top of page

ശാന്തിയിലേക്ക് ശാരീരികാരോഗ്യത്തിലൂടെ

Apr 1

3 min read

ടോം മാത്യു

പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍




വിഷാദരോഗ(depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)-ത്തിനും മരുന്നില്ലാചികിത്സയായി ഡോ. ലിസ്മില്ലര്‍ സ്വാനുഭവത്തില്‍നിന്ന് രൂപപ്പെടുത്തിയ പതിനാലുദിനം കൊണ്ടു പൂര്‍ത്തിയാകുന്ന മനോനില ചിത്രണം(Mood Mapping) പതിനൊന്നാം ദിവസം പ്രസാദാത്മകതയിലേക്കുള്ള പരിണാമത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു. ഉല്‍ക്കണ്ഠാകുലമായ മനസ്സിനെ കര്‍മ്മോത്സുകതയിലേക്കും പ്രശാന്തിയിലേക്കും നയിക്കുന്നതിനുള്ള അഞ്ചു താക്കോലുകളില്‍ നമ്മുടെ ചുറ്റുപാടുകളെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്തു. രണ്ടാമത്തെ താക്കോലായ നമ്മുടെ ശാരീരികാരോഗ്യത്തെക്കുറിച്ചാണ് ഈ ലക്കത്തില്‍ നാം ചര്‍ച്ച ചെയ്യുക.


ഉത്ക്കണ്ഠ(anxiety) ഒട്ടേറെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. ഉത്ക്കണ്ഠ ഒരു മനോനില എന്നതുപോലെതന്നെ ശാരീരിക അവസ്ഥ കൂടിയാണ്. ശാരീരികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിലൂടെ കടുത്ത ഉത്ക്കണ്ഠയെ പ്രതിരോധിക്കുന്നതിനുള്ള ശേഷി നിങ്ങള്‍ക്കു കൈവരുന്നു. പിടിച്ചുനില്‍ക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നു. അതു നിങ്ങളുടെ മനോനിലയെ മെച്ചപ്പെടുത്തുന്നു. അതിനു കാരണമായ പ്രശ്നങ്ങള്‍ അവശേഷിക്കുമെങ്കില്‍പ്പോലും ശാരീരികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ശാന്തതയിലേക്കുള്ള രണ്ടാം താക്കോലിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനു മുന്‍പ് ഉല്‍ക്കണ്ഠാകുലമായ മനസ്സിനെ കൂടുതല്‍ മോശമാക്കുന്ന ചില കാര്യങ്ങളെക്കുറിച്ചൊന്നു പരിശോധിക്കാം.


ഇവ ഉല്‍ക്കണ്ഠയെ കൂടുതല്‍ വഷളാക്കുന്നു.


* അധികം കാപ്പിയും ചായയും

കാപ്പിയിലും ചായയിലും കോളകള്‍ പോലുള്ള പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന കഫീന്‍ (Caffene) ഉല്‍ക്കണ്ഠയെ ഉല്‍ക്കണ്ഠാകുലമാക്കാന്‍ പോന്നതാണ്. ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പിയോ, ചായയോ മതി ഒരു സാധാരണ മനുഷ്യന.് അപൂര്‍വ്വം ചിലര്‍ക്ക് കഫീന്‍ അല്‍പ്പംപോലും പിടിക്കില്ല. അവര്‍ കാപ്പിയും ചായയും പൂര്‍ണ്ണമായും ഒഴിവാക്കുന്നതാവും നല്ലത്.


* നുര പൊന്തുന്ന തരത്തിലുള്ള കുപ്പിയിലടച്ചു വരുന്ന ശീതളപാനീയങ്ങള്‍(Fizzy drinks)

ഇത്തരം ശീതളപാനീയങ്ങളില്‍ ഉല്‍ക്കണ്ഠയെ അധികമാക്കുന്ന രാസവസ്തുക്കളും നമ്മെ അവയുടെ അടിമകളാക്കുന്ന അഡിക്ടീവു(adictive)കളും മധുരപദാര്‍ത്ഥ(Sweetner)ങ്ങളും ഒപ്പം കഫീനും ഉണ്ടാവുമെന്നതിനാല്‍ അവ പൂര്‍ണമായും ഒഴിവാക്കുക.


* പഞ്ചസാര

ഉത്ക്കണ്ഠയെയും മനോനിലയിലെ ചാഞ്ചാട്ടത്തെയും വഷളാക്കുന്നതില്‍ പഞ്ചസാരയും ഒരു ഘടകമാണ്. കുടലില്‍നിന്ന് നേരെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് (Sugar Level)കൂട്ടുന്നു. അതു കുറയ്ക്കുന്നതിനായി ശരീരം ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെത്തുടര്‍ന്ന് പഞ്ചസാരയുടെ അളവ് താഴുന്നു. പഞ്ചസാരയുടെ അളവ് അങ്ങനെ പെട്ടെന്നു താഴുന്നതുമൂലം നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നു. അതു മാനവികമായ അസ്വസ്ഥതയ്ക്കും നീരസമനോഭാവത്തിനും ദേഷ്യത്തിനും വഴിയൊരുക്കുന്നു. ഈ പ്രക്രിയ ആവര്‍ത്തിക്കുന്നതോടെ നിങ്ങളുടെ മനോനില അസ്ഥിരമാകുന്നു, അടിക്കടി മാറിക്കൊണ്ടിരിക്കുന്നു.


