top of page

വാക്കില്‍ തളിര്‍ക്കുന്നവര്‍

Apr 1, 2017

4 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
a person reading a book in candle light

"Plants, a word of Love, heart - deep in a persons' life. Nurture it with a smile and a prayer and watch what happen" - Max Cucado“

നല്ല വാക്കിനുവേണ്ടിയുള്ള അര്‍ത്ഥന യഥാര്‍ത്ഥത്തില്‍ വെളിച്ചത്തിനുവേണ്ടിയുള്ള നിലവിളി തന്നെയാണ്. നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണമെന്നാണ് ഇപ്പോഴും അമ്മമാര്‍ കുഞ്ഞുങ്ങളെ മടിയിലിരുത്തി ആ പരമചൈതന്യത്തോട് യാചിക്കുന്നത്. ലളിതമായ ഈ പ്രാര്‍ത്ഥനയില്‍ പോലും വാക്കിന് അലൗകികമായ ഒരു പൊരുള്‍ കൈവരുന്നുണ്ട്. ഭൗതികമായ വസ്തുതകളല്ല ലക്ഷ്യം.. വാക്കില്‍ അപരന്‍ രൂപപ്പെടുന്നു.. വാക്കില്‍ സമൂഹം തെളിയുന്നു. ലോകത്തിന്‍റെ വാക്കായി നിലനില്‍ക്കാന്‍ കഴിയുക, സ്വയം വാക്കായി തിരിച്ചറിയുക എന്നതിനെക്കാള്‍ സാര്‍ത്ഥകമായി മറ്റെന്തുണ്ട്.

എല്ലാ കാലത്തെയും മാനവ ഭാവനയെ പ്രകോപിപ്പിച്ചിരുന്ന ഒന്നായിരുന്നു വാക്ക്. നവോത്ഥാന കാലത്ത് അതിന്‍റെ പേര് മനുഷ്യന്‍ എന്നായിരുന്നു... കാലം ചെല്ലുമ്പോള്‍ ഏകാന്തതയെന്നായി... അതി ഭൗതിക സങ്കീര്‍ണ്ണതയെന്നായി. അസ്തിത്വപ്രതി സന്ധിയെന്നായി... നക്സലിസമെന്നായി... മനുഷ്യനുവേണ്ടിയുള്ള വിപ്ലവാഭിമുഖ്യങ്ങളിലെല്ലാം വാക്ക് തീക്കാറ്റായി വീശി... വാക്ക് അഗ്നിയാണ്.

സംസ്കാരപഠനങ്ങളുടെ വക്താവെന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന റെയ്മണ്ട് വില്യം അറിവിന്‍റെ പുതിയ വഴികള്‍ക്ക് കൊടുത്ത പേര് കീ വേര്‍ഡ്സ് എന്നാണ്. താക്കോല്‍ വാക്കുകള്‍ എന്ന് മൊഴിമാറ്റം... ഹൃദയത്തിലേക്കുള്ള താക്കോല്‍ വാക്കുകള്‍. ആരുടെ ഹൃദയത്തിലേക്ക്? മറഞ്ഞു പോയതോ അടിച്ചമര്‍ത്തപ്പെട്ടതോ ആയ ദേശസംസ്കാരങ്ങളുടെ ഉള്ളറകളിലേക്ക് തുറക്കുന്നവ... നിങ്ങള്‍ നിരന്തരം ഉപയോഗിക്കുന്ന പദങ്ങളേതെന്ന് നിരീക്ഷിക്കുക. അതിനിടയില്‍നിന്ന് കരിയില പറന്നുപോയ മണലിലെന്നപോലെ നിങ്ങളുടെ സ്വത്വം തെളിയുന്നുണ്ട്.

കടമ്മനിട്ട കവിതകളധികവും താളമായും പ്രണയമായും ക്രോധമായും മാറുന്ന വാക്കുകളെക്കുറിച്ചാണ്. അക്ഷരമാല എന്ന കവിത ഓര്‍ക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള സംവാദം. മരവും ശാഖകളും വേരുകളും തളിര്‍പ്പുകളും കാറ്റും വെളിച്ചവും അക്ഷരമാണെന്ന് അമ്മ പറഞ്ഞു കൊടുക്കുന്നു: വാടാമലരുകള്‍, കുഞ്ഞേ നീയതു കൊള്ളേണം. അക്ഷരമാല ധരിക്കേണം നീ.

