

പൗരോഹിത്യത്തെക്കുറിച്ചുള്ള പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായുടെ ദർശനം വൈദീകർക്ക് പുതിയ ഉൾകാഴ്ചകൾ നല്കുന്നതാണ്. റോമാ രൂപതയിലെ വൈദീകരെ അഭിസംബോധന ചെയ്തപ്പോഴാണ് ലെയോ പാപ്പാ പൗരോഹിത്യത്തെക്കുറിച്ചുള്ള തന്റെ ദർശനം ലോകത്തോട് പങ്കുവച്ചത്.
മൂന്ന് പ്രധാന പൗരോഹിത്യ മൂല്യങ്ങളാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്: കൂട്ടായ്മ, മാതൃക, പ്രവാചക പ്രതിബദ്ധത (Communion, exemplarity, prophetic perspective). അദ്ദേഹത്തിന്റെ ഈ സന്ദേശം സ മകാലിക ലോകത്തിലെ സഭയെക്കുറിച്ചുള്ള ദൈവീക ദർശനമായി വിലയിരുത്തപ്പെടുന്നു.
1. പൗരോഹിത്യ ഐക്യവും കൂട്ടായ്മയും
ലെയോ പാപ്പ സഭയിലെ പൗരോഹിത്യ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പ്രാധാന്യം എടുത്തുകാട്ടുന്നു. റോമാ രൂപതയിലെ വൈദികരെ അഭിസംബോധന ചെയ്‌തു കൊണ്ട്, ഐക്യവും കൂട്ടായ്മയും (union and communion) തൻ്റെ ഹൃദയത്തോട് വളരെ അടുത്തു നിൽക്കുന്ന ഒരു ദർശനമാണെന്ന് അദ്ദേഹം ഊന്നിപറഞ്ഞു. “തൻ്റെ ജനം ഒന്നായിരിക്കട്ടെ” (cf. Jn 17:20-23) എന്നായിരുന്നു യേശുവിൻ്റെ പൗരോഹിത്യ പ്രാർത്ഥന. സഭ ലോകത്തിനു ഫലപ്രദവും വിശ്വസനീയവുമായ സാക്ഷ്യം നൽകുന്നതിനും, എല്ലായ്പ്പോഴും ക്രിസ്തുവിനോടൊപ്പം ചേർന്ന് നിൽക്കുന്നതിനും, അതുപോലെതന്നെ സഭയിലെ പുരോഹിതർ തമ്മിൽ ഐക്യപ്പെടുന്നതിനും വേണ്ടിയുള്ള ആഹ്വാനമാണ് ഈ പ്രാത്ഥന എന്ന് അദ്ദേഹം അടിവരയിടുന്നു. റോമാ രൂപതയുടെ സാർവത്രിക സ്വഭാവം തന്നെയാണ് ഇതിനു ഏറ്റവും ഉജ്ജ്വലമായ മാതൃക. കാരണം, വിവിധ നാടുകളിൽ നിന്നും വരുന്ന വൈദീകരുടെ പരസ്പര സ്വീകാര്യതയും സാർവത്രികതയും അടയാളപ്പെടുത്തുന്ന അജപാലന പരിചരണമാണ് റോമാ രൂപതയ്ക്ക് ഉള്ളത്. ഈ ഐക്യവും സഹവാസവും സാർവത്രിക സഭയിൽ മുഴുവൻ ആവശ്യമാണെന്നും പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തുന്നു.
സഭയിലെ ഈ ഐക്യത്തിനും പൗരോഹിത്യത്തിന്റെ കൂട്ടായ്മയ്ക്കും മുന്നിലുള്ള പ്രതികൂലമായ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം ശ്രദ്ധാലുവാണ്. സഭാജീവിതത്തിൽ ഉണ്ടാകാവുന്ന തെറ്റിദ്ധാരണകളും വ്യക്തിബന്ധങ്ങളിലെ ബുദ്ധിമുട്ടുകളും ചില സന്ദർഭങ്ങളിലുള്ള ആത്മീയവും ആന്തരികവുമായ വിരസതകളും തടസ്സങ്ങളും ഈ കൂട്ടായ്മയ്ക്കുള്ള വെല്ലുവിളികളാണെന്ന് പാപ്പ അംഗീകരിക്കുന്നു. ഇത്തരത്തിലുള്ള തടസ്സങ്ങൾ നേരിടാൻ ദൈവത്തിൽ അടിയുറച്ച ആത്മീയജീവിതവും, പൗരോഹിത്യ സാഹോദര്യത്തിന്റെ തീക്ഷ്ണതയും, വചനത്തിലൂടെ കർത്താവുമായുള്ള അനുദിന കൂടിക്കാഴ്ചയും ആവശ്യമാണെന്ന് അദ്ദേഹം എടുത്തുകാട്ടുന്നു. ഈ ആത്മീയപോഷണം സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഒരു സഭയെ വളർത്തുന്നു.
