ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
ജലത്തിനുമീതെ ആ ചൈതന്യം പൊരുന്നയിരുന്നു എന്ന സൂചനയോടെയാണ് ഉല്പത്തി ആരംഭിക്കുന്നത്. അങ്ങനെ ഭൂമിയായ ഭൂമിയിലെ ജലമായ ജലമെല്ലാം തീര്‍ത്ഥമായി. പിന്നീട് ഇടവേളകളില്‍ അതിന്‍റെ ഓര്‍മ്മപ്പെടുത്തലുണ്ടായി. മറിയമാണ് പുതിയനിയമത്തിന്‍റെ നിര്‍മ്മലജലം. അവളുടെ മേല്‍ ആ ചൈതന്യത്തിന്‍റെ നിഴല്‍ വീഴുന്നുണ്ട്. ഗര്‍ഭപാത്രം ജീവന്‍റെ ജലശയ്യയാണ്. മറ്റൊരിക്കല്‍ അത് ജോര്‍ദ്ദാന്‍ പുഴയുടെ മീതെയെത്തി. ആ പുഴയില്‍ ഒരാള്‍ അപ്പോള്‍ കുളിച്ചു കയറിയതേയുള്ളൂ. ആരോ പടവില്‍ ഇരുന്നു പാടുന്നു: ഓരോ പുഴയും ജോര്‍ദ്ദാന്‍, മീതെ കാറ്റിന്‍ ചിറക്, നഗ്നം, ശുദ്ധം നരജന്മം. തൃപ്തം പ്രസാദം വിഹായസ്സ്.
കൈക്കുമ്പിളില്‍ ജലമെടുത്ത് കാതോടുചേര്‍ത്തുപിടിച്ച് ഒരു കടലിരുമ്പുന്നത് കേള്‍ക്കാമെന്ന് കുട്ടികള്‍ എന്ന നിലയില്‍ ഞങ്ങള്‍ വിശ്വസിച്ചിരുന്നു. എന്തൊക്കെയാണതില്‍ മുഴങ്ങുന്നത്. മിഴി പൂട്ടി നില്‍ക്കൂ.
വിജ്ഞാനികളില്‍ നിന്നും വിവേകമതികളില്‍ നിന്നും മറച്ചുവച്ചതൊക്കെ ഇപ്പോഴും ദൈവം വെളിപ്പെടുത്തുന്നത് തന്‍റെ കുഞ്ഞുമക്കള്‍ക്കാണ്. അല്ലെങ്കില്‍ ഈ മൂന്നുവരി കവിത ഒരു ചെറിയ കുട്ടിക്ക് എങ്ങനെയെഴുതാനാകും.
കുപ്പിയിലടച്ച വെള്ളം
കുപ്പിയിലടച്ച മീനാണ്
ചത്തുപോയേക്കും!
ജലത്തിന് ജീവനുണ്ടെന്നു തന്നെയാണ് നിരീക്ഷണങ്ങള്‍. അതുകൊണ്ടു തന്നെ ഒരു ജൈവിക സാഹചര്യത്തില്‍ നിന്ന് മാറിയാല്‍ അതു ചത്തുപോയേക്കും. ഉറവയില്‍ നിന്ന് കുടിക്കണമെന്ന് ഒരു ഗുരു നിഷ്കര്‍ഷിക്കുമ്പോള്‍ അതില്‍ പ്രായോഗികതയുടെ ഒരു മിന്നലാട്ടമുണ്ട്. വേരുകളുടെ അരിപ്പയില്‍ തട്ടിയും പാറയില്‍ ചിതറിയും ഒഴുകുന്ന പുഴയില്‍ പതയുന്നത് നമ്മുടെ ജീവശ്വാസമാണ്.
