

വേനല്‍മഴ പെയ്ത് അന്തരീക്ഷം നന്നായി തണുത്തിരുന്നു. അതിന്‍റെ ഒരു സുഖത്തില്‍ കുറച്ചുനേരം കൂടി ചുരുണ്ടുകൂടി കിടന്നു. ഉത്തരവാദിത്വത്തിലേക്ക് എഴുന്നേല്‍ക്കാന്‍ മടിയായി. എന്താ ഇത്ര തിടുക്കം? കട്ടില്‍ എന്നോട് ചോദിച്ചു. എന്നാല്‍ അല്പനേരം കൂടി. ഞാന്‍ മനസ്സില്‍ കുറിച്ചു. അന്നത്തെ ദിവ്യബലി മധ്യേ വായിക്കേണ്ട സുവിശേഷം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തലേദിവസം വായിച്ച് മനസ്സിലുറപ്പിച്ചതാണ്. അതേ, ബദ്സെയ്ഥാ കുളക്കരയും തളര്‍വാതരോഗിയും. "നീ നിന്‍റെ കിടക്കയുമെടുത്ത് വീട്ടിലേക്ക് പോകൂ", യേശു തളര്‍വാതരോഗിയോട് പറഞ്ഞ വാക്കുകള്‍ കേട്ടു. പെട്ടെന്ന് ഞാനും ചാടിയെഴുന്നേറ്റു. മനസ്സില്‍ സുവിശേഷദ ൃശ്യങ്ങള്‍ ഒന്നൊന്നായി തെളിഞ്ഞുവന്നു.
യേശു ജറുസലേമില്‍ പെരുന്നാളിന് പോയി. അവിടെയുള്ള ബദ്സെയ്ഥാ കുളക്കരയില്‍ യേശു എത്തി. വലിയ ആള്‍ക്കൂട്ടം. തിരുനാള്‍ കൂടാന്‍ വന്ന ജനമഹാസമുദ്രം. വഴിവാണിഭക്കാരും, ബലിയര്‍പ്പിക്കാനുള്ള ഉരുക്കളും, കൈ നോട്ടക്കാരും, കരിമ്പ് വില്‍പ്പനക്കാരും, മാജിക് ഷോ, മത്സ്യകന്യക, സര്‍പ്പയജ്ഞക്കാര്‍, അത്തിപ്പഴം, ഈന്തപ്പഴം വില്പനക്കാര്‍ ഇങ്ങനെ ഒരു പള്ളിപ്പെരുന്നാള്‍ കളറാകാന്‍ എന്തൊക്കെ വേണോ അതൊക്കെ അവിടെ ഉണ്ട്. കൂടെ എല്ലാ തിരുനാള്‍ ദൃശ്യങ്ങളിലും വരച്ചുചേര്‍ക്കപ്പെടുന്ന ഭിക്ഷക്കാരുടെ ഒരു നിരയും. അവര്‍ തമ്പടിച്ചിരുന്നത് ബദ്സെയ്ഥാ കുളക്കരയിലാണ്. ഒരുപക്ഷേ അവിടം മാത്രമായിരിക്കും ഭിക്ഷാടന നിരോധന മേഖല അല്ലാതിരുന്നത്.
ബദ്സെയ ്ഥാ എന്ന വാക്കിന് കരുണയുടെ ഭവനം എന്നാണര്‍ഥം. തീര്‍ഥാടകരുടെ കരുണ യാചിച്ചുകൊണ്ടായിരിക്കണം അവിടെ രോഗികളും മുടന്തരും കുരുടരും തമ്പടിച്ചിരുന്നത്. യഥാര്‍ഥത്തില്‍ അവിടം കരുണ വറ്റിയ ഇടമാണ്. ക്രിസ്തുവിന്‍റെ ശ്രദ്ധ തിരുനാളിന്‍റെ ആരവങ്ങളിലേക്കും ആഹ്ളാദങ്ങളിലേക്കും പോകുന്നില്ല. ആരും കാണാത്ത കാഴ്ചകളിലേക്ക് അവന്‍റെ ശ്രദ്ധ പതിയുന്നു. മനുഷ്യജീവിതത്തിന്‍റെ സങ്കടങ്ങളുടെ കാഴ്ചകളിലേക്ക്.