ലെയോ പാപ്പയെ സംബന്ധിച്ചിടത്തോളം കൂട്ടായ്മ എന്നത് വെറുമൊരു അന്തരിക അവസ്ഥ മാത്രമല്ല, മറിച്ച് രൂപതയിലെ ഓരോ പുരോഹിതന്റെയും പ്രതിബദ്ധതയായി അത് മാറണം. വ്യത്യസ്ഥമായ സിദ്ധികൾ (Charisms) ഉള്ളവരും, വ്യതിരിക്തമായ സേവന മേഖലകളിൽ ശുശ്രൂഷ (Services)ചെയ്യുന്നവരും വ്യത്യസ്ഥമായ പരിശീലനങ്ങളിലൂടെ (formation) കടന്നുവന്നവരുമാണ് എല്ലാവരും എങ്കിലും ഈ ഐക്യം നിലനിർത്താനുള്ള ശ്രമം ഏകീകൃതമായിരിക്കണം.
പ്രാദേശികമെങ്കിലും, ക്രിസ്തു നയിക്കുന്നതാകയാൽ സാർവത്രിക മാനമുള്ള, അജപാലന ശുശ്രൂഷയിൽ സവിശേഷമായി ശ്രദ്ധിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ കൂട്ടായുള്ള യാത്ര സുവിശേഷത്തോടുള്ള വിശ്വസ്തതയുടെ ഉറപ്പാണ്. ഓരോരുത്തരു ം തങ്ങളുടെ സിദ്ധിയിലൂടെ (Charism) പരസ്പര ഐക്യത്തിലും സഹകരണത്തിലും ക്രിസ്തുവിൽ ഏക ശരീരമായ സഭയെ സമ്പുഷ്ടീകരിക്കാനായി ഒരുമിച്ച് പ്രവർത്തിക്കണം എന്ന ദർശനമാണ് പാപ്പ ലോകത്തിനു മുമ്പിൽ വരച്ചുകാട്ടുന്നത്.
തിരുപ്പട്ട ദിവസം സ്വീകരിക്കുന്ന ദൈവീക സന്തോഷത്തിന്റെ ആഴവും വീതിയും ദൈർഘ്യവും അവർ കണ്ടുമുട്ടുന്ന വ്യക്തികൾക്ക് നൽകിയാൽ മാത്രമേ പൗരോഹിത്യ ജീവിതത്തിന്റെ അർത്ഥം യാഥാർത്ഥ്യമാകുകയുള്ളൂ. ഓരോ പുരോഹിതനും ഈ അർത്ഥം യാഥാർത്ഥ്യമാക്കുന്നതിനായി തന്റെ അസ്തിത്വം നിത്യ പുരോഹിതനായ ക്രിസ്തുവിൽ ഉറപ്പിക്കേണ്ടതാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത് പോലെ എല്ലാവരും ദൈവജനമാണെന്നുള്ള അവബോധം സുക്ഷിക്കേണ്ടതുണ്ട്. ബന്ധങ്ങൾ ദുർബലമാകുമ്പോൾ അത് മുൻകൂട്ടി കണ്ടുകൊ ണ്ട് ദൈവത്തെ കുറിച്ചുള്ള അവബോധം കൂടുതലായി ദൈവജനത്തിന് നൽകേണ്ടവരാണ് പുരോഹിതർ. അവരെ ഒരുമിച്ചു കൂട്ടി ചലനാത്മകമായ ഒരു ഐക്യത്തിലേക്ക് (Dynamic Unity) രൂപപ്പെടുത്തേണ്ടവരുമാണ് അവർ.