മസാറു ഇമോട്ടോ എന്നൊരാള്‍ ഇപ്പോള്‍ നന്നായി വായിക്കപ്പെടുന്നുണ്ട്. ആറോളം പുസ്തകങ്ങള്‍ - ജലത്തിന്‍റെ ജീവനെക്കുറിച്ചു തന്നെ. നമ്മുടെ ഓരോരോ വാക്കുകള്‍ക്കുപോലും അതിന്‍റെ പരലിലും പരപ്പിലും പ്രതകിരണമുളവാക്കാന്‍ ആവുന്നു എന്നതാണ് അയാളെ അത്ഭുതപ്പെടുത്തിയത്. കുറച്ച് കാല്പനികതയുടെയും ഗൂഢവത്കരണത്തിന്‍റെയും അസ്കിതയുണ്ടങ്കില്‍ തന്നെയും ആ പുസ്തകങ്ങളൊക്കെ നല്ല ജലധ്യാനങ്ങളാണ്. ഓരോ അലയിലും കൃതജ്ഞതയുടെയും സ്നേഹത്തിന്‍റെയും പൊന്‍പരാഗങ്ങള്‍ ഒഴുകുന്നത് അയാള്‍ കണ്ടിട്ടുണ്ട്. ഇമോട്ടോ എന്ന ജാപ്പനീസ് പദത്തിന് ജലത്തില്‍ നിന്നുള്ളത് എന്നാണര്‍ത്ഥം. അതുകൊണ്ടു തന്നെ അയാള്‍ക്ക് ജലത്തോട് ഗാഢപ്രണയത്തിലാവാതെ തരമില്ല. മനുഷ്യന്‍റെ ഭാഷപോലും ജലത്തിന്‍റെ സമ്മാനമാണെന്നാണ് അയാളുടെ മതം. കാരണം പ്രകൃതിശബ്ദങ്ങളെ അനുകരിച്ചാണ് ഭാഷയാരംഭിക്കുന്നത്. ഒരു പുഴയുടേതുപോലെ വൈവിധ്യമാര്‍ന്ന പദാവലി പ്രകൃതിയില്‍ മറ്റാര്‍ക്കുണ്ട്. ഒരു പുഴയൊഴുകുന്ന വഴിയേ പോകുക. ഓരോയിടത്തിലും ഓരോ ഭാഷയാണ്. സംസ്കൃതത്തില്‍ ശബ്ദത്തിന് നാദബ്രഹ്മമെന്ന് വിളിക്കും. നാദം എന്നാല്‍ നദിയെന്നര്‍ത്ഥം. ബ്രഹ്മം ഉറവിടം എന്നും. ഭാഷയുടെ പ്രഭവം പുഴകളാണോ?
ജലത്തെ നീല സ്വര്‍ണ്ണമെന്ന് തന്നെ വിളിക്കണം. വരുംകാലങ്ങളിലെ യുദ്ധം പൊന്നിനോ എണ്ണയ്ക്കോ വേണ്ടിയാവില്ല, ജലത്തിന് വേണ്ടിയാവും. ഒരു തുള്ളി വെള്ളം എത്ര അമൂല്യമാണെന്നറിയാന്‍ ഹാഗാറിനോട് ചോദിക്കുക. തോല്ക്കുടത്തില്‍ കുറച്ചുജലവും തോളില്‍ കൈക്കുഞ്ഞുമായി പൊള്ളുന്ന ഭൂമിയിലൂടെ അവള്‍ നടന്നുപോകുന്നതു കാണുക. വിരല്‍ക്കൊണ്ട് ഒരു തുള്ളി വെള്ളം കുഞ്ഞിന്‍റെ വരണ്ട ചുണ്ടില്‍ ഇറ്റിറ്റു വീഴ്ത്തി. കുഞ്ഞ് മരിച്ചുപോയേക്കും. അവള്‍ക്ക് വെള്ളത്തിനായി റേഷന്‍ ക്യൂ നില്ക്കുന്ന ഒരാഫ്രിക്കക്കാരന്‍റെ മുഖമാണിപ്പോള്‍. പരമാവധി പതിനഞ്ചു ലിറ്ററാണ് അവന്‍റെ അര്‍ഹത. അത് നമ്മുടെ ഫ്ളഷ് ടാങ്കിലെ ഒരു നേരത്തെ കപ്പാസിറ്റിയാണ്! അശാസ്ത്രീയവും അനിയന്ത്രിതവുമായ ജല ഉപയോഗത്തെക്കുറിച്ച് ധാരണയുള്ളവരാകുകയാണ് ഏറ്റവും നല്ല ജലധ്യാനം. ചില കാലങ്ങളില്‍ വൃക്ഷങ്ങള്‍ ഇലപൊഴിക്കുന്നതുപോലും വെള്ളത്തിന്‍റെ ഉപയോഗത്തെ പരിമിതപ്പെടുത്താനാണ്. മരങ്ങളില്‍ നിന്ന് പഠിക്കാത്ത മനുഷ്യര്‍!