സൃഷ്ടിക്കുകയാണ് വാക്കിന്‍റെ ധര്‍മ്മമെന്നറിഞ്ഞിട്ടും ആ പറുദീസയിലേക്ക് ശാപം ഇഴഞ്ഞു വന്നു. മനുഷ്യന്‍റെ നിസ്സഹായതയില്‍നിന്നും പ്രാചീനമായ ഏതോ നീതിബോധത്തില്‍ നിന്നുമാണ് അത് ഉരുവായത്. സ്ത്രീകളുടെ ഭാഗത്തുനിന്നുമാണ് പലപ്പോഴും അത്തരം കയ്പുള്ള വാക്കുകള്‍ എന്ന് നിരീക്ഷിച്ചിട്ടില്ലേ. മഹാഭാരതത്തില്‍ നടുക്കുന്നൊരു മുഹൂര്‍ത്തമുണ്ട്. ആ അമ്മയുടെ ദുഃഖം കലര്‍ന്ന ശാപവാക്കുകളില്‍ ഒരു കാവ്യനീതിയുണ്ടെന്ന് ഖേദത്തോടെ കൃഷ്ണന്‍ പോലും തിരിച്ചറിഞ്ഞു. നൂറ്റിയൊന്നു മക്കളും ജീവനറ്റു കിടക്കുന്ന യുദ്ധക്കളം കാണാനാണ് ഗാന്ധാരി സ്വയം വരിച്ച അന്ധതയില്‍നിന്ന് പുറത്തുവന്നത്. സമാനമായ സംഘര്‍ഷങ്ങളുടെയും ദുരന്തങ്ങളിലൂടെയും യാദവകുലം മുടിഞ്ഞുപോകുമെന്ന് അവര്‍ ശപിക്കുമ്പോള്‍ അതിനെ തിരുത്തുന്നില്ല മുകുന്ദന്‍. തങ്ങളത് അര്‍ഹിക്കുന്നുവെന്ന മട്ടില്‍ ഖിന്നനാവുകയാണ്. അമ്മയുടെ സത്യത്തിന് അഗ്നിനാളത്തെക്കാള്‍ ചൂടുണ്ട്. പൂതപ്പാട്ടിലെ പൂതം അമ്മയുടെ ശാപത്തെ മാത്രമാണ് ഭയക്കുന്നത് എന്ന് ഓര്‍മ്മിക്കുക...

നല്ല വാക്കിലേക്കുതന്നെ വരാം. ശാപങ്ങളുടെ ഒരു പരിസരത്തില്‍നിന്ന് പൊടിച്ചിട്ടും ബൈബിള്‍ അതില്‍നിന്നും മാറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എല്ലാം നല്ലതെന്ന് ആത്മഗതം ചെയ്ത് ആരംഭിക്കുകയാണ് ആ പുസ്തകം. എന്താണ് നല്ലതല്ലാത്തത് എന്ന വിചാരത്തിലാണല്ലോ സര്‍വ്വ മനുഷ്യരും ബുദ്ധരാകേണ്ടത്. നിങ്ങളില്‍ ഉള്ളവന്‍ പുറത്തുള്ളവനേക്കാള്‍ ശക്തനാണെന്നാണ് (1 ജോണ്‍ 4:4) ഓരോ നല്ല വാക്കും അത്യന്തികമായി നിങ്ങളോട് മന്ത്രിക്കുന്നത്. നല്ലതു പറഞ്ഞും, നല്ലതിനെ പ്രചോദിപ്പിച്ചും എല്ലാം ഒരുനാള്‍ ശുഭകരമാവുമെന്ന് ഓര്‍മ്മിപ്പിച്ചുമൊക്കെ ആര്‍ക്കൊക്കെയോ കൂട്ടായി നിങ്ങള്‍ ജീവിതസായന്തനത്തിലെത്തുമ്പോള്‍ വേദപുസ്തകത്തിലെ വാക്ക് ഉള്ളില്‍ മാംസം ധരിക്കുന്നു - ഒടുവില്‍ നിങ്ങള്‍ ഒരാശീര്‍വാദമായി മാറും (ഉല്‍പത്തി 12:2).

