

അപ്പന്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ്. അകത്തേക്ക് പാഞ്ഞു പോകുന്ന ഡോക്ടര്‍ ഒന്ന് തിരിഞ്ഞു നോക്കിയതായി തോന്നി. അയാള്‍ക്ക് വേണ്ടി തുറന്ന് പിടിച്ച വാതിലിലൂടെ തെല്ലു ശാഠ്യം പിടിച്ചു ഞങ്ങളും കയറി. ചലനമില്ലാതെ അപ്പന്‍. സിനിമയിലൊക്കെ കണ്ട് പരിചയമുള്ള ECG മോണിറ്ററില്‍ വര നേരെയായി. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഒരു മെയില്‍ നേഴ്സ് നെഞ്ചില്‍ ശക്തമായി ഇടിച്ചു തുടങ്ങി. മറ്റൊരു അനുബന്ധ ചടങ്ങ് എന്ന് മാത്രമേ കരുതിയുള്ളു. അപ്പന്‍ കണ്ണ് തുറന്നു. ഏതോ കൃപയുടെ കടാക്ഷവും മനുഷ്യന്‍റെ ഇച്ഛാ ശക്തിയും ചേര്‍ന്ന് അടര്‍ന്നു തുടങ്ങിയ ഒരു പ്രാണനെ തിരിച്ചു പിടിച്ചു. വിഷമിക്കരുത് എന്ന അര്‍ത്ഥത്തില്‍ അപ്പന്‍ പിന്നീട് മിഴി ചലിപ്പിച്ചു.
എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട്. അതിലൊരാള്‍ ദൈവദൂതനാണ്. ജീവിതം പിന്നെയും മിടിക്കുന്നിടത്താണ് അയാളുടെ ആനന്ദം.
രക്തം പമ്പ് ചെയ്യുവാനുള്ള ഓര്‍ഗന്‍ ആയി മാത്രം ആരും ഹൃദയത്തെ ഇന്നോളം തെറ്റിദ്ധരിച്ചിട്ടുണ്ടാവില്ല. മനുഷ്യനും ദൈവത്തിനും ചാര്‍ത്തി കൊടുക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ വാഴ്ത്ത് എന്താണ്. ഹൃദയമുള്ള മനുഷ്യന്‍ /ഹൃദയത്തില്‍ വസിക്കുന്ന ദൈവം!
ഹൃദയമായിരുന്നു മനുഷ്യരെ രൂപപ്പെടുത്തുമ്പോള്‍ ദൈവം ആദ്യം മെനെഞ്ഞതെന്നും അത് തന്നെയായിരിക്കും അവസാനം പൊടിയേണ്ടതെന്നും സങ്കല്‍പ്പിച്ചിരുന്ന യഹൂദ റാബികളുടെ കഥാ പാരമ്പര്യമുണ്ട്. ജീവന്‍റെ അപ്പുറവുമിപ്പുറവുമായി നീളുന്ന സ്നേഹഭാവനയുടെ സൂചനയായിട്ടാണ് അവരതിനെ ഗണിച്ചത്. അത്തരം ചില വിശ്വാസങ്ങളുടെ പശ്ചാത്തലത്തിലാണ് യേശുവിന്‍റെ പിളര്‍ക്കപ്പെട്ട നെഞ്ചിന്‍റെ നേര്‍ക്കാഴ്ചയില്‍ സുവിശേഷം അവസാനിക്കുന്നത്. അതില്‍ നിന്ന് ഉറവക്കണ്ണില്‍ കുത്തിയത് പോലെ രക്തവും ജലവും കുതിച്ചൊഴുകി. പല രീതിയില്‍ പിന്നീട് ഈ കാഴ്ച വ്യാഖ്യാനിക്കപ്പെടും. അതിലേറ്റവും ഹൃദ്യമായി അനുഭവപ്പെട്ടത് മിഴി അടഞ്ഞാലും നിലയ്ക്കാത്ത ഒരാളുടെ സ്നേഹ പ്രവാഹത്തിന്‍റെ കവിതയാണ് അതെന്നുള്ളതാണ് .
