top of page

പുറവഴികളിലെ സഞ്ചാരി

Oct 1, 2011

2 min read

ജക
Franciscan Image.

ഫ്രാന്‍സിസ് ആകാശത്തിനു വിലങ്ങനെ വീണ മേഘമായിരുന്നു. അതില്‍ ദൈവത്തിന്‍റെ അരുളപ്പാടുകളും കാര്‍ക്കശ്യവും വിതുമ്പലുമുണ്ടായിരുന്നു.

എന്തുകൊണ്ട് സെന്‍റ് ഫ്രാന്‍സിസിനെ സ്നേഹിക്കുന്നു എന്നു ചോദിച്ചപ്പോള്‍ ഗ്രീക്ക് സാഹിത്യകാരനായ നിക്കോസ് കസന്‍ദ്സാക്കിസ് പറഞ്ഞു: "ഒന്നാമതായി സെന്‍റ് ഫ്രാന്‍സിസ് നവോത്ഥാന കാലഘട്ടത്തിനു മുന്‍പുള്ള ഏറ്റവും വലിയ കവികളിലൊരാളായിരുന്നു. രണ്ടാമതായി നോട്ടംകൊണ്ട് ഒരു പൂവിന്‍റെ ചാരിത്ര്യംപോലും അദ്ദേഹം മോഷ്ടിച്ചിട്ടില്ല." കസന്‍ദ്സാക്കിസിന്‍റെ 'ദൈവത്തിന്‍റെ നിസ്സ്വന്‍', ഫ്രാന്‍സിസിന്‍റെ ആന്തരികതയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പുസ്തകമായി തോന്നിയിട്ടുണ്ട്. ജി. കെ. ചെസ്റ്റര്‍ട്ടന്‍റെ 'അസ്സീസിയിലെ ഫ്രാന്‍സിസ്', വിശുദ്ധന്‍റെ ആത്മീയതയെ ഉള്‍ക്കൊള്ളാനുള്ള മറ്റൊരു ശ്രമമാണ്. ഈ പുസ്തകത്തില്‍ ചെസ്റ്റര്‍ട്ടന്‍ എഴുതി, 'ഫ്രാന്‍സിസ് ദൈവത്തില്‍ കപ്പല്‍ച്ചേതം സംഭവിച്ചു വീണു.' ഈ വാക്കുകളിലൂടെ ചെസ്റ്റര്‍ട്ടന്‍റെ പ്രതിഭ, ദൈവം പൂത്തുനില്‍ക്കുന്ന ഫ്രാന്‍സിസിന്‍റെ നെഞ്ചില്‍ തൊടുന്നു. ഞാന്‍ ഫ്രാന്‍സിസില്‍ കണ്ട പ്രചോദനങ്ങള്‍ ഇവയാണ്:


സഞ്ചാരി

നമ്മള്‍ എവിടെയ്ക്കെങ്കിലും നടന്നകലുമ്പോള്‍ ഒരു പലായനത്തിനുള്ള നമ്മുടെ ചോദനയെയാണ് തൃപ്തിപ്പെടുത്തുന്നത്. എല്ലാ വിളിയൊച്ചകള്‍ക്കും അകലെ ആരുടെയും കണ്ണില്‍പ്പെടാതെ പ്രപഞ്ചത്തിനുള്ളില്‍ കുറച്ചുനേരം മറഞ്ഞുനില്‍ക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്?

യാത്ര, ഒരാളെ അയാളുടെ ശരീരത്തില്‍ത്തന്നെ ഒരു കാഴ്ചക്കാരനാക്കി നിര്‍ത്തുന്ന അയാളുടെ സ്വന്തം ആന്തരികചോദനകളുടെ നിരീക്ഷകനാക്കി മാറ്റുന്നു. ഇതൊരു ചാരപ്പണികൂടിയാണ്. അയാളില്‍നിന്നും മറഞ്ഞുനില്‍ക്കുന്ന ആത്മസത്തയെ കണ്ടുപിടിക്കാനുള്ള ചാരപ്പണി. നമ്മുടെ ലൈംഗിക തൃഷ്ണകളെ അലിയിപ്പിച്ചു കളയാനുള്ള എന്തോ ഒന്ന് യാത്രയിലുണ്ട്. നടക്കുമ്പോള്‍ ശരീരം തന്നെയാണ് നിരത്തപ്പെടുന്നത്. ഇതു പരിത്യാഗത്തിനുള്ള മാര്‍ഗ്ഗംകൂടിയാണ്: നിങ്ങള്‍ ഓരങ്ങളിലും വഴിച്ചെടികളിലും പൂവുകളിലും നിങ്ങളെ ഉപേക്ഷിച്ചു പോകുന്നു.

