

ഇന്നത്തെ ലോകത്ത് സാങ്കേതികവിദ്യ മനുഷ്യന്‍റെ ദിനചര്യയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. ആശയവിനിമയം, പഠനം, തൊഴില്‍, വിനോദം എന്നിവയെല്ലാം തന്നെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ നടക്കുന്നു. 1998 ല്‍ ഗൂഗിളിന്‍റെ ഉദയം, ലോകത്ത് അറിവിന്‍റെ വിപ്ലവത്തിനു തുടക്കം കുറിച്ചു. ഏതൊരു ചോദ്യത്തിനും ഞൊടിയിടയില്‍ ഉത്തരം നല്‍കുന്ന Search Engine മനുഷ്യരുടെ വിവരശേഖരണ രീതിയെ മാറ്റിമറിച്ചു.
പരിണാമം
ഒരിക്കല്‍ കാലം അങ്ങനെ ആയിരുന്നു. ഒന്നു ഫോണ്‍ വിളിക്കാന്‍ ടെലഫോണ്‍ ബൂത്തിനു മുന്നിലെ ക്യൂവില്‍ കാത്തു നിന്ന കാലം. ടെലിവിഷനിലെ ഏക ചാനല്‍ - ദൂരദര്‍ശന്‍, കാണാന്‍ കാത്തിരുന്ന രാത്രികള്‍, ലൈബ്രറിയിലെ പൊടിപിടിച്ച പുസ്തകങ്ങളുടെ ഗന്ധം. 1980 നു മുമ്പ് ജനിച്ച GEN X, ഡിജിറ്റല്‍ ലോകത്തേക്ക് പിന്നീട് കടന്നുവന്ന കുടിയേറ്റക്കാരാണ്. കംപ്യൂട്ടറും ഇന്‍റര്‍നെറ്റും അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത് പിന്നീട് മാത്രമാണ്. അതിനുശേഷം വന്ന 1980-96 കാലഘട്ടത്തില്‍ ജനിച്ച Gen Y അഥവാ മില്ലേനിയലുകള്‍, ഇവര്‍ ആദ്യ മള്‍ട്ടി സ്ക്രീന്‍ ഉപഭോക്താക്കളാണ്. ടെലിവിഷന്‍, കംപ്യൂട്ടര്‍, പേജര്‍, മൊബൈല്‍ ഫോണ്‍, പിന്നീട് സ്മാര്‍ട്ട് ഫോണുകള്‍ എല്ലാം ഒരുമിച്ചു കൈകാര്യം ചെയ്ത തലമുറ.
ഇന്‍റര്‍നെറ്റ് ലോകം തുറന്നു വെച്ച ആശയ വിനിമയ സാധ്യതകള്‍ നവ മാധ്യമങ്ങള്‍ക്കു തുടക്കം കുറിച്ചു. 2000 ത്തിന്‍റെ ആദ്യകാലത്തു Yahoo, Chat, Messenger, Skype എന്നിവ ജനപ്രിയമായി. എന്നാല്‍, 2004 ല്‍ ഗൂഗിള്‍ അവതരിപ്പിച്ച Orkut ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയുടെ തരംഗം സൃഷ്ടിച്ചു.
സുഹൃത്തുക്കളുമായി ആശയവിനിയമം നടത്താനും ചിത്രങ്ങള്‍ പങ്കുവെക്കാനും ഒരു പുതിയ ലോകം രൂപപ്പെട്ടു. പിന്നീട് ഫേസ്ബുക്കിന്‍റെ അധിനിവേശമാണ് നാം കണ്ടത്. കൂടുതല്‍ സൗകര്യങ്ങളും, സ്വകാര്യതയും, ആകര്‍ഷകമായ ഇന്‍റര്‍ഫേസും ഫേസ്ബുക്കിനെ ലോകമെമ്പാടുമുള്ള മനുഷ്യരുടെ വലിയ ശൃംഖലയാക്കി മാറ്റി. രാഷ്ട്രീയമുള്‍പ്പെടെ മനുഷ്യന്‍റെ സകല മേഖലകളിലും സജീവ സാന്നിധ്യമുറപ്പിക്ക ാനും അതോടൊപ്പം വലിയ മാറ്റങ്ങള്‍ക്കും കാരണമായി. 2005 ല്‍ You Tube വന്നതോടുകൂടി വീഡിയോ പങ്കിടല്‍ ഒരു ആഗോള പ്രവണതയായി. ആര്‍ക്കും കണ്‍ടെന്‍ട് ക്രിയേറ്റര്‍ ആകാമെന്ന ആശയം യുവാക്കളെ ബ്ലോഗിങ്ങിലേക്കു എത്തിച്ചു.
ഉല്‍ഭവം
ആദ്യകാലത്തു കുറച്ചു MB (Mega Byte) ഡേറ്റ മതിയായിരുന്നു ഒരാഴ്ചയ്ക്ക്. കുറച്ചു വെബ് പേജുകള്‍, ഒരേ അവസ്ഥയിലുള്ള ഇമെയില്‍, അല്പം ചാറ്റ് എന്നിവയെ മാറ്റി മറിച്ചുകൊണ്ടാണ് നവ മാധ്യമങ്ങള്‍ ലോകത്തു നില ഉറപ്പിച്ചത്. 1997-2012 കാലഘട്ടത്തില്‍ ഹൈസ്പീഡ് ഇന്‍റര്‍നെറ്റിന്‍റെയും GB ഡാറ്റയുടെയും കാലത്തു ജനിച്ചു വളര്‍ന്ന പുതു തലമുറ Gen Z അഥവാ ഡിജിറ്റല്‍ നേറ്റീവ്സ (Digital Natives), ജനനം മുതല്‍ സ്മാര്‍ട്ട് ഫോണുകള്‍, ഇന്‍റര്‍നെറ്റ്, സോഷ്യല്‍ മീഡിയ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളുമായി വളര്‍ന്നവരാണ്. ഇവരുടെ ചിന്തകള്‍, സാമൂഹ്യ ഇടപെടല്‍, പഠന രീതികള്‍ എന്നിവയെല്ലാം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുഖാമുഖ ആശയ വിനിമയത്തിനപ്പുറം നവ മാധ്യമങ്ങളിലൂടെ ബന്ധങ്ങള്‍ വളര്‍ത്താന്‍ താല്പര്യം കാണിക്കുന്നു.