* മദ്യം

മദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടമാനം കൂട്ടുന്നു. അടുത്ത ദിവസം നിങ്ങളെ അത് പരിഭ്രമത്തിലും ഉല്‍ക്കണ്ഠയിലും ആഴ്ത്തും.


* വേദന

വേദന ഉല്‍ക്കണ്ഠയെ കൂട്ടും. ഉത്ക്കണ്ഠ വേദന വഷളാക്കും.


* ഉറക്കമില്ലായ്മ

ഇരുതല വാളാണ് ഉറക്കമില്ലായ്മ. ഉത്ക്കണ്ഠ ഉറക്കം കുറയ്ക്കുന്നു. ഉറക്കക്കുറവ് ഉല്‍ക്കണ്ഠയെ കൂട്ടുന്നു.


* വ്യായാമത്തിന്‍റെ കുറവ്

ഉല്‍ക്കണ്ഠ ചിലപ്പോഴെങ്കിലും കായികമായ ഒരു പ്രതികരണത്തിലേക്ക് നയിച്ചേക്കാം. ചിലപ്പോള്‍ അതൊരു വഴക്കിനു വഴിതെളിക്കുന്നു. മറ്റുചിലപ്പോള്‍ ഭയം എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഇന്ന് നാം കായികമായ പ്രതികരണങ്ങളെ അടിച്ചമര്‍ത്തുന്നു. അതു കൂടുതല്‍ സമ്മര്‍ദ്ദ(Stress)-ത്തിന് കാരണമാകുന്നു. ഉത്ക്കണ്ഠയും നീരസവും നിങ്ങളെ കോപാകുലതയിലേക്കു നയിച്ചേക്കാം.


ഉത്ക്കണ്ഠയുടെ ശാരീരികലക്ഷണങ്ങള്‍

ഉല്‍ക്കണ്ഠയുടെ ശാരീരികലക്ഷണങ്ങള്‍ ഇതോടകം നമുക്ക് പരിചിതമായിരിക്കും. കൈത്തലങ്ങള്‍ വിയര്‍ക്കുക, പേശികള്‍ വലിഞ്ഞുമുറുകുക, തലവേദന അനുഭവപ്പെടുക, വയറുവേദനയും മലബന്ധവും  അനുഭവപ്പെടുക, ക്ഷീണവും വിശപ്പില്ലായ്മയും അനുഭവപ്പെടുക എന്നിവയൊക്കെ അവയില്‍ ചിലതാണ്. ഉല്‍ക്കണ്ഠ പല രോഗങ്ങളെയും കൂടുതല്‍ വഷളാക്കുന്നുവെന്നും നമുക്കറിയാം.

അപ്പോഴിനി പ്രശാന്തിയിലേക്ക് തുറക്കുന്ന രണ്ടാം താക്കോലായ ശാരീരികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായാം.


ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍


ശ്വസനം

ഉല്‍ക്കണ്ഠ നമ്മുടെ ശ്വാസവേഗത്തെ ബാധിക്കുന്നു. ശ്വാസഗതിയുടെ താളം തെറ്റുന്നു. ശ്വാസഗതിയുടെ വേഗം വല്ലാതെ കൂടുന്നു. അത് ഹ്രസ്വമാകുന്നു. ആഴം നഷ്ടപ്പെടുന്നു. ശ്വാസത്തെ നിയന്ത്രിക്കുന്നത് ഉല്‍ക്കണ്ഠയുടെ ശാരീരികലക്ഷണങ്ങളെ നിയന്ത്രണത്തിലാക്കുന്നതിനുള്ള പ്രധാനമാര്‍ഗ്ഗങ്ങളിലൊന്നാണ്. ശ്വാസഗതിയുടെ വേഗം ബോധപൂര്‍വ്വം കുറയ്ക്കുക. ശ്വാസം ശാന്തമാക്കാന്‍ നിങ്ങള്‍ ശ്രമിക്കുംതോറും നിങ്ങളുടെ ഉല്‍ക്കണ്ഠയും പെട്ടെന്നു തന്നെ കുറയുന്നു. വ്യക്തമായി ചിന്തിക്കാനുള്ള ശേഷി നിങ്ങള്‍ക്ക് തിരിച്ചുകിട്ടുന്നു. കടുത്ത ഉത്ക്കണ്ഠയുടെ ആക്രമണ(Panic Attack)ത്തില്‍ ഇതു നിങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. കടുത്ത ഉത്ക്കണ്ഠയെ തുടര്‍ന്നുണ്ടാകുന്ന മരവിപ്പില്‍ നിന്ന് രക്ഷപ്പെടാനും ശ്വാസഗതിയുടെ നിയന്ത്രണം നിങ്ങളെ സഹായിക്കും.