പരിശുദ്ധ കന്യകാമറിയത്തിന്റെയും എലിസബത്തിന്റെയും കൂടിക്കാഴ്ചയിൽ നിന്ന് സ്തോത്രഗീതം ഉയർന്നതു സൂചിപ്പിച്ചു കൊണ്ട്, യഥാർത്ഥ കണ്ടുമുട്ടലുകളിൽ നിന്ന് ദിവ്യ സന്ദേശവും ഐക്യവും എങ്ങനെ ഉയർന്നുവരുന്നുവെന്ന് അദ്ദേഹം ചിത്രീകരിച്ചു. മരണത്തെ മുഖാമുഖം യേശു കാണുമ്പോഴും അദ്ദേഹം തന്റെ ബന്ധങ്ങളെ ഉപേക്ഷിക്കുകയല്ല, മറിച്ച് പരിശുദ്ധാത്മാവിനെ അയച്ച് അവരെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. പിന്നീട് ആ ശിഷ്യന്മാർ മരണത്തെക്കാൾ ശക്തരായി. ഇവിടെ ക്രിസ്തു താൻ കെട്ടിപ്പടുത്തിയ ബന്ധങ്ങളെ പിതാവിന്റെ കരങ്ങളിൽ ഏൽപ്പിക്കുകയാണ്. അവരാണ് പിന്നീട് സുവിശേഷം പ കരുന്നതും ലോകത്തിന് നശിപ്പിക്കാൻ കഴിയാത്ത വിധം ക്രിസ്തുവിന്റെ ബന്ധങ്ങൾ കെട്ടിപ്പടുത്തുന്നതും. ഓരോ പുരോഹിതനും ഈ ശിഷ്യത്വത്തിന്റെ ഭാഗമാണ്.
യേശുവിനെ അനുകരിക്കുവാനുള്ള പുരോഹിതനോടുള്ള ആഹ്വാനം തന്റെ വിളിയുടെ കേന്ദ്രബിന്ദുവാണ്. ദൈവത്തിന്റേതെന്നും (Being of God ) ദൈവജനം (People of God )എന്നും ദൈവത്തിന്റെ ദാസന്മാർ ( Servant of God ) എന്നുമുള്ള തിരിച്ചറിവ് നിലനിൽക്കുമ്പോഴും, ഓരോ പുരോഹിതനും ആദർശപരമായ ഒരു ലോകത്തോടല്ല സംവദിക്കേണ്ടിവരുന്നത്, മറിച്ച് പച്ചയായ യാഥാർത്ഥ്യങ്ങളുമായാണ് ഓരോ നിമിഷവും ഇടപെടുന്നത്. അതുകൊണ്ടു തന്നെ ഓരോ പുരോഹിതനും യഥാർത്ഥ വ്യക്തികളെ കണ്ടുമുട്ടുകയും, അവരെ പരസ്പരം അകറ്റാതെയും അപരനെ ഒറ്റപ്പെടുത്താതെയും, 'തങ്ങൾക്ക് ലഭിച്ച പൗരോഹിത്യം' എന്ന സമ്മാനത്തെ ഒരു പദവിയാക്കി മാറ്റാതെയും, സ്വയം അപരന് സമർപ്പിക്കുകയും അതുവഴി അവരുടെ ഭാഗമായി തീരുകയും ചെയ്യണം. പുരോഹിതന്റെ സ്വാർത്ഥതയുള്ള മനോഭാവങ്ങൾ പലപ്പോഴും മിഷനറി ആത്മാവിന്റെ അഗ്നിയെ കെടുത്തിക്കളയുന്നു; അതൊരിക്കലും ഉണ്ടാകരുത്. വൈദികർത്ഥിയുടെ ശിരസ്സിൽ വയ്ക്കുന്ന മെത്രാന്റെ കരങ്ങളിലൂടെ ക്രിസ്തുവിന്റെ വിമോചനശുശ്രൂഷയുടെ ശക്തി പുതുക്കപ്പെടുകയും, അവവഴി ഓരോ പുരോഹിതനും വ്യക്തിസ്വാതന്ത്ര്യത്തോടുകൂടി യേശുവിന്റെ ദൗത്യത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
