യുദ്ധംവരച്ചിട്ട രാജ്യാതിര്‍ത്തികള്‍

Updated: Apr 20

Key Takeaways:
It is a review of German film "303".
Review details film's road trip plot, wide-ranging philosophical discussions.
Film praised for showing humanism over borders
ആദ്യത്തെ സീന്‍ കോളേജ് വൈവ, വൈവയ്ക്കിടയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ അമിതമായി ആശ്രയിക്കുന്നതിനെതിരെ താക്കീത്. രണ്ടാമത്തെ സീന്‍ പൊളിറ്റിക്കല്‍ കറക്ട്നെസ്സിനെക്കുറിച്ച്. മൂന്ന് ഷോട്ടുകള്‍ക്കപ്പുറം അടുത്ത സീനില്‍ സംസാരിക്കുന്നത് ഗര്‍ഭചിദ്രത്തെക്കുറിച്ച്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട്ട് ആത്മഹത്യ, ജലസംരക്ഷണം, അന്തരീക്ഷമലിനീകരണം, സാമ്പത്തീക ശാസ്ത്രം, ജന്തുശാസ്ത്രം, മുതലാളിത്തം, പരിണാമം, കാട്, ചാള്‍സ് ഡാര്‍വിന്‍, ആല്‍ഫാ മെയില്‍, കമ്യൂണിസം, ദര്‍പ്പണ കോശങ്ങള്‍, ഹിമയുഗം, ഗോത്ര കലാപങ്ങള്‍, കൂട്ടക്കൊലകള്‍, സൗരോര്‍ജ്ജ സാദ്ധ്യതകള്‍, വിവാഹം, ഓപ്പണ്‍ റിലേഷന്‍ഷിപ്പ്, ലഹരി, പോളിഗമി, മോണോഗമി തുടങ്ങി ഒരു സമൂഹത്തിലെ, അല്ലെങ്കില്‍ ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ അവന്‍ അഭിമുഖീരിക്കേണ്ടിവരുന്ന ഏതാണ്ടെല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുന്ന ഒരു സിനിമ. എന്നാല്‍ അതൊരു ഡോക്യുമെന്‍ററി സിനിമ അല്ല. മറിച്ച് അതിമനോഹരമായ ഒരു ഫീല്‍ഗുഡ് സിനിമ. ഫീല്‍ ഗുഡ് എന്നുപറഞ്ഞാല്‍ ഒരാള്‍ അയാള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം ശാന്തമായി, സന്തോഷത്തോടെ ചെയ്യുന്ന പോലൊരനുഭൂതി തരുന്ന ഒരു സിനിമ; "303/2018/ജര്‍മ്മന്‍/148 മിനിട്ട്"
ഹാന്‍സ് വീന്‍ഗാര്‍ട്ട്നര്‍ സംവിധാനം ചെയ്ത് 2018ല്‍ റിലീസ് ചെയ്ത ജര്‍മ്മന്‍ റോഡ് മൂവിയാണ് 303. ജൂള്‍ (Mala Emde)), ജാന്‍ (Anton Spieker) എന്നീ കോളേജ് വിദ്യാര്‍ത്ഥികള്‍ തികച്ചും വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കായി നടത്തുന്ന യാത്രയില്‍ ആകസ്മികമായി കണ്ടുമുട്ടുന്നതും, പരിചയപ്പെടുന്നതും, വഴക്കിടുന്നതും പിന്നീട് സുഹൃത്തുക്കളാകുന്നതും ഏറ്റവും ഒടുവില്‍ പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ആ യാത്രയിലുടനീളം ജൂളും, ജാനും സംസാരിക്കുന്ന വിഷയങ്ങളാണ് മുകളില്‍ പറഞ്ഞത്. ഇടയ്ക്കൊക്കെ അവര്‍ സംസാരിക്കുന്നത് അത്ര രസകരമായ വിഷയങ്ങളല്ലെങ്കില്‍പോലും അവയൊക്കെയും തികച്ചും നൈസര്‍ഗ്ഗികമായി അവതരിപ്പിച്ചിരിക്കുന്നതാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.
