ജോര്‍ജ് വലിയപാടത്ത്
Oct 25
സഞ്ചാരങ്ങളെ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന ഒരു മതം നമ്മള്‍ സങ്കല്പിക്കുന്നതിനെക്കാള്‍ അപകടകാരിയാണ്. അകത്തും പുറത്തുമുള്ള സഞ്ചാരങ്ങളെ മതങ്ങള്‍ ഇങ്ങനെ ഭയക്കുന്നതെന്തിന്? കടല്‍ കടന്നൊരു യാത്ര ചെയ്തുവെന്ന അപരാധം ചുമത്തി ഒരു കവിയെ കുറച്ചുനാളെങ്കിലും ക്ഷേത്രത്തിന്‍റെ മേല്‍ശാന്തി കര്‍മ്മങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയത് ഓര്‍മ്മിക്കുന്നു. വിനീതവിധേയരെ മാത്രം രൂപപ്പെടുത്തുന്ന മതം സാധകരെയും സഞ്ചാരികളെയും ജ്ഞാനികളെയും ഭീതിയോടെ വീക്ഷിക്കുന്നതിന്‍റെ പൊരുളെന്താവാം?
കൃത്യമായ ഉത്തരങ്ങളും നിയതമായ പ്രാര്‍ത്ഥനാരൂപങ്ങളും അണുവിട വ്യതിയാനമില്ലാത്ത ധാര്‍മ്മികതയുമൊക്കെയായി മതം സഞ്ചാരങ്ങളുടെ സാദ്ധ്യതപോലും മുളയിലെ നുള്ളുന്നു. നിങ്ങള്‍ക്കുവേണ്ടി ഞങ്ങളെല്ലാം നേരത്തെ നിശ്ചയിച്ചിട്ടുള്ളതെന്ന മട്ടിലുള്ള അതിന്‍റെ നടപ്പുരീതികള്‍ മത ജീവിതത്തെ ഒരു കണ്ടക്ടഡ് ടൂറുപോലെ വിരസമാക്കും. കണക്കു പോലെ കൃത്യത പുലര്‍ത്തിയിരുന്ന ഒരു മതമായിരുന്നു യഹൂദമതം. അതിനോട് കലഹിച്ചാണ് ക്രിസ്തു തന്‍റെ ദൂത് ആരംഭിച്ചതെന്നും അവസാനിപ്പിച്ചതെന്നും വളരെ വേഗത്തില്‍ നാം മറന്നുപോയി. മതമായിരുന്നു അയാള്‍ക്കുള്ള കഴുമരം കടഞ്ഞത്. മതത്തിന്‍റെ വെളുത്തേടനെന്ന നിലയില്‍ അതിന്‍റെ സഞ്ചാരപാരമ്പര്യങ്ങളിലേക്ക് മടങ്ങിപ്പോയി അയാള്‍ അവസാനത്തോളം അലഞ്ഞതും മറന്നുപോയി. എന്താണ് സത്യമെന്ന് പീലാത്തോസിന്‍റെ ചോദ്യത്തിന് ഉത്തരം കൊടുക്കാതിരുന്നതും അതുകൊണ്ടു തന്നെയാവണം. ദീര്‍ഘമായ യാത്രകളുടെ ഒടുവില്‍ കണ്ടെത്തേണ്ട സത്യം നേരത്തെ കൈമാറുന്നു എന്ന് ഹുങ്കുപറഞ്ഞ് ആത്മാവിന്‍റെ സഞ്ചാരങ്ങളെ തടസ്സപ്പെടുത്തുന്നവര്‍ ക്രിസ്തു പുലര്‍ത്തിയ മൗനത്തെയാണ് ധ്യാനിക്കേണ്ടത്. അങ്ങനെയാണ് മതം മാര്‍ഗമാണെന്നും ലക്ഷ്യമല്ലെന്നും ഏറ്റുപറയാനുള്ള വിനയവും വിവേകവും അവര്‍ ആര്‍ജ്ജിക്കേണ്ടത്. അസാധാരണ പ്രകാശമുണ്ടായിരുന്ന ആചാര്യന്മാര്‍പ്പോലും തങ്ങളെ വഴിയെന്നു മാത്രം അടയാളപ്പെടുത്തുന്നത് ശ്രദ്ധിച്ചിട്ടില്ലേ?
