top of page

ചിറക്

Dec 3, 2017

3 min read

ഷസ

a girl walking in the nature

അലഞ്ഞും പറന്നും ചിറകുകള്‍ തളര്‍ന്നു പോകുന്ന ചിലരുണ്ട്. ചില ദൗര്‍ഭാഗ്യങ്ങളുടെ തീവെയിലില്‍ പൊളളിക്കരിയേണ്ടിവരുന്നവര്‍. എവിടെ നിന്നൊക്കെയോ ആര്‍പ്പുവിളികളും ആരവങ്ങളും മുഴങ്ങുകയും അതു തങ്ങളെക്കടന്നുപോകുന്നതു നോക്കി വേദനയില്‍ മുങ്ങിനില്‍ക്കുകയും ചെയ്യുമ്പോഴാവും നനുത്ത ഒരു ഉജ്വലസ്പര്‍ശമെന്നോണം ചില കരങ്ങള്‍ വന്നു തൊടുന്നത്. അതിന്‍റെ കുളിര്‍മയേറ്റ് അവര്‍ അരുവികളാകുന്നു. പകരം നീറ്റലുകളുടെ നിലാവിളക്ക് മിഴികളില്‍ തെളിയിച്ച് കൂടെ നില്‍ക്കുന്നയാളും.

തങ്ങളുടേതല്ലാത്ത ചില വെയിലുകളേറ്റുവാങ്ങേണ്ട നിയോഗമാണ് അവര്‍ക്ക്. കൊച്ചുസന്തോഷങ്ങളെപ്പോലും എരിയിച്ചുകൊണ്ടാണവര്‍ വെട്ടമാകുന്നത്. ചില വെളിവില്ലായ്മകളിലേക്ക് വെളിച്ചമേകുന്നവര്‍.

വിഷാദത്തിന്‍റെ കാറ്റിലുലഞ്ഞുപോയൊരു സമയത്ത് ചേര്‍ത്തുപിടിച്ചിരുന്ന സുഹൃത്തുണ്ട്. എന്തിനാണെന്നെ പിന്‍തുടരുന്നതെന്ന് പിണങ്ങിയിരുന്നു അന്നൊക്കെ. അപ്പോഴും ശബ്ദമില്ലാത്തൊരു പുഞ്ചിരിയിലൂടെ മറുപടിയുടെ ജാലകം തുറന്നിട്ടൊരാള്‍.

തളര്‍ന്നുപോയ ഭര്‍തൃമാതാവിന് ഉറക്കമൊഴിഞ്ഞു കാവലിരുന്നു എന്‍റെ അമ്മ. യൗവനത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടശേഷം തനിക്കായ് സ്വപ്നങ്ങളൊന്നും മെനയാന്‍ കെല്പില്ലാതിരുന്നവള്‍. എന്നിട്ടും അവരെന്തിനായിരുന്നു ആ മാതാപിതാക്കളെ അത്രയേറെ ചേര്‍ത്തുപിടിച്ചത്.

ഇല്ലായ്മകളുടെ നെരിപ്പോടിലുരുകി പഠനം പാതിവഴിയിലുപേക്ഷിച്ച്, സഹോദരങ്ങളെ പഠിപ്പിച്ച് സമൂഹത്തിലെ ഉയര്‍ന്ന പദവികളിലേക്ക് കൈപിടിച്ചു കയറ്റിയൊരു സഹോദരന്‍റെ കഥയും ഇടവഴികളിലുണ്ട്. 

