

പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ ചാനലുകള്‍ കൈകാര്യം ചെയ്ത രീതി നമ്മുടെ ആലോചനകള്‍ക്ക് വിഷയമാകേണ്ടതാണ്. യുദ്ധം നടക്കുന്നത് ചാനലുകളിലാണെന്ന പ്രതീതിയായിരുന്നു. എത്ര ആവേശമാണ് നാം കണ്ടത്. തൃശൂര്‍പൂരവും വെടിക്കെട്ടും ചാനലില്‍ കാണിക്കുന്ന ലാഘവത്തോടെയാണ് യുദ്ധവും അവര്‍ അവതരിപ്പിക്കുന്നത്. ആരാണ് മുന്നില്‍ നില്‍ക്കുന്നതെന്ന വാശിയോടെയാണ് ചാനലുകള്‍ മുന്നേറിയത്. റേറ്റിംഗ് കൂട്ടുന്നതിന് ഏതു മാര്‍ഗ്ഗവും സ്വീകരിക്കുന്ന തരത്തില്‍ അധഃപതിക്കുന്ന ഭാവിചാനലുകള്‍. മനുഷ്യമനസ്സിലേക്ക് ഹിംസയുടെ ഊര്‍ജ്ജം കുത്തിവെക്കുകയാണ് എന്നു തോന്നുന്നു.
അത്യാവേശത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണോ യുദ്ധം? മനുഷ്യവംശത്തിന് യുദ്ധങ്ങള്‍ നല്‍കിയതെന്താണ്? ആധുനികകാലത്തും യുദ്ധം ഒഴിവാക്കാന്‍ മാര്‍ഗ്ഗങ്ങളില്ലേ? ഇതെല്ലാം ആലോചിക്കേണ്ടതാണ്. യുദ്ധങ്ങള്‍ക്കു പിന്നിലെ വ്യാപാരതാല്പര്യങ്ങളും പരിഗണിക്കേണ്ടതാണ്. ഇരുവശത്തിനും ആയുധങ്ങള്‍ നല്‍കി ലാഭംകൊയ്യുന്ന ആയുധനിര്‍മ്മാണക്കമ്പനികളെയും കാണാതിരിക്കരുത്. ചോരച്ചാലുകള്‍ കടന്നുകയറുന്ന നിസ്സഹായരുടെ മുഖങ്ങള്‍ യുദ്ധങ്ങളുടെ ബാക്കിപത്രമാണ്. ആത്യന്തികമായി എല്ലാ യുദ്ധങ്ങളും മനുഷ്യത്വത്തിന്‍റെ പരാജയമാണ്. മഹാഭാരതത്തില്‍ അവതരിപ്പിക്കുന്ന കുരുക്ഷേത്രയുദ്ധം എന്താണ് അവശേഷിപ്പിച്ചത്. ആരാണ് വിജയി? ആരാണ് പരാജയപ്പെട്ടത്? വിജയവും പരാജയവും ആപേക്ഷികമാണ്. വിജയിച്ചവരും എത്രവലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. അതുകൊണ്ടാണ് യുദ്ധങ്ങളില്‍ വിജയികളില്ല എന്നു പറയുന്നത്.
സംഘകാലങ്ങളില്‍ ഇരുപക്ഷങ്ങള്‍ യുദ്ധം ചെയ്യുമ്പോള്‍ ഓരോ പക്ഷത്തിനും ആവേശം പകരാന്‍ കുറച്ചാളുകള്‍ യുദ്ധഭൂമിയില്‍ ഉണ്ടാവും എന്നു നാം വായിക്കുന്നുണ്ട്. അതുപോലെയാണ് ഇക്കാലത്ത് ചാനലുകളും പ്രവര്‍ത്തിക്കുന്നതെന്നു തോന്നുന്നു. യുദ്ധമൊരു പൂരക്കാഴ്ചപോലെ അവതരിപ്പിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കാണാതിരിക്കരുത്. വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് പകര്‍ന്നു നല്‍കുന്ന ഹിംസയുടെ സന്ദേശങ്ങള്‍ ഭാവിയെ ഇരുണ്ടതാക്കില്ലേ എന്ന ചോദ്യവും പ്രസക്തമാണ്.