സാധകരുടെ സഞ്ചാരങ്ങള്‍ പുതിയനിയമത്തില്‍ ആരംഭിക്കുന്നത് അവരിലൂടെയാണ്. കിഴക്കുനിന്ന് ഒരു നക്ഷത്രവെളിച്ചത്തില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ച അവരെ ജ്ഞാനികളെന്ന ശീര്‍ഷകത്തിലാണ് സുവിശേഷം ആദരിക്കുന്നത്. കൂടുതല്‍ വെളിച്ചത്തിനായി യാത്രചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും ഇണങ്ങുന്നതാണ് ആ വിശേഷണം. ഭക്തരെയല്ല അത്തരം ജ്ഞാനികളെ രൂപപ്പെടുത്താനാണ് ആത്യന്തികമായി മതങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ജ്ഞാനികളുടെ യാത്രയില്‍ അനന്തതയോളം നീളുന്ന പ്രദക്ഷിണവഴികളായി നിലനില്‍ക്കുകയെന്നുള്ളതാണ് ഭേദപ്പെട്ട മതധര്‍മ്മം. പരല്‍മീനുകള്‍ക്കും കടലിനുമിടയില്‍ ഒരു ചെറുപുഴ മാത്രമാണെന്നു പറയാനുള്ള സത്യസന്ധതയാണ് മതത്തിന്‍റെ നന്മ.
ഓരോ നിമിഷവും സഞ്ചാരത്തിലായിരിക്കാനുള്ള ഒരടിസ്ഥാനവാസന മനുഷ്യരിലുണ്ട്. പുറത്തുള്ള യാത്രയെക്കാള്‍ എത്രയോ മടങ്ങ് ദീര്‍ഘവും അഗാധവുമായ ആന്തരിക യാത്രകളില്‍ മനുഷ്യന്‍ ഏര്‍പ്പെടുന്നുണ്ട്. നമ്മുടെ അമ്മമാരെ ഒന്നോര്‍ത്തു നോക്കൂ -പള്ളിയിലേക്ക്, ചന്തയിലേക്ക്, തീര്‍ന്നു അവരുടെ യാത്രകള്‍. എണ്ണിത്തീര്‍ക്കാനാവുന്ന വിധത്തില്‍ ഏതാനും ചുവടുകളില്‍ അവസാനിച്ച അവരുടെ സഞ്ചാരങ്ങള്‍! എന്നിട്ടും അവരുടെ മക്കള്‍ സഞ്ചരിച്ചതിനെക്കാള്‍ എത്രയോ കാതങ്ങളാണ് അവര്‍ മനസ്സുകൊണ്ട് സഞ്ചരിച്ചത്. അവര്‍ മാത്രമല്ല, വളരെയേറെ ഒതുങ്ങിയും ഗാര്‍ഹിക ഉത്തരവാദിത്വങ്ങളില്‍ പൂര്‍ണ്ണമായി മുങ്ങിയും ജീവിക്കുന്ന നമ്മുടെ ഉറ്റവരുടെ ആന്തരികപഥങ്ങളെക്കുറിച്ച് നമുക്കെന്തു ധാരണയുണ്ട്? രണ്ടു മക്കളുടെ കഥ നമ്മുടെ പുരാണങ്ങളില്‍ ഉണ്ടായത് അങ്ങനെയാണ്. ആദ്യത്തെയാള്‍ മയിലിനെ വാഹനമാക്കി ഉലകപ്രദക്ഷിണം ചെയ്യുന്നു. രണ്ടാമത്തെയാള്‍ അച്ഛനെയും അമ്മയെയും വലംചുറ്റി തന്‍റെ സഞ്ചാരം അവസാനിപ്പിക്കുന്നു. അതാണ് അയാളുടെ ലോകം. ഉറ്റവരെ മാത്രം വലംചുറ്റി ജീവിക്കുന്ന സാധുജന്മങ്ങള്‍ക്കുപോലും എന്തൊരു വെട്ടമാണ്. അവര്‍ക്കു നമ്മുടെ മതപാഠങ്ങളും അനുഷ്ഠാനങ്ങളും മതിയെന്ന് കരുതുന്നതിനെക്കാള്‍ കറുത്ത ഫലിതമെന്തുണ്ട്?