നല്ല വാക്കുകള്‍കൊണ്ട് ഉത്സവം കരേറ്റുകയാണ് പുതിയ നിയമം. എല്ലാവരും പരസ്പരം അണച്ചുപിടിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യുകയാണ്. സ്വര്‍ഗം ഒരു ചെറിയ പെണ്‍കുട്ടി നന്മനിറഞ്ഞവളെന്നു വിളിച്ചാണാരംഭിക്കുന്നത്. വയോധികയായ ഒരു സത്രീ ആ ചെറിയ പെണ്‍കുട്ടി തന്നെ കാണാന്‍ വരുന്നുണ്ടെന്നറിഞ്ഞ് തിടുക്കത്തില്‍ പടവുകള്‍ ചവുട്ടി താഴേക്ക് പോകുകയാണ്. ഉള്ളിലെ കുഞ്ഞുപോലും നിന്‍റെ വരവില്‍ കുതിച്ചു ചാടുന്നല്ലോ എന്ന് കാതില്‍ മന്ത്രിച്ചുകൊണ്ട്... ഒരോ കുഞ്ഞിന്‍റെ പിറവിയിലും എന്തൊക്കെയാണ് ആ ജ്ഞാനവൃദ്ധന്മാര്‍ പറയുന്നത്. Goethe  നിരീക്ഷിക്കുന്നതുപോലെ: "In praising or loving a child,  We love and praise not that which is, But that which we hope for."  സലൂണില്‍ തന്‍റെ മുടിവെട്ടാന്‍ സഹായിയായി നിന്ന ഒരു പെണ്‍കുട്ടിയോട് നീ നൃത്തം പഠിച്ചിട്ടുണ്ടോയെന്ന് ആരായുന്ന ഒരാള്‍ ചെയ്തത് അതു തന്നെയാണ്. ഇല്ലായെന്ന് പറഞ്ഞപ്പോള്‍ നിന്‍റെ ചലനങ്ങള്‍ക്ക് എന്തൊരു ഭംഗി. നീ നിശ്ചയമായും അതിന് ശ്രമിക്കണമെന്ന് പറഞ്ഞ് കുറെക്കൂടി വിശാലമായ ലോകത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ്. ഒരു വെള്ളാരംകല്ല് പുഴയിലേക്ക് ഇടുന്നതുപോലെയാണ് കാര്യം. കല്ലു മായുന്നു, കുറെയധികം ചുറ്റോളങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട്. എന്തൊരു ആത്മവിശ്വാസമാണ് അത് ഓരോരുത്തരിലും സൃഷ്ടിച്ചെടുക്കുന്നത്.

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുത്തില്‍ പ്രിയമുള്ള ചെറുപ്പക്കാരുടെ രണ്ടു സംഘങ്ങള്‍ Wisconsin  യൂണിവേഴ്സ്റ്റിയിലുണ്ടായിരുന്നു. ഒരു കൂട്ടര്‍ തങ്ങളെത്തന്നെ വിളിച്ചിരുന്നത് The Stranglers എന്നാണ് - വാക്ക് സൂചിപ്പിക്കുന്നതുപോലെ നിശിതമായി പരസ്പരം വിമര്‍ശിച്ചാണവര്‍ മുമ്പോട്ട് പോയത്. രണ്ടാമത്തെ കൂട്ടര്‍ Wranglers എന്നറിയപ്പെട്ടു. അവര്‍ അന്യോന്യം അഭിനന്ദിച്ചും ഏറ്റവും ചെറിയ നേട്ടങ്ങളെപ്പോലും ആഘോഷമാക്കിയും മുമ്പോട്ടു പോയി. ശ്രദ്ധേയമായ കാര്യം ആദ്യത്തെ കൂട്ടത്തില്‍ നിന്നൊരാള്‍പോലും പിന്നീട് എഴുത്തുകാരനെന്ന നിലയില്‍ എവിടെയും ഇടം കണ്ടെത്തിയില്ല. എന്നാല്‍ രണ്ടാമത്തെ ഗണത്തില്‍നിന്നും ഏതാണ്ട് പകുതിയോളം പേര്‍ പുസ്തക ഷെല്‍ഫിലും വായനക്കാരുടെ ഹൃദയങ്ങളിലും ഇടം കണ്ടെത്തി. The yearling എന്ന അമേരിക്കന്‍ ക്ലാസിക്, എഴുതിയ Marjorie Kinnan Rawlings ഉള്‍പ്പെടെയുള്ളവര്‍ അതില്‍പെടുന്നു.