കാമുകനായ അലക്സില്‍ നിന്നും ഗര്‍ഭിണായായ ജൂളിനെ ഗര്‍ഭഛിദ്രം നടത്താന്‍ അവളുടെ അമ്മ നിര്‍ബന്ധിച്ചുകൊണ്ടിരിക്കേ; അതിന് താല്‍പര്യമില്ലാത്ത ജൂള്‍ ആ വിവരം കാമുകന്‍ അലക്സുമായി ചര്‍ച്ചചെയ്യാന്‍ സ്പെയിനേയ്ക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചു. അവളുടെ സഹോദരന്‍റെ മെഴ്സിഡസ് ഹൈമര്‍ 303 ക്യാമ്പര്‍ വാനിലായിരുന്നു യാത്ര. അതേ സമയത്തുതന്നെ തന്‍റെ പിതാവിനെ കാണാന്‍ ജാന്‍ ജര്‍മ്മനിയിലെ മറ്റൊരു സ്ഥത്തുനിന്നും യാത്ര ആരംഭിച്ചു. നിശ്ചയിച്ചിരുന്ന ബസ് കടന്നുപോയതിനാല്‍ വഴിയില്‍വച്ച് കണ്ട അപരിചിതയായ ജൂളിനോട് ഒരു ലിഫ്റ്റ് ചോദിച്ചു. ജൂള്‍ സമ്മതിച്ചു. ആ യാത്രയില്‍ അവര്‍ തര്‍ക്കിച്ചും, വഴക്കിട്ടും, പങ്കുവച്ചും അവര്‍ സുഹൃത്തുക്കളായി. പിന്നീട് അവര്‍ സംസാരിച്ച വിഷയങ്ങളാണ് മേല്‍ പറഞ്ഞത്. സൗഹൃദത്തിന്‍റെ മേമ്പൊടിയില്‍ കാര്യങ്ങള്‍ പറയുന്നതുകൊണ്ട് തന്നെ വല്ലാത്തൊരു വശ്യതയോടെയാണ് രംഗങ്ങള്‍ കാഴ്ചക്കാരനില്‍ എത്തുന്നത്.
പുസ്തകം വായിച്ചും, പാചകം ചെയ്തും, വണ്ടിനന്നാക്കിയും, കാട് കണ്ടും, മല കയറിയും, കടല്‍ കണ്ടും ആ സൗഹൃദം അങ്ങേയറ്റം വളര്‍ന്നു. ഇതിനിടയില്‍ അലക്സുമായി സംസാരിക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അലക്സ് ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു. താന്‍ ഗര്‍ഭിണിയാണെന്നു അവള്‍ ജാനിനോട് പറഞ്ഞിരുന്നില്ല. അലക്സിന്‍റെ പ്രതികരണം അവളിലുണ്ടാക്കിയ ദു:ഖഭാരം കൂടി ജാനില്‍ ഇറക്കിവെച്ചു. ഇത് സൗഹൃദത്തിനപ്പുറം പ്രണയത്തിന്‍റെ ചില സാധ്യതകളിലേയ്ക്കടുപ്പിച്ചു. ഒടുവില്‍ ജാന്‍ അച്ഛനുള്ള സ്ഥലത്തെത്തി. പക്ഷേ അച്ഛനെ നേരില്‍കണ്ടപ്പോള്‍ താന്‍ മകനാണെന്ന് പറയാന്‍ ധൈര്യം ഇല്ലാതെ അവന്‍ പിന്മാറി. വിഷമങ്ങള്‍ അവരെ കൂടുതല്‍ അടുപ്പിച്ചു. ഒടുവില്‍ ജൂളും ജാനും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞു. എന്നാല്‍, താന്‍ ഗര്‍ഭിണിയാണെന്നും ആ കുഞ്ഞിനെ താന്‍ പ്രസവിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജൂള്‍ അവനോട് പറഞ്ഞു. ആ നിമിഷത്തില്‍ അതുവരെ കാണാത്ത ജാന്‍ എന്ന പുരുഷനെ നമുക്ക് കാണാം. ജൂള്‍ ഒരമ്മയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ജാന്‍ ജൂളിന്‍റെ അമ്മയെപ്പോലെ ആയി മാറാന്‍ തുടങ്ങുന്നു. അത്രയ്ക്ക് അടുപ്പമുള്ള ഒരാളായി അവന്‍ മാറി. യാത്ര വീണ്ടും മുന്നോട്ടുപോയി. ജൂള്‍ അലക്സിന്‍റെ അടുത്തെത്താറായി. ജാനെ നഗരമധ്യത്തില്‍ ഇറക്കി വിട്ട് അവള്‍ അലക്സിന്‍റടുത്തേയ്ക്ക് പോയി. തിരികെ വരും എന്ന് ഇരുവര്‍ക്കും ഉറപ്പില്ല; എന്നാല്‍ അവര്‍ക്കിടയിലെ കെമിസ്ട്രി ജൂള്‍ തിരികെവരും എന്ന് നമുക്കുറപ്പ് തരും. ജൂളിനായി ജാന്‍ ആ സ്ഥലത്ത് കാത്തിരുന്നു. രാത്രി വളരെ വൈകി ജൂളിന്‍റെ ക്യാമ്പര്‍ വാന്‍ ജാന്‍ നില്‍ക്കുന്ന ഇടത്തേയ്ക്കെത്തി. അപരിചിതരായി ജര്‍മ്മനിയില്‍ നിന്നാരംഭിച്ച ആ യാത്ര ബെല്‍ജിയവും, ഫ്രാന്‍സും കടന്നു സ്പെയിനേയ്ക്ക് എത്തി ഒടുവില്‍ ഒരുപാട് പരിചിതരായ ആളുകളെപ്പോലെ ഒരുമിച്ച് തിരികെ ജര്‍മ്മനിയിലേയ്ക്ക്.
