top of page

എന്‍റെ ഉള്ളിലൊരു പുണ്യവാളന്‍

Oct 1, 2015

7 min read

പ്രൊഫ. എസ്. ശിവദാസ്
St. Francis Assisi

പൂ അറിഞ്ഞാണോ പൂ വിടരുന്നത്? പൂമണം പൊഴിക്കുന്നത്? പൂവിനുള്ളില്‍ പൂന്തേന്‍ നിറയുന്നത്? അതൊക്കെ അങ്ങനെ സംഭവിക്കുന്നു. നമ്മുടെ ഉള്ളിലും അങ്ങനെ ചിലതൊക്കെ സംഭവിക്കുന്നു. അത് നാമറിയാതെ നമ്മുടെ ജീവിതത്തിന്‍റെ സംഗീതമാകും. നമ്മെ നിരന്തരം നയിക്കുന്ന വെളിച്ചവുമാകും.


എന്‍റെ ഉള്ളില്‍ പ്രകൃതിബോധം വളര്‍ന്നതും അങ്ങനെയായിരുന്നു. ദൈവബോധത്തോടോ ധര്‍മ്മബോധത്തോടോ ഒപ്പം അതും വളര്‍ന്നു. ആ അവബോധങ്ങളുടെ സംഗീതത്തില്‍ ഒരു രാഗമായി, നാദമായി, താളമായി എന്നോ എങ്ങനെയോ ഫ്രാന്‍സിസ് പുണ്യവാളനും കൂടി. ദിവ്യമായ സംഗീതം പൊഴിച്ച് എന്നെ ആനന്ദിപ്പിച്ചു. ദിവ്യമായ ഒരു ഭ്രാന്തിനുമാത്രം കഴിയുന്ന നിഷ്ക്കളങ്കമായ പൊട്ടിച്ചിരിയും നൃത്തവും കലഹവും പ്രേമവും കൊണ്ട് എന്നെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എന്‍റെ ജീവിതപാതയ്ക്ക് ദിശാബോധവും നല്‍കി. അതെപ്പറ്റി യുക്തിയുക്തമായി വിവരിച്ച് ഒരു പ്രബന്ധമെഴുതാനുള്ള ശേഷി സത്യമായും എനിക്കില്ല.


അമ്മയെ അറിയാന്‍ അമ്മയുടെ മുലകുടിച്ചു വളരണം. അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കണം. അമ്മയുടെ ചൂടും ചൂരും ചിരിയും പരിഭവവും ദേഷ്യവും വേവലാതിയും കണ്ണീരും സ്വപ്നങ്ങളും മനസ്സിലാക്കണം. അമ്മയോട് അടുത്തിടപഴകണം. പ്രകൃതിയമ്മയെ അറിയാനും ആ അമ്മയുടെ മടിത്തട്ടിലേയ്ക്ക് ഇറങ്ങണം, പ്രകൃതിയെ കാണണം, അറിയണം, അനുഭവിക്കണം, അത്ഭുതപ്പെടണം, ആനന്ദിക്കണം. കമ്പ്യൂട്ടറും ടിവിയുമൊന്നുമില്ലാതിരുന്ന കാലത്ത് ജീവിക്കാന്‍ ഭാഗ്യമുണ്ടായതിനാല്‍ ഞാനും ബാല്യകാലത്ത് പ്രകൃതിയമ്മയെ അറിഞ്ഞു വളര്‍ന്നു. ചെരിപ്പിടാതെ മണ്ണിലിറങ്ങി ഓടിച്ചാടി തലകുത്തിമറിഞ്ഞ് കളിച്ചപ്പോള്‍ മണ്ണ് എന്തെന്നറിഞ്ഞു. മണ്ണിന്‍റെ മാര്‍ദ്ദവവും തണുപ്പുമറിഞ്ഞു. മണ്ണപ്പം ചുടാന്‍ മണ്ണു മാന്തിയെടുത്തപ്പോള്‍ മണ്ണിന്‍റെ ഉള്ളറിഞ്ഞു. മണ്ണിനടിയിലും ജീവികളുണ്ടെന്നറിഞ്ഞു. പൊടിമണ്ണിലൂടെ തിരക്കിട്ടു പോകുന്ന ഒരു സുന്ദരനായ പുഴുവിനെ ചൂണ്ടി ആരോ പറഞ്ഞുതന്നു, കണ്ടോ ദൈവത്തിന് എണ്ണയും കൊണ്ടുപോകുന്ന എണ്ണപ്പുഴു. ഞാന്‍ അന്ന് എന്‍റെ കുഞ്ഞുവിരലുകളിലൊന്നുകൊണ്ട് എണ്ണപ്പുഴുവിന്‍റെ മുകളിലൊന്നു തൊട്ടു. ഹായ്! വിരലിലൊരിറ്റ് എണ്ണ. ഞാന്‍ ഭക്തിപൂര്‍വ്വം എണ്ണപുരണ്ട വിരല്‍ നെറ്റിയില്‍ തൊട്ടു. പിന്നെ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു: "ദൈവമേ പിണങ്ങല്ലേ. ഞാന്‍ ഒരിറ്റ് എണ്ണയേ എടുത്തുള്ളൂ." പിന്നെ ഞാനൊരു കള്ളച്ചിരി ചിരിച്ചു. ദൈവത്തിന്‍റെ എണ്ണ നെറ്റിയില്‍ പറ്റിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു ചിരി. ദൈവമേ നിന്‍റെ എണ്ണ എന്‍റേയും എണ്ണ. ഞാനതെടുക്കും; ട്ടോ. അതായിരുന്നു അന്ന് എന്‍റെ ഭാവം. അക്കാലത്തായിരുന്നു ഞാന്‍ സൃഷ്ടിയുടെ അത്ഭുതവും കണ്ടറിഞ്ഞത്. മുറ്റത്തും പറമ്പിലുമായി എത്രയെത്ര സസ്യങ്ങള്‍. മുക്കുറ്റി മുതല്‍ ബലിക്കറുക വരെ. കുറുന്തോട്ടി മുതല്‍ ചങ്ങലംപരണ്ട വരെ. പിന്നെ എത്രയോ ഇനങ്ങള്‍. കാട്ടുറുമ്പും കടിയനുറുമ്പും പുളിയുറുമ്പും മുതല്‍ നെയ്യുറുമ്പുവരെ എത്രയെത്ര ഉറുമ്പുകള്‍. തേന്‍കിളിയും ആറ്റക്കുരുവിയും ഇരട്ടത്തലച്ചിയും കാക്കയും കുയിലും ഓലേഞ്ഞാലിയും പൊന്മാനും മുതല്‍ പ്രാവും തത്തയും വരെ. എല്ലാം ദൈവത്തിന്‍റെ മക്കള്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കിയത് ഒരു ഓണനാള്‍ ആയിരുന്നു. അന്ന് അമ്മ ചോറും പരിപ്പും പപ്പടവും നെയ്യും കൂടി കുഴച്ചെടുത്തു. അമ്മയുടെ സഹായിയായി അമ്മ എന്നെ അടുത്തുനിര്‍ത്തിയിരുന്നു. കൈയില്‍ കുറെ ഇലക്കീറുകളും ഏല്പിച്ചിരുന്നു. വീടിനു ചുറ്റും വരാന്തയുണ്ടായിരുന്നു. അവിടെ ഇടയ്ക്കിടെയായി ഇലക്കീറുകള്‍ വയ്ക്കാന്‍ അമ്മ പറഞ്ഞു. ഞാന്‍ ഇലകള്‍ നിലത്തുവച്ചു. അമ്മ ഓരോ ഇലയിലും ഓരോ ഉരുള വച്ചു. ചോറു, പരിപ്പു, പപ്പട, നെയ്യുരുളകള്‍. "ഇതെന്തിനാ അമ്മേ?" ഞാന്‍ ചോദിച്ചു. "മോനേ ഓണമല്ലേ. ഓണത്തിന് ഉറുമ്പിനും കൊടുക്കണം. ഉറുമ്പുപോലും ഓണനാള്‍ പട്ടിണികിടക്കരുത്. കിടന്നാല്‍ ഓണം ഓണമാകില്ല. പാവം. അതും ദൈവത്തിന്‍റെ മക്കള്‍. നിന്നേപ്പോലെ. എന്നേപ്പോലെയും."


