top of page

ഗോത്രസംസ്കൃതി പാഠങ്ങള്‍

Oct 1, 2012

3 min read

ഡജ
Tribes in India

ഇന്ത്യയിലെ ജനസംഖ്യയില്‍ 84 മില്യണ്‍ ജനങ്ങള്‍ (8.1 ശതമാനം) ഗോത്രപാരമ്പര്യം കൈമുതലായുള്ള ആദിവാസികളാണ് ആഗോളതലത്തില്‍ 'തദ്ദേശീയ ജനത' എന്നറിയപ്പെടുന്ന ഇവര്‍, ഭാഷയിലും കലകളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ജീവിതരീതികളിലും നാട്ടറിവിലും നാട്ടുദര്‍ശനത്തിലും തനിമയും വൈവിധ്യവുമാര്‍ന്ന പ്രത്യേകതകള്‍ കാത്തുസൂക്ഷിക്കുന്നവരാണ്. ഇന്ത്യയില്‍ത്തന്നെ 700ലധികം ഗോത്രങ്ങളുള്ള ഇവരെ വംശീയതയുടെ അടിസ്ഥാനത്തില്‍, പ്രോട്ടോ ആസ്ട്രലേറയിഡ്, നെഗ്രിറ്റോസ്, മംഗ്ലോയിഡ് എന്നീ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. തെക്കെ ഇന്ത്യയില്‍ ആദിവാസികള്‍ താരതമ്യേന കുറവാണ്. കേരളത്തിലാകട്ടെ, 38 ഗോത്രങ്ങളിലായി 0.4 മില്യണ്‍ (1.1 ശതമാനം) ആദിവാസികള്‍ പശ്ചിമഘട്ട മലനിരകളില്‍ താമസിക്കുന്നു. ജനസംഖ്യയില്‍ ന്യൂനപക്ഷമെങ്കിലും ആദിസംസ്കൃതികളുടെ ഉടമസ്ഥരും സംരക്ഷകരും എന്നനിലയില്‍ ആദിവാസികള്‍ക്ക് ഭാരതസമൂഹത്തില്‍ സമുന്നതമായ സ്ഥാനമുണ്ട്. ഇന്ത്യയിലെ പൊതുസമൂഹം ഗോത്രസംസ്കൃതിയെ വേണ്ടത്ര ഗൗരവത്തില്‍ കാണുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെങ്കിലും, ലോകരാജ്യങ്ങള്‍ തദ്ദേശീയ ജനതകളുടെ സംസ്കാരസമ്പത്തിനെ തിരിച്ചറിയുകയും അവയെ ആദരവോടെ സംരക്ഷിക്കുവാനും വളര്‍ത്തുവാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.1


ആധുനിക സമൂഹം വിജ്ഞാനവിസ്ഫോടനത്തിലൂടെ നൂതനശാസ്ത്ര സാങ്കേതിക വിദ്യകളില്‍ അനുദിനം മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വികസന പദ്ധതികള്‍ സൃഷ്ടിക്കുന്ന സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-ആരോഗ്യ-പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വികസന വിദഗ്ദ്ധര്‍ക്ക് കഴിയാതെ വരുന്നു. ഇവിടെയാണ് സുസ്ഥിതിയിലും അതിജീവനത്തിലും നൂറ്റാണ്ടുകള്‍ പഴക്കവും പാരമ്പര്യവുമുള്ള ഗോത്രസംസ്കൃതികള്‍ നല്കുന്ന ദര്‍ശനങ്ങളും പാഠങ്ങളും ആധുനിക ജനതയ്ക്ക് വഴികാട്ടിയാകുന്നത്. ഗോത്രസമൂഹങ്ങള്‍ നല്ലത് എന്ന് അനുഭവിച്ചറിഞ്ഞ് സ്വജീവിതത്തില്‍ കൊണ്ടുനടക്കുന്നതും പൊതുസമൂഹത്തിന്‍റെ സുസ്ഥിതിക്ക് ഗുണകരമാകുന്നതുമായ ഏതാനും സംഗതികളാണിവിടെ വിചിന്തനത്തിന് വിധേയമാക്കുന്നത്.