ഏതൊരു യാത്രയെയും തീര്‍ത്ഥയാത്രയായി തിരിച്ചറിയാനും ആദരിക്കാനും വെട്ടം കിട്ടിയ മനുഷ്യരുടെ കാലം വരണം. എന്‍റെ മതജീവിതം അതിനാണ് എന്നെ സഹായി ക്കേണ്ടത്. ഏകാഗ്രതയിലും സ്നേഹത്തിലും പ്രസാദത്തിലും പ്രകാശത്തിലും അനുവര്‍ത്തിക്കുന്ന എന്തിനെയും അങ്ങനെതന്നെ വിളിക്കുവാന്‍ നമ്മള്‍ പഠിക്കണം. പിന്തുടരുവാന്‍ ഒരു നക്ഷത്രമുണ്ടാവുകയാണ് പ്രധാനം. നിന്നെ കണ്ടതല്ല, നിന്നെ കാണാനായി ഞാന്‍ നടത്തിയ യാത്രകള്‍, അതായിരുന്നു ശരിക്കുമുള്ള ജീവിതമെന്ന അര്‍ത്ഥത്തില്‍ ഒരു പ്രണയ കവിത വായിച്ചതോര്‍ക്കുന്നു. വെര്‍ണര്‍ ഹെര്‍സോഗ എന്ന ദൃശ്യകലയിലെ അസാധാരണനായ ഒരാള്‍ ടോട്ടോ എന്ന സ്നേഹിതയ്ക്കുവേണ്ടി നടത്തിയ യാത്രയെക്കുറിച്ച് വായിച്ചു. മരണത്തിന്‍റെ വിളുമ്പിലാണവള്‍. അവളെ കാണാനായി ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഫോണ്‍ ഡയല്‍ ചെയ്തു തുടങ്ങിയതാണ് അയാള്‍. പിന്നെ ഓര്‍ത്തു, വേണ്ട -അവളെ ഞാന്‍ നടന്നുതന്നെ പോയി കാണും. തൊള്ളായിരത്തോളം കിലോമീറ്റര്‍ മഞ്ഞുറഞ്ഞു കിടക്കുന്ന വഴികളിലൂടെ മ്യൂണിക്കില്‍നിന്ന് പാരീസിലേക്ക്! അവിടെയെത്തുമ്പോള്‍ സ്നേഹിത ആരോഗ്യവതിയായി ഇരിപ്പുണ്ട്. അയാളുടെ യാത്ര തിരികെപ്പിടിച്ച ജീവിതമായിട്ടാണ് ശിഷ്ടജീവിതത്തെ ആ സ്ത്രീ ഗണിച്ചിരുന്നത്.
ഒരു യാത്ര തീര്‍ത്ഥയാത്രയാകുന്നതിന് ഏറ്റവും നല്ല അടയാളം എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ കഥയാണ്. ഗുരു അവരുടെ യാത്രയില്‍ പങ്കുചേര്‍ന്നതോടെ അതു തീര്‍ത്ഥയാത്രയായി. അയാളെ കൂട്ടുയാത്രക്കാരനായി കിട്ടുന്നതോടെ നമ്മുടെ പദചലനങ്ങള്‍ കവിമൊഴിപോലെ പ്രദക്ഷിണമായി മാറുന്നു. അഞ്ചുമണിയുടെ ഇന്‍റര്‍സിറ്റി പിടിക്കാന്‍ വേണ്ടി നാലരമണിക്ക് എഴുന്നേറ്റ് തിരുവനന്തപുരത്തെത്തി ജോലി ചെയ്ത് പതിവായി വൈകിയെത്തുന്ന ട്രെയിനില്‍ പത്തുമണി രാത്രിയില്‍ വീണ്ടും കൊച്ചിയില്‍ മടങ്ങിയെത്തുന്നവര്‍ക്കു പോലും ഇതൊക്കെയൊന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. തീര്‍ത്ഥാടകസഭയെന്ന പരിചിത പദത്തെ ഈ പ്രകാശത്തില്‍ക്കൂടി ഒന്നു വായിച്ചുനോക്കണം.