ജീവിതമിങ്ങനെ മുന്നോട്ടൊഴുകുകയാണ്. ബാല്യം മുതലിന്നോളം കണ്ടുപോയവര്‍, മിണ്ടിയവര്‍, മുഖം തിരിച്ചവര്‍, വീണുപോയപ്പോള്‍ ഒരു മാത്ര നിന്ന് താങ്ങിയെണീല്‍പ്പിച്ചവര്‍, വെറുതേ കൂട്ടുവന്നവര്‍... നിന്നോടുകൂടെ ഒരു മൈല്‍ നടക്കാനാഗ്രഹിക്കുന്നവന്‍റെ കൂടെ രണ്ടുമൈല്‍ പോകുകയെന്ന ക്രിസ്തുവാക്യം പോലെ ചില സാന്നിധ്യങ്ങള്‍.

ചൂടുപിടിച്ച ഭൂമിയിലേക്ക് അപ്രതീക്ഷിതമായ് മഴ പെയ്യുന്നു. വിയര്‍പ്പിലേക്ക് കാറ്റുവീശുന്നു. ദാഹത്താല്‍ വരണ്ട നാവിലേക്ക് ജലമിറ്റുന്നു. ഇങ്ങനെയൊക്കെയാവുന്ന ചില സാന്നിധ്യങ്ങള്‍ക്കു മുന്‍പില്‍ നമുക്കും ഉത്തരമില്ലാതാകുന്നുണ്ട്.

ഇടയ്ക്കിടെ താനാരാണെന്നും എവിടെയെന്നും എന്താണ് ചെയ്യേണ്ടതെന്നുമൊക്കെ മറന്നുപോകുന്നൊരമ്മയ്ക്ക് മകള്‍ കൂട്ടിരിക്കുന്നുണ്ട്. വിശപ്പുപോലും തിന്നു തീര്‍ക്കുന്ന സമയപ്പക്ഷികളോട് ഒട്ടും  പരിഭവിക്കാതെ അവള്‍ അമ്മയ്ക്ക് കഥകള്‍ പറഞ്ഞുകൊടുത്തും പാട്ടുപാടിയും പൂക്കള്‍ കാണിച്ചും കൂടെ നടക്കുന്നു. അച്ഛനോട് പിണങ്ങിയാണ് മകന്‍ സ്കൂളില്‍ പോകുന്നത്. കളികള്‍ക്കിടെ അവന് പരിക്കുപറ്റിയെന്നു കേട്ട് വേവലാതി പൂണ്ട് ഓടിച്ചെല്ലുന്ന അച്ഛന്‍, പാതിനേരവും തല്ലുകൂടി നടന്നിരുന്ന കുഞ്ഞുപെങ്ങളെയോ, കരുതലിന്‍റെ മാലാഖയായി കൂടെ കൊണ്ടുനടന്നിരുന്ന ചേച്ചിയെയോ, പിരിയേണ്ടി വരുമ്പോള്‍ നാമെന്തിനാണ് കണ്ണുനിറയ്ക്കുന്നത്. അപകടത്തില്‍പ്പെട്ടോ, രോഗക്കിടക്കയിലോ തളര്‍ന്നു കിടക്കുന്നവരുടെ കൂടെ നില്‍ക്കുന്നവര്‍ എന്തിനാവും ഇത്രയേറെ വേവലാതിപ്പെടുന്നത്. 

ഈ പ്രതീകങ്ങളെല്ലാം കൂടെയുള്ളവരുടെ ജീവിതത്തെ അത്രമേല്‍ പ്രകാശിപ്പിക്കുന്നുണ്ട്. രക്തബന്ധം പോലുമില്ലാത്ത ഒരാള്‍ പോലും എത്രവേഗമാണ് മറ്റുള്ളവര്‍ക്ക് ഉറ്റവരാകുന്നത്! നമ്മുടെയോരോരുത്തരുടെയും ജീവിതത്തിലെ ജാലകക്കാഴ്ചകള്‍ ഇങ്ങനെ നീണ്ടുപോകുന്നു.