ഒരു ചെറിയ ഇതിവൃത്തവുമായെത്തിയ യാത്രാ സിനിമയെ ഇത്രയേറെ വൈവിദ്യമാക്കുന്നത് ആദ്യം പറഞ്ഞപോലെ അവര്‍ തമ്മിലുള്ള സംസാരമാണ്. സംസാരങ്ങളില്‍ ചില വിഷയങ്ങളെ സംബന്ധിച്ച് ചില പിശകുകള്‍ വരുത്തുന്നുണ്ട്. എന്നാല്‍ അവയൊന്നുംതന്നെ അശാസ്ത്രീയമോ, കപട ശാസ്ത്രമോ അല്ല. കൂടാതെ സംസാര വിഷയങ്ങളിലൊന്നുപോലും സിനിമയ്ക്ക് ഒരു ഡോക്യുമെന്‍ററി ഫീല്‍ നല്‍കുന്നില്ല. തര്‍ക്കങ്ങളും, യോജിക്കുന്ന വിഷയങ്ങളിലെ വിവരകൈമാറ്റവും എല്ലാമെല്ലാം ആ സൃഹൃദത്തെ കൂടുതല്‍ ഊഷ്മളമാക്കി മാറ്റുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രണയത്തെക്കാള്‍ ഊഷ്മളമാകുന്ന സൗഹൃദം വളരെ അപൂര്‍വ്വമായാണ് സിനിമയില്‍ സംഭവിക്കാറുള്ളത്. അതിലൊന്നാണ് ഈ സിനിമ.

ഒരു രാഷ്ട്രീയ പ്രസംഗംപോലെ ആകാമായിരുന്ന വിഷയങ്ങളെ എല്ലാവിധ സൗന്ദര്യത്തോടെയും ഫ്രെയിമിലേയ്ക്ക് ആവാഹിച്ചതാണ് സംവിധായകന്‍റെ വിജയം. കഥാപാത്രങ്ങള്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതുകൊണ്ട് തന്നെ ബൃഹത്തായ ഒരു തിരക്കഥയാണ് സിനിമയ്ക്കുള്ളത്. അത് 303 പേജുകള്‍ ഉണ്ടായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. കൂടാതെ അവര്‍ യാത്ര ചെയ്ത് വാഹനം മെഴ്സിഡീസ്ബെന്‍സ് ഛ 303 ബസ് മോഡല്‍ ആണെന്നാണ് സിനിമയില്‍ പറയുന്നത്. (യഥാര്‍ത്ഥത്തില്‍ അവര്‍ ഉപയോഗിക്കുന്നത് മെഴ്സിഡീസ് ബെന്‍സ് ഹൈമര്‍ ഠ1 650 എന്ന കാമ്പര്‍ വാനാണ്. സിനിമയുടെ പേരുമായി യോജിച്ചുപോകാനാണ് വാഹനത്തിന്‍റെ പേര് മാറ്റി പറയുന്നത്. തിരക്കഥയുടെ പേജ് നമ്പറിനോട് ഒത്തുപോകാനാവും ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്).