ബദ്സെയ്ഥാ കുളത്തിന് അഞ്ച് പടവുകള്‍ ഉണ്ടായിരുന്നു. പഞ്ചേന്ദ്രിയങ്ങള്‍ പോലെ. അഞ്ച് പടവുകളെക്കുറിച്ചുള്ള നല്ലൊരു വായന കിട്ടിയത് ഇങ്ങനെയായിരുന്നു. ആദ്യത്തെ പടവ്, ഏകാന്തതയുടേതാണ്. ബദ്സെയ്ഥാ കുളക്കരയില്‍ കിടക്കുന്ന രോഗിയുടെ, അതും തളര്‍വാതരോഗിയുടെ മനോവ്യാപാരത്തിലൂടെയാണ് ലേഖകന്‍ അഞ്ച് പടവുകളെ വിലയിരുത്തുന്നത്. കുളത്തില്‍ കൂടെക്കൂടെ ഒരു മാലാഖ വന്ന് ജലമിളക്കും. അപ്പോള്‍ ആദ്യം വെള്ളത്തിലിറങ്ങുന്നവന്‍, അവന് എന്ത് രോഗമുണ്ടായാലും സുഖപ്പെടും. വെള്ളത്തിന്‍റെ ചലനം കാത്ത് ഒരുപാട് രോഗികള്‍ അവിടെ കിടപ്പുണ്ടായിരുന്നു. മുപ്പത്തിയെട്ട് വര്‍ഷമായി കാത്തുകെട്ടി അവിടെ കിടന്നിരുന്ന ഒരു മനുഷ്യന്‍. ഏകാന്തതയുടെ മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍. ജലമിളകുമ്പോള്‍ എന്നെ കുളത്തിലിറക്കാന്‍ ആരുമില്ല എന്ന സങ്കടത്തിന്‍റെ, ഒറ്റപ്പെടലിന്‍റെ തിരയിളക്കം. ഇതാണ് ആദ്യത്തെ പടവ്.
രണ്ടാമത്തെ പടവ്, നിസ്സഹായതയുടേതാണ്. തളര്‍വാതത്തിന്‍റെ സ്വയം ചലനരഹിതമായ അവസ്ഥ. എങ്കിലും ആരൊക്കെയോ അയാള്‍ക്ക് തുണയായി എത്തിയിരുന്നു. ഒറ്റക്കാര്യത്തിനൊഴിച്ച് - കുളത്തില്‍ തിരയിളക്കമുണ്ടാകുമ്പോള്‍ അതിലേക്ക് അയാളെ തള്ളിയിടുന്ന കാര്യത്തിനൊഴിച്ച്. മൂന്നാമത്തെ പടവ്, മുമ്പന്മാര്‍ പിമ്പന്മാരാകുന്ന വേദനയാണ്. എനിക്ക് ഒരിക്കലും മുമ്പനാകാന്‍ കഴിയുന്നില്ല എന്നതാണ് അയാളുടെ നൊമ്പരം. എപ്പോഴും പിന്നിലേക്ക് മാറിനില്‍ക്കുന്ന അവസ്ഥ. എന്നാല്‍ കുളപ്പടവിലെ കാത്തുനില്‍പ്പിന്‍റെ കാര്യത്തില്‍ അയാള്‍ മുമ്പനായിരുന്നു. മുപ്പത്തിയെട്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പ്. നാലാമത്തെ പടവ്, ശീലങ്ങളുടേതാണ്. ദീര്‍ഘകാലമായി ഒരുവന്‍ കട്ടിലിന്‍റെ മന്ത്രിക്കലിന് കീഴ്‌പ്പെടുമ്പോൾ അവന് എഴുന്നേല്‍ക്കാന്‍ കഴിയാതെയാകും. ശീലങ്ങള്‍ അവനെ തളര്‍വാതരോഗിയാക്കും. അഞ്ചാമത്തെ പടവ്, കണ്ണീരിന്‍റെയും വ്യഥയുടേതുമാണ്. തളര്‍വാതരോഗി അവിടെ കിടന്നുകൊണ്ട് പലരുടേയും രോഗശാന്തിയും സൗഖ്യവും കണ്ടു. നീണ്ട കാലമായി ഇവിടെ കാത്തുകിടന്നിട്ടും തനിക്കെന്തേ രോഗസൗഖ്യം കിട്ടാത്തത് എന്ന് കണ്ണീരോടെ അയാള്‍ കരഞ്ഞ് വിലപിക്കുന്നു.
