top of page
"അമ്മയും നന്മയുമൊന്നാണ്
ഞങ്ങളും നിങ്ങളുമൊന്നാണ്
അറ്റമില്ലാത്തൊരീ ജീവിതപ്പാതയില്‍
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല
ആരുമൊറ്റയല്ലൊറ്റയല്ലൊറ്റയല്ല"
എന്നു പാടിയ കവിയാണ് മുല്ലനേഴി. അദ്ദേഹത്തിന് മനുഷ്യനായിരുന്നു എല്ലാറ്റിന്‍റെയും മാനദണ്ഡം. തന്‍റെ ചുറ്റുപാടുകളോട് അകമഴിഞ്ഞ് ഇണങ്ങുകയും പിണങ്ങുകയും ചെയ്തിരുന്നു അദ്ദേഹം. മനുഷ്യസ്നേഹത്തിന്‍റെ പാതയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. നാടകപ്രവര്‍ത്തകന്‍, കവി, അദ്ധ്യാപകന്‍, സംസ്കാരിക പ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ ഭിന്നമുഖങ്ങളാണ് മുല്ലനേഴിക്കുള്ളത്. ദന്തഗോപുരത്തില്‍ വസിക്കാനല്ല സാധാരണക്കാരനോടൊപ്പം നിലകൊള്ളുവാനാണ് അദ്ദേഹം എക്കാലത്തും ഇഷ്ടപ്പെട്ടത്. കേരളത്തില്‍ എഴുപതുകള്‍ക്കു ശേഷമുള്ള എല്ലാ മുന്നേറ്റങ്ങളുടെ പിന്നിലും അദ്ദേഹത്തിന്‍റെ മനസ്സും ബുദ്ധിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുള്ള അംഗീകാരം അദ്ദേഹം ഒട്ടും ആഗ്രഹിച്ചിട്ടില്ല. നമുക്കിടയിലൂടെ നടന്നുനീങ്ങിയ ആ മനുഷ്യസ്നേഹിയെ 'മാനവികതയുടെ പാട്ടുകാരന്‍' എന്നു വിളിക്കുന്നത് തികച്ചും അര്‍ത്ഥവത്താണ്.
'ചുറ്റുപാടുകളോട് പ്രതികരിക്കുമ്പോഴാണ് എപ്പോഴായാലും കവിത വരുന്നത്. അതു നേരിട്ടുകാണുന്ന ചുറ്റുപാടുകളല്ല. മനസ്സില്‍ സ്പര്‍ശിച്ച ഏതോ ഒരനുഭൂതി എപ്പോഴോ കവിതയാകുകയാണ്' എന്നാണ് മുല്ലനേഴി തന്‍റെ കവിതകളെക്കുറിച്ച് പറയുന്നത്. മനുഷ്യനും പ്രകൃതിയും എല്ലാംചേര്‍ന്ന ചുറ്റുപാടുകളാണ് അദ്ദേഹത്തില്‍ അനുഭൂതികളുണര്‍ത്തുന്നത്.
"സ്വന്തം മണ്ണില്‍ കിനാവിന്‍
എരിപൊരി വറുതിച്ചട്ടിയില്‍
വീണുടഞ്ഞും വെന്തും
കണ്ണീര്‍കുടിച്ചും വിധിയുടെ
വിളയാട്ടങ്ങളില്‍ വായ്പൊളിച്ചും
നീന്തും മനുഷ്യന്
ഒരു തുണ ആരാണ്?"
എന്നു ചോദിച്ച മുല്ലനേഴി അവര്‍ക്ക് ഉണ്മയാകാനാണ് ആഗ്രഹിച്ചത്. സത്യമായി കത്തുന്ന വര്‍ത്തമാനമാണെന്ന് ആവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. കത്തുന്ന വര്‍ത്തമാനകാലത്തില്‍ ചവുട്ടിനിന്നുകൊണ്ട് ദീപ്തമായ ഭാവികാലം സ്വപ്നം കാണുകയായിരുന്നു.
"രാത്രിയുടെ കൂരിരുള്‍ കീറിമുറിച്ചു
പതുക്കെപ്പതുക്കെച്ചിരിച്ചുചിരിച്ച്
ഗദ്ഗദം ദൂരെയെറിഞ്ഞു കൈനീട്ടും
അത്ഭുതം ജീവിതമെത്ര മനോഹരം"
എന്നു പാടാന്‍ കഴിഞ്ഞത് പുതിയൊരുദയം മനസ്സില്‍ കാണാന്‍ സാധിച്ചതുകൊണ്ടാണ്. ഏകമുഖമല്ല, ജീവിതയാത്രയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ജീവിതത്തിന്‍റെ വളവുതിരിവുകളില്‍ പതിയിരിക്കുന്ന എല്ലാ സാധ്യതകളേയും അദ്ദേഹം തിരിച്ചറിഞ്ഞു.
"വീഴാതെ നോക്കുക, വീണാലെണീക്കുക
വീഴും മനുഷ്യനൊരൂന്നാവുക
കഷ്ടങ്ങളേറെ സഹിച്ചു മനുഷ്യനെ
പ്രഥ്വിയിലുപ്പുകല്ലായി മാറൂ."