ചിലതൊക്കെ ഏറ്റെടുക്കപ്പെടുന്നുണ്ട് ചിലരുടെ ഹൃദയങ്ങളിലേക്ക്. ചില സ്പര്‍ശങ്ങള്‍ ഹൃദയത്തെ തൊടുന്നവയാണ്. അത് കൊടുക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയുമിടയില്‍ ഔദാര്യത്തിന്‍റെ മേലാപ്പു ചാര്‍ത്തുന്നില്ല. ഈയിടെ നടന്ന ഒരു സംഭവം ഓര്‍മ്മ വരുന്നു. വിദേശത്തുനിന്നും നാട്ടില്‍ ഒരു ഭാര്യയും ഭര്‍ത്താവും. അവര്‍ എയര്‍പോര്‍ട്ട് ടാക്സി ബുക്കുചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ഒരു വൃദ്ധന്‍ തന്‍റെ പഴയ അംബാസിഡര്‍ കാര്‍ ചൂണ്ടിക്കാട്ടി അവരോട് പറയുന്നു; "ഇത് വളരെ പഴയൊരു കാറാണ്. എസിയോ പതുപതുത്ത സീറ്റോ ഇല്ല. പക്ഷേ വിളിക്കുമെന്ന് ഓരോ ദിവസവും ഞാന്‍ പ്രതീക്ഷിക്കാറുണ്ട്." ഉടനേ ഭാര്യ പറഞ്ഞു, നമുക്കീ വണ്ടി മതി. "അഞ്ചു മണിക്കൂറോളം യാത്രയുണ്ട്. പോരാത്തതിന് നിനക്ക് തലവേദനയും" എന്നു പറഞ്ഞ ഭര്‍ത്താവിനോട് അവള്‍ പറഞ്ഞു, "ഇദ്ദേഹത്തിന്‍റെ കാര്‍ ബുക്കുചെയ്യാന്‍ പറ്റുന്നവര്‍ ഇന്നു നമ്മളാണ്." ചാടിയും മറിഞ്ഞുമൊക്കെ ഓടുന്ന ആ വാഹനത്തില്‍ അവര്‍ വീട്ടിലെത്തുന്നു. മറ്റു വണ്ടികളുടേതിനൊപ്പമുള്ള കൂലി കൊടുക്കുന്നു. തങ്ങള്‍ ചെയ്യുന്നത് ഔദാര്യമെന്ന് അവര്‍ കരുതുന്നില്ല. ഔദാര്യമെന്നോണം സ്വീകരിക്കേണ്ടുന്ന  ഭാരം ആ വൃദ്ധനെയും അലട്ടുന്നില്ല. ടോള്‍സ്റ്റോയ് കഥയിലെ വൃദ്ധനായ കുതിരക്കാരനെയോര്‍ത്തുപോയി. അയാളുടെ വയസന്‍ കുതിര വലിക്കുന്ന വണ്ടിയില്‍ ഒരിക്കല്‍ ചെറുപ്പക്കാരായ ദമ്പതികള്‍ കയറുന്നു. പാതിവഴിയില്‍ വഴക്കിട്ട് അവര്‍ ഇറങ്ങിപ്പോകുന്നു. ആ ഇരുട്ടില്‍ വൃദ്ധന്‍ തന്‍റെ വയസന്‍ കുതിരയുടെ മുഖത്ത് തന്‍റെ മുഖം ചേര്‍ത്തു നില്‍ക്കുകയാണ്. പരസ്പരം സാന്ത്വനം പകരുന്ന രണ്ടുജീവികള്‍.