കണക്ക് ഏതാണ്ടിങ്ങനെയാണ് ഭൂമിയുടെ മൂന്നില്‍ രണ്ടും ജലം തന്നെ- മനുഷ്യശരീരത്തിലെ ജലാംശം പോലെ. എന്നാല്‍ അതിന്‍റെ തൊണ്ണൂറ്റിയെട്ട് ശതമാനവും കുടിക്കാന്‍ ആവാത്ത വിധത്തില്‍ ഉപ്പുള്ളത്. കപ്പല്‍ യാത്രക്കാരന്‍റെ പാട്ടിലെ നാവികന്‍റെ ഗതികേട്- ചുറ്റിലും ജലം കുടിക്കാന്‍ ഒരു തുള്ളിയില്ല താനും. പിന്നെയുള്ളത് രണ്ടേ രണ്ട് ശതമാനം. അതിന്‍റെ പകുതി ഹിമാനികളുടെ തടങ്കലിലും. പിന്നെയുള്ളതിന്‍റെ തൊണ്ണൂറു ശതമാനം ഭൂഗര്‍ഭ ജലമാണ്. അത് ഉപയോഗിച്ചു കൂടായെന്നതാണ് ശരി. അത് ഭൂമിയുടെ ഒരുതരം കരുതിവയ്ക്കലാണ്. വിത്തെടുത്ത് കഞ്ഞി വയ്ക്കാന്‍ പാടില്ലല്ലോ. അവശേഷിക്കുന്നതു മാത്രമാണ് നമ്മുടെ കുടിവെള്ളം. അതിനെ മലിനപ്പെടുത്താനോ ദുരുപയോഗപ്പെടുത്താനോ അതിന്‍റെ വെറും കാവല്‍ക്കാര്‍ക്ക് ആരാണ് അവകാശം കൊടുത്തത്.
ഭൂമിയുടെ സംസ്ക്കാരങ്ങള്‍ എല്ലാം തന്നെ പുഴയോരത്താണ് ആരംഭിച്ചതെന്നും നിലനിന്നതെന്നും ഓര്‍മ്മിക്കണം. സിന്ധുവിന്‍റെ തീരത്തുനിന്നാണ് ഇന്ത്യയുണ്ടാവുക. മതങ്ങള്‍ സംസ്ക്കാരത്തിന്‍റെ മറ്റൊരു പേരാണ്. അതുകൊണ്ടാണ് എല്ലാമതങ്ങളുടെയും ധ്യാനഭൂമിയിലൂടെ പുണ്യതീര്‍ത്ഥങ്ങള്‍ ഒഴുകുന്നത്. ഇസ്ലാമിനെ കൂള്‍ റീലീജിയന്‍ എന്നു വിശേഷിപ്പിക്കുന്ന ഒരു കുറുമ്പന്‍ പുസ്തകം വായിച്ചു. മരുഭൂമിയുടെ പൊടിക്കാറ്റിലും പൊരിവെയിലത്തും അഞ്ചുതവണ പാദം കഴുകി മുഖം തുടച്ച് നിസ്കരിക്കാന്‍ നിഷ്കര്‍ഷിക്കുന്ന ഒരു മതം നിശ്ചയമായും ആ പേര് അര്‍ഹിക്കുന്നു. ചെറിയ കാര്യമല്ലത്.