Gen Z യുടെ ചില പ്രത്യേകതകള്‍ നമുക്ക് മനസ്സിലാക്കാം :
a) Tech-Savvy Generation
ടെക്നോളജിയില്‍ അതീവ പാടവമുള്ള തലമുറ. നൂതന സാങ്കേതക വിദ്യ അനായാസം കൈകാര്യം ചെയ്യുകയും, അതേസമയം അമിതമായ ആശ്രയത്വമുള്ള ഒരു തലമുറ.
b) Socially Conscious
സാമൂഹിക ബോധം നവ മാധ്യമങ്ങളിലൂടെ രൂപപ്പെടുത്തുന്ന ഈ തലമുറ സമത്വം, മാനസികാരോഗ്യം, കാലാവസ്ഥ വ്യതിയാനം, വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നു.
c) Short Attention Span
സ്ഥിരമായി ഓണ്‍ലൈന്‍ ഇടപെടലുകള്‍ കാരണം, ഒരു കാര്യത്തിലും ദൈര്‍ഘ്യമേറിയ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുന്നു.
d) Mental Health Challenges
ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും അതോടൊപ്പം സോഷ്യല്‍ മീഡിയയിലൂടെയുള്ള താരതമ്യം, ഭാവിയെക്കുറിച്ചുള്ള ആശങ്ക, ടോക്സിക് റിലേഷന്‍ഷിപ്സ് എന്നിവ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.
e) Instant Gratification Culture
ദീര്‍ഘമായ ലക്ഷ്യങ്ങള്‍ക്ക് ആവശ്യമായ ക്ഷമ കുറവാണ് ഈ തലമുറയ്ക്ക്. ക്ഷണികമായ സംതൃപ്തി മനോഭാവം ഇവരില്‍ രൂപപ്പെട്ടു.
സംഗ്രഹം
മുന്‍തലമുറകളെ അപേക്ഷിച്ചു വ്യത്യസ്തമായ താല്പര്യങ്ങളും കാഴ്ചപ്പാടുകളുമാണ് നാം ഇവരില്‍ കാണുക. 'ഇന്‍സ്റ്റാഗ്രാം' ആണ് ഇവരുടെ ഇഷ്ട നവമാധ്യമലോകം. പുതുമകള്‍ സ്വീകരിക്കാനും അതോടൊപ്പം ഒരു ബ്രാന്‍ഡഡ് കള്‍ച്ചര്‍ ഇവരില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ആഗോളതലത്തില്‍ ഇവരുടെ ചിന്തകള്‍ രൂപപ്പെടുന്നതിനാല്‍ വ്യത്യസ്തമായ സംസ്കാരങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ ഇവരെ സ്വാധീനിക്കുന്നു. നാം ഇവരോടൊപ്പം ചര്‍ച്ച ചെയ്യുമ്പോള്‍ ആശയ തലത്തില്‍ പൊരുത്തക്കേടുകള്‍ കാണപ്പെടുന്നത് സ്വാഭാവികമാണ്. ഞാനോ നിങ്ങളോ നമ്മുടെ യൗവ്വന കാലത്തു മനസ്സിലാക്കിയതിന്‍റെ എത്രയോ മടങ്ങാണ് അവര്‍ അറിഞ്ഞിരിക്കുന്നത്. വിവരങ്ങള്‍ അറിവുകളായി പരിണമിക്കണമെന്നില്ല. അതുകൊണ്ടുതന്നെ 'Aquarium Babies' എന്ന് കണക്കാക്കേണ്ടിയിരിക്കുന്നു. ഒരു പ്രത്യേക ഇക്കോ സിസ്റ്റത്തില്‍ മാത്രമാണ് ഇവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയുക.
Resilience, ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുക എന്നത് ഈ തലമുറയെ സംബന്ധിച്ചിടത്തോളം ആര്‍ജിച്ചെടുക്കേണ്ട നൈപുണ്യമാണ്. 15നും 29നും ഇടയിലുള്ള പ്രായക്കാര്‍ക്കിടയിലുള്ള നാലാമത്തെ മരണ കാരണമായി ആത്മഹത്യ മാറിയിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു. പുതിയ കാലത്തിന്‍റെ വെല്ലുവിളികള്‍ തിരിച്ചറിയണമെങ്കില്‍ പുതുതലമുറയെ ആഴത്തില്‍ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇത്തരം ചിന്തകള്‍ ഒരു തുടക്കമാകട്ടെയെന്നു ആഗ്രഹിക്കുന്നു.
പുതുലോകത്തിന്‍റെ പുതുമുഖം GEN Z തലമുറ
ഡോ. ഫിലിപ്പ ് എബ്രാഹം ചക്കാത്ര +918589020802
അസ്സീസി മാസിക സെപ്റ്റംബർ 2025





















