആ ഉൾക്കാഴ്ച. ക്രിസ്തു പുരുഷൻ മാത്രമല്ല, സ്ത്രീയും ആവുകയാണവിടെ. കുരിശിൽ കിടന്നുകൊണ്ട് അവൾ ജന്മം നല്കുകയാണ്! ക്രിസ്തുവെന്ന ജനനിയുടെ ജനനേന്ദ്രിയം അവളുടെ പിളർക്കപ്പെട്ട ഹൃദയമാണ്! രക്തമായി ഒഴുകിയിറങ്ങുന്നത് അവളുടെ ഇത്തിരിപ്പോന്ന കുഞ്ഞാണ്. പിന്നാലെ ഒഴുകുന്ന വെള്ളം അതിൻ്റെ മറുപിള്ളയും!
















































































































