top of page
കേരളം ഛര്‍ദ്ദിലില്‍ മുങ്ങുന്നു.
പ്രസംഗ ഛര്‍ദ്ദി
വെളിപ്പെടുത്തല്‍ ഛര്‍ദ്ദി
ഒളിക്യാമറാ ഛര്‍ദ്ദി
ആരോപണ ഛര്‍ദ്ദി
നുണ ഛര്‍ദ്ദി
റിപ്പോര്‍ട്ടു ഛര്‍ദ്ദി
പ്രതികരണ ഛര്‍ദ്ദി
ഛര്‍ദ്ദില്‍ കോരി മണത്ത്
ശവക്കുഴി തുറക്കാനൊരു കൂട്ടര്‍.
കൊന്നതാര്, കൊല്ലിപ്പിച്ചതാര്
എന്നറിയാതെ രക്തസാക്ഷികള്‍.
ചോരമണക്കാതെ പ്രതിവേഷം കെട്ടി
പാവം കൂലി അനുയായികള്‍.
ഛര്‍ദ്ദില്‍ കോരിയരിച്ച് തരിതിരഞ്ഞ്
വകുപ്പുകള്‍ തിരയുന്നൊരു കൂട്ടര്‍.
ഛര്‍ദ്ദിച്ചതു വെറും തികവെള്ളം മാത്രം
അതങ്ങേരുടെ സ്റ്റൈലെന്നു മറ്റൊരു കൂട്ടര്‍.
ഛര്‍ദ്ദിക്കഷണങ്ങള്‍ കുഴിച്ചുമൂടാന്‍
പഴുതുതേടി നീതിപീഠത്തിലേക്ക് ഛര്‍ദ്ദിക്കാരന്‍.
ഛര്‍ദ്ദിയൊപ്പാന്‍ നോട്ടുചാക്കുതുന്നാന്‍
മറ്റൊരു മണ്ഡലം നൂലുകോര്‍ക്കുന്നു.
ചാനലുതുറന്നാല്‍,
പത്രം നിവര്‍ത്തിയാല്‍,
ഛര്‍ദ്ദിക്കഷണങ്ങള്‍ തെറിക്കുന്നു.
പിച്ചവയ്ക്കുന്ന കുഞ്ഞുങ്ങള്‍പോലും
ഛര്‍ദ്ദിലില്‍ വഴുതുന്നു വണ്‍, ടൂ, ത്രീ...
ഒളിക്യാമറ ഛര്‍ദ്ദിച്ചപ്പം മറുപടിയായി
പുഴുനുരയുന്ന മുഴുത്ത ഛര്‍ദ്ദി.
തോളുകള്‍ക്കിടയിലേക്ക് തലവലിച്ചുതാഴ്ത്തി
ചേഷ്ടക്കാട്ടി ഒരുവന്‍ ഛര്‍ദ്ദിക്കുന്നു.
അതിന്‍റെ അവസാനത്തുള്ളിയും ഒപ്പി
ലൈവായി തെറിപ്പിക്കാന്‍ വയറ്റിപ്പിഴപ്പുകാര്‍,
ഛര്‍ദ്ദിലുകോരികള്‍,
ഇടതുവലതുമസാല ചേര്‍ത്ത്
മിനിട്ടിടവിട്ട് ബ്രേക്കിംഗ് ന്യൂസാക്കുന്നു.
ഈ വയറ്റിപ്പിഴപ്പുകാരെ ഇനിയുമെന്തു പേരിട്ടു
വിളിക്കുമെന്നു മറ്റൊരു സഖാവ് ചോദിക്കുന്നു.
ഛര്‍ദ്ദിലിന്‍റെ നാറ്റം സഹിച്ച്
പുളിച്ചുതികട്ടിയിട്ടും ഓക്കാനം വന്നിട്ടും
കേരളജനത വയറുതടവിയമര്‍ത്തുന്നു.
ചൂണ്ടുവിരലില്‍ മഷിപുരട്ടുമ്പോള്‍ പോലും
തികട്ടിവരുന്നതു വിഴുങ്ങി വയറുപെരുപ്പിക്കുന്നു.
ഛര്‍ദ്ദിലുതിന്ന് വീര്‍ത്ത അവരുടെ വയറിന്മേല്‍
ഛര്‍ദ്ദിലുകാരും ഛര്‍ദ്ദിലുകോരികളും
ചവിട്ടിക്കയറുന്നു.