

സംശയമില്ല. ബൈബിൾ സംസാരിക്കുന്നതത്രയും റിക്കവറിയെക്കുറിച്ചാണ്. സൗഖ്യപ്രാപ്തി എന്നാണ് 'റിക്കവറി' എന്നതിന് നാം സാധാരണ അർത്ഥം കാണാറ്. ബൈബിളിൽ, പ്രത്യേകിച്ച് സുവിശേഷങ്ങളിൽ വേണ്ടുവോളമുണ്ട് റിക്കവറിയുടെ കഥകൾ. എന്നാൽ, വീണ്ടുകിട്ടൽ, വീണ്ടെടുപ്പ് എന്നാണ് അടിസ്ഥാനപരമായി അതിനർത്ഥം. ശരിയല്ലാത്ത - അപൂർണ്ണമായ - തെറ്റായ ഒരു അവസ്ഥയിൽ നിന്നും പ്രയോഗക്ഷമമായ - ശരിയായ - പൂർണ്ണമായ - മൗലികമായ അവസ്ഥയിലേക്ക് തിരികെ എത്തുന്നതാണ് 'റിക്കവറി'. ഒരാൾ അവിടെ സ്വയം എത്തുക തന്നെ വേണം.
അങ്ങനെ നോക്കുമ്പോൾ, സുവിശേ ഷത്തിലെ 'മാനസാന്തരപ്പെടുവിൻ' എന്ന ക്ഷണം തന്നെ റിക്കവറിയിലേക്കുള്ള ക്ഷണമാണ്. മാനസാന്തരപ്പെടുക എന്നാൽ, റിക്കവർ ചെയ്യുക എന്നർത്ഥം. നിൻ്റെ ആദിനൈർമ്മല്യം വീണ്ടെടുക്കുക!
ഏദേൻ തോട്ടത്തിൽ നിന്ന് സ്വയം നിഷ്കാസനം ചെയ്തയാളുടെ പിൻ നടത്തമായി റിക്കവറിയെ കാണാനാവും. ഒരുമാതിരി സുബോധമുള്ളവരെല്ലാം ധൂർത്തപുത്രനെപ്പോലെ അതേ പിൻ നടത്തത്തിലാണ്. മനുഷ്യകുലം തന്നെ തിരിച്ചുപിടിക്കുകയാണ്, സ്വയം വീണ്ടെടുക്കുകയാണ്.
ഇന്നിപ്പോൾ കൗമാരക്കാരെയും യുവപൗരന്മാരെയും പറഞ്ഞ് ബോധ്യപ്പെടുത്താവുന്ന സ്വർഗ്ഗത്തിന്റെ നിർവചനം തന്നെ അതാണ്. ഞാനും നീയും നമ്മുടെ ഏറ്റവും ആന്തരികമായ സ്വത്വത്തിൽ നിന്ന് അകലെയാണ്. ഈ ജീവിതംതന്നെ എന്നിലെ ഞാനെയും നിന്നിലെ നീയെയും കണ്ടെത്താനും ആവിഷ്ക്കരിക്കാനുമുള്ള നിതാന്തമായ പരിശ്രമമാണ്. ആരാണ് അതിന് ശ്രമിക്കുന്നില്ലാത്തത്?! നമുക്ക് ഒട്ടുമേ അംഗീകരിക്കാനാവാത്ത വഴികളിലൂടെ ചരിക്കുന്നവരും അതേ അന്വേഷണത്തിൽത്തന്നെയാണ്. നമുക്ക് പല കളികളുണ്ടല്ലോ. "ഉറിയടി", "സുന്ദരിക്ക് ഒരു പൊട്ടുകുത്ത്" എന്നിങ്ങനെ. കണ്ണ് കെട്ടി, കൈയ്യിൽ ഒരു വടിയുമായി, ആകാശത്തിൽ തൂക്കിയിട്ടിരിക്കുന്ന പാൽക്കുടം അടിച്ചു ഉടയ്ക്കാനുള്ള, സ്വയം പാലഭിഷേകം നടത്താനുള്ള അന്വേഷണ യാത്ര. എല്ലാവരുടെയും കണ്ണ് മൂടിക്കെട്ടിയിരിക്കുകയാണ്. അങ്ങനെ കണ്ണുകെട്ടി, രണ്ടുമൂന്നു തവണ വട്ടം കറക്കുക കൂടി ചെയ്തിരിക്കുന്നതിനാൽ, ആർക്കും ദിക്കും ദിശയും തിട്ടമില്ല. ചിലർ വളരെ വ്യത്യസ്തമായ ദിശയിൽ ആകും അന്വേഷണം നടത്തുന്നത്. കാണികളിൽ അത് ചിരി പടർത്തും. പക്ഷേ അവരും അന്വേഷിക്കുന്നത് ആ ഒരേയൊരു പാൽക്കുടമാണ്.
നമ്മുടെ മരണശേഷം നാം ദൈവത്തെ മുഖാമുഖം കാണുന്നു. ദൈവത്തെ മാത്രമല്ല, അവിടുന്ന് ഒരുക്കുന്ന ആ മഹത്തായ പെയ്ൻ്റിങ് നാമപ്പോൾ കാണും. ആ കലാ വിസ്മയത്തിൽ നമ്മുടെ സ്ഥാനം തിരിച്ചറിയും. നമ്മിലെ നമ്മെത്തന്നെ അപ്പോൾ നാം മുഖാമുഖം കാണും. ദൈവത്തിൻ്റെ മനസ്സിൽ നാം എങ്ങനെ ആയിരുന്നുവോ, അങ്ങനെ നാം സ്വയം കണ്ടെത്തുകയും തിരിച്ചറിയുകയും ആയിത്തീരുകയും ചെയ്യും. അതൊരു നീണ്ട പ്രയാണമാണ്. നാം നമ്മിലേക്കെത്തുന്ന നിമിഷം - നാമായിത്തീരുന്ന വേള - സ്വർഗ്ഗം!
ദി അൾട്ടിമേറ്റ് റിക്കവറി!





