പൊരുത്തക്കേടുകളോട് പൊരുത്തപ്പെട്ട് ജീവിച്ചവനാണ് ആ തളര്‍വാതരോഗി. മുപ്പത്തിയെട്ട് വര്‍ഷമായി തളര്‍ന്നു കിടക്കുന്നൊരാൾ. ക്രിസ്തു അയാളുടെ പക്കലെത്തുമ്പോള്‍ ക്രിസ്തുവിന് ഏതാണ്ട് മുപ്പത്തിരണ്ട് വയസ്സായിരിക്കണം പ്രായം. അതിന്‍റെയര്‍ഥം ക്രിസ്തു ജനിക്കുന്നതിനും ആറ് വര്‍ഷം മുമ്പ് അയാള്‍ അവിടെ വന്ന് കിടപ്പ് തുടങ്ങിയിട്ടുണ്ടായിരിക്കണം. ക്രിസ്തു അയാളോട് ചോദിക്കുന്നു: "നിനക്ക് സുഖപ്പെടാന്‍ താല്പര്യമുണ്ടോ ? " പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ഈര്‍ഷ്യയുളവാക്കുന്ന ഒരു ചോദ്യമായിട്ടേ തോന്നൂ. കാരണം, നാല് പതിറ്റാണ്ടായി സൗഖ്യം കാത്ത് കിടന്നയാളോടാണ് ഇങ്ങനെയൊരു ചോദ്യം. അയാള്‍ വെറെയെന്താണ് താല്പര്യപ്പെടുക?
ഒത്തിരികാലം ഒരേയവസ്ഥയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഒരാള്‍ക്ക് - അതെത്ര നല്ലതോ മോശമോ ആയിക്കൊള്ളട്ടെ - അതേയവസ്ഥയില്‍ തുടരാന്‍ താല്പര്യമുണ്ടാകുക സ്വാഭാവികമാണ്. ഇനി ഇങ്ങനെ തന്നെ മതിയെന്ന് മനസ്സ് നിശ്ചയിക്കുന്നു. അയാള്‍ കുളക്കരയില്‍ കിടക്കാന്‍ ഇഷ്ടപ്പെട്ടു. അയാളുടെ കണ്ണിനുമുമ്പില്‍ അത്ഭുതമുണ്ട്, സൗഖ്യമുണ്ട്. പക്ഷേ അയാള്‍ക്ക് സൗഖ്യത്തിലേക്ക് പ്രവേശിക്കുവാന്‍ ശ്രമമില്ല. നിന്‍റെ ആഗ്രഹവും, മനസ്സിന്‍റെ വ്യക്തതയുമാണ് അത്ഭുതങ്ങളുടെ വിത്ത്. അതുകൊണ്ടാണ് സൗഖ്യം തേടി തന്‍റെ അരികിലെത്തുന്നവരോട് ക്രിസ്തു ചോദിക്കുന്നത് ഞാനെന്ത് ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന്‍ കാഴ്ച ആഗ്രഹിക്കുന്നു. കുഷ്ഠരോഗി സൗഖ്യം തേടുന്നു. മുടന്തന്‍ നല്ല നടപ്പ് ആഗ്രഹിക്കുന്നു. പക്ഷേ, അന്ധന്‍ പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് ദൈവം അരികിലെത്തിയപ്പോള്‍ ദൈവമേ, എനിക്ക് നല്ലൊരു ഊന്നുവടി തന്നാല്‍ മതി എന്ന് ആവശ്യപ്പെട്ടതായി കഥ വായിച്ചതോര്‍ക്കുന്നു.
ഇവിടെയും ഏതാണ്ട് അതേപോലെ ഒരു കാര്യമാണ് സംഭവിക്കുന്നത്. വളരെക്കാലമായി അവന്‍ അവിടെ കിടക്കുന്നു എന്ന് കണ്ടിട്ട് യേശു അവനോട് ചോദിക്കുന്നു - നിനക്ക് സുഖപ്പെടുവാന്‍ ആഗ്രഹമുണ്ടോ? ആ തളര്‍വാതരോഗിയുടെ മറുപടി സുഖപ്പെടുവാനുള്ള ആഗ്രഹം പറയലല്ല, തനിക്ക് ഇല്ലാതെപോകുന്ന സഹായഹസ്തങ്ങളെക്കുറിച്ചാണ്. ജലമിളകുമ്പോള്‍ അതിലേക്കിറങ്ങാന്‍ തന്നെ സഹായിക്കാന്‍ ആരുമില്ല. അതായിരുന്നു അയാളുടെ സങ്കടം. എന്നാല്‍, തന്നെ അടിപടലം ശുദ്ധനും സൗഖ്യനുമാക്കാന്‍ കഴിയുന്നവനാണ് മുമ്പില്‍ നില്‍ക്കുന്നതെന്ന വലിയ സത്യം അയാള്‍ തിരിച്ചറിയുന്നില്ല.