സുവിശേഷത്തിലെ ക്രിസ്തുവിന്‍റെ സ്പര്‍ശങ്ങള്‍ പോലെയാണ് ചില മനുഷ്യരുടേതും. അന്ത്യഅത്താഴവേളയില്‍ പാദങ്ങള്‍ കഴുകിയാണ് അവന്‍ അവരെ സ്നേഹത്തിന്‍റെ വിരുന്നുമേശയിലേക്കാനയിക്കുന്നത്. അവന്‍റെ കരസ്പര്‍ശമേറ്റ പാദങ്ങള്‍ കൊണ്ടാണ് പീറ്റര്‍ സുവിശേഷദൂരങ്ങള്‍ താണ്ടിയത്. അതുപോലെതന്നെ യഹൂദപ്രമാണികളാല്‍ കല്ലെറിയപ്പെടുന്ന വേശ്യയുടെ ചിത്രമുണ്ട്. എല്ലാവരും ആക്രോശിക്കുമ്പോഴും മിണ്ടാതെ കുനിഞ്ഞിരിക്കുകയാണവന്‍. അവള്‍ ഒറ്റക്കായപ്പോള്‍ കുറ്റപ്പെടുത്തലിന്‍റെ ഒരു വാക്കുപോലുമില്ലാതെ അവന്‍ അവളുടെ ഹൃദയത്തെ തൊടുന്നുണ്ട്. ഇത്രയേറെ നൈര്‍മല്യത്തോടെ എങ്ങനെയാണ് ഒരാള്‍ മറ്റൊരാളുടെ ഹൃദയമുറിവുകളെ തൊട്ടുസുഖപ്പെടുത്തുന്നത്.

അപ്പന്‍ മരിച്ചുപോയ രാത്രിയില്‍ വിഭ്രമത്തിന്‍റെ വരള്‍ച്ചയില്‍പ്പെട്ട് ഉറക്കമില്ലാതെ കിടന്നപ്പോള്‍ ചാരെ വന്നിരുന്ന് കുറേ കുഞ്ഞുകാര്യങ്ങള്‍ പറഞ്ഞ് പുഞ്ചിയെ മടക്കിത്തന്ന ബന്ധുവായ ഒരു ചേച്ചിയെ ഓര്‍ക്കുന്നു. നോവുകാലങ്ങളുടെ കല്പലകകളില്‍ തണുത്തുവിറങ്ങലിച്ചിരിക്കുന്നവര്‍ക്ക് പുതപ്പായി മാറുന്നവര്‍.

ശവപ്പറമ്പുകളില്‍ താമസമാക്കിയിരുന്ന ഒരുവനോട് ക്രിസ്തു പേരു ചോദിക്കുകയാണ്. അവന്‍ പറയുന്നു, "ഞാനാണ് ലെഗിയോന്‍". ഇതിനൊരു വ്യാഖ്യാനം കിട്ടിയതിങ്ങനെയാണ്, സ്വയം ചെകുത്താനെന്ന് അഭിസംബോധന ചെയ്യുകയാണയാള്‍. അത്രയേറെ കൊള്ളരുതാത്തവനെന്ന് വീടും സമൂഹവും അയാളെ വിളിച്ചിട്ടുണ്ടാവണം. ആരുടെയും മുന്‍പിലേക്ക് വരാന്‍പോലും കെല്പില്ലാത്തവന്‍. സെമിത്തേരിപ്പറമ്പില്‍ ഒറ്റക്കു താമസം, അങ്ങേയറ്റം മോശമായി ചിത്രീകരിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്നവന്‍. ആരാലും സ്നേഹിക്കപ്പെടാത്തവന്‍. അവനെ സ്നേഹത്തോടെ തൊട്ടത് ക്രിസ്തുവായിരുന്നു. ആ മാത്രയില്‍ ഒരു കൊച്ചുകുഞ്ഞെന്നവണ്ണം വാവിട്ടുകരഞ്ഞ് അയാള്‍ തന്‍റെ സങ്കടക്കടലിനെ ഒഴുക്കിവിടുന്നു. ശാന്തനായ്, സ്വസ്ഥനായ് ക്രിസ്തുവിന്‍റെ ചാരേ ചേര്‍ന്നുനില്‍ക്കുന്നു. ഇതുപോലെ മാറ്റിനിര്‍ത്തപ്പെടുന്ന എത്രയോ പേര്‍. അവിടെയൊക്കെ ക്രിസ്തുവാകാന്‍ നിയോഗമേല്‍ക്കുന്ന മറ്റുചിലരും. അങ്ങനെ, ആരവങ്ങളോ ആര്‍പ്പുവിളികളോ പേരോ പ്രശസ്തിയോ ഇല്ലാത്ത എത്രയെത്ര ക്രിസ്തുമാര്‍....

