top of page

സത്യം

Nov 5, 2016

1 min read

സനീഷ്
A soldier shooting

വളരട്ടെ മുകളിലേക്ക്

നമ്മുടെ നഗരങ്ങളെല്ലാം

നിറയട്ടെ ആയുധപ്പുരകളെല്ലാം

രാജ്യം തിളങ്ങുന്നുണ്ടെന്ന്

രതിമൂര്‍ച്ഛയിലെത്തുമ്പോള്‍

കൂകി വിളിക്കാം

പക്ഷേ,

എത്ര തണുപ്പുള്ള

ചില്ലുകൂട്ടിലിരുന്നാലും

ചുട്ടുപൊള്ളിക്കുന്ന

തുണിയുരിഞ്ഞ സത്യങ്ങള്‍

പെരുവഴിയിലിനിയും

കാത്തിരിപ്പുണ്ട്.


ഞാനും ഒരു 'തീവ്ര'വാദി


 എന്‍റെ വാദങ്ങളെല്ലാം

തീവ്രമാണ് അതിനാല്‍,

എന്നെയും വിളിച്ചോളൂ

നിങ്ങള്‍ തീവ്രവാദിയെന്ന്.

പട്ടിണി ബാല്യങ്ങളെ

കവരുമ്പോള്‍, കാമം

പെങ്ങടെ മടിക്കുത്തഴിക്കുമ്പോള്‍

തെരുവിലിനിയും മനുഷ്യര്‍

തലചായ്ക്കാനിടം തേടുമ്പോള്‍

മതത്തിന്‍റെ പേരില്‍ മനുഷ്യനെ

ചുട്ടെരിക്കുമ്പോള്‍ എനിക്ക്

പറയാതെ വയ്യാ, തീവ്രമായി

വാദിക്കാതിരിക്കാനും വയ്യ

കഴുത്തില്‍ കുരുക്കിട്ട് ഞാനെന്ന

മതത്തിന്‍റെ ചോട്ടില്‍ കെട്ടിയിട്ടില്ല

ഭീരുവിനെ പോലെ ആയുധവും

ഞാനൊരിക്കലും കരുതിയിട്ടില്ല

എങ്കിലും കരളിലുരച്ച്

എന്‍റെ വാക്കുകള്‍ക്കിനിയും

മൂര്‍ച്ച കൂട്ടി കരുതിവയ്ക്കും

അനീതികളുടെ ഹൃദയത്തിലാഴ്ത്താന്‍

തീവ്രമായി വാദിക്കുന്ന എന്നെ

മടിക്കാതെ നിങ്ങള്‍

വിളിച്ചോളൂ തീവ്രവാദിയെന്ന്



Recent Posts

bottom of page