ആരുടെയും യാത്രയെ തടസ്സപ്പെടുത്താതിരിക്കുകയാണ് അവരുടെ ഉറ്റവര്‍ക്ക് അനുഷ്ഠിക്കാവുന്ന ഏറ്റവും നല്ല സുകൃതം. അവരെ തടയരുതെന്നാണ് ക്രിസ്തുമൊഴി. മക്കളെ ലോകനന്മയ്ക്ക് വിട്ടുകൊടുക്കണമോ അതോ മുതല പിടിക്കണമോ എന്നുള്ള തെരഞ്ഞെടുപ്പ് വരുമ്പോള്‍ രണ്ടാമത്തേതാണ് ഭേദമെന്നു കരുതുന്ന സ്വാര്‍ത്ഥരായ മാതാപിതാക്കന്മാരുടെ കാലമാണിനി വരാന്‍ പോകുന്നത്. ചിലര്‍ യാത്ര ചെയ്യുമ്പോള്‍ കുറെപ്പേര്‍ അവരെ യാത്രയയ്ക്കാന്‍ ഉണ്ടാവണം. വിവാഹത്തീയതി വരെ നിശ്ചയിക്കപ്പെട്ട ഒരു ചെറുപ്പക്കാരന്‍ സന്ന്യാസത്തിലേക്ക് യാത്രയായി. അയാള്‍ക്ക് ഹൃദയം കൊണ്ട് യാത്രാമംഗളം നേര്‍ന്ന അനേകരില്‍ അയാളുടെ നിശ്ചയിക്കപ്പെട്ട സ്ത്രീയും ഉണ്ടാകണം. അതെ, ശ്രീനാരായണ ഗുരുവിനെക്കുറിച്ച് തന്നെയാണ് പരാമര്‍ശിക്കുന്നത്. തിരികെ വരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത യാത്രകളിലാണ് പണ്ടുള്ള മനുഷ്യര്‍ ഏര്‍പ്പെട്ടിരുന്നത്. കാശിക്കു പോകുകയെന്ന ശൈലിതന്നെ മലയാളത്തില്‍ രൂപപ്പെട്ടതങ്ങനെയാണ്. കുറെയധികം മനുഷ്യര്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട മൂന്നു പേരെ യാത്രയയ്ക്കാന്‍ നിറമിഴികളോടെ നില്‍ക്കുന്നത് സങ്കല്പിച്ചു നോക്കാവുന്നതേയുള്ളു. മൂന്നുജ്ഞാനികളുടെ യാത്രയെക്കുറിച്ച് അത്തരമൊരു ചിത്രം കണ്ടിട്ടുണ്ട്.
ഈ യാത്രയില്‍ നിങ്ങള്‍ കൂടെ കരുതേണ്ട പുസ്തകങ്ങള്‍ എന്തൊക്കെയാണ് - പ്രകൃതി, മനുഷ്യര്‍, ഒപ്പം വേദങ്ങളെന്ന സഞ്ചിത ജ്ഞാനം. അവയെ വായിക്കാന്‍ പഠിപ്പിക്കുകയാണ് ശരിക്കുമുള്ള മതബോധനം. അത് അങ്ങനെയല്ലാത്തതുകൊണ്ടാണ് വേദോപദേശ ക്ലാസ്സുകളെക്കുറിച്ച് വേദോപദ്രവ ക്ലാസ്സുകളെന്ന് ചെറിയ മക്കള്‍പ്പോലും ഫലിതം പറയുന്നത്. അവരാദ്യം പ്രകൃതിയെ കാണട്ടെ. ആര്‍ക്കും വായിക്കാവുന്ന പുസ്തകമാണല്ലോ അത്. പ്രകൃതി ദൈവത്തിന്‍റെ നിഴലാണെന്ന് മിസ്റ്റിക്കുകള്‍ വിശ്വസിച്ചിരുന്നു. 'റോസാപ്പൂക്കളില്‍ അവന്‍റെ ചിതറിയ രക്തം കണ്ടു' എന്നൊരു കവി എഴുതുമ്പോള്‍പോലും അതിന്‍റെ അനുരണനങ്ങള്‍ ഉണ്ട്. വാനില്‍ അസാധാരണമായ ഒരു നക്ഷത്രം കണ്ടു എന്നാണ് ജ്ഞാനികള്‍ സാക്ഷ്യപ്പെടുത്തുന്നത്. അങ്ങനെയാണവര്‍ യാത്ര ആരംഭിച്ചതും. അല്ലെങ്കില്‍ത്തന്നെ പ്രകൃതിയില്‍ എന്താണ് അസാധാരണമായിട്ടല്ലാതെ ഉള്ളത്? ഓരോന്നും അത്ഭുതങ്ങള്‍ തന്നെ. പ്രകൃതിയെന്താണ് പഠിപ്പിക്കാത്തത്? ഒരു കുഞ്ഞുദാഹരണത്തിന് മനുഷ്യനല്ലാതെ മുറിവേറ്റ ഏതെങ്കിലും ഒരു ജീവി