1. ഗോത്രസംസ്കൃതിയുടെ അടിസ്ഥാനശിലകളിലൊന്നാണ് അവരുടെ പ്രാപഞ്ചിക വീക്ഷണവും അതില്‍ നിന്നുളവാകുന്ന ജീവിതശൈലിയും. പ്രകൃതിയും മനുഷ്യരും ജീവജാലങ്ങളും ഈശ്വരനും തമ്മില്‍ ഇഴപിരിയാത്ത ആത്മബന്ധവും പരസ്പര ആശ്രിതത്വവും ഗോത്രസമൂഹങ്ങളിലുണ്ട്. ഈ കൂട്ടായ്മയും പാരസ്പര്യവുമാണ് ഗോത്രസംസ്കൃതികളുടെ നിലനില്പിനും സുസ്ഥിതിക്കും കാരണമെന്ന് ആദിവാസികള്‍ വിശ്വസിക്കുന്നു. പ്രപഞ്ചം ഈശ്വരസൃഷ്ടിയാണെന്നും ഈശ്വരന്‍റെ വാസസ്ഥാനമാണെന്നും ഈശ്വര ചൈതന്യത്തില്‍ നിറഞ്ഞതാണെന്നും ഗോത്രജനത വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിക്കിണങ്ങിയ, പ്രകൃതിതാളങ്ങള്‍ ഏറ്റുവാങ്ങിയ ജീവിതശൈലിയാണ് ഗോത്രസമൂഹങ്ങള്‍ക്കുള്ളത്. ദാര്‍ശനിക വ്യവഹാരത്തില്‍ 'ട്രൈബല്‍ ഇക്കോ-തിയോസഫി' എന്ന സംജ്ഞ കൊണ്ടാണ് ഈ കാഴ്ചപ്പാടിനെ വിവരിക്കുന്നത്.2


അട്ടപ്പാടിയിലെ ആദിവാസികളുടെ ആരാധനകേന്ദ്രമായ മല്ലീശ്വരന്‍ മലയും അതിനോടനുബന്ധിച്ചുള്ള മിത്തുകളും ആചാരങ്ങളും വിശ്വാസങ്ങളും വയനാട്ടിലെ വള്ളിയൂര്‍ക്കാവ് ഉത്സവവും അവിടെ നിലനില്ക്കുന്ന ആദിവാസി ആചാരങ്ങളും ഗോത്രസംസ്കൃതികളുടെ പ്രാപഞ്ചിക വീക്ഷണത്തിന് തെളിവുകളാണ്. തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായ പ്രകൃതിയെ നശിപ്പിക്കാനോ ചൂഷണം ചെയ്യാനോ വില്ക്കാനോ വാങ്ങാനോ ഒരു ഗോത്രമനസ്സിനും സാധിക്കുകയില്ല.3


പ്രകൃതിയെയും ജീവജാലങ്ങളെയും സംസ്കാരങ്ങളെയും ജനപഥങ്ങളെയും വിസ്മരിച്ചുകൊണ്ടുള്ള വികസന പ്രക്രിയകളും തന്ത്രങ്ങളും മാനവരാശിക്കുതന്നെ ഹാനികരമാകുമെന്ന് ആഗോളതാപനത്തിലൂടെയും കാലാവസ്ഥ വ്യതിയാനത്തിലൂടെയും ആധുനിക സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു... പ്രകൃതിയിലേയ്ക്ക് മടങ്ങുക, പ്രകൃതിയ്ക്കിണങ്ങിയ, പ്രകൃതിക്ക് താങ്ങാവുന്ന ജീവിതശൈലികള്‍ രൂപപ്പെടുത്തുക, ഭൂമിയെ അമ്മയായിക്കണ്ട് സംരക്ഷിക്കുക, പരിസ്ഥിതിയെ വീടായിക്കണ്ട് പരിരക്ഷിക്കുക ആധുനിക ജനതയ്ക്ക് ഗോത്രസംസ്കൃതി നല്കുന്ന ദര്‍ശനങ്ങളും പാഠങ്ങളുമാണിവ.