ഫ്രാന്‍സിസ് ഒരു സഞ്ചാരിയായിരുന്നു. കാതങ്ങള്‍ നടന്നകന്ന ദേശാടകന്‍. ഒരു യാത്രയിലായിരിക്കുക എന്നതാണ് യേശുവിനെ അനുകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ഫ്രാന്‍സിസിനറിയാമായിരുന്നു. ഫ്രാന്‍സിസ്, ഓരങ്ങളിലൂടെ നടന്നു ദൈവത്തിലെത്തിച്ചേര്‍ന്നു.


നാശാവശിഷ്ടങ്ങളുടെ കാമുകന്‍

ആകാശമല്ലാതെ - (അനന്തമായ ആ മേല്‍ക്കൂരയല്ലാതെ) ആരും നാശാവശിഷ്ടങ്ങളെ കാണുന്നില്ല. മനുഷ്യന്‍ പിന്‍വാങ്ങുന്നിടത്ത് നാശാവശിഷ്ടങ്ങള്‍ മാത്രം ബാക്കിയാവുന്നു. പാഴിടം ഒരു ദുഃഖമാണ്.

തകര്‍ന്നു വീഴുന്ന ദേവാലയം തകര്‍ന്നുപോയ നമ്മുടെ വിധിയെക്കാണിക്കുന്നു. ഫ്രാന്‍സിസ്, തകര്‍ന്നു വീണ ദേവാലയങ്ങളുടെ ശില്‍പ്പിയായിരുന്നു. ഒരു പക്ഷേ, മറ്റൊരു സംസ്കൃതിയിലും കാലഘട്ടത്തിലുമിരുന്ന് മഹാനായ സൂഫി കവി, ജലാലുദ്ദീന്‍ റൂമി പാടുന്നത് അദ്ദേഹം കേട്ടു കാണും:

" Where there is a ruin

There is a Treasure”

ഫ്രാന്‍സിസ് നാശാവശിഷ്ടങ്ങളുടെ ഇടയില്‍ ദൈവത്തെ കണ്ടെത്തി. അവനൊരു വീടു പണിയാന്‍ ആഗ്രഹിച്ചു. പക്ഷേ നാശാവശിഷ്ടങ്ങളല്ലാതെ മറ്റെന്താണ് ദൈവത്തിനു പര്യാപ്തമായ വീട്?


ക്രിസ്ത്യാനി

യേശു ഒരു യഹൂദനായിരുന്നതുപോലെ ഫ്രാന്‍സിസും ഒരു ക്രിസ്ത്യാനിയായിരുന്നു. യേശു ഒരു യഹൂദനല്ലായിരുന്നതുപോലെ ഫ്രാന്‍സിസും ഒരു ക്രിസ്ത്യാനിയല്ലായിരുന്നു. ചിലപ്പോള്‍ ഏറ്റവും നല്ല ക്രിസ്ത്യാനിയായിരിക്കാനുള്ള മാര്‍ഗ്ഗം ഒരു അക്രൈസ്തവനായിരിക്കുകയാണ്. ചിലപ്പോള്‍ അനുസരണമാണ് ഏറ്റവും വലിയ കലഹം. അനുസരിച്ചുകൊണ്ട് ഫ്രാന്‍സിസ് സഭയ്ക്കെതിരെ കലഹിച്ചു.


വിഡ്ഢി

ഒന്നുകില്‍ നിങ്ങള്‍ ഒരു ജ്ഞാനിയായിരിക്കണം അല്ലെങ്കില്‍ ഒരു വിഡ്ഢിയായിരിക്കണം. ഇതിനിടയില്‍ നിന്നാല്‍ ഒരു പാതിദര്‍ശനമേ നിങ്ങള്‍ക്കു കിട്ടുകയുള്ളൂ. പാതിദര്‍ശനം അപകടമാണ്. ഈ പാതിദര്‍ശനം കിട്ടിയ, എന്നാല്‍ വിഡ്ഢികളല്ലാത്ത പുരോഹിതന്മാരാണ് ദൈവത്തില്‍ വിശ്വസിക്കാതെ, ദൈവത്തില്‍ വിശ്വസിക്കുന്നവരെ ചൂഷണംചെയ്തു ജീവിക്കുന്നത്. ഗ്രീക്കു ദുരന്തകാവ്യങ്ങളില്‍ ജ്ഞാനിയും, ഷേക്സ്പിയര്‍ ദുരന്തകാവ്യങ്ങളില്‍ വിഡ്ഢിയും ദുരന്തത്തില്‍നിന്നും രക്ഷപ്പെടുന്നു. വിഡ്ഢിയും ജ്ഞാനിയും ദുരന്തങ്ങളില്‍നിന്നും രക്ഷപ്പെടുന്നത് സമഗ്രമായ ഒരു ദര്‍ശനത്തിലേയ്ക്ക് അവര്‍ക്കു വാതില്‍ തുറന്നുകിട്ടുന്നതുകൊണ്ടാണ്. ഫ്രാന്‍സിസ് ഒരു വിഡ്ഢിയായിരുന്നു.