എന്‍റെ ദൈവമേ നിനക്കു മക്കള്‍ കുറെ ഉണ്ടല്ലോ. ഞാന്‍ അന്ന് അതോര്‍ത്ത് അത്ഭുതപ്പെട്ട് ദൈവത്തോടു ചോദിച്ചുപോയി. പിന്നീടൊരുനാള്‍ ഫ്രാന്‍സിസ് എന്ന ദൈവഭ്രാന്തന്‍ പക്ഷികള്‍ക്കു സുവിശേഷം കൊടുത്ത കഥ വായിച്ചപ്പോള്‍ എനിക്ക് ആ പുണ്യവാളനെ ഒന്നു കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കാന്‍ തോന്നിപ്പോയി. അമ്മ ഉറുമ്പിന് ചോറുകൊടുത്തു. പുണ്യവാളന്‍ പക്ഷികള്‍ക്ക് സുവിശേഷവും കൊടുത്തു. രണ്ടുപേരും ദൈവത്തിന്‍റെ മക്കളെ സ്നേഹിച്ചു. ഒരാള്‍ ചോറുകൊടുത്ത് ശരീരത്തിന്‍റെ വിശപ്പടക്കാന്‍ സഹായിച്ചു. മറ്റേയാള്‍ സുവിശേഷം നല്‍കി മനസ്സിന്‍റെ വിശപ്പു മാറ്റാന്‍ ശ്രമിച്ചു. രണ്ടുപേരും അവരവരുടെ പ്രവൃത്തികള്‍ വഴി ദൈവത്തെ അറിഞ്ഞു. ആദരിച്ചു. സ്നേഹിച്ചു. പക്ഷേ രണ്ടുപേരുടെയും ഭക്തി എത്ര വ്യത്യസ്തം. അമ്മയുടേത് ശാന്തം. ഫ്രാന്‍സിസിന്‍റേതോ ശക്തം. ദിവ്യമായ ഭ്രാന്തിന്‍റെ മാസ്മരിക പ്രഭാവത്തില്‍ ജ്വലിക്കുന്ന സുവിശേഷാഘോഷം! അപ്പോള്‍ ദൈവത്തെ അറിയാന്‍ വഴിയേറെ. അമ്മയുടേത് നിശ്ശബ്ദമായ ഈശ്വര(പ്രകൃതി) സേവ. പുണ്യവാളന്‍റേതോ കാനനച്ചോലയുടെ കുത്തൊഴുക്കുപോലെ വികാരവിസ്ഫോടന പ്രവാഹം.