വിശേഷിച്ചും ഉറ്റവരുടെ ചില നല്ല വാക്കുകള്‍ക്ക് പകരം വയ്ക്കാനെന്തുണ്ട്. ബില്ലിഗ്രഹാം അമ്മയെ ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. അമ്മയുടെ മരണത്തിന് ഏതാനും നാളുകള്‍ക്കുമുമ്പ് അവരുടെ അരികിലെത്തി ഇങ്ങനെയാണയാള്‍ അമ്മയ്ക്ക് വാക്കു കൊടുത്തത്: അമ്മ, ഞാന്‍ അവന്‍റെ ജനനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഉത്ഥാന ത്തെക്കുറിച്ചും പ്രഘോഷിക്കാനാണ് നിശ്ചയിച്ചിരി ക്കുന്നത്, അവന്‍ വീണ്ടും വരുവോളം. അമ്മ മകന്‍റെ കൈകള്‍ മുറുകെപ്പിടിച്ചു, എനിക്കതുറപ്പുണ്ട് എന്ന് മന്ത്രിച്ചു. മക്കളെ വിശ്വസിക്കുന്ന മാതാപിതാക്കളുണ്ടാവുകയാണ് ഈ ചെറിയ ജീവിതത്തിലെ വലിയ സുകൃതമെന്ന് ബില്ലി ലോകത്തോട് വിളിച്ചു പറയുന്നുണ്ട്. വാക്കുകള്‍ക്ക് അര്‍ത്ഥം കൊടുക്കു ന്നത് നിഘണ്ടുവല്ല ഹൃദയമാണെന്ന് കൂട്ടിച്ചേര്‍ക്കു കയും ചെയ്തു.

ഒരു കുട്ടിയെ ഓര്‍ക്കുന്നു. നാലേ നാല് വര്‍ഷമാണ് പള്ളിക്കൂടത്തില്‍ പോകാന്‍ പറ്റിയത്. മുടിഞ്ഞ വിശപ്പായിരുന്നു അവന്‍റെ പ്രശ്നം. കടത്തില്‍ മുങ്ങിപ്പോയ അപ്പന് അത് ശമിപ്പിക്കാനാകാത്തതുകൊണ്ട് ഒരു വെയര്‍ഹൗസില്‍ ചെറുപ്പത്തിലേ പണിക്കു പോയി. കുപ്പികള്‍ക്ക് ലേബല്‍ പതിപ്പിക്കുകയായിരുന്നു പണി. ഒരു കുടുസുമുറിയില്‍ മറ്റ് രണ്ടുപേരോടൊപ്പം ചുരുണ്ടുകൂടി ഉറങ്ങുകയും ചെയ്യും. എന്നാലും അവന് എഴുത്തിനോട് ഒരു ഭ്രമമുണ്ടായിരുന്നു. ഒരാളും കാണാതിരിക്കുവാന്‍ പാതിരാവിലാണ തൊക്കെ പോസ്റ്റ് ബോക്സിലിട്ടത്. കഥകള്‍ വലിയ പഴക്കം കൂടാതെ മടങ്ങിയെത്തി.  കടശ്ശി ഒരു കഥ സ്വീകരിക്കപ്പെട്ടു. പ്രതിഫലമൊന്നും കിട്ടിയില്ല. പക്ഷേ, അഭിനന്ദനത്തിന്‍റെ ഒരു ചെറിയ കുറിപ്പ് അതിലുണ്ടായിരുന്നു.  സന്തോഷംകൊണ്ട് അവന്‍ നിലവിളിച്ചു. എഴുത്തിനെ ഗൗരവമായെടുക്കാന്‍ ആ കുറിപ്പ് പ്രേരണയായി. ആ ഒരു വരിയുടെ സാന്ത്വനം ഇല്ലായിരുന്നുവെങ്കില്‍ ഏതോ കുടുസു ഫാക്ടറിയിലെ ഇരുട്ടില്‍ അവന്‍റെ പേര് എന്നേയ്ക്കുമായി മാഞ്ഞുപോയേനെ. ഉവ്വ്, ഊഹിക്കുന്ന ആള്‍തന്നെ-ചാള്‍സ് ഡിക്കന്‍സ്. ദുരിതങ്ങളുടെ മലവെള്ളപ്പാച്ചിലിനിടയില്‍ ഒരുണക്കയിലപോലും ചെറുജീവികള്‍ക്ക് നൗകയാകാറുണ്ട്...