ഒറ്റക്കായിപ്പോകുന്നവന്‍റെ മനോവ്യാപാരങ്ങളിലൂടെ കടന്നുപോകാന്‍ കഴിയുന്നവനാണ് ക്രിസ്തുവാകുന്നത്. നഷ്ടപ്പെട്ടു പോയ ചിരികള്‍ തെളിയിക്കുന്നവര്‍. വീണുപോയവര്‍ക്കു താങ്ങാകുന്നവര്‍. ആര്‍ക്കൊക്കെയോ മക്കളാകുന്നവര്‍, വിശപ്പിന്‍റെ തീയിലേക്ക് അന്നം വിളമ്പുന്നവര്‍, ഹൃദയം പങ്കിട്ടെടുക്കുന്ന സുഹൃത്തുക്കളാകുന്നവര്‍, കുറ്റബോധത്തിന്‍റെ കനലുകള്‍ വീണുപൊള്ളിയവന് തൈലമാകുന്നവര്‍, നൈരാശ്യത്തിന്‍റെ അഗാധതകളിലെ പിടിവള്ളിയാകുന്നവര്‍, ഒറ്റപ്പെടലിന്‍റെ ഏകാന്തയാത്രയില്‍ കൂട്ടുചേരുന്നവര്‍, അങ്ങനെയൊരാള്‍ എത്ര ദീപ്തമായ പ്രതീക്ഷയാണ്. 

തണല്‍മരങ്ങളെപ്പോഴും വെയില്‍ കൊള്ളുന്നവരാണ്. എന്നിട്ടും പടര്‍ന്നു പന്തലിച്ചങ്ങനെ നില്‍ക്കും. ശാഖകളില്‍ പറവകള്‍ കൂടുകൂട്ടും. അതിന്‍റെ മധുരമൂറുന്ന ഫലങ്ങള്‍ കഴിച്ച് ജീവജാലങ്ങള്‍ വിശപ്പടക്കും. നടന്നു തളര്‍ന്നവര്‍ അതിനു താഴെ തലചായ്ക്കും, തന്‍റെ ശ്വാസോച്ഛ്വാസത്തിലൂടെ പ്രാണവായു പകര്‍ന്നുകൊടുക്കും. അപ്പോഴും തളിര്‍ക്കുകയും പൂക്കുകയും ചെയ്ത് പ്രകൃതിയുടെ ജീവതാളമാകും.

വിങ്ങുന്ന മനസ്സോടെ ഒരാള്‍ പാടുന്നത് കേള്‍ക്കുന്നില്ലേ, "മരണമെത്തുന്ന നേരത്തു നീയെന്‍റെയരികില്‍ ഇത്തിരിനേരമിരിക്കണേ" ഈ ക്ഷണം കിട്ടുന്നവര്‍ക്കെങ്ങനെയാണ് അവനവനിലേക്ക് ഒതുങ്ങിനടക്കാനാകുക. 

വരൂ... എന്‍റെ ചിറകുകള്‍ക്കുമേല്‍

നിന്‍റെ ഒടിഞ്ഞ ചിറകുകള്‍ വയ്ക്കൂ

എന്‍റെയാകാശം നിന്‍റേതാക്കൂ

ആ നിന്‍റെയാകാശത്ത്

ഞാന്‍ സ്വപ്നങ്ങള്‍ വിതയ്ക്കാം

പ്രതീക്ഷകളുടെ പൂക്കാലം വിരിയട്ടെ.    

Featured Posts