top of page

മരവും മനുഷ്യനും

Mar 1, 2012

1 min read

സ്നോബി ജോണ്‍ കാഞ്ഞിരത്തിങ്കല്‍
Bond between Humans and Trees

ദൈവം ഭൂമിയില്‍ ഒരു മരം നട്ടുവച്ചു.

വളര്‍ന്നു പന്തലിച്ചപ്പോള്‍ ശിഖരങ്ങളില്‍ ചേക്കേറാന്‍

ഒരായിരം കിളികള്‍ വന്നു.

കൊമ്പുകളില്‍ ഉണങ്ങിയ രക്തക്കറ കണ്ട്

അവര്‍ പരസ്പരം പറഞ്ഞു:

ഈ മരത്തില്‍ മരിക്കാത്ത ഒരാത്മാവുറങ്ങുന്നുണ്ട്.

വിതുമ്പലുകള്‍ക്കുള്ളില്‍ സ്നേഹം ഒളിപ്പിച്ച ഒരു മനുഷ്യാത്മാവ്...!

അവനുവേണ്ടി വാദിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

പ്രാണസഖിയോ, മക്കളോ, മാതാപിതാക്കളോ ആരും...

അവന്‍ ഭൂമിയില്‍ തനിച്ചായിരുന്നു.

ഈ ജീവിതനൗകയില്‍, ഞാനേകനാണെന്ന യാഥാര്‍ത്ഥ്യം

എന്നെ ഭയപ്പെടുത്തി.

എന്നോടൊപ്പം മാത്രം സഞ്ചരിക്കാന്‍...

എന്‍റെ മാത്രം സ്വന്തമായിരിക്കാന്‍...

എനിക്കു മാത്രം സ്നേഹിക്കാന്‍...

എന്‍റെ നിഴലായൊരാള്‍...!

വെറുതെ കൊതിക്കുകയായിരുന്നു.

'ഇതു നമ്മുടെ അവസാനകൂടിക്കാഴ്ചയാകാം'

എന്നു പറഞ്ഞകലുന്ന ആത്മമിത്രത്തെനോക്കി

മിഴി നനയ്ക്കാതിരിക്കാന്‍ മാത്രം

ഞാനിന്നൊരാളെ പ്രണയിച്ചു തുടങ്ങി.

മരക്കുരിശില്‍ അനുഭൂതികളുടെ മായാവര്‍ണ്ണങ്ങള്‍ തീര്‍ത്ത മഹാമൗനത്തെ...

മനുഷ്യാ നീയേകനാണ്.

മരണത്തിലേയ്ക്ക് നിന്നോടൊപ്പം സഞ്ചരിക്കാന്‍ ആരും വരില്ല.

നിന്നെയേറെ സ്നേഹിക്കുന്നു എന്നവകാശപ്പെട്ടവള്‍ പോലും...

ഈ യാത്രയില്‍,

ഇത്രനാള്‍ നീ തനിച്ചായിരുന്നെന്നറിയുന്ന നിമിഷം

മറ്റാരും കാണാതെ, ഏകാന്തതയില്‍

മുഖംപൊത്തി നീ പൊട്ടിക്കരയും

ഭൂമി ദാനമായ് തന്ന മണ്‍കൂടാരത്തിലേയ്ക്കു മടങ്ങാന്‍

നിനക്കിനിയും മടിയല്ലേ...?

മനുഷ്യന്‍ കരഞ്ഞു.

മരമതുകണ്ട് പുഞ്ചിരിച്ചു.

Mar 1, 2012

0

25

Recent Posts

bottom of page