top of page

ശാന്തനും കര്‍മ്മോല്‍സുകനുമാകാന്‍

Dec 6, 2024

2 min read

ടോം മാത്യു

പ്രസാദത്തിലേക്ക് പതിന്നാല് പടവുകള്‍

a smiling person

വിഷാദരോഗ-(depression)ത്തിനും അതിന്‍റെ അതിതീവ്ര നിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന(Bipolar disorder)ത്തിനും മരുന്നില്ല ചികില്‍സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് ആവിഷ്കരിച്ച പതിനാലു ദിനം കൊണ്ട് പൂര്‍ത്തിയാവുന്ന മനോനില ചിത്രണം (Mood mapping) തുടരുന്നു. പന്ത്രണ്ടാം ദിനത്തില്‍ വിഷാദ മാനസികനിലയില്‍ നിന്നുള്ള മോചനം ചര്‍ച്ച ചെയ്യുന്നു.

ഉത്കണ്ഠാകുലമായ മനസിനെ മാറ്റിയെടുക്കാന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളൊക്കെ വിഷാദാല്‍മക മനസിനെ മാറ്റാനും പ്രയോഗിക്കാം.മനോനില(mood)യെ സ്വാധീനിക്കുന്ന അഞ്ചു താക്കോലുകളെ വിഷാദമനോനില മാറ്റുന്നതിനായി എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് പരിശോധിക്കാം.

ഒന്നാം താക്കോല്‍: നമ്മുടെ ചുറ്റുപാടുകള്‍

നിങ്ങള്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇടം നിങ്ങളുടെ മനോനില(mood)യെസ്വാധീനിക്കും, തീര്‍ച്ച.

വിഷാദ(depression)ത്തിന്‍റെ കാര്യത്തില്‍ അത് വലിയ സ്വാധീനമാണ് ചെലുത്തുക. വിഷാദാല്‍മക അന്തരീക്ഷത്തില്‍ ജീവിക്കുന്ന ആര്‍ക്കും വിഷാദമല്ലാതെ മറ്റൊന്നും അനുഭവിക്കാന്‍ ആവില്ല. മ്ലാനമെന്ന് തോന്നിപ്പിക്കുന്ന, സുഖസൗകര്യങ്ങള്‍ താരതമ്യേന കുറവായിരുന്ന വിക്ടോറിയന്‍ മാനസികാരോഗ്യ കേന്ദ്രങ്ങളൊക്കെയും മനോഹരമായ ഭൂപ്രദേശങ്ങളിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് ശ്രദ്ധിക്കുക. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ചുറ്റുപാടുകളുടെ മനോഹാരിത സഹായിക്കുമെന്നവര്‍ കരുതുന്നു. ദക്ഷിണ ലണ്ടനില്‍ ജനറല്‍ മെഡിസിനില്‍ പ്രാക്ടീസ് ചെയ്യുമ്പോഴാണ് അതെന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് കുട്ടികളുടെ ഒരമ്മയെ അന്ന് ഞാന്‍ പരിചയപ്പെട്ടിരുന്നു. എല്ലാ ദിവസവും രാവിലെ കാലാവസ്ഥ എന്തായിരുന്നാലും അവര്‍ കുട്ടികളെയും കൂട്ടി അടുത്തുള്ള പാര്‍ക്കിലെത്തും.

കുട്ടികള്‍ കളിച്ചു തിമിര്‍ക്കുന്ന സമയം അവര്‍ ഹരിതാഭമായ ചുറ്റുപാടുകള്‍ ആസ്വദിക്കും. വിഷാദരോഗത്തിന് അടിപ്പെട്ട അവര്‍ സാമൂഹിക ആരോഗ്യപ്രവര്‍ത്തകരുടെ ഉപദേശം അനുസരിച്ചാണ് അതു ചെയ്തുകൊണ്ടിരുന്നത്. അവരുടെ കുട്ടികള്‍ക്ക് അതൊരു വ്യായാമവും അവര്‍ക്കത് മനസിന് അയവു നല്‍കുന്ന ഉല്ലാസകരമായ അനുഭവവുമായി.

ചുറ്റുപാടുകളില്‍ നിന്ന് ഊര്‍ജം സംഭരിക്കുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ നമുക്ക് പരിശോധിക്കാം.