2. ബോധപൂര്‍വ്വം സ്വാസ്ഥ്യം വീണ്ടെടുക്കുക

ശാന്തമായി നടക്കുകയും ശാന്തമായി ജോലി ചെയ്യുകയും ചെയ്യുമ്പോള്‍ നാം തനിയെ ശാന്തരാകുന്നു. ശാന്തത സ്വയം കൈവരിക്കുന്നതുവരെ ശാന്തത ഉണ്ടാക്കിയെടുക്കുക തന്നെ ചെയ്യുക. നിങ്ങളുടെ തോളുകളെ 'റിലാക്സ്' ചെയ്യുക. തോളുകള്‍ താഴ്ന്ന് പിറകോട്ടാണ് ഇരിക്കേണ്ടത്. ഉത്ക്കണ്ഠാകുലരായവരുടെ തോളുകള്‍ ഉയര്‍ന്ന് മുന്നോട്ടാഞ്ഞ് കാണപ്പെടുന്നു. ശാന്തമായും സ്വസ്ഥമായും ഒന്ന് നടക്കുക. നിങ്ങളുടെ കൈകള്‍ നിങ്ങളുടെ വശങ്ങളില്‍ അയഞ്ഞ്, ശാന്തമായി സൗമ്യമായി ആടിക്കൊണ്ടു കിടക്കട്ടെ. എന്നാല്‍ തല ഉയര്‍ത്തിപ്പിടിച്ച് നടക്കുക. നിങ്ങളുടെ തോളുകള്‍ ശരിയായ 'പൊസിഷന്‍' കൈവരിക്കും.


വ്യായാമം

ചലനം ശരീരത്തിന്‍റെ സന്തുലിതാവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിനു സഹായിക്കും. ഉല്‍ക്കണ്ഠയുടെ ശാരീരികപ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് വ്യായാമം. ഉല്‍ക്കണ്ഠ ഉളവാക്കുന്ന ഊര്‍ജ്ജം ശരീരത്തില്‍നിന്നും ഒഴിവാക്കേണ്ടതുണ്ട്. വ്യായാമം അല്ലാതെ അതിന് ആരോഗ്യകരമായ മറ്റൊരു മാര്‍ഗ്ഗവും ഇല്ല. ഒരു നടത്തത്തിനു പോകുക. കൂട്ടുകാര്‍ക്കൊപ്പമോ, തനിച്ചോ. അല്ലെങ്കില്‍ ജിമ്മില്‍ പോകാം. പട്ടിയുടെ പിറകേ പായാം. നൃത്തം ചെയ്യാം. ഫുട്ബോള്‍ കളിക്കാം. ഒന്നും പറ്റിയില്ലെങ്കില്‍ ലിഫ്റ്റ് ഉപേക്ഷിച്ച് പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുകയെങ്കിലും ആവാം. ഉല്‍ക്കണ്ഠയില്‍ നിന്നുളവാകുന്ന ഊര്‍ജ്ജം ഉരുകിത്തീരുന്നതോടെ അതിന്‍റെ ശാരീരികലക്ഷണങ്ങളും ഇല്ലാതാകുന്നു.


നന്നായി കഴിക്കുക

ആരോഗ്യത്തിനായി കഴിക്കുക. അതിന്‍റെ വിശദാംശങ്ങള്‍ ഏഴാം അദ്ധ്യായത്തില്‍ നാം കണ്ടു കഴിഞ്ഞു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിന്നാല്‍, പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനം ശരീരത്തിന് കിട്ടിയാല്‍ എല്ലാ തലത്തിലും നിങ്ങള്‍ നന്നായി അനുഭവപ്പെടും. അനാരോഗ്യവും രക്തത്തിലെ പഞ്ചസാര അളവിലെ അടിക്കടിയുണ്ടാകുന്ന വ്യതിയാനങ്ങളും ഉല്‍ക്കണ്ഠയെ വല്ലാതെ വര്‍ദ്ധിപ്പിക്കും.  


വെള്ളം ഉപയോഗിക്കുക

ഉല്‍ക്കണ്ഠ കുറയ്ക്കാനുള്ള മാന്ത്രിക ഉപാധിയത്രേ വെള്ളം. ധാരാളം വെള്ളം കുടിക്കുക. വെള്ളം മുഖത്ത് തളിക്കുക. വെള്ളം കോരി കുളിക്കുക. ഷവറിനു കീഴില്‍ നില്‍ക്കുക. ഇതൊക്കെ നിങ്ങളെ ശാന്തതയിലേക്കു നയിക്കും.


തിരുമ്മല്‍

മസാജ് നല്ല അനുഭവമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ക്ഷീണിതമായ, മുറുകിയ, സമ്മര്‍ദ്ദത്തിലായ പേശികള്‍ അയയ്ക്കുന്നതിന് മസാജ് സഹായിക്കും. കണ്ണുകള്‍ക്കും കഴുത്തിനും ചുറ്റും തടവുന്നത് പ്രത്യേക ഗുണം ചെയ്യും.

(തുടരും)     

Featured Posts