എല്ലാത്തരത്തിലും പുരോഗമിച്ചു എന്നു പറയുന്ന ലോകത്തിന് ഇപ്പോഴും യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം അത്യന്തം പ്രസക്തമാണ്. യുദ്ധങ്ങള്‍ക്കു പിന്നിലെ സാമ്പത്തികശാസ്ത്രവും രാഷ്ട്രീയവും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ആട്ടിന്‍മുട്ടന്മാരെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായ്ക്കളെപ്പോലെ പ്രവര്‍ത്തിക്കുന്ന ആയുധക്കച്ചവടക്കാര്‍ ലോകത്തെ ശ്മശാനഭൂമിയാക്കിയും ലാഭംകൊയ്യുന്നവരാണ്. യാതൊരു ധാര്‍മ്മികതയുമില്ലാത്ത വ്യാപാരയുദ്ധവും ഇതിനിടയില്‍ തകൃതിയായി നടക്കുന്നുണ്ട്. സമാധാനം നിലനിന്നാല്‍ ലാഭമുണ്ടാകില്ലെങ്കില്‍ ലോകത്തില്‍ അസമാധാനം വിതച്ച് ലാഭംകൊയ്യും. മതഭീകരന്മാര്‍ക്കും രാജ്യങ്ങള്‍ക്കും ആവോളം ആയുധങ്ങള്‍ വില്‍ക്കുന്നവര്‍ അശാന്തിവിതയ്ക്കുന്നവരാണ്.
പല യുദ്ധങ്ങളും സംഘര്‍ഷങ്ങളും വെല്ലുവിളികളും ഗോത്രകാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഭൗതികമായി ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും മനുഷ്യത്വത്തിന്‍റെ തലത്തില്‍ നാം ഇപ്പോഴും പഴയകാലത്തില്‍ തന്നെയാണ്. ഒരു കാലത്ത് നാം നേടിയ തിരിച്ചറിവുകള്‍ നഷ്ടപ്പെടുത്തുന്നതരത്തിലാണ് അടുത്തകാലത്ത് ലോകം മുന്നോട്ടുപോകുന്നത്. ഗാസയില്‍ നിന്നുള്ള നിലവിളികള്‍ നാം കേള്‍ക്കുക. ഓരോ യുദ്ധവും അനേകം നിരപരാധികളുടെ രക്തത്തിലാണ് മുങ്ങിനില്‍ക്കുന്നത്. അഭയാര്‍ത്ഥികളുടെ നീണ്ടനിര നമ്മെ ഭയപ്പെടുത്തിക്കൊണ്ട് മുന്നില്‍ നില്‍ക്കുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ മറ്റുള്ളവരുടെ കനിവിനായി കാത്തിരിക്കുന്ന ജനലക്ഷങ്ങള്‍ എല്ലാക്കാലത്തും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ്. എന്നാലും നാം യുദ്ധം ചെയ്തുകൊണ്ടേയിരിക്കുന്നു.
മനുഷ്യത്വത്തിന്‍റെ പരാജയമാണ് ഓരോ യുദ്ധവും. കോടിക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ക്ക് അന്നമായിത്തീരേണ്ട സമ്പത്താണ് നാം പുകച്ചുകളയുന്നത്. വന്‍രാജ്യങ്ങള്‍ ആയുധങ്ങള്‍ക്കുവേണ്ടി ചെലവാക്കുന്ന പണത്തിന്‍റെ ഒരംശംമതി ലോകത്തിലെ പട്ടിണി മാറ്റാന്‍. അങ്ങനെയല്ല നാം ചിന്തിക്കുന്നത്. ശാസ്ത്രവും സാങ്കേതകവിദ്യയും മുന്നേറുന്നതനുസരിച്ച് ആയുധങ്ങള്‍ക്കും മൂര്‍ച്ചയേറുന്നു. ഇതെല്ലാം വാങ്ങിക്കൂട്ടി കരുത്തന്മാരാക്കുന്നവര്‍ മറുവശത്ത് നരകയാതന അനുഭവിക്കുന്നവരെ കാണുന്നേയില്ല. സമാധാനത്തിന്‍റെ വഴികള്‍ നമുക്കു മുന്നിലില്ല. വിവേകത്തിന്‍റെ സ്വരം ഓതിക്കൊടുക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. എവിടെയോ കാതലായ തകരാറ് ഉണ്ടെന്ന് ചിന്തിക്കുന്നവര്‍ക്കു തോന്നുന്നു. ജനങ്ങളുടെ സമഗ്രമായ പുരോഗതിക്കുവേണ്ടി ചെലവാക്കേണ്ട പണമാണ് യുദ്ധമെന്ന ആര്‍ഭാടത്തിനുവേണ്ടി ചെലവഴിക്കുന്നത് എന്നതാണ് വാസ്തവം.
പല യുദ്ധങ്ങളും ഭരണകൂടങ്ങളെ ഉറപ്പിച്ചു നിര്‍ത്താന്‍ കൂടിയുള്ളതാണ്. 'പരസ്പര സഹായ യുദ്ധങ്ങള്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന യുദ്ധങ്ങളും ചരിത്രത്തിലുണ്ട്. ചാനലില്‍ ആവേശം കാണിക്കുന്നവര്‍ വിസ്മരിക്കുന്ന തലങ്ങളും യുദ്ധത്തിനുണ്ട്.