തളര്‍വാതരോഗിയുടെ സങ്കടം പറച്ചിലിന് എല്ലാക്കാലത്തേക്കും നീളുന്ന ധ്വനികളുണ്ട്. നമ്മുടെ വീടുകളും, കൂട്ടായ്മകളും, തൊഴിലിടങ്ങളുമൊക് കെ സൗഖ്യം നല്‍കുന്ന തീര്‍ഥപടവുകളാകണം എന്നൊരു ധ്വനിയുണ്ട്. ഇവയൊക്കെ പുറത്ത് നമ്മള്‍ തിരസ്കൃതരായാലും, ശിരസ്സ് താഴ്ത്തിനില്‍ക്കേണ്ടി വന്നാലും, പരുക്കേല്‍ക്കേണ്ടി വന്നാലും നമ്മുടേതായ ഒരു സൗഖ്യതീര്‍ഥ പടവിലെത്തുമ്പോള്‍ ഒരിത്തിരി സമാധാനം നമുക്ക് ലഭിക്കുമെങ്കില്‍, സ്നേഹവാത്സല്യങ്ങളുടെ തിരയിളക്കങ്ങളില്‍ നമ്മള്‍ സൗഖ്യപ്പെട്ടവരാകുമെങ്കില്‍ അതാണ് നമ്മുടെ ബെദ്സെയ്ഥാ.
നമ്മള്‍ ബദ്സെയ്ഥായുടെ തിരയിളക്കങ്ങളില്‍ ശാന്തിയും സൗഖ്യവും കണ്ടെത്തുമ്പോള്‍, കുളപ്പടവില്‍ നമ്മുടെ സഹായം ആഗ്രഹിച്ച്, പ്രതീക്ഷിച്ച് ആരെങ്കിലുമൊക്കെ കിടക്കുന്നുണ്ടെങ്കില്‍ അവരെ സൗഖ്യത്തിന്‍റെ തിരയിളക്കത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരേണ്ട വലിയ ഉത്തരവാദിത്വമുണ്ട്. ബദ്സെയ്ഥാ നമ്മെ ഓര്‍മ്മിപ്പിക്കുന്ന രണ്ടാമത്തെ തലം ഇതാണ്. പ് രായം ചെന്ന മാതാപിതാക്കളുടെ ആവശ്യങ്ങള്‍, ഒന്ന് കേട്ടിരുന്നെങ്കില്‍ എന്ന് കൊതിക്കുന്ന, ജീവിതസഖിയുടെ ഇഷ്ടങ്ങള്‍, കൊഞ്ചിക്കപ്പെടാനും ഇത്തിരിനേരം കൂടെയിരിക്കാനും കൊതിക്കുന്ന കുഞ്ഞുങ്ങളുടെ ദാഹങ്ങള്‍. ഇവരെ സൗഖ്യത്തിലേക്ക് ആനയിക്കുവാന്‍ നമുക്കാകുമോ?
ലഭിക്കാതെ പോയ സൗഖ്യങ്ങളേക്കാള്‍, കൊടുക്കാതെപോയ സൗഖ്യങ്ങള്‍ എന്‍റെ വ്യാകുലങ്ങളാകട്ടെ. ബെദ്സെയ്ഥാ കൈയെത്തും ദൂരത്തുണ്ട്. ആദ്യം സ്വയം മുങ്ങി നിവരുക. അതിനുശേഷം മറ്റുള്ളവരെയും സൗഖ്യതീര്‍ഥപടവുകളിലേക്ക് കൊണ്ടുവരിക. വിമാനത്തിൽ നല്‍കുന്ന മുന്നറിയിപ്പുപോലെ. എന്തെങ്കിലും ഒരു അത്യാഹിതം സംഭവിച്ചാല്‍ സീറ്റിനുമുകളിലുള്ള ഓക്സിജന്‍ മാസ്ക് ആദ്യം സ്വയം അണിയുക. അതിനുശേഷം അടുത്തിരിക്കുന്നയാളെ ആവശ്യമെങ്കില്‍ സഹായിക്കുക - അത് സ്വന്തമാണെങ്കില്‍പ്പോലും. കാരണം സൗഖ്യം കിട്ടിയവനേ സൗഖ്യം നല്‍കാനാകൂ. വൈദ്യാ, ആദ്യം നീ നിന്നെത്തന്നെ സുഖപ്പെടുത്തൂ!






















