top of page
യേശുക്രിസ്തുവിന്‍റെ ജനനത്തെക്കുറിച്ച് ധ്യാനിക്കുന്ന നാളുകളിലൂടെ നാം കടന്നുപോവുകയാണല്ലോ. ഉണ്ണിയേശുവിനെ കണ്ടു ധ്യാനിച്ച ജ്ഞാനികള്‍ക്കൊപ്പം നമുക്കും ഒരു യാത്ര നടത്താം. അവര്‍ പഠിക്കുന്ന വിഷയത്തോട് നീതി പുലര്‍ത്തിയവരായിരുന്നു. നക്ഷത്രങ്ങളുടെ ചലനത്തെക്കുറിച്ച് ആഴമായി പഠിച്ച് അവര്‍ അതിനെ പിന്തുടര്‍ന്നു. യഥാര്‍ത്ഥജ്ഞാനി നിരന്തരം പഠിക്കുന്നവനാണ്. ഏതൊരു വിഷയത്തിലും ശ്രദ്ധാപൂര്‍വ്വം പഠനം നടത്തി അതിനുവേണ്ടി ജീവിതം സമര്‍പ്പിക്കുന്നവനാണ് ജ്ഞാനി. കിട്ടിയ അറിവുകൊണ്ട് അവര്‍ തൃപ്തരാകില്ല. നിരന്തരമായ അന്വേഷണത്തിലൂടെ അവര്‍ മുന്നേറും. അന്വേഷകര്‍ക്കേ കണ്ടെത്തലുകള്‍ നടത്താന്‍ പറ്റൂ. മനുഷ്യന്‍റെ അന്വേഷണം അവസാനിക്കുമ്പോള്‍ കണ്ടെത്തലുകളും അവസാനിക്കും. അന്വേഷണക്കണ്ണുള്ളവര്‍ക്ക് ഒരു ചെറിയ മൊട്ടുസൂചിപോലും കാണാന്‍ കഴിയും. അന്വേഷണക്കണ്ണില്ലാത്തവരുടെ മുമ്പില്‍ മുഴുത്ത കല്ലുപോലും ശ്രദ്ധിക്കപ്പെടാതെ പോകും.ജ്ഞാനികള്‍ നക്ഷത്രത്തിന്‍റെ പിന്നാലെ അവനെ അന്വേഷിച്ചു നടന്നു. അവസാനം ദൈവപുത്രനെ കണ്ടെത്തി. വചനവായനയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും യേശുവിനെ നാം അന്വേഷിക്കണം. അന്വേഷണവഴിയില്‍ താത്ക്കാലിക തടസ്സം നേരിട്ടാലും നാം വഴിമാറി അന്വേഷണം തുടരണം.
ദൈവം കാണിച്ചുതരുന്ന അടയാളങ്ങളെ തിരിച്ചറിയുവാനുള്ള കഴിവ് ഒരു ജ്ഞാനിക്കുണ്ടാകണം. നക്ഷത്രം ഒരു അടയാളമായിത്തീരുന്നു. ജീവിതത്തിന്‍റെ തീര്‍ത്ഥയാത്രയില്‍ എത്രയോ അടയാളങ്ങളാണ് ദൈവം നമ്മുടെ മുമ്പില്‍ വയ്ക്കുന്നത്. വിശുദ്ധരായ വ്യക്തികളുടെ ജീവിതമാതൃകകള്‍, പ്രപഞ്ചത്തിലുണ്ടാകുന്ന പ്രതിഭാസങ്ങള്‍, മാരകമായ രോഗങ്ങള്‍, ആത്മാര്‍ത്ഥതയുള്ള സ്നേഹബന്ധങ്ങള്‍, സന്തോഷത്തിന്‍റെയും ദുഃഖത്തിന്‍റെയും അനുഭവങ്ങള്‍, എതിര്‍പ്പിന്‍റെയും പ്രോത്സാഹനത്തിന്‍റെയും വഴികള്‍ എന്നിവയെല്ലാം ദൈവം നല്കുന്ന അടയാളങ്ങളാണ്. അവയെ പഠിച്ച് ആവശ്യാനുസരണം തിരുത്തുവാനും തീരുമാനമെടുക്കാനും നമുക്കു കഴിയുന്നുണ്ടോ? അടയാളങ്ങളുടെ നേരെ കണ്ണടയ്ക്കുന്നവര്‍ ജീവിതയാത്രയില്‍ വഴിതെറ്റിപ്പോകും. അടയാളങ്ങളിലൂടെ തിരിച്ചറിയുന്ന ദൈവത്തെ ആരാധിക്കണം. നക്ഷത്രമെന്ന അടയാളത്തെ പിന്തുടര്‍ന്ന ജ്ഞാനികള്‍ രക്ഷകനെ ആരാധിച്ചു. അടയാളം കണ്ടിട്ട് ദൈവത്തെ ആരാധിക്കാത്തവന്‍ അസ്വസ്ഥനാകും. പഴയനിയമത്തില്‍ ഫറവോനും തിരുപ്പിറവി ദിനത്തില്‍ ഹേറോദേസും ഈ അസ്വസ്ഥത അനുഭവിച്ചിരുന്നു. നമ്മള്‍ അസ്വസ്ഥരാകാതെ സ്വസ്ഥതയോടെ അവനെ ആരാധിക്കണം. ദൈവത്തിന്‍റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുവേണം അന്വേഷണവും ആരാധനയും നടത്തുവാന്‍. ദൈവത്തിന്‍റെ നിര്‍ദ്ദേശം സ്വീകരിച്ചാണ് ജ്ഞാനികള്‍ നടന്നതും കാലിത്തൊഴുത്തില്‍ എത്തിയതും. ദൈവത്തിന്‍റെ ശബ്ദം ശ്രവിക്കുവാന്‍ ശാന്തരായി നാം ഇരുന്നു കൊടുക്കണം.
