top of page

ബദലുകള്‍ തേടുന്ന സമരം

Mar 1, 2013

2 min read

George Valiapadath Capuchin
An old lady walking through the scenic village.

നാളികേരത്തിന്‍റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണും അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു പുരയും - അതാണ് കണ്ണൂര്‍ ചക്കരകല്ലില്‍ ഹരിക്കും ആശയ്ക്കും 'നനവ്'.


ആശയുടെ എന്നത്തെയും കനവും ഹരിയുടെ എന്നത്തെയും നിനവും ഈ 'നനവ'ായിരുന്നു - മണ്ണുകൊണ്ട് പടുത്തൊരുവീട്.


അതീവലളിതമായി, കലര്‍പ്പില്ലാതെ, പ്രകൃതിയോടു പരമാവധി ഇണങ്ങിച്ചേര്‍ന്ന പച്ചമണ്ണിന്‍റെ മനുഷ്യത്വത്തോടെ എങ്ങനെ ജീവിക്കാമെന്ന പരീക്ഷണവും അതേസമയം ആര്‍ഭാടങ്ങളില്‍ മുഴുകി പ്രകൃതിയെ മുച്ചൂടും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ജീവിതക്രമങ്ങളോടും ബംഗ്ലാവ് നിര്‍മ്മിതികളോടുമുള്ള ഒരു കലഹവും കൂടിയാണ് മണ്ണ് കുഴച്ചെടുത്ത് ഉണ്ടാക്കിയെടുത്ത 'നനവ്' എന്ന ഈ മണ്‍പുറ്റ്.


മട്ടന്നൂരില്‍ ജല അഥോറിറ്റിയില്‍ ഉദ്യോഗസ്ഥനായ ഹരിയും കാഞ്ഞങ്ങാടിനടുത്ത് പെരിയ ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ അധ്യാപികയായ ആശയും കേരളത്തിന്‍റെ പരിസ്ഥിതി ആചാര്യന്മാരായിരുന്ന പ്രൊഫ: ജോണ്‍സി ജേക്കബിന്‍റെയും പ്രൊഫ: എം. കെ. പ്രസാദിന്‍റെയും പ്രൊഫ: എസ്. ശിവദാസിന്‍റെയും മറ്റും ശിഷ്യരും സഹകാരികളും ആയിരുന്നു.


നമ്മുടെയെല്ലാം അമ്മയും അഭയവും ആധാരവുമായ പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയാണെങ്കില്‍, അങ്ങനെ ചരാചരങ്ങളുടെയെല്ലാം സുസ്ഥിതിക്കും സുജീവിതത്തിനും വേണ്ടിയാണെങ്കില്‍ ജീവിതം തന്നെ സമരമുഖത്തായിരിക്കുന്നതില്‍ ഈ ദമ്പതികള്‍ക്ക് മടുപ്പ് ഏതുമില്ല.