എല്ലാ ആത്മീയ ധര്‍മ്മങ്ങളിലും ഹൃദയം ഏറ്റവും പ്രിയപ്പെട്ട രൂപകമാണ്. പുരാതന ചൈനീസ് പാരമ്പര്യങ്ങളില്‍ സൂര്യന്‍ പ്ര പഞ്ചത്തില്‍ എന്താണോ, അതിനെ ശരീരത്തില്‍ ഹൃദയം പ്രതിബിംബപ്പിച്ചു. കത്തുന്ന ഉര്‍ജ്ജപ്രവാഹത്തിന്‍റെ ഗൃഹമായി അതിനെ അവര്‍ ഗണിച്ചു. താവോയിസം ശ്വാസത്തിന്‍റെയും വെളിച്ചതിന്‍റെയും മഹാ പ്രഭുവായാണ് ഹൃദയത്തെ പരിഗണിച്ചത്. ബുദ്ധിസത്തില്‍ ബോധിചിത്ത (bodhicitta) യുണ്ട്. ദീപ്തമായ ഹൃദയമാണത്. ഈജിപ്ത്യന്‍ പുരാവൃത്തങ്ങളിലെ പൂജാ പാത്രങ്ങള്‍ ഹൃദയത്തിന്‍റെ തന്നെ പ്രതീകമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. പശ്ചാത്യ കാവ്യ ഭാവനയിലെ തിരുക്കാസ തളിര്‍ത്തത് ഇത്തരം ചില സങ്കല്‍പ്പങ്ങളുടെ പശ്ചാത്തലത്തി ലാണ്.
ഭാരത ദര്‍ശനത്തില്‍ പ്രപഞ്ചത്തിന്‍റെ പ്രതീകമാണ് ഹൃദയം. ഹൃദയതാളം പോലെ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന ഒന്നാണ് പ്രപഞ്ചം. ഹൈന്ദവ പാരമ്പര്യത്തില്‍ ബ്രഹ്മപുരം എന്നാണ് വിശേ ഷണം. ഉപനിഷത്തുകളിലേക്ക് എത്തുമ്പോള്‍ ധ്യാനഗൃഹമായും അത് മാറുന്നു.
സംസ്കൃതത്തില്‍ ഗുഹയെന്ന വാക്കിന് ഹൃദയം എന്നും അര്‍ത്ഥമുണ്ട്. ഇസ്ലാമിലെ ഖല്‍ബ് എന്താണ് പറയുന്നത്. അതിന്‍റെ യോഗാത്മ പാരമ്പര്യത്തില്‍ ഏഴ് വര്‍ണ്ണങ്ങളാണ് ഹൃദയത്തില്‍ അടക്കം ചെയ്തിട്ടുള്ളത്. സൂഫിസത്തിന്‍റെ നിര്‍വചനം പോലുമതാണ്. ഹൃദയത്തിന്‍റെ മതമാണിത്. മനുഷ്യ ഹൃദയത്തില്‍ ദൈവത്തെ തിരയുകയാണ് അതിന്‍റെ രീതി. ആകാശത്തിലും ഭൂമിക്കും എന്നെ ഉള്‍ക്കൊ ള്ളുവന്‍ ആവില്ല, എന്നാല്‍ എന്‍റെ ദാസന്‍റെ ഹൃദയ ത്തിലേക്കു ഞാന്‍ ചുരുങ്ങുന്നുവെന്ന് പ്രവാചക മൊഴിയുണ്ട്. ഹൃദയത്തെ കരുണയുടെ സിംഹാസനമെന്നവര്‍ വിളിക്കുന്നു. ചിറകുള്ള ഹൃദയമാണ് സൂഫി സാധനയുടെ ഐക്കണ്‍.
ഭാഷയുടെ ഏറ്റവും ചെറിയ പ്രണയ കഥ ഓര്‍ ക്കു.. ചവിട്ടി അരച്ച ആ പൂവ് തന്‍റെ ഹൃദയമാണെ ന്നുള്ള ബഷീറിന്‍റെ നെടുവീര്‍പ്പ്!