വിഴുന്ന മനുഷ്യന് ഊന്നാവാനാണ് അദ്ദേഹം ശ്രമിച്ചത്. കഷ്ടങ്ങളേറെ സഹിച്ച് ഈ ഭൂമിയില്‍ ഉപ്പുകല്ലായിത്തീരാനാണ് ഈ കവി ജീവിതയാത്ര നടത്തിയത്. എല്ലാവരും ഉയരങ്ങളിലൂടെമാത്രം നോക്കിയപ്പോള്‍ മുല്ലനേഴി താഴെയും വശങ്ങളിലും നോക്കി. അപ്പോള്‍ മനുഷ്യജീവിതത്തിന്‍റെ വൈചിത്ര്യങ്ങള്‍ അദ്ദേഹത്തിനു മനസ്സിലാക്കാന്‍ സാധിച്ചു. ഈ തിരിച്ചറിവാണ് വിഭിന്നങ്ങളായ തിരിച്ചറിവിലേക്ക് അദ്ദേഹത്തെ നയിച്ചത്.
"നമ്മെക്കാള്‍ ചെറിയവര്‍ മാനവര്‍
നന്മകള്‍ ചുണ്ടില്‍ മാത്രം
ഇരുളാര്‍ന്നൊരു വഴി തെളിയിക്കാന്‍
പണമുണ്ടാക്കലുമാത്രം"
എന്ന വര്‍ത്തമാനകാലത്തിന്‍റെ രീതികള്‍ അദ്ദേഹത്തിനറിയാമായിരുന്നു. എങ്കിലും ആ വഴി നടക്കാനല്ല അദ്ദേഹം ഒരുങ്ങിയത്. പുതുവഴി വെട്ടാനും ആ വഴിയിലൂടെ സഞ്ചരിക്കാനുമാണ് മുല്ലനേഴി പരിശ്രമിച്ചത്. 'സ്നേഹപാരണയ്ക്കായി' കൊതിക്കുന്ന മനുഷ്യരെയാണ് അദ്ദേഹം എവിടെയും കണ്ടത്. നിസ്സാരമെങ്കിലും കൈവന്ന ജന്മം തിളക്കമാര്‍ന്നു നില്‍ക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. അലിവാര്‍ന്ന വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും ജീവിതത്തെ മാധുര്യമുള്ളതാക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളും സാഹിത്യപരിശ്രമങ്ങളുമെല്ലാം ഇതിനു നിദര്‍ശനങ്ങളാണ്.
"ഒരു മനുഷ്യനെ, ഭൂമിയെകാണുവാന്‍
കൊതിയെനിക്കായളെങ്ങെന്നു ചൊല്ലുവിന്‍
.................................
പൊറുതികേടും ദുരന്തവുമേല്‍ക്കുവോര്‍
വരിക നമുക്കു പങ്കിടാം കണ്ണുനീര്‍"
എന്നതാണ് അദ്ദേഹത്തിന്‍റെ ആദര്‍ശം. മനുഷ്യനെ തിരയുന്ന കവി വേദനിക്കുന്നവരോടൊപ്പം നില്‍ക്കാന്‍ കൊതിക്കുന്നു. "തുടരുക കനിവും തേടി നിന്‍ തീര്‍ത്ഥയാത്ര" എന്നാണ് അദ്ദേഹം നമ്മോടു വിളിച്ചുപറയുന്നത്. കനിവുതേടുന്ന തീര്‍ത്ഥയാത്രയായി ജീവിതത്തെ കാണുന്ന കവി കനിവിന്‍റെ പുതിയ വഴികള്‍ തുറന്നിടുകയാണ്.
"വിശ്വം മുഴുവന്‍ വെളിച്ചം വിതയ്ക്കുന്നു
വിശ്വാസമെന്ന വിളക്കുമായി
പാരായപാരില്‍ പരതി നടന്നിട്ടും
നേരിനെക്കാണാന്‍ കഴിഞ്ഞതില്ല"
എന്നാണ് കവി ദുഃഖിക്കുന്നത്. ഏറെ അഴുക്കുപുരണ്ട കാലത്തിന് താന്‍ 'ജന്മം തീറെഴുതിയതു'കൊണ്ടാവാം നേരിനെ കാണാന്‍ കഴിയാതിരുന്നതെന്നു കവി കരുതുന്നു. ഒടുവിലെല്ലാം കലര്‍ന്ന് അവ്യക്തമാകുന്നതാണ് ഇന്നിന്‍റെ യാഥാര്‍ത്ഥ്യമെന്ന് അദ്ദേഹത്തിനറിയാം. ഈ അവ്യക്തതയിലും ജന്മം എന്തെന്നറിയുമ്പോള്‍ ജന്മം സാര്‍ത്ഥകമാകുന്നുവെന്ന് പറയാന്‍ അദ്ദേഹം മടിക്കുന്നില്ല.