വിശുദ്ധനഗരിയില്‍ നിന്ന് ഒഴുകുന്ന പുഴയെ വാഴ്ത്തുന്ന ഒരു സങ്കീര്‍ത്തനമുണ്ട്: ഒരു നദിയുണ്ട് അതിന്‍റെ തോടുകള്‍ ദൈവനഗരത്തെ, അത്യുന്നതന്‍റെ വിശുദ്ധ നിവാസത്തെ സന്തോഷിപ്പിക്കുന്നു. (സങ്കീ 36-4) കൗതുകകരമായ സത്യം ഇതാണ്. എല്ലാ നഗരങ്ങളും തന്നെ നദീതീരത്താണ്. ബാബിലോണില്‍ യൂഫ്രട്ടീസ്, ഈജിപ്തിന് നൈല്‍, റോമിന് ടൈഗ്രിസ്, ഡല്‍ഹിക്ക് യമുന.... എന്നാല്‍ ജറുസേലം വേറിട്ട് നില്‍ക്കുന്നു. അവിടെ നദിയില്ല. അതുകൊണ്ട് കാണാത്തൊരു നദിയെ ഉപാസകന്‍ ധ്യാനിക്കേണ്ടിയിരിക്കുന്നു. ചില നദികള്‍ അദൃശ്യമായാണ് ഒഴുകുന്നത്. സൗഹൃദമോ പ്രണയമോ നഷ്ടപ്പെട്ട ഒരാളെ എടുക്കുക. ഒറ്റ നോട്ടത്തില്‍ അയാളുടെ ജീവിതത്തിന് ഒരു നനവോ തണുപ്പോ ഇല്ല. എങ്കിലും പുഴ ഒഴുകിയിടത്ത് ഇപ്പോള്‍ മണലാണെന്നു പറയരുത്. അഗാധങ്ങളില്‍ ഇപ്പോഴും അത് ഒഴുകുന്നുണ്ട്. ചില നേരങ്ങളില്‍ നിങ്ങളതില്‍ കുളിച്ചു കയറുന്നുണ്ട്. ദൈവം ഒരദൃശ്യ നദിയാണ്. സന്തോഷിപ്പിക്കുന്ന നദിയെന്ന് സങ്കീര്‍ത്തനങ്ങളുടെ വിശേഷണം. പലപ്പോഴും ദൈവവുമായി പറ്റി നില്ക്കുന്നു എന്നു കരുതുന്ന മനുഷ്യര്‍ക്ക് പച്ചയോ പകിട്ടോ ഇല്ലാത്ത നിറം കെട്ട ജീവിതമാണ് എന്നൊരു സങ്കല്പം പലര്‍ക്കുമുണ്ട്. തോന്നലാണത്! നിര്‍മ്മലമായ ആഘോഷത്തിന്‍റെ പേരാണ് ദൈവം.
വേദത്തില്‍ എഴുന്നൂറ്റി ഇരുപത്തിരണ്ട് പ്രാവശ്യം വെള്ളം പരാമര്‍ശിക്കപ്പെടുന്നുണ്ട്. ജലത്തിനുമീതെ എന്ന ഉല്പത്തിയുടെ ആദ്യവചനം തൊട്ട് ദാഹിക്കുന്നവന്‍ വരട്ടെ ആഗ്രഹിക്കുന്നവന്‍ ജീവജലം സൗജന്യമായി വാങ്ങട്ടെ എന്ന വെളിപാടിലെ റഫറന്‍സിനും ഇടയിലാണീ എണ്ണം. ഒരു കൗതുകമിതാണ്. അവന്‍ സൃഷ്ടിക്കുന്ന ആ പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും കടലുണ്ടായിരിക്കില്ലെന്ന്. (വെളിപാട് 21-1) പ്രക്ഷുബ്ധമായ ജലാശയമാണ് കടല്‍. പുതിയനിയമത്തില്‍ അതിന്‍റെ തിരയിളക്കങ്ങളൊക്കെ മനുഷ്യന്‍റെ അസ്വസ്ഥതയും അശാന്തിയുമായി ബന്ധപ്പെട്ടു നില്ക്കുന്നതു കൊണ്ടാവണം അവന്‍റെ വാക്കില്‍ കടല്‍ കോപ്പയിലെ ജലം പോലെ ശാന്തമാകുന്നുണ്ടല്ലോ.