2. മാതൃക: ജീവിതത്തിന്റെ സുതാര്യതയും സാക്ഷ്യവും
രണ്ടാമതായി പാപ്പ ഓർമ്മിപ്പിക്കുന്നത് ജീവിതത്തിൻറെ സുതാര്യതയെ കുറിച്ചാണ്. പുരോഹിതർ പൊതുമണ്ഡലത്തിൽ മാതൃകകളായി ഗണിക്കപ്പെടുന്നതിനാൽ സുതാര്യമായ ജീവിതം വളരെ അവശ്യമായ സംഗതിയാണ്. എഫേസൊസിലെ മൂപ്പന്മാരോട് വി. പൗലോസ് പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ; "ഞാൻ നിങ്ങളുടെ ഇടയിൽ എങ്ങനെ ജീവിച്ചു എന്ന് നിങ്ങൾക്കറിയാം" (Acts 20:18), എല്ലാ പുരോഹിതരോടും മാതൃകാപരമായ ജീവിതം നയിക്കുവാൻ അദ്ദേഹം അഭ്യർത്ഥിച്ചു. മാനുഷീക പരിമിതികളെ അംഗീകരിക്കുമ്പോൾ തന്നെ, തങ്ങൾക്കു ലഭിച്ച അസാധാരണമായ കൃപയുടെ വിശ്വസ്ത ശുശ്രൂഷകര ായി തങ്ങളെ ഭരമേൽപ്പിച്ച ജനത്തിൻ്റെ സേവകരായി ജീവിക്കുവാൻ അദ്ദേഹം ഓർമിപ്പിച്ചു.
ലോകത്തിന്റെ വഴികളും നാഗരികതയുടെ മോഹങ്ങളും നല്കുന്ന പ്രലോഭനങ്ങൾ എല്ലാവർക്കുമുണ്ട്. ഇതിനെ പിൻതുടരുന്ന മനോഭാവം ഒരു പുരോഹിതനായിരിക്കുന്നതിന്റെ ആഴമേറിയ മൂല്യങ്ങൾ നഷ്ടപ്പെടുത്തുകയും, വളരെ തരംതാഴ്ന്ന ഒരു നിലയിലേക്ക് അവനെ എത്തിക്കുകയും ചെയ്യും. ഓരോ പുരോഹിതനും തന്റെ ഗുരു വിളിച്ച ആദ്യ മണിക്കൂറുകളിലെ സ്നേഹം അനുഭവിക്കുവാനും ജീവിക്കുവാനും, അതുവഴി അന്ന് തങ്ങൾ സമർപ്പിച്ച ആ ധീരമായ തിരഞ്ഞെടുപ്പിന്റെ ത്യാഗങ്ങൾ ഓർത്തുകൊണ്ട് മുന്നോട്ടുപോകുവാനും ആവശ്യപ്പെടുന്നു. അതുകൊണ്ടു തന്നെ, ഓരോ പുരോഹിതനും എളിമയുടെ മാതൃകയായിരുന്നുകൊണ്ട് താൻ കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും സുവിശേഷത്തിന്റെ നവീകരണ ശക്തി പ്രകടമാക്കുക എന്ന ലക്ഷ്യത്തിൽ മുന്നേറണം.
