top of page

ദ ഷേപ്പ് ഓഫ് വാട്ടര്‍

Jun 17, 2018

3 min read

movie poster

മെക്സിക്കന്‍ സിനിമയ്ക്ക് നവഭാവുകത്വം നല്‍കിയവരില്‍ പ്രധാനികളാണ് അല്‍ഫോന്‍സോ ക്വറോണ്‍, അലഹാന്ദ്രോ ഗോണ്‍സാലസ് ഇനാരിത്തു, ഗുല്ലെര്‍മോ ടെല്‍ടോറോ എന്നീ മൂന്ന് സംവിധായകര്‍. വൈ തു മാമാ താംബിയേന്‍, ചില്‍ഡ്രന്‍ ഓഫ് മെന്‍, ഗ്രാവിറ്റി തുടങ്ങിയ സിനിമകളിലൂടെ അല്‍ഫോന്‍സോ ക്വറോണ്‍ ലോക സിനിമയിലെ യുവപ്രതിഭകളുടെ പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഇനാരിത്തു 'മരണത്രയം' എന്നറിയപ്പെടുന്ന ആമ്റോസ് പെറോസ്, മഗ്രാംസ്, ബാബേല്‍ എന്നീ മെക്സിക്കന്‍ സിനിമയിലൂടെയും ബേഡ്മാന്‍ ദ വെനന്‍റ് എന്നീ ഹോളിവുഡ് സിനിമകളിലൂടെയും ഏറ്റവും ജനപ്രീതിയുള്ള ചലച്ചിത്ര സംവിധായകനായി മെക്സിക്കന്‍ നവ സിനിമയുടെ ഭാഗമായി നിന്നുകൊണ്ട് ലാറ്റിനമേരിക്കന്‍ ചലച്ചിത്ര ഭാവുകത്വത്തിന് പ്രണയം, യൂദ്ധം, ചരിത്രം, ഹൊറര്‍ തരംഗങ്ങള്‍ ചേര്‍ന്ന ദൃശ്യഭാഷ ചമച്ച സംവിധായകനാണ് ഗില്ലെര്‍മോ ഡെ ടോറോ. 

ഡെല്‍ ടോറോയുടെ ആദ്യ സംവിധാന സംരംഭമായ 'ക്രോണോസ്' (1993) ഓസ്കാറിനുള്ള ആ വര്‍ഷത്തെ മെക്സിക്കന്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡെല്‍ ടോറയുടെ മാസ്റ്റര്‍പീസ് ചിത്രമായി  അറിയപ്പെടുന്ന 'പാന്‍സ് ലാബറിന്ത്' 2007 ല്‍ പുറത്തിറങ്ങി. ആ വര്‍ഷം മൂന്ന് ഓസ്കാര്‍ അവാര്‍ഡുകള്‍ പാന്‍സ് ലാബറിന്തിനു ലഭിച്ചു. കഴിഞ്ഞ വര്‍ഷം പതിമൂന്ന് ഓസ്കാര്‍ നോമിനേഷനുകളുമായി ലോക ശ്രദ്ധ നേടിയ ഡെല്‍ ടോറോയുടെ 'ദ ഷേഫ് ഓഫ് വാട്ടര്‍' മികച്ച ചിത്രത്തിനും സംവിധായകനും അടക്കം നാല് ഓസ്കാറുകള്‍ നേടി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ഇനിരിത്തു, അല്‍ഫോന്‍സോ ക്വറോണ്‍, ഡെല്‍ ടോറോ എന്നിവര്‍ അടങ്ങുന്ന 'സൗഹൃദത്രയം' നാലാം തവണയാണ് ഓസ്കാര്‍ അംഗീകാരം സ്വന്തം നാട്ടിലേക്കു കൊണ്ടുപോകുന്നത്. 

ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എലീസയെ അവതരിപ്പിച്ച സാലി ഹോക്കിന്‍സിന് മികച്ച നടിക്കുള്ള ഓസ്കാര്‍ നോമിനേഷനുണ്ടായിരുന്നു. പക്ഷേ 'ത്രീ ബില്‍ ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിംഗ് മിസൗറി' യിലെ ഫ്രാന്‍സിസ് മക്ഡോര്‍മണ്ടിന്‍റെ പ്രകടനത്തിനു മുന്നില്‍ സാലി ഹോക്കിന്‍സിന് പുരസ്കാരം നഷ്ടപ്പെട്ടു. എലിസയുടെ സുഹൃത്തായ സെല്‍ഡയെ അവതരിപ്പിച്ച ഒക്ടാവിയ സ്പെന്‍സറിന് മികച്ച സഹനടിക്കുള്ള ഓസ്കാര്‍ നോമിനേഷനുണ്ടായിരുന്നു. 2011 ല്‍ 'ദ ഹെല്‍ഫ്' എന്ന ചിത്രത്തത്തിലലെ അഭിനയത്തിന് സ്പെന്‍സറിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2016 ലും 2017 ലും മികച്ച സഹനടിക്കുള്ള ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച സ്പെന്‍സര്‍ തുടര്‍ച്ചയായി രണ്ടു തവണ ഓസ്കാര്‍ നോമിനേഷന്‍ നേടുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ നടിയാണ്. മികച്ച ചിത്രത്തിനും സംവിധായകനും ഉള്ള പുരസ്കാരത്തിനു പുറമെ സംഗീതത്തിന് അലക്സാണ്ടര്‍ ഡെസ്പ്ലാത്, പ്രൊഡക്ഷന്‍ ഡിസൈനില്‍ പോള്‍ ഡന്‍ഹാം ആസ്റ്റര്‍ബറി എന്നിവര്‍ക്കാണ് 'ഷേഫ് ഓഫ് വാട്ടര്‍' ന്‍റെ മറ്റ് രണ്ട് ഓസ്കാറുകള്‍. 

അമേരിക്കയിലെ ശീതയുദ്ധകാല പശ്ചാത്തലത്തിലാണ് ഡെല്‍ടോറ 'ഷേഫ് ഓഫ് വാട്ടര്‍' ന്‍റെ കഥ പറയുന്നത്. കെന്നഡി യുഗത്തില്‍ അമേരിക്കയുടെ പരീക്ഷണങ്ങളും ഗവേഷണങ്ങളും സോവിയറ്റ് യൂണിയനെതിരായിരുന്നു. 1962 ല്‍ ബാര്‍ട്ടിമോറില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന പരീക്ഷണശാലയില്‍ ആമസോണില്‍ നിന്നു പിടികൂടിയ നിഗൂഢതയാര്‍ന്ന കടല്‍മനുഷ്യനെ ജീവനോടെ എത്തിക്കുന്നു. ശീതയുദ്ധ ശാക്തീകരണത്തിനുള്ള ഉപകരണമായി ശാസ്ത്രജ്ഞര്‍ ഈ ജലജീവിയെ നിലനിര്‍ത്തുന്നു. പരീക്ഷണശാലയിലെ തൂപുകാരിയാണ് എലിസ എന്ന മൂകയുവതി. കടുത്ത ഏകാന്തത അനുഭവിക്കുന്ന എലിസയുടെ ജീവിതത്തിലെ വിരസത സംവിധായകന്‍ ആദ്യത്തെ രണ്ടു മൂന്നു സീനുകളില്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. എലിസയ്ക്ക് പ്രധാനമായും രണ്ട് സുഹൃത്തുക്കളാണ് ഉള്ളത്. അവള്‍ക്കു വേണ്ടി സംസാരിക്കുന്ന സഹപ്രവര്‍ത്തകയായ സെല്‍ഡയാണ് ഒരാള്‍. കലാകാരനായ ജൈല്‍സാണ് എലിസയുടെ രണ്ടാമത്തെ  സുഹൃത്ത്. സുഹൃത്ത് എന്നതിനേക്കാള്‍ അച്ഛനെ പോലെയായിരുന്നു എലിസക്ക് ജൈല്‍സ്. ഒരുമിച്ച് നൃത്തച്ചുവടുകള്‍ വയ്ക്കുമ്പോഴും കേക്ക് കഴിക്കുമ്പോഴും അവളുടെ പ്രതിസന്ധികളില്‍ താങ്ങാകുമ്പോഴും ഇവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ തീവ്രതയും പാവനതയും പ്രേക്ഷകര്‍ തിരിച്ചറിയുന്നുണ്ട്. 