1. സൂര്യപ്രകാശം സ്വീകരിക്കുക

കാലാവസ്ഥ പല തരത്തില്‍ നമ്മുടെ മനോനിലയെ ബാധിക്കും. മൂടിക്കെട്ടിയ അന്തരീക്ഷം വിഷാദാല്‍മകതയെ വര്‍ധിപ്പിക്കും. കാലാനുസൃത മനോനില വ്യതിയാന(Seasonal Affective Disorder SAD)മെന്നാണ് ഇതിന് പറയുക. സൂര്യപ്രകാശത്തിന്‍റെ അഭാവമാണ് അതിന് കാരണം. തലച്ചോറിലെ രാസപദാര്‍ത്ഥങ്ങള്‍ക്കു മേല്‍ സൂര്യപ്രകാശത്തിന് വലിയ സ്വാധീനമുണ്ട്. സൂര്യപ്രകാശത്തിന് വിഷാദത്തെ അകറ്റാനുള്ള പ്രത്യേക കഴിവുണ്ട്. തലച്ചോറിലെ മെലാറ്റോണിന്‍ ഹോര്‍മോണുകളുടെ തോത് ഉയര്‍ത്തി തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ സ്വാഭാവിക താളത്തിലാക്കാന്‍ സൂര്യപ്രകാശം സഹായിക്കുന്നു. എല്ലാ ദിവസവും അര മണിക്കൂര്‍ ഉച്ചഭക്ഷണ സമയത്ത് പുറത്തിറങ്ങി അല്‍പ്പം നടക്കുകയോ പാര്‍ക്കിലോ പൂന്തോട്ടത്തിലോ ഇരിക്കുകയോ ചെയ്യുക. വൈകാതെ വലിയ മാറ്റം നിങ്ങള്‍ അനുഭവിക്കും.

2. സംഗീതം ശ്രവിക്കുക.

വിഷാദാവസ്ഥയില്‍ പാട്ട് കേള്‍ക്കുക സന്തോഷകരമാണ്. വിഷാദാവസ്ഥയില്‍ ആശ്വാസത്തിനായി പലരും വിഷാദഗാനങ്ങളാണ് കേള്‍ക്കുക. പാട്ടിലെ വിഷാദം നിങ്ങളുടെ മനസില്‍ അലയടിക്കുമ്പോള്‍ അത് മനസിലെ വിഷാദത്തെ ഉച്ചാടനം ചെയ്യുന്നു. മനോനില (mood) വിഷാദത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ പിന്നെ മറ്റു ഗാനങ്ങളാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വിഷാദാല്‍മക മനോനിലയില്‍ നിന്ന് പൂര്‍ണമായും മോചിതരാകാം. വിഷാദത്തെ അഭിമുഖീകരിക്കാനുള്ള മാധ്യമമത്രേ സംഗീതം.

3. സ്നേഹിക്കുന്നവരുടെ ഫോട്ടോകള്‍ കാണുക

അസാധാരണ സാഹചര്യങ്ങളില്‍ പെടുന്നവര്‍ തങ്ങളുടെ ഉറ്റവരുടെ ഓര്‍മ്മകളുടെ പിന്‍ബലത്തില്‍ രക്ഷപെട്ടതിനെക്കുറിച്ചുള്ള കഥകള്‍ നാം കേള്‍ക്കാറുണ്ട്. നിങ്ങളുടെ കുടുംബത്തിന്‍റെ കുട്ടികളുടെ മാതാപിതാക്കളുടെ ഫോട്ടോ നിങ്ങളുടെ അരികില്‍ തന്നെ സൂക്ഷിക്കുക. ജീവിതത്തിലെ നന്മയുടെ ഓര്‍മ്മപ്പെടുത്തലുകളാണ് അവ.

ഞാന്‍ മാനസികാരോഗ്യകേന്ദ്രത്തിലായിരിക്കെ ഒരു വിവാഹഫോട്ടോ എനിക്കയച്ചുകിട്ടുകയുണ്ടായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഞാന്‍ ചികില്‍സിച്ച് ഭേദമാക്കിയ ഒരു കുട്ടിയുടെ വിവാഹഫോട്ടോ. അവളുടെ അമ്മയാണ് അതെനിക്കയച്ചു തന്നത്. അതെനിക്ക് നല്‍കിയ അത്യധികമായ ആശ്വാസം പറഞ്ഞറിയിക്കാനാവില്ല. ഞാന്‍ ചികിത്സിച്ച് ഭേദമാക്കിയ ഒരു കുട്ടി എത്രയോ മിടുക്കിയായി വളര്‍ന്നിരിക്കുന്നു. അതെന്‍റെ സൗഖ്യത്തെ ത്വരിതപ്പെടുത്തി.

4. ചെറിയൊരു പൂന്തോട്ടം ഉണ്ടാക്കുക

ജീവിതം രൂപപ്പെടുത്തുന്നതിന് തുല്യമാണ് ഒരു പൂന്തോട്ടം ഉണ്ടാക്കുന്നത്. ഒരു തുണ്ട് ഭൂമിയിലോ നിങ്ങളുടെ ഫ്ളാറ്റിന്‍റെ ബാല്‍ക്കണിയിലോ ആകാം അത്. മണ്ണുമായുള്ള സമ്പര്‍ക്കം പരിസ്ഥിതിയുമായുള്ള ബന്ധമാണ്. ഒരു ചെടി നടുന്നതും അത് മുള പൊട്ടുന്നതും തളിര്‍ക്കുന്നതും പൂക്കുന്നതും കാണുന്നത് ജീവിതമെന്ന അത്ഭുതത്തെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

(തുടരും)

Featured Posts

bottom of page