ജലം ഒത്തിരി പ്രതീകഭംഗികളിലൂടെ വേദപുസ്തകത്തില്‍ ഒഴുകുന്നു. സ്വഭാവിക ജനനത്തിന്‍റെ അടയാളമാണ് ചിലപ്പോള്‍. സൃഷ്ടിയുടെ നാലാം ദിവസം ജലത്തില്‍ ജീവജാലങ്ങള്‍ കൂട്ടമായി ജനിക്കട്ടെ എന്നാണല്ലോ ആശംസ. നിക്കദേമൂസിനോട് ജലത്താലും ആത്മാവിനാലും ജനിക്കണമെന്ന് പറയുമ്പോള്‍ ശരീരജനനത്തിന്‍റെ ആദ്യകാണ്ഡം എന്നുതന്നെയാവണം സൂചന. ജലത്തെ മുറിച്ചു നീന്തിയാണല്ലോ കുഞ്ഞിന്‍റെ പിറവി. ജലസ്നാനത്തിനുശേഷമാണ് അഗ്നിസ്നാനം. ജലം ഭൂമിയിലുള്ള മറ്റെന്തിനെപോലെയും താഴോട്ട് ചലിക്കുന്നു- പ്രകൃതി nature എന്നര്‍ത്ഥം. അഗ്നി മാത്രം മുകളിലേക്കുയരുന്നു. സ്വന്തം സ്വഭാവത്തെ ഒരു കുളിയിലെന്നപോലെ നിര്‍മ്മലമാക്കിയവര്‍ക്ക് നീതിയായി സംഭവിക്കുന്ന കൃപയുടെ ഇടപെടലാണ് അഗ്നിസ്നാനം.
ദൈവവചനത്തിന്‍റെ പര്യായമായി ജലം ഉപയോഗിക്കുന്നു. വായനക്കാരനെ ശുദ്ധീകരിക്കുന്നതുകൊണ്ടാവണം അതങ്ങനെ. വചനത്തോടു കൂടിയ ജലസ്നാനമെന്ന് എഫേസ്യര്‍ 5:26 ല്‍ വായിക്കുന്നു. ബാലന്‍ തന്‍റെ ക്രമങ്ങളെ നിര്‍മ്മലമാക്കുന്നത് വചനപ്രകാരം തന്‍റെ ജീവിതത്തെ സൂക്ഷിക്കുന്നതു കൊണ്ടു തന്നെ (സങ്കീ. 119-9) വീണ്ടെടുപ്പിന്‍റെ പ്രതീകമാണ് ജലം മറ്റു ചിലപ്പോള്‍. "ഞാന്‍ നിങ്ങളുടെ മേല്‍ നിര്‍മ്മല ജലം തളിക്കും. നിങ്ങള്‍ നിര്‍മ്മലരായി തീരും" (എസെക്കി. 36-28). ഭൂമിയുടെ ജ്ഞാനസ്നാനമായിരുന്നു നോഹയുടെ കഥയിലെ പ്രളയകാലം. ഒരു തരം ഉറയൂരല്‍- ചില ഇഴജന്തുക്കള്‍ ചെയ്യുന്നതുപോലെ. അതിനുശേഷം പ്രപഞ്ചത്തിന്‍റെ ചര്‍മ്മം സ്നിഗ്ദ്ധവും ശുദ്ധവുമായി.
ആന്തരിക ജീവിതത്തെ പരാമര്‍ശിക്കാനും മറ്റൊരു പ്രതീകം ആവശ്യമുണ്ടോ? ഏദന്‍ ജലത്താല്‍ സമ്പന്നമായ ഇടമാണെന്നോര്‍മ്മിക്കണം. ഉള്ളിലെ ചില നനവുകളെയാണല്ലോ കാലാകാലങ്ങളായി മനുഷ്യര്‍ സ്പിരിച്ച്വാലിറ്റി എന്നു വിശേഷിപ്പിക്കുന്നത്.
പഴയനിയമം ക്രിസ്തുവിന്‍റെ നിഴലാണ്. പാറയില്‍ പൊട്ടിയ ഉറവക്കണ്ണ് ക്രിസ്തു തന്നെ. കയ്പ്പുറവയുമുണ്ടെന്നോര്‍മ്മിക്കണം. സങ്കടങ്ങളുടെ ഒരു മഹാപ്രഭുവിന് അതിനേക്കാള്‍ ഭേദപ്പെട്ട ഒരു പ്രതീകം വേണോ? ഒരു മരച്ചില്ലയിട്ടാണ് മോശ അതിനെ മധുരിപ്പിച്ചത്. ചില്ല കുരിശു തന്നെയാവണം. നമ്മുടെ കാഞ്ഞിരം പോലെ കയ്ക്കുന്ന ഒരു വൃക്ഷച്ചില്ലയാണ് അതെന്ന് യഹൂദര്‍ക്കു പാരമ്പര്യമുണ്ട്. കയ്പിലേയ്ക്കുവീണ കയ്പ്പ് മധുരമാകുന്നു. യുക്തിക്കുനിരക്കുന്നതല്ല, ക്രിസ്തുവും കുരിശും.