സെല്‍ഡയുടെ കരുതലിനും ജൈല്‍സിന്‍റെ വാത്സല്യത്തിനുമപ്പുറം എലിസ പരീക്ഷണശാലയിലെ കടല്‍ മനുഷ്യനുമായി സൗഹൃദത്തിലാവുന്നു. ഈ ചിത്രം ഒരു ഫെയറി ടെയ്ല്‍ സ്വഭാവത്തിലേക്ക് മാറുന്നത് ഇവിടെ മുതലാണ്. ഏറ്റവും സംഘര്‍ഷഭരിതമായ ദൃശ്യങ്ങളാണ് ചിത്രത്തില്‍ പ്രേക്ഷകര്‍ തുടര്‍ന്നു കാണുന്നത്. എലിസയുടെയും കടല്‍ മനുഷ്യന്‍റെയും ആശയവിനിമയം സാധ്യമാകുന്നത് ആംഗ്യങ്ങളിലൂടെയും നിശബ്ദതയിലൂടെയും ആണ്. 

ആശയവിനിമയത്തിന് ഭാഷ വേണമെന്നും ലൈംഗികത സൗന്ദര്യാത്മകമായിരിക്കണം എന്നുമുള്ള നമ്മുടെ ധാരണകളെ തിരുത്തിയെഴുതുകയാണ് ഡെല്‍ ടോറോ. കാല്‍പ്പനികതയും പ്രണയവും ഭീതിയും നിറയുന്ന സുന്ദരമായ കലാസൃഷ്ടിയായി തുടര്‍ന്ന് ഷേഫ് ഓഫ് വാട്ടര്‍ മാറുന്നു. 

പരീക്ഷണശാലയിലെ വിചിത്ര ജീവിയെ കൊല്ലാന്‍ അമേരിക്ക തീരുമാനിക്കുന്നു. എലിസയും സുഹൃത്തുക്കളും ചേര്‍ന്ന് റഷ്യന്‍ ചാരനായ ശാസ്ത്രജ്ഞന്‍റെ സഹായത്തോടെ കടല്‍മനുഷ്യനെ മറ്റാരും അറിയാതെ എലിസയുടെ അപ്പാര്‍ട്ട്മെന്‍റിലേക്ക് മാറ്റുന്നു. തുടര്‍ന്നുള്ള നാടകീയത നിറഞ്ഞ രംഗങ്ങളില്‍ സംവിധായകന്‍ ഓരോ ഫ്രയിമിലും ഒരുക്കിവയ്ക്കുന്ന ദൃശ്യവിന്യാസങ്ങളുടെ ഇന്ദ്രജാലവും ബന്ധങ്ങളുടെ ഇഴയടുപ്പവും നിതാന്ത പ്രണയത്തിന്‍റെ സാക്ഷാത്കാരവും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്.