2. കെട്ടുറപ്പുള്ളതും സ്വയംപര്യാപ്തവുമായ ഒരു സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതി ഗോത്രസംസ്കൃതികളിലുണ്ട്. മണ്‍മറഞ്ഞുപോയ കാരണവന്മാരില്‍ (നെഗല്‍) കേന്ദ്രീകൃതമായ കുടുംബസംവിധാനവും ഗോത്രവിശ്വാസങ്ങളെ ശക്തിപ്പെടുത്തുന്ന ആചാരാനുഷ്ഠാനങ്ങളും കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ അതിജീവനമാര്‍ഗ്ഗങ്ങളുമാണ് ഈ സുരക്ഷ, ഗോത്രജനതയ്ക്ക് പ്രദാനം ചെയ്യുന്നത്. വയനാട്ടിലെ കുറിച്യരുടെ കൂട്ടുകുടുംബ വ്യവസ്ഥിതിയും നെല്‍ക്കൃഷി കേന്ദ്രീകരിച്ച കാര്‍ഷിക വൃത്തിയും ഭക്ഷ്യസുരക്ഷയ്ക്കും സാമൂഹിക സുരക്ഷിതത്വത്തിനും ഉത്തമോദാഹരണമാണ്. 'വിത്ത് ഒരു സ്വകാര്യ സ്വത്തല്ല; അത് എല്ലാവര്‍ക്കുംവേണ്ടി എന്നെന്നേക്കുമായി നമ്മുടെ കാരണവന്മാര്‍ സംരക്ഷിച്ച് കൈമാറിയ പൊതുസ്വത്താണ്. മണ്ണും കൃഷിയും കാരണവന്മാര്‍ ചെയ്ത രീതിയനുസരിച്ച് സംരക്ഷിക്കുകയും നടത്തുകയും വേണം. അല്ലെങ്കില്‍ ദൈവകോപവും വംശനാശവുമുണ്ടാകും.4


വയനാട്ടില്‍ 30-തോളം തനതു വിത്തിനങ്ങള്‍ ആദിവാസികള്‍ സംരക്ഷിച്ചിരുന്നു. ആധുനിക കൃഷി സമ്പ്രദായങ്ങള്‍ വന്നതോടെ ഇന്നവ 5 ആയി ചുരുങ്ങിയിരിക്കുന്നു! പുതിയ വിത്തിനങ്ങള്‍ ഭക്ഷ്യസുരക്ഷയെ തകര്‍ക്കുകമാത്രമല്ല; വിത്തിനും വളത്തിനും കീടനാശിനികള്‍ക്കുമായി ആഗോള കമ്പോളകുത്തകകളെ ആശ്രയിക്കേണ്ട ഗതികേടും വന്നിരിക്കുന്നു! ഇത് കേരളത്തിന്‍റെ മാത്രം പ്രശ്നമല്ല; ഇന്ത്യയിലെ എല്ലാ കാര്‍ഷിക ഗ്രാമങ്ങളുടെയും പ്രശ്നമാണ്. കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഭക്ഷ്യസുരക്ഷയുടെയും കുടിവെള്ളത്തിന്‍റെയും കാര്യത്തിലാണ്. കേരളത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളില്‍ 15 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്! കേരളത്തില്‍ ഇപ്പോള്‍ 50 ശതമാനം പഞ്ചായത്തുകളില്‍ കുടിവെള്ള പ്രശ്നം ഉണ്ട്.5 പരിസ്ഥിതിക്കിണങ്ങിയ വികസന പദ്ധതികളും ജീവിതശൈലികളും നമ്മള്‍ സ്വീകരിച്ചാലേ ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാനാവൂ. കാലാവസ്ഥക്കിണങ്ങിയ, രോഗപ്രതിരോധശേഷിയുള്ള തലമുറകളായി കൈമാറ്റം ചെയ്തു പോരുന്ന വിത്തിനെയും കാര്‍ഷിക സമ്പ്രദായങ്ങളെയും സംരക്ഷിച്ചാല്‍ ലോകം നേരിടുന്ന ഭക്ഷ്യപ്രതിസന്ധികള്‍ക്കും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം ഉണ്ടാക്കാം എന്നാണ് വയനാട്ടിലെ കുറിച്യ സംസ്കൃതി നമ്മെ പഠിപ്പിക്കുന്നത്.


3. നാട്ടറിവുകളുടെ അമൂല്യശേഖരം ഗോത്രസംസ്കൃതിയിലുണ്ട്. വൈദ്യം, കൃഷി, ആടുമാടു പരിപാലനം, കലകള്‍, സാങ്കേതിക വിദ്യ, നാട്ടാചാരങ്ങള്‍ എന്നിവയില്‍ ആഴമായ അറിവും അനുഭവവുമുള്ള നാട്ടാചാര്യന്മാര്‍ ഗോത്രപൈതൃകത്തിന്‍റെ വാഹകരും സംരക്ഷകരുമാണ്. യഥാര്‍ത്ഥത്തില്‍ ഗോത്രസംസ്കൃതിയില്‍ നിന്നാണ് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളും കലാരൂപങ്ങളും ആചാര-വിശ്വാസങ്ങളും വൈജ്ഞാനിക മേഖലകളും ഉടലെടുത്തിരിക്കുന്നത്.