അത്തരം വാക്കുകളുടെ സാന്ത്വനത്തെക്കുറിച്ച് ലോകമെമ്പാടുനിന്നും നിങ്ങള്‍ക്ക് എത്ര കഥകള്‍ വേണമെങ്കിലും  കേള്‍ക്കാനുണ്ടാകും. കളിക്കളത്തില്‍ ഉയര്‍ന്നു വരുന്ന പന്ത് അടിച്ചുവീഴ്ത്താ നാവാതെ മരവിച്ചു നിന്ന അഗൂത്ത എന്ന പെണ്‍കുട്ടിയോട്  സഹപാഠി മന്ത്രിക്കുകയാണ് Come on, you can do it.. നിനക്കതാവുമെന്ന്. ലോകത്തെ ഏറ്റവും വലിയ മാന്ത്രികവാക്കായിട്ടാണ് ശിഷ്ടകാലത്തില്‍ അവരതോര്‍മ്മിച്ചെടുക്കുന്നത്. മുമ്പോട്ട് ഒരു ചുവടുപോലും അസാധ്യമാണെന്ന് കരുതുമ്പോഴൊക്കെ ആരോ കാതില്‍ മന്ത്രിക്കുന്നു - നിനക്കതുപറ്റും. ആവശ്യത്തിലേറെ ശീലുകള്‍ തെറ്റിപ്പോയ ഒരു കണ്‍സേര്‍ട്ടിനുശേഷം മനസുമടുത്ത് ഇരിക്കുമ്പോള്‍ അതിനെ അഭിനന്ദിക്കാനെത്തിയ വൃദ്ധയോട് ഒരു സംഗീതജ്ഞന് ഈര്‍ഷ്യ തോന്നി: നിങ്ങളെന്‍റെ അപശ്രുതികളൊന്നും കേട്ടില്ലേ. ഉവ്വ് കേട്ടിരുന്നു. അതിലും എത്ര മടങ്ങാണ് നിങ്ങള്‍ പാടിത്തീര്‍ത്ത ഗീതങ്ങളുടെ ഭംഗി. അയാള്‍ക്കപ്പോള്‍ കൃതജ്ഞതകൊണ്ടു കരയണമെന്നു തോന്നി. ചെറിയ ചെറിയ വാക്കുകള്‍ ജീവനിലേക്കുള്ള കുഴലൂത്തുകളാവുന്നു. വായന വേണമെങ്കില്‍ ഇവിടെ വച്ച് മുറിച്ചോളൂ. ഒന്നു കണ്ണുപൂട്ടിയിരുന്ന് നിങ്ങളുടെ ജീവിതത്തെ മുമ്പോട്ടു പോകാന്‍ പ്രേരിപ്പിച്ച ആ നല്ല മനുഷ്യരെയും അവരുപയോഗിച്ച പദങ്ങളെയും ഒന്ന് ഓര്‍മ്മിച്ചെടുക്കൂ.ശുഭാപ്തിയാണ് നല്ല വാക്കുകളുടെ വേര്. രാജാജി തന്നെക്കുറിച്ച് പറയുന്ന ഫലിതം പോലെ: ഇതാണ് ഗാന്ധിജിയും ഞാനും തമ്മിലുള്ള വ്യത്യാസം. ഒരാളെ പരിചയപ്പെടുമ്പോള്‍ത്തന്നെ അയാള്‍ നല്ലവനാണെന്ന് ഗാന്ധി ഉറപ്പാക്കുന്നു.  അങ്ങനെയല്ലെന്ന് അയാള്‍ തെളിയിക്കുവോളം. താനാവട്ടെ ആദ്യകാഴ്ചയില്‍ തന്നെ ഒരാളെ കള്ളനെന്ന് വിലയിരുത്തുന്നു. അതങ്ങനെയല്ലെന്ന് പിന്നീട് തെളിയിക്കേണ്ട ബാദ്ധ്യത അയാളുടേതാണ്! പെരുകുന്നത് രാജാജിയുടെ വംശക്കാരാണ്. അമീബയെപ്പോലെ സ്വയം വിഭജിച്ച് പെരുകുന്നവര്‍! തിരിഞ്ഞുനോക്കുമ്പോള്‍ ശിരസ്സുകുനിക്കുവാന്‍ ആവശ്യത്തിലേറെ കാരണങ്ങളുള്ള നമ്മുടെ അനുതാപത്തിന്‍റെ പട്ടികയില്‍ അതുമുണ്ടാവണം. ഒരു നല്ല വാക്കിന്‍റെ ആനന്ദമോ ആനുകൂല്യമോ ലഭിക്കാതെ എങ്ങോട്ടോ ഇറങ്ങിപ്പോയവര്‍. അങ്ങനെയാണവരെ നാം പരമദരിദ്രരാക്കിയത് ഒരു വാക്കില്‍പ്പോലും വല്ലാതെ തളിര്‍ക്കുന്നവരായി സ്ത്രീജീവിതത്തെ നിരീക്ഷിക്കുന്നുണ്ട്. അവനുമതാവശ്യമുണ്ട് : പാട്രിക് മോര്‍ലിയുടെ, What Husbands Wish Their Wives Knew About Men അയാളുടെ അടിസ്ഥാന ആവശ്യമായി അതിനെ എണ്ണി എടുക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണ് ദൈവം ആരംഭിച്ചുതുടങ്ങിയ സൃഷ്ടിയുടെ വേലകള്‍ നിങ്ങള്‍ തുടരേണ്ടത്. ഒരാളെയും പൊതുവിടങ്ങളില്‍ വച്ച് തിരുത്താതെയും പാളിച്ചകള്‍ പരാമര്‍ശിക്കാതെയുമുള്ള ജീവിതം ആ നല്ല വാക്കിന്‍റെ എക്സ്റ്റന്‍ഷന്‍ തന്നെയാവുന്നു.