എലിസയെ അവതരിപ്പിച്ച സാലി ഹോക്കിന്‍സ് സുഹൃത്തായ സെല്‍ഡയെ അവതരിപ്പിച്ച ഒക്ടോവിയ സ്പെന്‍സര്‍ എന്നിവരോടൊപ്പം എടുത്തു പറയേണ്ടയാളാണ് സ്ട്രിക്ക്ലന്‍റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കില്‍ ഷാനോണ്‍. ഈ ചിത്രത്തിലെ വില്ലന്‍ സ്വഭാവമുള്ള കഥാപാത്രമാണ് സ്ട്രിത്ലന്‍റ്. അയാളുടെ ശരീരഭാഷയും പ്രവൃത്തികളും പ്രേക്ഷകരില്‍ വെറുപ്പുളവാക്കുന്നുണ്ട്. കടല്‍മനുഷ്യനെ പിടികൂടി കൊല്ലാനുള്ള തീവ്ര പ്രയത്നത്തിലാണ് അയാള്‍. പരീക്ഷണശാലയില്‍ വച്ച് ഈ വിചിത്രജീവിയെ അതിക്രൂരമായി ഇയാള്‍ ഉപദ്രവിക്കുന്നുമുണ്ട്. എന്തിനെയും തന്‍റെ പരിധിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന അതിക്രൂരനായ കഥാപാത്രമായി സ്ട്രിക്കലന്‍റ് മാറുന്നു. വിചിത്രജീവി കടിച്ചെടുത്ത തന്‍റെ വിരലുകള്‍ തുന്നിക്കെട്ടിയ സ്ട്രിക്ലന്‍റ്, കടല്‍ജീവിയോടുള്ള അമര്‍ഷത്താല്‍ തന്‍റെ വിരലുകള്‍ ഒടിച്ചെടുക്കുന്ന രംഗം ഭീകരമാണ്. ഈ രംഗത്തിലെ വയലന്‍സ് ദൃശ്യപ്പെടുത്താതെ മൈക്കിള്‍ ഫാനോണിന്‍റെ മുഖാഭിനയിത്തിലൂടെ വയലന്‍സിന്‍റെ ഭീകരത സംവിധായകന്‍ അനുഭവിപ്പിക്കുന്നുണ്ട്. അധികാര മത്തു പിടിച്ച ഈ കഥാപാത്രത്തെ ഷാനോണ്‍ അതിന്‍റെ തീവ്രതയില്‍ ഉള്‍ക്കൊണ്ട് അഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സഹനടനുള്ള ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചിട്ടുള്ള ഷാനോണിന്‍റെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രമാണ് 'ഷേഫ് ഓഫ് വാട്ടറി' ലെ സ്ട്രിക്ലന്‍റ്. 

നിറങ്ങള്‍ക്ക് ഈ സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. ഒരു സിനിമയുടെ തീമിന് അനിവാര്യമായ അന്തരീക്ഷവും ടോണും പ്രേക്ഷകരില്‍ എത്തിക്കുന്നതിന്‍റെ പ്രധാന ഘടകങ്ങളിലൊന്ന് അതില്‍ ഉപയോഗിച്ചിരിക്കുന്ന നിറമാണ്. ഒരു ഫെയറി ടേലിനു തുല്യമാണ് ഈ ചിത്രമെന്ന ധാരണ പ്രേക്ഷകരില്‍ ഉളവാക്കാന്‍ ചുവപ്പു നിറം സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും ചുവന്ന ഷൂവിന്‍റെ ഷോട്ടുണ്ട്. 1939 ല്‍ ഇറങ്ങിയ ഫാന്‍റസി ദോണറില്‍ പെട്ട സിനിമയായ 'വിസാര്‍ഡ് ഓഫ് ഒസി' ല്‍ ജൂഡി ഗാര്‍ലന്‍റ് അവതരിപ്പിച്ച ദൊറോത്തി ഗേയ്ല്‍ എന്ന കഥാപാത്രം സിനിമയില്‍ ഉടനീളം ചുവന്ന ഷൂവാണ് ധരിച്ചിരുന്നത്. 'ഞൗയ്യ ടഹശുുലൃെ, വേല ങമഴശര ജമശൃ ീള ടവീല'െ എന്നാണ് ഇതിനെ വിളക്കുന്നത്. ഇത്തരമൊരു ചുവന്ന ഷൂ പാന്‍സ് ലാബിറിന്തിലെ പ്രധാന കഥാപാത്രമായ ഒഫീലിയയും ധരിച്ചിട്ടുണ്ട് ഒരു ഫെയറി ടേല്‍ ചിത്രത്തിന്‍റെ മാസ്മരികത കൊണ്ടു വരുവാന്‍ ചുവന്ന ഷൂവിന് കഴിഞ്ഞിട്ടുണ്ട്. 