അതിന്‍റെ മുറിവുകളുമായി സഞ്ചരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതിന്‍റേതായ രീതിയില്‍ അതെങ്ങനെയെങ്കിലുമൊരു സൗഖ്യം നേടിയിട്ടുണ്ടാവും. പിന്നെ നിശ്ചയമായും മനുഷ്യര്‍ - ഒറ്റനോട്ടത്തില്‍ തീരെ നന്മയില്ലെന്നു തോന്നിച്ച മനുഷ്യര്‍പോലും നിന്‍റെ ഹൃദയത്തെ പ്രകാശിപ്പിക്കും. ഹെസ്സയുടെ സിദ്ധാര്‍ത്ഥയെ തോണിക്കാരനും പുഴയും മാത്രമല്ല പഠിപ്പിച്ചത് - വര്‍ത്തകനായ ഒരു കാമസ്വാമി പോലുമുണ്ട്. ജ്ഞാനികളുടെ യാത്രയില്‍ അവര്‍ക്ക് തെളിമകൊടുക്കുന്നത് കൊട്ടാരവാസികളാണ്. അത്തരമിടങ്ങളില്‍ പ്രകാശത്തിന്‍റെ പരാഗങ്ങള്‍ പാറുന്നില്ലെന്ന് നാം കരുതുന്നു, എന്നിട്ടുപോലും. പിന്നെ കാലത്തിന്‍റെ അരിപ്പയില്‍ അടിഞ്ഞ ജ്ഞാനത്തിന്‍റെ പരലുകള്‍ - ഗ്രന്ഥങ്ങള്‍. അത് നിങ്ങള്‍ വിശ്വസിക്കുന്ന വേദം മാത്രമല്ല, എല്ലാ പുസ്തകങ്ങളും അങ്ങനെ തന്നെയാവണം. വെളിപാടിന്‍റെ പുസ്തകത്തില്‍ വായിക്കുന്നതുപോലെ ജീവന്‍റെ പുസ്തകം തുറക്കപ്പെട്ടു. കൂട്ടത്തില്‍ മറ്റു ചില പുസ്തകങ്ങളും. നല്ല പുസ്തകങ്ങള്‍ കൊണ്ടുപോലും എന്‍റെ ജീവിതം നിര്‍ണ്ണയിക്കപ്പെടും.
ഈ യാത്രയുടെ ഒടുവില്‍ സംഭവിക്കുന്നതെന്താണ? ഒരു കുഞ്ഞിനെപ്പോലും വണങ്ങാനാവുന്ന വിധത്തില്‍ ജീവിതത്തിന് വിനയം ഉണ്ടാകുന്നു. അവര്‍ കാലിത്തൊഴുത്തിലെ കുഞ്ഞിനെ കുമ്പിട്ടാരാധിച്ചുവെന്ന് സുവിശേഷം. എല്ലാവരിലും എല്ലായിടത്തുമുള്ള ഈശ്വരസാന്നിദ്ധ്യത്തെ കണ്ണു നിറഞ്ഞും കരംകൂപ്പിയും കാണാന്‍ ഇനി എനിക്കാവുന്നു. നമസ്തേ! എന്‍റെയുള്ളിലെ ദൈവാംശം നിന്‍റെയുള്ളിലെ ദൈവത്തെ തിരിച്ചറിയുന്നു എന്നാണ് അതിന്‍റെ അര്‍ത്ഥം. വിനയത്തിന്‍റെയും ആദരവിന്‍റെയും കാനാന്‍ ദേശത്തേക്ക് സാധകനെ എത്തിക്കുകയാണ് യഥാര്‍ത്ഥ മതധര്‍മ്മം. അതോടുകൂടി ജീവിതത്തിന്‍റെ നിസ്സാരതകള്‍ വെളിപ്പെട്ട് കിട്ടുന്നു. എത്ര ആഴമില്ലാത്ത കാര്യങ്ങളിലാണ് മതജീവിതത്തിന്‍റെ ഊര്‍ജം വ്യയം ചെയ്തിരുന്നത് എന്ന് ഓര്‍ത്ത് ഇപ്പോള്‍ ഭാരം വരുന്നു. ആരവം പോലെ അനുഭവപ്പെടുന്ന അര്‍ത്ഥമില്ലാത്ത ശബ്ദങ്ങളെ പ്രാര്‍ത്ഥനയായി തെറ്റിദ്ധരിച്ചതിന്‍റെ പേരില്‍ ആത്മനിന്ദയും. ഏതോ ഇടനാഴിയില്‍ നിന്ന് കബീര്‍ പാടുന്നു; "അലറി വിളിപ്പതെന്തിനു മൗലവി, ബധിരനോ പ്രഭു? കാതോര്‍ക്കുമെന്‍ പ്രഭു, വെറുമൊരു പുഴുവിന്‍റെ ചെറിയൊരു പദചലനത്തിനു പോലും." മൗലവി മാത്രമല്ല എല്ലാവരും അലറി വിളിക്കുകയാണ്. മൈക്കു കണ്ടുപിടിച്ചവന്‍റെ മുട്ടുകാലു തല്ലിയൊടിക്കണം!