കവി

കവിത ഏതെങ്കിലും തരത്തിലുള്ള ഒരു സാഹിത്യമല്ല, അതൊരു ലക്ഷ്യമാണ.് വാര്‍ദ്ധക്യത്തിലെത്തിക്കാതെ, പ്രപഞ്ചത്തെ നവീകരിക്കുക എന്നതാണ് കവിതയുടെ ലക്ഷ്യം. നമ്മളെല്ലാവരും ഒരു നഷ്ട പറുദീസയുടെ തേങ്ങലുകളെ പേറുന്നവരാണ്. കവി മാത്രം അതിനു പേരിടുന്നു. നമ്മള്‍ അധികാരത്തിലും പണത്തിലും കാലിടറി വീഴുമ്പോള്‍ ഒരു കവി വാക്കുകളില്‍ കാലുതട്ടി വീഴുന്നു.

ഫ്രാന്‍സിസ് നഷ്ടപറുദീസയുടെ കവിയായിരുന്നു. കവിത അദ്ദേഹത്തെ ബഹുമാനിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. റെയ്നര്‍ മരിയ റില്‍ക്കേ അതു നന്നായി ചെയ്തു:

“For all things on earth knew him

And found their fruitfulness in him.”

വീണ്ടും,

“And when he died quietly, as though unknown

He was dispersed: in brooks his seed ran

And among the trees to see him shine

Upward from the flower’s open span.”


സത്യം

"സത്യമെന്താണെന്ന് എനിക്കെപ്പോഴും അറിയാമായിരുന്നു. പക്ഷേ ഞാനതൊരിക്കലും ചെയ്തില്ല. കാരണം ശരികള്‍ ചെയ്യുകയാണ് ഏറ്റവും ബുദ്ധിമുട്ടായ കാര്യം." അല്‍പാച്ചിനോ ഒരു സിനിമയില്‍ (scent of a woman) പറയുന്നു.

സത്യത്തിന്‍റെ ഒരു വൈരുദ്ധ്യ സ്വഭാവമാണിത്. സത്യം എന്താണെന്നറിഞ്ഞുകൊണ്ട് നമുക്കതു ജീവിക്കാനാവില്ല. പക്ഷേ ജീവിച്ചുകൊണ്ട് അറിയാന്‍ സാധിക്കും. സത്യത്തിന്‍റെ മഹത്തായ ദര്‍ശനം കിട്ടിയപ്പോഴാണ് മാര്‍ട്ടിന്‍ ഹൈഡഗര്‍ പറഞ്ഞത്: "സത്യം എന്നതു പ്രാന്തപ്രദേശങ്ങളിലൂടെയുള്ള യാത്രയാണ്." പക്ഷേ, ഹൈഡഗര്‍ ഇതൊരിക്കലും ജീവിച്ചില്ല. പകരം നാസി ഭരണകൂടത്തെ അനുകൂലിക്കുകയും ഗുരുവായ ഹുസ്സേമിനെ ഒറ്റുകൊടുക്കുകയും ചെയ്തു.

ഫ്രാന്‍സിസ് പ്രാന്തപ്രദേശങ്ങളിലൂടെ നടന്നുകൊണ്ട് സത്യത്തെ അറിഞ്ഞു, ദൈവത്തിലെത്തിച്ചേര്‍ന്നു. നഗരങ്ങളെയോ, ഭദ്രാസന പള്ളികളെയോ സ്വന്തമാക്കാതെ സമൂഹത്തിന്‍റെ ഓരങ്ങളിലൂടെ നടന്നുപോയി.

തന്‍റെ സമൂഹത്തെ അദ്ദേഹം വിളിച്ചത് 'ന്യൂനപക്ഷം' എന്നായിരുന്നു. ഇതു സത്യത്തിന്‍റെ, മറ്റൊരു സ്വഭാവമാണ്. സത്യം എപ്പോഴും ഒരു ന്യൂനപക്ഷമാണ്. സത്യത്തിനൊരിക്കലും ഒരു ഭൂരിപക്ഷമാകാന്‍ സാധിക്കത്തില്ല. പതിനായിരങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഒരു സത്യം വിളിച്ചുപറയാനൊരുങ്ങുമ്പോള്‍ അതൊരു മുദ്രാവാക്യമായി മാറുന്നു. സത്യം എപ്പോഴും ഒരു മന്ത്രിക്കലിലേയ്ക്കു തിരിച്ചുപോകുന്നു.


ഫ്രാന്‍സിസ് ദൈവത്തിന്‍റെ സത്യമായിരുന്നു.

Featured Posts