ചുവപ്പിനോടൊപ്പം പച്ച നിറത്തിനും സിനിമയില്‍ പ്രാധാന്യമുണ്ട്. പരീക്ഷണ ശാലയിലെ ഭിത്തിയും തറയും പച്ചയാണ്. കടലിന്‍റെ അടിവശമെന്ന പ്രതീതി പ്രേക്ഷകര്‍ക്ക് പച്ചനിറം നല്‍കുന്നുണ്ട്. ചുവപ്പു നിറത്തിലുള്ള ചിത്രം പച്ച നിറത്തിലാക്കാന്‍ എലിസയുടെ സുഹൃത്ത് ജൈല്‍സ് പറയുന്നുണ്ട്. കഥാപാത്രങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളും പച്ചയോടടുത്ത നിറത്തിലുള്ളതാണ്. പ്രധാന കഥാപാത്രമായ കടല്‍ ജീവിയുടെ നിറവും പച്ചയാണ്. വില്ലന്‍ കഥാപാത്രമായ സ്ട്രിക്ക്ലന്‍റിന്‍റെ കാറിന്‍റെ നിറം പച്ചയാണ്. അയാള്‍ കഴിക്കുന്ന മിഠായിയുടെ നിറം പോലും പച്ചയോടടുത്തു നില്‍ക്കുന്നു. 

പച്ചനിറത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സിനിമയില്‍ ഉടനീളം ഉണ്ട്. "Green is the future " എന്ന് സിനിമയില്‍ ആവര്‍ത്തിക്കുന്നുണ്ട്. ആഫ്രോ - അമേരിക്കന്‍ ജനതയ്ക്ക് അമേരിക്കന്‍ ജനതയോടൊപ്പം തുല്യ പ്രാധാന്യം ലഭിക്കുന്നതിനു വേണ്ടി 1960 കളില്‍ തുടങ്ങിയ പ്രസ്ഥാനമാണ് Civil rigts movemnent. ഈ പ്രസ്ഥാനം മുന്നോട്ടു വച്ച പ്രധാന ആപ്തവാക്യമായിരുന്നു "Green is the future" എന്നത്. 1960 കളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ ഈ വാക്യം ആവര്‍ത്തിക്കുമ്പോള്‍ ആഫ്രോ അമേരിക്കക്കാരോടുള്ള തന്‍റെ ഐക്യദാര്‍ഢ്യത്തെയും സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. സിവില്‍ റൈറ്റ്സ് മൂവ്മെന്‍റിനെ പ്രതീകാത്മകമായി ഈ വാക്യത്തിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നു. എന്നു മാത്രമല്ല, എലിസയുടെ കൂട്ടുകാരിയായ സെല്‍ഡയെ അവതരിപ്പിച്ച ആഫ്രോ - അമേരിക്കന്‍ അഭിനേത്രി ഒക്ടോവിയ സ്പെന്‍സറിനെ സിനിമയിലുടനീളം പ്രതിഷ്ഠിച്ചതും ഇതുകൊണ്ടാവാം. പസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ കാവ്യാത്മകമായി വിമര്‍ശിച്ചുകൊണ്ട് ഓസ്കാര്‍ വേദിയില്‍ ഡെല്‍ ടോറോ പറഞ്ഞ വാക്കുകളും ഇതോടൊപ്പം ചേര്‍ത്തു വെക്കേണ്ടതാണ്. 

"ഞാനും ഒരു കുടിയേറ്റക്കാരനാണ്. ഞങ്ങളുടെ കലയും സിനിമയും ചെയ്യുന്ന ഏറ്റവും മഹത്തായ കാര്യം മണ്ണിലെ വരകളെ മായ്ച്ചു കളയുന്നു എന്നതാണ്. ലോകം ഈ വരകളെ കൂടുതല്‍ ആഴത്തില്‍ ഉള്ളതാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ ജോലി തുടര്‍ന്നു കൊണ്ടേയിരിക്കും."

 

ഫിലം ക്ലബ്, എസ്. ബി. കോളജ്, ചങ്ങനാശ്ശേരി


Featured Posts