"ഞാനും നീയും കൂടിച്ചേര്‍ന്നാല്‍ നാമാകുന്നു
നമ്മള്‍ പരസ്പരമിണങ്ങിനിന്നാല്‍ നന്മകള്‍ വിളയുന്നു"
എന്നു പാടാന്‍ കഴിയുന്നത് മനുഷ്യനിലുള്ള വിശ്വാസം കൊണ്ടാണ്.
"ചരാചരങ്ങളമ്മട്ടില്‍
ചേര്‍ന്നിണങ്ങിയിരിക്കണം
ഒന്നുമറ്റൊന്നിനെക്കാളും
വലുതല്ലോര്‍മ്മവയ്ക്കണം"
എന്നതു സര്‍വ്വചരാചരങ്ങളെ ആശ്ലേഷിച്ചു നില്‍ക്കുന്ന സ്നേഹദര്‍ശനമാണ്. ഈ ദര്‍ശനം ഉള്ളില്‍ ലയിച്ചിരുന്നതുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനത്തിലും അദ്ദേഹം മുന്നില്‍ നിന്നത്.
"ഇതളുകള്‍ ചേര്‍ന്നുവരുമ്പോള്‍
മലരൊരു മലരാകുന്നു
മലരുകള്‍ ചേര്‍ന്നുവരുമ്പോള്‍
മലര്‍വാടിയാകുന്നു.
മനസ്സു പൂവാകുമ്പോള്‍
മറ്റെല്ലാം വഴിമാറുന്നു"
എന്നു പാടുന്ന കവിക്ക് അതു പ്രവൃത്തിയിലാക്കാന്‍ ആഗഹം തോന്നുക സ്വാഭാവികമാണ്. ഇത് കിനാവിന്‍റെ ഒരു പൂത്തിരി വെട്ടമാണ്. ഈ വെട്ടത്തില്‍ സഞ്ചരിക്കുമ്പോഴും യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് കവി അകന്നുപോവുന്നില്ല.
നഗ്നപാദനായ്ക്കനാലാഴിയില്‍ നടന്നോനു
ദുഃഖവെള്ളിയും സ്വപ്നക്കുരിശും മാത്രം സ്വന്തം
എങ്കിലുമവന്‍ തേടി അലിവിന്‍ മുറിവുകള്‍
ചങ്കിലെ സത്യത്തിനു മുള്‍ക്കിരീടവും പാരില്‍.
നെഞ്ചിലെ സത്യത്തിനു മുള്‍ക്കിരീടവും സ്വപ്നക്കുരിശും പേറിയവരാണ് അലിവിന്‍റെ മുറിവുകള്‍ തേടിയത്. ആ മുറിവുകള്‍ മാനുഷ്യകത്തിന്‍റെ ആശ്രയമായി മാറുന്നു. ജീവിതമൊരു വെറും താരാട്ടല്ല, യുദ്ധമാണെന്നറിയുന്ന കവി മുന്നോട്ടുപോകണമെന്നുണര്‍ത്തിക്കുന്നത് ഇക്കാരണത്തലാണ്.
പലതരത്തിലും തലത്തിലും മനുഷ്യര്‍ വ്യത്യസ്തരായിരിക്കുമ്പോള്‍ തന്നെ സാമൂഹ്യജീവികളുമാണ്. എത്രമേല്‍ വ്യത്യസ്തരായിരിക്കുമ്പോഴും അവരെയെല്ലാം ഒന്നാക്കിത്തീര്‍ക്കുന്ന ഒരു ജൈവികത മാനുഷികമാണ്. ഒറ്റയായിരിക്കുമ്പോള്‍തന്നെ പറ്റത്തിലെ ഒരു കണ്ണിയാണ് പറ്റത്തിലെ ഓരോ വ്യക്തിയും. ആ തിരിച്ചറിവിന്‍റെ ബഹിര്‍സ്ഫുരണമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മാനുഷികതയിലേക്ക് വിളിച്ചുണര്‍ത്തുന്ന പ്രമേയങ്ങളെനിക്കിഷ്ടമാണ്. തെറ്റുകളും കുറ്റങ്ങളും കുറവുകളും ധര്‍മ്മാധര്‍മ്മങ്ങളും എന്നും മറുപടി പറയേണ്ടത് മാനുഷികതയോടാണ് എന്നു പറയുന്ന കവി മാനവികതയുടെ പക്ഷത്തുതന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. മാനവികതയുടെ വാഴ്ത്തുകളായി അദ്ദേഹത്തിന്‍റെ കവിതകള്‍ ഉതിര്‍ന്നുവീഴുന്നു.
"സുഖവും ദുഃഖവും കൂട്ടി-
ക്കുഴച്ചുള്ളൊരു ജീവിതം
അതാണെനിക്കു നീ തന്ന
തതുതിര്യേത്തരുന്നു ഞാന്‍"
..............................................
"സ്വീകരിക്കുകയീ പാന
പാത്രം നീയൊരു തുള്ളി
സ്നേഹമുണ്ടിതില്‍ക്കാടും
പടലും കളഞ്ഞേക്കൂ"