ദൈവത്താല്‍ നയിക്കപ്പെട്ട ജ്ഞാനികള്‍ ദൈവഭവനത്തില്‍ വ്യാപരിച്ചു. ദൈവത്തെ ദൂരെ നിന്നു കണ്ടിട്ടു തിരിച്ചുപോകരുത്. അവിടുത്തെ തിരുമുമ്പില്‍ ശാന്തമായി ഇരുന്നുകൊടുക്കണം. ദൈവസന്നിധിയിലെ മനുഷ്യനായി വ്യാപരിക്കുക എന്നത് ഭാഗ്യമുള്ള ഒരനുഭവമാണ്. ജ്ഞാനികള്‍ യേശുവിനോടുകൂടി ഇരുന്നു. അമ്മയായ മറിയത്തോടൊപ്പം അവനെ ആരാധിച്ചു. ദൈവത്തിന്‍റെ മുമ്പില്‍ മാത്രം കുമ്പിടുന്നവരായി നാം അവരെ കാണുന്നു. ഹേറോദേസിന്‍റെ കൊട്ടാരത്തിലെ സൗകര്യങ്ങളുടെ മുമ്പില്‍ അവര്‍ കുമ്പിട്ടില്ല. പശുത്തൊഴുത്തിലെ ദാരിദ്ര്യത്തിന്‍റെയും ലാളിത്യത്തിന്‍റെയും മുമ്പില്‍ അവര്‍ കുമ്പിട്ടു. ലോകം നല്കുന്ന സുഖത്തിന്‍റെയും ആകര്‍ഷണത്തിന്‍റെയും മുമ്പില്‍ കുമ്പിടാതെ ദൈവത്തിന്‍റെ മുമ്പില്‍ മാത്രം കുമ്പിടുന്നവനെ ലോകത്തിന് തളര്‍ത്താനാവില്ല. ആരുടെയും മുമ്പില്‍ വളയാതെ ദൈവത്തിനു മുമ്പില്‍ വളഞ്ഞവന്, ഹേറോദേസിന്‍റെ മുന്‍പിലും നട്ടെല്ലു നിവര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞ ജ്ഞാനികളെപ്പോലെ നമുക്കും ഉണ്ണിയേശുവിന്‍റെ മുമ്പില്‍ കുമ്പിടാം.
ദൂതന്‍റെ മുന്നറിയിപ്പ് സ്വീകരിച്ച് ജ്ഞാനികള്‍ മറ്റൊരുവഴിയേ തിരികെപ്പോയി എന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു വഴി ശരിയല്ലെന്നറിഞ്ഞാല്‍ ആ വഴി നാം ഉപേക്ഷിക്കണം. അടഞ്ഞ വഴികള്‍ അവസാനത്തെ വഴികളല്ല. മറ്റൊരു വഴി തെരഞ്ഞെടുക്കണമെന്ന ദൈവത്തിന്‍റെ മുന്നറിയിപ്പാണത്. അങ്ങനെ വഴി മാറി യാത്രചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കും. വിശുദ്ധ കുര്‍ബാന കഴിഞ്ഞും പഴയ പിണക്കവും വെറുപ്പും ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ പഴയ വഴിയേ തന്നെ തിരിച്ചുപോകുന്നവരാണ്. ഒരിക്കല്‍കൂടി ഉണ്ണിയേശുവിന്‍റെ പിറവിത്തിരുനാള്‍ കടന്നുവരുന്നു. ആ ദിവ്യശിശുവിന്‍റെ പ്രകാശിക്കുന്ന മുഖത്തിനു മുന്നില്‍ ആദരവോടെ നില്‍ക്കുവാനും ആ ശിശുവിന്‍റെ ആഹ്വാനമനുസരിച്ച് പുതിയൊരു ജീവിതക്രമം ആരംഭിക്കുവാനും ക്രിസ്മസ് നമ്മെ ക്ഷണിക്കുന്നു. അനുദിനജീവിതാനുഭവങ്ങളുടെ സ്പന്ദനങ്ങളില്‍നിന്നും രക്ഷകന്‍റെ രക്ഷിക്കുന്ന സ്വരം തിരിച്ചറിയാന്‍ നമുക്കു സാധിക്കട്ടെ. ഉണ്ണിയേശു നല്കുന്ന ശാന്തിയും സമാധാനവും ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് യാത്ര തുടരാം. തിരുപ്പിറവിയുടെ ആനന്ദം നമുക്കും അനുഭവിക്കാം. ക്രിസ്മസ് മംഗളങ്ങള്‍.