നല്ല വാക്കോതുവാന്‍ ഒരു കടപ്പുറത്തെത്തന്നെ പരിചയിപ്പിച്ചയാള്‍ തന്നെയാണ് ആരെയും വഴിയില്‍ അഭിവാദ്യം ചെയ്യരുതെന്ന് നിഷ്ക്കര്‍ഷിച്ചിരിക്കുന്നത്. തെല്ല് വിചിത്രമാണെന്ന് തോന്നാവുന്ന ഈ നിര്‍ദ്ദേശത്തിന്‍റെ പൊരുളെന്താവണം. ഉപചാരത്തി ന്‍റെയും സാമൂഹ്യബാധ്യതയുടെയും പേരില്‍ നിങ്ങളുരുവിടുന്ന വാക്കുകള്‍ക്കു പിന്നില്‍ ഹൃദയ സാന്നിദ്ധ്യമുണ്ടാവില്ല എന്ന ഭയം കൊണ്ടാവണമത്. സ്നേഹമില്ലാത്തവരുടെ വാക്ക് മുഴങ്ങുന്ന ചെമ്പായി മാറുന്നു എന്ന പൗലോസിന്‍റെ വാക്കില്‍ അതിന്‍റെ പ്രതിധ്വനികള്‍ ഉണ്ട്.

വീണ്ടും ഒരു ഏപ്രില്‍ 4. നല്ല വാക്കോതി തന്‍റെ പരിസരത്തെ കുലീനമാക്കിയൊരാളുടെ ഓര്‍മ്മത്തിരുനാള്‍. പൊന്നുരുന്നിയിലേക്കു വരൂ. ഇപ്പോഴും സജ്ജീവമായ ആ സ്മൃതിയില്‍ പങ്കുചേരൂ. 

സ്നേഹം.

ഫാ. ബോബി ജോസ് കട്ടിക്കാട്

0

0

Featured Posts