ടി.വി. ചാനലുകളും സോഷ്യല്‍ മീഡിയയുമെല്ലാം ചേര്‍ന്ന് കലുഷമാക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ലോകത്തില്‍ യുദ്ധവും കച്ചവടവും ഒത്തുചേരുന്നത് നാം കാണുന്നു. ആഗോളീകരിക്കപ്പെട്ട കാലത്ത് യുദ്ധങ്ങള്‍ക്കിനി എന്തു പ്രസക്തി. അശാന്തി വിതച്ച് നാശം കൊയ്യുന്ന ലോകത്തെ ശ്മശാന ഭൂമിയാക്കുന്നവര്‍ മതത്തിലായാലും രാഷ്ട്രീയത്തിലായാലും ഭരണകൂടങ്ങളായാലും മനുഷ്യവംശത്തിന്‍റെ ശത്രുക്കളാണ്. വീരാപദാനങ്ങള്‍ പാടിനടക്കുന്ന പാണന്മാരായി മാറുന്ന മാധ്യമങ്ങള്‍ മറുവശം കൂടി കാണേണ്ടതാണ്. ലോകത്തെ എത്രയോ തവണ നശിപ്പിക്കാനുള്ള മാരകായുധങ്ങള്‍ വന്‍രാജ്യങ്ങള്‍ കൂട്ടിവച്ചിരിക്കുന്നു! ചോരകണ്ടാല്‍ മാത്രം പ്രസാദിക്കുന്ന യുദ്ധദേവന്മാരെ നാമെന്തിനാണ് പോഷിപ്പിക്കുന്നത്?
ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരമില്ല. എന്തായാലും ഓരോ യുദ്ധവും മനുഷ്യനുനേരെയുള്ള/മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമായി കാണേണ്ടതുണ്ട്. സമാധാനത്തിനുള്ള വഴികള്‍ കണ്ടെത്തുക എന്നതാണ് വിവേകത്തിന്‍റെ ലക്ഷണം. താല്‍ക്കാലികനേട്ടങ്ങള്‍ക്കപ്പുറം നാം ജീവിക്കുന്ന ഭൂമിയുടെയും കോടിക്കണക്കിന് മനുഷ്യരുടെയും സുസ്ഥിതിയാണ് മുന്നില്‍ കാണേണ്ടത്. ചോരപ്പുഴകളും അഭയാര്‍ത്ഥികളും നിറയുന്ന ചരിത്രവീഥികളില്‍ നിന്ന് നാം പലതും പഠിക്കേണ്ടതുണ്ട്.
ടി.വി. ചാനലുകളും മറ്റു മാധ്യമങ്ങളും യുദ്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികളും വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. അതിവൈകാരികമായ മെലോഡ്രാമകളാണ് നാം പലപ്പോഴും കാണുന്നത്. വസ്തുനിഷ്ഠതയ്ക്കപ്പുറം ആത്മനിഷ്ഠമായ സമീപനമാണ് പലപ്പോഴും കാണാന്‍ കഴിയുന്നത്. എന്തൊരഹങ്കാരമാണവര്‍ക്ക്. യുദ്ധങ്ങളും അപകടങ്ങളുമെല്ലാം ചാനല്‍ അവതാരകര്‍ക്ക് വില്‍ക്കാനുള്ള വിഭവങ്ങളാണ്. റേറ്റിംഗ്മാത്രമാണ് അവരുടെ ലക്ഷ്യം. ഇവയെ മാറ്റിനിര്‍ത്തിയാല്‍ കുറച്ചു സമാധാനം നമുക്കു ലഭിക്കും. 'പ്രൈംടൈം' വാര്‍ത്തകളും ചര്‍ച്ചകളും ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ മനുഷ്യമനസ്സിനെയാണ് വിഷലിപ്തമാക്കുന്നത്.
എല്ലാം ആലോചനാവിഷയങ്ങള്‍. ലാഭത്തിനു മുന്നില്‍ മറ്റൊന്നിനും പ്രസക്തിയില്ലാത്ത കാലത്ത് സത്യം ആദ്യം മരിക്കുന്നു. എല്ലാ മൂല്യങ്ങളും വില്പനച്ചരക്കുകളാകുന്നു. സമാധാനത്തിന്‍റെ 'സബര്‍മതി ദൂരെയാണ്'. 'നരബലിയാണ്' അടുത്ത്. ഭൂമിക്ക്, മനുഷ്യവംശത്തിന് ഒരു യുദ്ധവും താങ്ങാനാവില്ല. ഏവരും മറ്റൊരു വഴി സാധുവാണ് എന്നറിയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. അതാണ് വിവേകത്തിന്‍റെ പാത.
യുദ്ധവും ചാനലുകളും,വിചാരം,
ഡോ. റോയി തോമസ്,
അസ്സീസി മാസിക ജൂണ്‍ 2025





