ജലവുമായി ബന്ധപ്പെട്ട് ക്രിസ്തുവില്‍ സംഭവിച്ച ചില കാര്യങ്ങള്‍ ദൈവത്തെ മാത്രമല്ല, ജലത്തേയും പ്രണമിക്കുവാന്‍ നമ്മളെ സഹായിച്ചേക്കും. ആദ്യത്തേത് യാക്കോബിന്‍റെ കിണറിന്‍ വക്കിലാണ്. ജലസാന്നിധ്യം സ്ത്രീ സാന്നിധ്യമാണെന്ന് നീഷേയുടെ നിരീക്ഷണമുണ്ട്. നിരന്തരമായ അലച്ചിലാണ് ഒരു സ്ത്രീ. ജീവിതത്തിലുടനീളം ശൂന്യമായ കുടവുമായി കിണറുകള്‍ തേടി പോകുകയാണ് അവളുടെ തലവര. കിണറുകള്‍ വറ്റുമെന്നും ദാഹം വീണ്ടും അവശേഷിക്കുമെന്നും അവളെ ഓര്‍മ്മിപ്പിക്കേണ്ട ബാധ്യത ക്രിസ്തുവിനുണ്ട്. അവളെ ഈശ്വരാന്വേഷണമെന്ന ദാഹത്തെ പഠിപ്പിച്ചു കൊടുക്കുകയാണ് അവന്‍റെ ധര്‍മ്മം. ഇല്ലെങ്കില്‍ ആ അഞ്ചു പുരുഷന്മാരില്‍ അവനും പെട്ടുപോകും. ഇന്ദ്രിയങ്ങളുടെ തൊട്ടിയോ ചരടോ ആവശ്യമില്ലാതെ അവളുടെ ജീവിത്തില്‍ ഇടപെട്ട ഏക പുരുഷനാണ് അവന്‍. ഉറവയിലേക്ക് പോകാനാണ് അവളെ അവന്‍ പ്രേരിപ്പിക്കുന്നത്. അത്തരമൊരു ദാഹത്തെ അവളില്‍ ഉണര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് അവന്‍റെ വ്യത്യാസം. കോരിച്ചൊരിയുന്ന മഴയത്തും നിറച്ചുവച്ച മണ്‍കോപ്പകള്‍ക്കുമിടയില്‍ നില്‍ക്കുമ്പോഴും ഒരാള്‍ അനുഭവിക്കുന്ന ദാഹം. ആ ദാഹത്തിന്‍റെ തീവ്രത പിന്നീടൊരിക്കല്‍ അവനും അറിയും. ഒരു നിമിഷാര്‍ദ്ധം ദൈവത്തിനും അവനും ഇടയില്‍ ഒരു തിരശ്ശീല വീണപ്പോളാണത്. 'എനിക്കു ദാഹിക്കുന്നു.' നീര്‍പഞ്ഞി വച്ചു നീട്ടുന്നവര്‍ എന്തറിയുന്നു?
