top of page

പൊടിക്കൈ

Jan 1, 2013

2 min read

ഫാ. ജോസ് വെട്ടിക്കാട്ട്
A bus with passengers inside.

ഒരു സ്വകാര്യാവശ്യത്തിനു പോയിട്ടു വരുന്നവഴിയായിരുന്നു. എനിക്കു പോകാനുള്ള റൂട്ടില്‍ ഒരു പ്രൈവറ്റുബസ്സ് കിടപ്പുണ്ടായിരന്നു. മൂന്നുമണികഴിഞ്ഞ സമയമായിരുന്നതുകൊണ്ട് വലിയതിരക്കില്ലായിരുന്നെങ്കിലും ഞാന്‍ ബസ്സില്‍ കയറുമ്പോഴേയ്ക്കും മിക്കവാറും സീറ്റുകള്‍ നിറഞ്ഞിരുന്നു. പിന്നിലത്തെ ഡോറിനെതിര്‍വശത്തായി മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടു സ്കൂള്‍കുട്ടികള്‍ മാത്രമേയുള്ളു. അവരുടെയടുത്ത് ഇരുന്നു. കണ്ടക്ടര്‍ മുന്‍ഭാഗത്തുനിന്നും ടിക്കറ്റുകൊടുത്ത് പിന്നിലെത്തി. ഞാന്‍ ടിക്കറ്റെടുത്തു. എന്‍റെയടുത്തിരുന്ന കുട്ടികളോടു കണ്ടക്ടര്‍ പറഞ്ഞു:


"ബസ്സുപോകാന്‍നേരത്തു സീറ്റുണ്ടെങ്കിലെ ഇരിക്കാവൂന്നു കുട്ടികളോടു പറഞ്ഞിട്ടുള്ളതല്ലേ?"


"അതു കണ്‍സഷന്‍ ചോദിച്ചെങ്കിലല്ലേ, ഞങ്ങളു തന്നോടു കണ്‍സഷന്‍ ചോദിച്ചില്ലല്ലോ."

"എന്നാപ്പിന്നെ എങ്ങോട്ടാണാവോ സാറന്മാര്‍ക്കു ഫുള്‍ടിക്കറ്റ്?"


അവര് പത്തുപന്ത്രണ്ടു കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിന്‍റെ പേരുപറഞ്ഞു.


"വീട്ടിലോ സ്കൂളിലോ എങ്ങാനും പറഞ്ഞേച്ചാണോടാ മക്കളെ ഈ വൈകുന്നേരം ടൗണിലേയ്ക്ക്?" ടിക്കറ്റിന്‍റെ ബാക്കി കൊടുത്തുകൊണ്ട് കണ്ടക്ടറു ചോദിച്ചു.


"അതിപ്പം തന്നോടു പറയണ്ടകാര്യമില്ലല്ലോ. എടോ കണ്ടക്ടറേ, കണ്ടക്ടറു കണ്ടക്ടറടെ പണിചെയ്താല്‍ മതി. ഹെഡ്മാസ്റ്ററു കളിക്കണ്ട"


"ഓ സോറി പിള്ളാരെ, അറിയാതെ ചോദിച്ചതാ. അപ്പനുമമ്മേം മക്കളെ വഴക്കുപറഞ്ഞാപ്പോലും പിടിച്ചു ജയിലിലിടുന്ന കാലമാ. ജനിപ്പിച്ചുവളര്‍ത്തി ഇത്രേമൊക്കെയാക്കാന്‍ അപ്പനുമമ്മേം വേണം, അതുകഴിഞ്ഞാല്‍ പിന്നെ അവരുടെപാട്ടിനു വിടണംപോലും. അതിന്‍റെയൊക്കെ ഗുണംകണ്ടില്ലേ, എത്രയെണ്ണത്തിനെയാ അമേരിക്കേലൊരുത്തന്‍ പള്ളിക്കൂടത്തില്‍ക്കേറി വെടിവച്ചുകൊന്നത്." ബാക്കിയുള്ളവര്‍ക്കു ടിക്കറ്റുകൊടുക്കുന്നതിനിയില്‍ കണ്ടക്ടറിങ്ങനെ അടുത്തകാലത്തുണ്ടായ ചില ദൂരന്തങ്ങളെപ്പറ്റിപ്പറഞ്ഞപ്പോള്‍ യാത്രക്കാരുടെയെല്ലാം സംസാരം അതിനെപ്പറ്റിയൊക്കെയായി. കുട്ടികളു രണ്ടും സ്വരംതാഴ്ത്തി തമ്മിലെന്തോ പറഞ്ഞുകൊണ്ടിരുന്നു.


ഒന്നിലും ശ്രദ്ധിക്കാത്തമട്ടിലിരുന്നിട്ട് കുറച്ചുകഴിഞ്ഞപ്പോള്‍ ഞാനവരോടു ചോദിച്ചു:


"എന്നാലും നിങ്ങളെക്കാള്‍ ഒത്തിരി പ്രായത്തിനുമൂത്ത ആ കണ്ടക്ടറെ എടോ, താനെന്നൊക്കെ നിങ്ങളു വിളിച്ചതു ശരിയായോ ?"