ദൈവജനത്തിന്റെ ഇടയിലാണ് താൻ ജീവിക്കുന്നത് എന്ന ഓർമ്മ ഒരു പുരോഹിതന് എപ്പോഴും ഉണ്ടാകേണം. അങ്ങനെ തൻ്റെ ജീവിതം എപ്പോഴും വിശ്വസനീയമായ സാക്ഷ്യമാക്കി തീർക്കുവാൻ സാധിക്കും. സ്വയം മുറിവുകൾ പേറുമ്പോഴും, മുറിവേറ്റ ഒരു മനുഷ്യവർഗ്ഗത്തിലേക്ക് അയക്കപ്പെട്ട, മുറിവേറ്റ സഭയുടെ പുനർനിർമ്മാണത്തിനായി നിയോഗിക്കപ്പെടുന്ന വിശ്വസ്തനായ ഒരു ദാസനാണ് പുരോഹിതൻ. ആരും പരിപൂർണരല്ലാത്തതുകൊണ്ട് തന്നെ, താനും ഈ പൂർണ്ണതയിലേക്കുള്ള വളർച്ചയിലാണെന്ന് മനസ്സിലാക്കിക്കൊണ്ട്, ഉത്ഥിതനായ ക്രിസ്തുവിന്റെ കൃപയിലൂടെ ദൈവജനത്തിന് ശുശ്രൂഷ ചെയ്യുന്നവനാണ് യഥാർത്ഥ പുരോഹിതൻ. ക്രിസ്തുവിനെ ചൂണ്ടിക്കാട്ടിക്കൊണ്ട്, തിരസ്കരണത്തിന്റെയും വേദനയുടെ മുറിവുകൾ പ്രത്യാശയുടെ ചിഹ്നങ്ങളാണെന്ന് ഉയർത്തിക്കാണിച്ച്, പ്രത്യാശയുടെ ശുശ്രൂഷകരാകുവാനാണ് ഓരോ പുരോഹിതനും അയയ്ക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ വീക്ഷണം നഷ്ടപ്പെട്ടതും തകർന്നതുമായി തോന്നുന്ന എല്ലാവരെയും അനുരഞ്ജനത്തിന്റെ കൃപയിലേക്ക് വിളിക്കുന്ന ഒരു വ്യക്തിയായിരിക്കും പുരോഹിതൻ. കാരണം, അവനെ നിയന്ത്രിക്കുന്നത് ക്രിസ്തുവിന്റെ സ്നേഹമാണ്. ഈ ദിവ്യ സ്നേഹം പങ്കിടുമ്പോൾ വർദ്ധിക്കുകയും, സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുകയും, 'എല്ലാ തലമുറകളും ഭാഗ്യവാൻ/ ഭാഗ്യവതി ' എന്ന് വിളിക്കത്തക്ക വിധത്തിൽ എല്ലാവരെയും ഉയർത്തുകയും ചെയ്യുന്നു.
3. പ്രവാചക പ്രതിബദ്ധതയോടെ വെല്ലുവിളികളെ നേരിടുക
പ്രവാചക പ്രതിബദ്ധതയോടെ സമകാലിക ലോകത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കണം എന്നതാണ് പാപ്പായുടെ ആഹ്വാനം. കഷ്ടപ്പാടുകളും, അസ്വസ്ഥതയും, അക്രമവും, അസമത്വവും, ദാരിദ്ര്യവും, സാമൂഹിക അരികുവൽക്കരണവും തന്റെ മുൻപിൽ നിൽക്കുമ്പോൾ, അവയെ ക്രിസ്തുവിന്റെ ദൗത്യത്തോട് ചേർന്നുകൊണ്ട് പ്രവാചക പ്രതിബദ്ധതയോടു കൂടി അഭിമുഖീകരിക്കുക എന്നുള്ളതാണ് പൗരോഹിത്യ കടമ. ചില സന്ദർഭങ്ങളിലെങ്കിലും നമ്മുടെ ശക്തിക്ക് അതീതമായി തോന്നുന്ന വെല്ലുവിളിൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ, കർത്താവ് നമ്മെ സഹായിക്കും എന്ന് വിശ്വസിച്ചുകൊണ ്ട് ആ വെല്ലുവിളികളെ സ്വീകരിക്കുവാനും, സുവിശേഷപരമായി അവയെ വ്യാഖ്യാനിക്കുവാനും, ക്രൈസ്തവ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിക്കാനുമുള്ള അവസരങ്ങളായി അവയെ തിരഞ്ഞെടുക്കുവാനും നമ്മെ പ്രാപ്തരാക്കുന്നതാണ് പ്രവാചക ദൗത്യം.