കൂടാരതിരുന്നാളിന്‍റെ അന്നിങ്ങനെ, യേശു വിളിച്ചു പറഞ്ഞു: "ദാഹിക്കുന്നവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ നിന്ന് തിരുവെഴുത്തുകള്‍ പറയുന്നതുപോലെ ജീവജലത്തിന്‍റെ നദികള്‍ ഒഴുകും." ഇതിന്‍റെ അനുഷ്ഠാനപശ്ചാത്തലം ശ്രദ്ധിക്കേണ്ടതാണ്. വെള്ളം ജറുസലേമിന്‍റെ നിരന്തര പ്രശ്നമാണ്. തിരുനാളിന്‍റെ അവസാനദിവസം മഹാപുരോഹിതന്‍ ശീലോഹാ കുളത്തില്‍ നിന്ന് സ്വര്‍ണ്ണകുടങ്ങളില്‍ ജലം നിറച്ച് കീര്‍ത്തനങ്ങളോടെ ബലിപീഠത്തെ ഏഴുതവണ വലം വച്ച് രണ്ട് കുഴലിലൂടെ നിലത്തേക്ക് ഒഴുക്കുന്നു. കൈയില്‍ മരക്കൊമ്പുകളുമായി ജനം അതിനു സാക്ഷ്യം വഹിക്കുന്നു. ബലി പീഠത്തില്‍ നിന്ന് ഒഴുകാന്‍ പോകുന്ന നദി താനാണെന്ന് ചങ്കുറപ്പുണ്ടായിരുന്നു ഒരു ചെറുപ്പക്കാരന്. വെളിപാടിന്‍റെ പുസ്തകത്തില്‍ യോഹന്നാന്‍ ആ നദിയെ വ്യാഖ്യാനിക്കും. അത് ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍ നിന്നാണ് പുറപ്പെടുന്നത് (വെളി. 22-1).
ഒരു പുഴയും ഒരാളുടേത് മാത്രമല്ല. ഒരേ അവബോധങ്ങളിലേയ്ക്ക് ഉണര്‍ന്ന എല്ലാവരുടെയും സാധ്യതയാണെന്ന് വിളിച്ചു പറയുന്നതിലാണ് ഈ വചനത്തിന്‍റെ അസാധാരണ ചന്തം. ഇനി മുതല്‍ മനുഷ്യര്‍ സ്വന്തം ഉറവയില്‍ നിന്ന് കുടിച്ചു തുടങ്ങും.
ഒടുവില്‍ മരിച്ചിട്ടും അവനോട് പകതീരാത്ത ഒരന്ധന്‍ തന്‍റെ ആയുധം കൊണ്ട് അവന്‍റെ നെഞ്ചു പിളര്‍ക്കുന്നു. മരിച്ചവന്‍റെ നെഞ്ചില്‍ നിന്ന് രക്തവും ജലവും ഒഴുകിയെന്ന യോഹന്നാന്‍റെ സാക്ഷ്യം. യുക്തിഭദ്രമല്ലിത്. മരണം എല്ലാ പ്രവാഹങ്ങളെയും നിലപ്പിക്കുന്ന ഒന്നാണ്. എന്നിട്ടും ഉറവപൊട്ടിയെന്ന അര്‍ത്ഥത്തിലാണ് യോഹന്നാന്‍റെ വാക്ക്. കില്ലാഡി പാറ പൊട്ടിച്ച്- പൊട്ടിച്ച് ഏതോ ഒരിടത്തിലൊന്ന് തട്ടുമ്പോള്‍ ഒരുറവ പൊട്ടി അയാളെ കുളിപ്പിക്കുന്നതിന് സമാനമായ ഒരു വാക്ക്. എന്തായിരിക്കും അതിന്‍റെ അര്‍ത്ഥം. മരിച്ചിട്ടും അവന്‍റെ സ്നേഹപ്രവാഹങ്ങള്‍ നിലയ്ക്കുന്നില്ലെന്ന്! അത് ജീവിച്ചിരുന്നതിനേക്കാള്‍ ശക്തമായി ഒഴുകുന്നുണ്ടെന്ന്. അതുകൊണ്ടാണല്ലോ തെരുവിലെ ഒരു മൂലയില്‍ നിന്ന് ഒരു സുവിശേഷകന്‍ തന്‍റെ സഹജമായ ശാഠ്യത്തോടും കൃത്രിമമായ അംഗവിക്ഷേപങ്ങളോടും കൂടി ഈശോ സ്നേഹിക്കുന്നു എന്ന് നിലവിളിച്ച് പറയുമ്പോള്‍ പോലും ഒരു പുഴയില്‍ പെട്ടതുപോലെ ഒരു സ്നേഹാനുഭവത്തില്‍ നിങ്ങള്‍ നനഞ്ഞതും തണുത്തതും.