അഭിനേതാക്കളുടെ വസ്ത്രാലങ്കാരവും, ചമയവും എടുത്തുപറയേണ്ടുന്ന ഒന്നാണ്. കൃത്യമായി കെട്ടിയൊതുക്കിയ മുടി യാത്ര ചെയ്യുന്നവര്‍ക്കുണ്ടാകില്ല. അതില്‍ തുടങ്ങുന്ന കൃത്യത പശ്ചാത്തല സംഗിതം, ചമയം, വസ്ത്രാലങ്കാരം, എന്നിവയിലെല്ലാം പ്രകടമാണ്. ഇവയെല്ലാത്തിന്‍റെയും നൈസര്‍ഗ്ഗീകതയാണ് എടുത്തിപറയേണ്ടത്. കഥാപാത്രങ്ങള്‍ക്ക് മാസങ്ങള്‍ നീണ്ടുനിന്ന റിഹേഴ്സല്‍ നല്‍കിയതു അഭിനയത്തില്‍ ഒരു സ്വാഭാവികത വരുത്താന്‍ അവരെ സഹായിച്ചു.
പ്രണയം, സൗഹൃദം, യാത്ര തുടങ്ങിയവയെല്ലാം ഉണ്ടെങ്കിലും സിനിമയില്‍ ഏറ്റവും മനോഹരമായതെന്തെന്നു ചോദിച്ചാല്‍ അവര്‍ കടന്നുവരുന്ന രാജ്യാതിര്‍ത്തികളാണ്. വരകളോ, സൈന്‍ബോര്‍ഡുകളോ കൊണ്ട് നിര്‍ണ്ണയിക്കപ്പെട്ട രാജ്യാതിര്‍ത്തികള്‍. രണ്ടാം ലോകമഹായുദ്ധംവരെ പരസ്പരം ബദ്ധശത്രുക്കളായിരുന്നവര്‍ യുദ്ധത്തിന്‍റെ കെടുതികള്‍ ഏറ്റുവാങ്ങി; ഇനിയൊരു യുദ്ധത്തിനു തങ്ങളില്ല എന്നുറപ്പിക്കുന്ന രാഷ്ട്രീയ സൗന്ദര്യത്തിന്‍റെ കാഴ്ച. രാജ്യാതിര്‍ത്തികളില്‍ സുരക്ഷയ്ക്കായി വരുമാനത്തിന്‍റെ മൂന്നില്‍ രണ്ട് തുക ചിലവിടേണ്ടിവരുന്ന മുന്നാം ലോക രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അവിശ്വസനീയവും ഒപ്പം രോമഞ്ചവുമുണ്ടാക്കുന്ന ഒരു കാഴ്ചയാണത്. ഗുഡ് ബൈ ജര്‍മ്മനി, ഗുഡ് ബൈ ഫ്രാന്‍സ് എന്നിങ്ങനെ പറഞ്ഞുകൊണ്ട് യാതൊരു പരിശോധനയുമില്ലാതെ രാജ്യാതിര്‍ത്തികള്‍ പിന്നിടുന്ന സംസ്ക്കാരം ഏവരേയും കൊതിപ്പിക്കുന്ന ഒന്നാണ്. സിനിമ റിലീസ് ചെയ്ത 2018ല്‍ നിന്നും വിഭിന്നമായി യുദ്ധങ്ങള്‍ ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. നമ്മള്‍ ഇത് വായിക്കുന്ന 2026 ഏപ്രില്‍ മാസത്തിലും പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഇസ്രയേലും ഇറാനും പരസ്പരമുള്ള കൂട്ടക്കുരിതിയിലാണ്. ആഫ്രിക്കയിലും, ഉക്രെയിനലും അരങ്ങേറുന്ന മനുഷ്യക്കുരുതികള്‍, കലാപങ്ങള്‍. ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഒരു പ്രധാന വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. ഈ മുറിവുകളുണങ്ങാന്‍ ഇനി എത്ര കാലങ്ങള്‍ വേണ്ടിവരും. യുദ്ധം ബാക്കിയാക്കുന്ന വിദ്വേഷത്തിന്‍റെ കനലുകള്‍ അണയാന്‍ മാനവികയുടേയും, സാഹോദര്യത്തിന്‍റേയും പെരുമഴ തന്നെ പെയ്യേണ്ടിവരും. അതിനായി മേഘപാളികള്‍ തണുക്കണം. അതാണ് ശാസ്ത്രം. വൈര്യത്തിന്‍റെ മേഘപാളികള്‍ തണുത്തുറയാന്‍ സ്നേഹത്തിന്‍റെ കൊടുംങ്കാറ്റ് വീശേണ്ടതുണ്ട്. അത്തരം ഒന്ന് വേഗം സംഭവിക്കട്ടെ.