ഈ കാഴ്ചയാണ് രത്നവ്യാപാരി അന്വേഷിച്ചിറങ്ങിയ അപൂര്‍വ്വ വജ്രം. അതോടുകൂടി ബാക്കിയുള്ള മുത്തുകള്‍ ഒക്കെ നിസ്സാരമായി. ബോധോദയം എന്നോ സാക്ഷാത്കാ രമെന്നോ മോക്ഷമെന്നോ ഈശ്വര ദര്‍ശനമെന്നോ തുടങ്ങി ഏതു പദങ്ങ ളുമാകാം. കാര്യമായ വ്യത്യാസമൊ ന്നുമില്ലതില്‍. ഈ യാത്രകളൊക്കെ ഇതിനുവേണ്ടി മാത്രമായിരുന്നു. സൂര്‍ദാസ് അലഞ്ഞ് നടന്നിരുന്ന ഗായകനായിരുന്നു. അന്ധനായിരുന്ന അയാള്‍ക്ക് ഒരു ദിവസം കാഴ്ച കിട്ടി. കാഴ്ച കിട്ടിയ അയാള്‍ കണ്ണുകള്‍ മുറുക്കെ അടച്ചു, ഭഗവാനെ നിന്നെ കണ്ട കണ്ണുകള്‍കൊണ്ട് ഞാന്‍ മറ്റൊന്നും കാണാതിരിക്കിട്ടെ എന്ന പ്രാര്‍ത്ഥനയോടെ വീണ്ടും അന്ധനായി. മറ്റൊരു ജ്ഞാനിയെ സുവിശേഷത്തിന്‍റെ ആദ്യ താളുകളില്‍തന്നെ നാം പരിചയപ്പെടും. ശിമയോനെന്ന ജ്ഞാനവൃദ്ധനാണ് അയാള്‍. ഒരു ചെറിയ കുഞ്ഞിനെ ആകാശങ്ങളിലേക്ക് ഉയര്‍ത്തി അയാള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കും: "ഇനി അവിടുത്തെ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ." മരിച്ചോട്ടെ എന്നുതന്നെ സാരം. അവനെ പ്രതി ബാക്കിയുള്ളതൊക്കെ ഞാന്‍ കുപ്പയായി എണ്ണിയെന്നു പൗലോസ്. ജ്ഞാനത്തിന്‍റെ പൂര്‍ണ്ണത അവിടെയാണ്. അതോടുകൂടി പുതിയ വഴികളിലൂടെ ശിഷ്ടകാലം മുഴുവന്‍ അവര്‍ യാത്ര ചെയ്യും. ആ കാഴ്ചയ്ക്കുശേഷം മാലാഖമാര്‍ ജ്ഞാനികളോടു പറഞ്ഞു: "വന്ന വഴിയെ മടങ്ങരുത്." ജ്ഞാനികളുടെ യാത്ര എത്തേണ്ടത് അവിടെയാണ്. അവിടേക്ക് ഇപ്പോള്‍ ഒരു കൈചൂണ്ടി പോലുമാകാത്ത നിങ്ങളുടെ മതത്തിന് ഒരു പുതുക്കല്‍ ശുശ്രൂഷ ആവശ്യമില്ലേ? പതിമൂന്നാം നൂറ്റാണ്ടില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ നിലവിളിക്കുന്നു; നമ്മുടെ പള്ളി വീണുകൊണ്ടിരിക്കുന്നു. ഒരു കല്ലു തരാമോ, നമുക്ക് ആ പള്ളിയെ ഒന്നു പുതുക്കണ്ടെ?