അട്ടപ്പാടിയില്‍ കുറുവ സമുദായത്തിന്‍റെ കുലപതിയായിരുന്ന ശ്രീ മുദ്ദമൂപ്പന്‍ നാട്ടുവൈദ്യത്തിലും നാട്ടാചാരങ്ങളിലും അഗ്രഗണ്യനായിരുന്നു. പൂര്‍വ്വികരില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ഈ സിദ്ധികള്‍ വേണ്ടത്ര കരുതലോടെയും ഗൗരവത്തോടെയുമാണ് അദ്ദേഹം പ്രയോഗിച്ചിരുന്നത്. നിരക്ഷരനായ മുദ്ദമൂപ്പന് നൂറിലധികം നാട്ടു മരുന്നുകളുടെ പേരും അവയുടെ ഉപയോഗവും ഹൃദിസ്ഥമായിരുന്നു.6


പ്രകൃതിയോടും ആത്മാക്കളോടും ദൈവത്തോടും സംവദിക്കാനുള്ള സിദ്ധിയും ദൂര ഇടങ്ങളിലെ സംഭവങ്ങള്‍ കാണുവാനുള്ള ദര്‍ശന സിദ്ധിയും ഈ കാരണവര്‍ക്കുണ്ടായിരുന്നു.


ഗോത്രസംസ്കൃതിയില്‍ വിടരുന്ന നാട്ടറിവുകളില്‍ പലതും ഇന്ന് പൊതുസമൂഹം കൈവശമാക്കിയിട്ടുണ്ട്. (അനുവാദത്തോടെയും അല്ലാതെയും!) പലപ്പോഴും ഇവയുടെ പ്രായോജകര്‍ ഗോത്രേതര സമൂഹങ്ങളാണ് എന്ന വസ്തുതയും ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.


4. വൈവിധ്യമാര്‍ന്ന നാടന്‍കലകളാല്‍ സമ്പന്നമാണ് ഗോത്രസംസ്കൃതി. തികച്ചും ജീവിതഗന്ധിയും ലളിതവും സമൂഹ കേന്ദ്രീകൃതവുമായ ഈ കലാവതരണങ്ങള്‍ ജനപദങ്ങളില്‍ സാഹോദര്യവും കൂട്ടായ്മയും വളര്‍ത്താന്‍ സഹായിക്കുന്നു. നാട്ടുതാളങ്ങളിലും നാടോടി ഈണങ്ങളിലും അനാവൃതമാകുന്ന നാട്ടുനന്മകള്‍ ജീവിതത്തിന്‍റെ താളവും ഈണവും നഷ്ടമാകുന്ന ആധുനിക ജനതയ്ക്ക് ആശ്വാസവും വഴികാട്ടിയുമാണ്. പൊതുസമൂഹം വളര്‍ത്തിക്കൊണ്ടുവന്നിരി ക്കുന്ന എല്ലാ ശാസ്ത്രീയ കലാരൂപങ്ങളുടേയും അടിസ്ഥാനവും തുടക്കവും നാടോടി-ഗോത്രകലാ പാരമ്പര്യങ്ങളില്‍ നിന്നാണ്.7


മഹാരാഷ്ട്രയിലെ വര്‍ളി ഗോത്രത്തിന്‍റെ തനതു ചിത്രകലയായ 'വര്‍ളി ചിത്രങ്ങള്‍' ഇന്ന് ആഗോളതലത്തില്‍ പ്രചാരം നേടിയിട്ടുണ്ട്. ചുവരുകളിലും ക്യാന്‍വാസുകളിലും പ്രകൃതിജന്യവര്‍ണ്ണങ്ങളില്‍ അതിസൂക്ഷ്മതയോടെ വരയ്ക്കുന്ന ജീവിതക്കാഴ്ചകള്‍, ലോകത്തിലെ ഏതൊരു ക്ലാസ്സിക് ചിത്രങ്ങളോടും കിടപിടിക്കാന്‍ പോന്നവയാണ്.


5. കംപ്യൂട്ടര്‍ രംഗത്തും വിവരസാങ്കേതിക വിദ്യയിലും എഞ്ചിനീയറിങ്ങിലും ആധുനിക ലോകം അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഗോത്രസംസ്കൃതി മുന്നോട്ടുവയ്ക്കുന്ന വികസന പരിപ്രേക്ഷ്യം പൊതുസമൂഹത്തിന്‍റെ കണ്ണുതുറപ്പിക്കേണ്ടതാണ്.