അപ്പോളവരൊന്നും പറഞ്ഞില്ലെങ്കിലും അല്പം കഴിഞ്ഞപ്പോള്‍ പറഞ്ഞു: "കഴിഞ്ഞ ഞായറാഴ്ച വേദപാഠത്തിനുചെന്നപ്പോള്‍ വികാരിയച്ചനും, സ്കൂളിലെ അസംബ്ളിയില്‍വച്ച് പ്രിന്‍സിപ്പല്‍ സാറും എവിടെയോ ആരാണ്ടുകുട്ടികള് അവരെവഴക്കുപറഞ്ഞതിന് അപ്പനേം അമ്മേം ജയിലില്‍ കയറ്റിയെന്നും പറഞ്ഞായിരുന്നു പ്രസംഗം. എന്‍റെയപ്പന്‍ എന്നും വീട്ടില്‍ക്കിടന്നമ്മയുമായിട്ടടിയാ, ഇപ്പം അപ്പന്‍ അമ്മയ്ക്കെതിരെ കേസും കൊടുത്തിരിക്കുവാ. ഇവന്‍റെയമ്മയാണെങ്കില്‍ ഇവനേംകൊണ്ട് ഒരു പ്രാവശ്യം വീട്ടീന്നിറങ്ങിപ്പോയതാ. ഞങ്ങളയല്‍വാസികളാ, പ്ളസ് വണ്ണിനു പഠിക്കുവാ. അപ്പനുമമ്മേം തമ്മില്‍ അടിവയ്ക്കാത്തപ്പം പഠിക്കാന്‍പറഞ്ഞ് എപ്പോഴും ഞങ്ങളോടു വഴക്ക്"


"നിങ്ങളിപ്പോള് ടൗണിലെന്തിനു പോകുവാ ?" അവന്‍ പറഞ്ഞുകഴിഞ്ഞതൊന്നും കേള്‍ക്കാത്തമട്ടില്‍ ഞാന്‍ ചോദിച്ചു.


"ഞങ്ങളു ക്രിസ്മസ്സ്കാര്‍ഡു വാങ്ങാന്‍ പോകുവാ. വീട്ടില്‍നിന്നു സമ്മതിച്ചിട്ടാ. സന്ധ്യയ്ക്കുമുമ്പ് തിരിച്ചുചെല്ലണമെന്നു പറഞ്ഞിട്ടുണ്ട്."


"അപ്പനുമമ്മേം തമ്മില്‍ത്തല്ലുമ്പോളമ്മ അപ്പനെ വിളിക്കുന്നതായിരിക്കും എടോ, പോടോന്നൊക്കെയല്ലേ?"


അതുവരെ വലിയ ടെന്‍ഷനിലിരുന്ന രണ്ടുപേരും ചിരിച്ചു പോയി.


"അതുശരി, അപ്പോള്‍ നിങ്ങള്‍ക്കു ചിരിക്കാനറിയാം. ഇതുതന്നെയാ ഏറ്റവും നല്ല ശിക്ഷ. അപ്പനേമമ്മേം ജയിലില്‍ പിടിച്ചിടാനൊന്നും പോകണ്ട. അവരടിപിടികൂടി മൂത്തുവരുമ്പം നിങ്ങളൊറ്റച്ചിരിയങ്ങു പാസ്സാക്കണം, നല്ല ഉറക്കെ. അടികിട്ടാതെ മാറിനിന്നുകൊണ്ടെ ഈ അഭ്യാസം ഇറക്കാവൂ"


"അവരു ഞങ്ങളെ അടിക്കാറൊന്നുമില്ല."


"അപ്പോള്‍ അവര്‍ക്കു മക്കളോടു സ്നേഹമുണ്ടെന്നുറപ്പ്'.'


അവരൊന്നും മിണ്ടിയില്ല.


"റ്റിവിയിലെ സീരിയലില്‍ കാണുന്ന അടിപിടിയേക്കാള്‍ രസം വീട്ടിലെ അവരുടെ കലമ്പലാ. അങ്ങനെയൊരു അഞ്ചാറു പ്രാവശ്യത്തെ ചിരിചികിത്സ കഴിയുമ്പം സാധാരണ അപ്പനുമമ്മേം കുറെക്കൂടെ ശ്രദ്ധിക്കാനും അലമ്പു കുറയ്ക്കാനും തുടങ്ങും, അടിപിടി കുറയുകയും ചെയ്യും.. ഇതുഫലിച്ചില്ലേല്‍ വേറേം മരുന്നുണ്ട്, തല്ക്കാലം ഇതുമതി."


അവര്‍ക്കും ചിരിവന്നു. എന്തായാലും ഞാനാരാ ണെന്നോ, ഇനിയെങ്ങിനെയാ കാണുന്നതെന്നോ ഒന്നുമവരു ചോദിച്ചില്ല.


"അപ്പനും അമ്മേം ഒന്നും നിങ്ങളാദ്യം പറഞ്ഞപോലെ അത്ര മോശക്കാരൊന്നുമല്ല. മക്കളു ഞാന്‍ പറഞ്ഞതുപോലുള്ള ചില്ലറ മരുന്നൊക്കെ വല്ലപ്പോഴും അവര്‍ക്കൊന്നു കൊടുത്താല്‍ മതി. എന്നിട്ടിതെല്ലാം ക്ളാസ്സില്‍ചെന്നു കൂട്ടുകാരോടു പറയുകയൊന്നും വേണ്ട. പിന്നെ, വണ്ടിയില്‍ നിന്നിറങ്ങുന്വോള്‍ ആ കണ്ടക്ടറോട് ഞങ്ങളു ചുമ്മാതെ വഴക്കുണ്ടാക്കിയതാ, സോറീന്നും കൂടെപ്പറഞ്ഞാല്‍ നിങ്ങള്‍ക്കുള്ള മരുന്നും ആകും, എന്തു പറയുന്നു?"


"കണ്ടെങ്കില്‍ പറയാം."


ഏതായാലും ടൗണെത്തിയപ്പോള്‍ അവരിറങ്ങി. വാതില്‍ക്കലുണ്ടായിരുന്ന കണ്ടക്ടറോട് അവരെന്തോ പറയുന്നതു കണ്ടു.

ഫാ. ജോസ് വെട്ടിക്കാട്ട്

0

1

Featured Posts