മറ്റൊരു ആചാരത്തിന്‍റെ ഭാഗമായി നില്ക്കുമ്പോള്‍ തന്നെ ഇതരദേശങ്ങളുടെയും സംസ്കാരങ്ങളുടെയും ഈശ്വര വിചാരങ്ങളെ ഗൗരവമായി കാണാനുള്ള ഒരു നവസംസ്കൃതിയുടെ ആരംഭമാണ് കിഴക്കു നിന്ന് വന്ന ജ്ഞാനികളിലൂടെ സംഭവിക്കുന്നത്. എത്രയോ പേരാണ് അങ്ങനെ ക്രിസ്തുവിനെ പ്രണമിക്കുന്നത്. ഒന്നുരണ്ടു നിരീക്ഷണങ്ങള്‍ ഇങ്ങനെയൊക്കെയാണ്. പുട്ടപര്‍ത്തിയില്‍ ശ്രീ സത്യസായിബാബ രണ്ടേ രണ്ട് ദിവസമാണ് വെള്ളവസ്ത്രങ്ങള്‍ അണിയുന്നത്, ഒന്ന് അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍, മറ്റേത് ക്രിസ്തുമസ്സ് ദിനത്തിലും. ഇപ്പോഴും അര്‍ത്ഥപൂര്‍ണ്ണമായ ക്രിസ്തുമസ്സ് ആചരണം നടക്കുന്നത് ശ്രീരാമകൃഷ്ണ മിഷന്‍റെ ആശ്രമങ്ങളിലാണെന്നും ചിലപ്പോള്‍ തോന്നിപ്പോകാറുണ്ട്. ആ ദിവസം ക്രിസ്തുകേന്ദ്രീകൃതമായ അഗാധ ദര്‍ശനങ്ങളും സദ്സംഗുകളുമൊക്കെ അവിടെ നടത്തപ്പെടുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ കുരിശിന്‍റെ യോഹന്നാനെക്കുറിച്ചും ആവിലായിലെ തെരേസയെക്കുറിച്ചും പ്രഭാഷണം നടത്തിയ ആ അദ്ധ്യാപകന്‍ നമ്മുടെ പ്രിയപ്പെട്ട ഗുരു നിത്യചൈതന്യയതിയല്ലേ. എല്ലാവര്‍ഷവും ഒരുലക്ഷത്തോളം ഹൈന്ദവ ഭക്തര്‍ ക്രിസ്തുമസ് നാളില്‍ വന്ന് ഉണ്ണിയെ വണങ്ങുന്ന ഒരു പള്ളിയുണ്ട് - ഉജ്ജെയ്നിലെ കത്തീഡ്രല്‍ പള്ളിയാണത്. അത്തരമൊരാദരവും പ്രണാമവും തിരികെ കൊടുക്കുന്നില്ല പലപ്പോഴും എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ലജ്ജ തോന്നുന്നു.
ഇരിക്കുന്ന കൊമ്പ് മുറിക്കുകയെന്ന ആ പുരാതന തൊഴിലില്‍ ഏര്‍പ്പെടുന്നുവെന്നല്ല ഇത്തരം കുറിപ്പുകളുടെ സൂചന. കുറെയൊക്കെ വ്യതിചലനങ്ങള്‍ അതിന്‍റെ സ്വാഭാവിക പരിണിതിയായി കാണാനുള്ള വിവേകവുമുണ്ട്. പുഴ എല്ലായിടത്തും ശുദ്ധയാണ്, തീര്‍ത്ഥങ്ങളില്‍ ഒഴികെ എന്ന കബീറിന്‍റെ വരികള്‍ ധ്യാനവിഷയമാകാറുമുണ്ട്. എന്നാലും നമ്മള്‍ പുലര്‍ത്തുന്ന അലംഭാവം ഏറെനാള്‍ നീതീകരിക്കപ്പെടില്ല എന്നോര്‍മ്മിപ്പിക്കാന്‍ മാത്രമാണിത്. ഇത് അവസാനത്തെ വണ്ടിയാണെങ്കിലോ...