'എല്ലാവരുടേയും ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള വിഭവങ്ങള്‍ ഈ പ്രകൃതിയില്‍ ഉണ്ട്; എന്നാല്‍ കുറെപ്പേരുടെ അത്യാഗ്രഹങ്ങള്‍ക്ക് ഈ വിഭവങ്ങള്‍ തികയുകയില്ലാ എന്ന ഗാന്ധിജിയുടെ സന്ദേശം ഗോത്രസമൂഹങ്ങളും പൊതുസമൂഹത്തോട് പറയുന്നുണ്ട്. ആധുനിക ലോകം നേരിടുന്ന ജീവിതപ്രതിസന്ധികള്‍ പരിഹരിക്കാന്‍ ലളിതവും പ്രകൃതിക്കിണങ്ങിയതുമായ ജീവിതശൈലി സ്വീകരിക്കാന്‍ ഗോത്രസംസ്കൃതി ആവശ്യപ്പെടുന്നു. പരിസ്ഥിതി മലിനീകരണവും മാറാരോഗങ്ങളും പ്രകൃതി ദുരന്തങ്ങളും സാമുദായിക രാഷ്ട്രീയ കലഹങ്ങളുമെല്ലാം, തലതിരിഞ്ഞ വികസന തന്ത്രങ്ങളുടെയും, വൈവിധ്യങ്ങളുടെയും ചെറുതിന്‍റെയും സൗന്ദര്യത്തെ അംഗീകരിക്കാത്തതിന്‍റെയും തിക്തഫലങ്ങളല്ലേ?


ലോകജനസംഖ്യയില്‍ തദ്ദേശീയ ജനതയുടെ സാന്നിധ്യം ചെറുതാണെങ്കിലും അവരുടെ സംസ്കൃതിയും ദര്‍ശനങ്ങളും ലോകത്തിനു നല്കുന്ന സംഭാവനകള്‍ വളരെ വലുതാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഗോത്രസംസ്കൃതി നല്കുന്ന ഉള്‍ക്കാഴ്ചകള്‍ പൊതുസമൂഹത്തിന്‍റെ സുസ്ഥിതിയ്ക്കും നിലനില്പിനും സഹായകരമാണ്. 'വട്ടക്കളി' എന്നപേരില്‍ പണിയ സമുദായം അവതരിപ്പിക്കുന്ന 'സമൂഹ സംഗീത നൃത്തം' ആധുനിക സമൂഹം നടത്തുന്ന വിവിധ 'ഗ്രൂപ്പു തെറപ്പി'കളേക്കാള്‍ എത്രയോ ശ്രേഷ്ഠവും സമഗ്രതയുള്ളതുമാണ്! വട്ടക്കളിയില്‍ പങ്കെടുക്കുന്നതിലൂടെ ഒരു സമൂഹികൂട്ടായ്മയിലുണ്ടാകുന്ന സാമൂഹിക- മാനസിക- വൈകാരിക സന്തുലനം ആധുനിക തെറപ്പി ക്ലാസ്സുകളില്‍ ലഭിക്കുന്നില്ല എന്നത് എന്‍റെ വ്യക്തിപരമായ അനുഭവമാണ്.8


ഗോത്രസംസ്കൃതിയുടെ നന്മകളെ കാണാനുള്ള എളിയ ശ്രമമാണിവിടെ നടത്തിയത്. അവരുടെ ജീവിതത്തിലെ അപചയങ്ങളെയും പോരായ്മകളെയും വികലതകളെയും കുറിച്ച് ബോധവാനായിക്കൊണ്ടു തന്നെയാണ് ഈ ഉദ്യമത്തിന് ഞാന്‍ മുതിര്‍ന്നത്. പൊതുസമൂഹം പലപ്പോഴും കാണാത്തതും കാണാന്‍ മറന്നു പോകുന്നതുമായ ചില ഉള്‍ക്കാഴ്ചകളെ പൊടിതട്ടി പുറത്തുകൊണ്ടുവരിക; അതുവഴി നാളെയുടെ നല്ല നടപ്പിന് ചില നല്ല പാഠങ്ങള്‍ ഗോത്രസംസ്കൃതിയില്‍ നിന്ന് പഠിക്കുക. ആധുനിക സമൂഹം അഭിമുഖീകരിക്കുന്ന ജീവിതപ്രതിസന്ധികള്‍ക്ക് ഒരു പരിഹാരമാണിതെന്നതില്‍ യാതൊരു സംശയവും വേണ്ട.

ഡജ

0

0

Featured Posts