മനുഷ്യനേര്‍പ്പെടുന്ന എല്ലാം, ഹൃദയത്തിന്‍റെ തന്നെ തുടര്‍മിടിപ്പുകളാണ്.
2
തെളിഞ്ഞ ബുദ്ധിയായിരുന്നു അയാളുടെ പ്രശ്നം. അതുകൊണ്ടാണ് ഒമ്പതു വയസുതൊട്ടേ തന്‍റെ പരിസരം തന്നോട് ഒരിക്കലും ഫെയറല്ലെന്ന് പിടുത്തം കിട്ടിയത്. ദാഹിക്കുമ്പോ പ്യൂണിനോട് പറഞ്ഞാ മതി എന്നാ പ്രായത്തിലുള്ള ഒരു കുട്ടിയോട് പറയുമ്പോള്‍ അത് നല്ല സൗകര്യമായല്ലോ എന്നവന്‍ കരുതിയാ മതി. പകരം കിണററിലെ വെള്ളം തൊട്ടശുദ്ധമാക്കാതിരിക്കുന്നുള്ള മുന്‍ കരുതലായിട്ടാണ് അവനതറിയുന്നത്.
വിദേശത്ത് പോയി പഠിച്ചു വന്നതൊന്നും കാര്യങ്ങളെ മെച്ചപ്പെടുത്തിയില്ല. ബറോഡയില്‍ താഴ്ന്ന ജാതിയെന്ന പേരില്‍ താമസം നിഷേധിക്കപ്പെട്ടപ്പോള്‍ പാഴ്സിയായി കള്ളം പറഞ്ഞ് അവരുടെ ഒരു സത്രത്തില്‍ ഇടം കണ്ടെത്തിയത് പൊളിഞ്ഞപ്പോള്‍ ആ സമുദായം അയാളെ കായികമായിട്ടാണ് നേരിട്ടത്. അയാള്‍ക്ക് പിന്നീട് ഒരപകടം പറ്റി.
മഹരാഷ്ട്ര ഗവര്‍ണ്‍മെന്‍റ് ആവശ്യപ്പെട്ടതനുസരിച്ചാണ് അയാള്‍ ആ നാട്ടില്‍ ചെന്നത്. എന്നിട്ടും അയാള്‍ക്ക് ഓട്ടം പോകാന്‍ വണ്ടിക്കാര്‍ തയ ്യാറായില്ല. പിന്നെ അയാളുടെ സമുദായക്കാര്‍ ഒരു കുതിരവണ്ടി ഒപ്പിച്ച് കൂടെ കൂട്ടി. അവര്‍ക്കത് പരിചയമില്ലാത്ത പണിയായതു കൊണ്ട് വണ്ടിയും കുതിരയും നദിയിലേക്കും അയാള്‍ കലുങ്കിലേക്കും തെറിച്ചു വീണു, കൂടുതല്‍ അപമാനത്തില്‍ മുടന്തി. ഇതെല്ലാം അയാള്‍ എഴുതിവെക്കും. ആറു ചെറിയ കുറിപ്പുകളാണ്. മരണത്തിനും കുറെക്കാലത്തിന് ശേഷമാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. അതിന്‍റെ തലക്കെട്ടിലാണ് നമ്മള്‍ പരിഭ്രമിക്കുന്നത്.
Waiting for a Visa ദേശത്തിന്‍റെ ഭരണഘടന തയ്യാറാക്കിയ മനുഷ്യനാണ്! പുറത്ത് കാത്ത് നില്ക്കുകയാണ്.
ആരുടെ ആത്മരേഖയ്ക്ക ാണീ ശീര്‍ഷകം വഴങ്ങാത്തത്..
He came unto his own, and his own received him not എന്നാണ് യേശുവിനെക്കുറിച്ച് ബൈബിള്‍ പറയണത്.





