ഏറ്റവും ഒടുവിലായി സിനിമയില്‍ കാണിച്ചിരിക്കുന്നതുപോലെ കേവലം വരകളില്‍ തിരിക്കുന്ന രാജ്യതിര്‍ത്തികള്‍ പുലരട്ടെ എന്ന് നമുക്കാശിക്കാം. യുദ്ധാനന്തര കെടുതികള്‍ നെയ്തെടുത്ത മാനവികതയുടേയും, സാഹോദര്യത്തിന്‍റേയും നേര്‍ചിത്രമായി ഈ സിനിമ മുന്നിലുണ്ട്. നമുക്കിതിനെ കേവലം സിനിമയെന്ന് വിളിച്ച് മാറ്റി നിര്‍ത്താനാകും; എന്നാല്‍ ഓര്‍ക്കുക ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ ജൂതവിദ്വേഷത്തിന്‍റെ തീക്കളിക്ക് മൂര്‍ച്ചകൂട്ടിയതില്‍ സിനിമ എന്ന ടൂളിന് കൃത്യമായ സ്ഥാനമുണ്ട്. അതുകൊണ്ട് വിദ്വേഷത്തിനേയും വിഭജനത്തിനേയും പ്രതിരോധിക്കുന്ന സിനിമകള്‍ക്ക് അതിന്‍റേതായ സ്ഥാനമുണ്ട്. കലകള്‍ക്ക് ആത്മാവിഷ്ക്കാരത്തിനപ്പുറം എന്തെങ്കിലും ഒരു ധര്‍മ്മമുണ്ടായിരുന്നെങ്കില്‍ അതു മനുഷ്യനെ ഒന്നിപ്പിക്കുക എന്നത് മാത്രമായിരുന്നു. അതിനു വിപരീതമായി കലകളെ ഉപയോഗിക്കുന്നുവെങ്കില്‍ അതിനു കൃത്യമായ കുബുദ്ധി പിന്നിലുണ്ട്. ഇതൊരു ചരിത്രസത്യമാണ്. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നാണല്ലോ വേദപുസ്തകം നമ്മളോട് പറയുന്നത്. സത്യം മനസ്സിലാക്കി വിശ്വമാനവികതയിലേയ്ക്ക് നമുക്ക് സ്വതന്ത്രമായി പറന്നുയരാം.
ഈ സിനിമയിലെ നായികാനായകന്മാര്‍ ഏല്ലാ വിഷയങ്ങളിലും ആശയ സമന്വയം ഉള്ളവരല്ല. പക്ഷേ തമ്മിലുള്ള ആശയസംവാദങ്ങളിലുടെ അവര്‍ സത്യത്തിലേയ്ക്ക് അടുക്കാന്‍ ശ്രമിക്കുകയാണ്. ലോകത്തെ മുന്നോട്ടുനയിക്കുന്ന എല്ലാ നേതൃനിരസംവിധാനങ്ങള്‍ക്കും അനുകരിക്കാവുന്ന ഏറ്റവും ലളിതമായ, എന്നാല്‍ ഏറ്റവും ശക്തമായ വഴി. സൗഹൃദത്തിന്‍റെ ഈ ഭാഷയാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. സൗഹൃദം അവസാനിക്കുന്നു എന്ന തോന്നല്‍ ഒരു നോവാണ്. അതുകൊണ്ട് കൂടിയാണ് ഈ സിനിമ അവസാനിക്കുമ്പോള്‍ ഒരു വേദന നമുക്ക് അനുഭവപ്പെടുന്നത്. ആദ്യം പറഞ്ഞപോല ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം ഏറ്റവും ശാന്തമായി ചെയ്ത് അവസാനിക്കുമ്പോള്‍ നമ്മള്‍ക്കുണ്ടാകുന്ന സങ്കടമാണ് ഈ സിനിമ തീരുമ്പോളും നമുക്കുണ്ടാവുക. വിശ്വ സാഹോദര്യത്തിന്‍റെ, വിശ്വമാനവികതയുടെ പ്രതീകമായി ഈ സിനിമ എന്നും ജ്വലിച്ചുനില്‍ക്കും.
യുദ്ധംവരച്ചിട്ട രാജ്യാതിര്‍ത്തികള്‍
വിനീത് ജോണ്‍
അസ്സീസി മാസിക ഏപ്രിൽ 2026

















































































