മുറിവേറ്റ മനുഷ്യർക്ക് കാവലാകുവാൻ വിളിക്കപ്പെട്ടവനാണ് പുരോഹിതൻ. അവൻ അവിടെ യജമാനനല്ല, മറിച്ച് കാവൽക്കാരനാണ്. കാരണം, ക്രിസ്തുവിൻറെ ദൗത്യമാണ് നമ്മെ നയിക്കേണ്ടത്. നമ്മൾ ആരും തന്നെ ക്രിസ്തുവിന് പകരക്കാരൻ ആവുകയല്ല, മറിച്ച് ക്രിസ്തുവിൻറെ കൂടെ നടക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, സഭയുടെ ദൗത്യം എന്നത് മുറിവേറ്റ ലോകത്തിൽ ക്രിസ്തുവിൻറെ മൂല്യങ്ങളിൽ നിന്നുകൊണ്ട് നീതിയോടും സ്നേഹത്തോടും തന്നെ ഭരമേല്പിച്ച ജോലി നിർവഹിക്കുകയും സജീവമായി ലോകത്തിൽ ഇടപെടുകയും ചെയ്യുകയെന്നതാണ്.
ലിയോ പതിനാലാമൻ പാപ്പായുടെ വൈദികരോടുള്ള സന്ദേശം കേരള സഭയിലെ പുരോഹിതരായ നമുക്ക് ഒരു വെല്ലുവിളിയാണ്. വ്യത്യസ്തമായ റീത്തുകളും, സഭകളും, എന്തിനേറെ ഓരോ രൂപതയും അതിൽ തന്നെ വ്യത്യസ്തമാണെന്ന് മനസ്സിലാക്കുകയും; ഈ വ്യതിരിക്തതകളെ മനസ്സിലാക്കി അവയും ദൈവീക ഇടപെടലുകളുടെ ഭാഗമാണെന്നും; അതുകൊണ്ടുതന്നെ അവയെ നിലനിർത്തിക്കൊണ്ട് ഐക്യത്തിൽ വളരുക എന്ന ദൗത്യമാണ് നമ്മുക്കുള്ളത്. കൂട്ടായ്മയുടെ ഐക്യം എന്നു പറയുന്നത് എല്ലാത്തിനെയും സാരൂപ്യമാക്കുക എന്നുള്ളതല്ല, മറിച്ച് വ്യത്യസ്തതകളെ മനസ്സിലാക്കി പ്രവാചകപ്രതിബദ്ധതയോടുകൂടി ഒരുമയിൽ കൊണ്ടുപോവുക എന്നുള്ളതാണ്. കേരളത്തിലെ കത്തോലിക്ക പുരോഹിതർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയല്ലേ? നമ്മൾ ഈ ലോകത്തിലാണ് ജീവിക്കുന്നത് എന്നുള്ളതും, ലോകത്തിന്റെ വളർച്ചയും നന്മയും നമ്മുടെയും ഉത്തരവാദിത്വമാണ് എന്ന അവബോധത്തിലുമാണ് ഓരോ നിമിഷവും നമ്മൾ ജീവിക്കേണ്ടത്. ഇവിടെ പുരോഹിതന്റെ മുൻപിൽ മതമോ വർഗ്ഗമോ ഭാഷയോ ഒന്നുമില്ല. കാരണം, എല്ലാവരും ക്രിസ്തുവിൽ ഒന്നാണ്. കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികളെയും, കേരളത്തിൽ ജീവിക്കുന്ന വ്യത്യസ്തമായ മതവിശ്വാസമുള്ളവരെയും തങ്ങളിൽ നിന്നു വ്യത്യസ്തമായ ദാർശനികത ഉള്ളവരെയും നെഞ്ചോട് ചേർത്തുപിടിക്കുന്നവനാണ് യഥാർത്ഥ ക്രൈസ്തവ പുരോഹിതൻ. ഇവിടെ പുരോഹിതൻ ഒരേ സമയം വ്യത്യസ്തതകൾക്ക് പ്രാധാന്യമുണ്ടെന്ന് പ്രഖ്യാപിക്കുന്ന പ്രവാചകനും, എന്നാൽ മനുഷ്യൻ എന്ന രീതിയിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന് വിശ്വസിക്കുന്ന ക്രിസ്തുവിന്റെ ദൗത്യത്തിന്റെ കണ്ണിയുമാണ്.
Cfr. ADDRESS OF THE HOLY FATHER TO THE CLERGY OF THE DIOCESE OF ROME





















