

'നീ ചിന്തിയ്ക്കുന്നതെന്തോ
അതു തന്നെ പ്രവൃത്തിയിലും
ഉള്‍പ്പെടുത്തുക'.
മായാത്ത നിനവുകള്‍ തന്‍ അക്ഷരജാലത്താല്‍
തീര്‍ത്തൊരീ വാസസ്ഥാനം.
പൂത്തുലഞ്ഞു തളിര്‍ത്തും
സുഗന്ധം പൊഴിച്ചും പിന്നെ
മാറാ ദുരിതങ്ങളുടെ മാറാപ്പ് ചുമന്നും
വസന്തം കൊഴിഞ്ഞു ം
തളര്‍ന്നവശനായ്...
ഒരുഭാഗം ചിതല്‍ പുറ്റുകള്‍
ഉറുമ്പ്, കടന്നല്‍,
പ്രാണികള്‍
ഒരനക്കത്തിന്‍റെ കാത്തിരിപ്പിന്
വല നെയ്ത് ജാഗ്രതയാര്‍ന്നിരിപ്പാണ്
തോല്‍വിയെന്തെന്നറിയാത്ത അഷ്ടപദസഞ്ചാരി.
മൂഷിക വൃന്ദം പതിവു മറന്ന്
അക്ഷര വൈരമാര്ന്ന് വരാറേയില്ലയിപ്പോള്‍.
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും
ഒരിടമായ് വീട്.
സമയം കിട്ടുമ്പോള്‍
ഞാനെന്ന വീടും, വാക്കും കലഹപ്രിയനാകാറുണ്ട്.
കലഹം മൂത്ത് മൂത്ത് ഇരുട്ട് വന്ന് നിറയുമ്പോള്‍
താരകങ്ങള്‍ മിന്നുന്ന പോലെ
കുഞ്ഞു കുഞ്ഞു കണ്ണുകള്‍
അവിടെമാകെ നിറയും.
ഇരുട്ടിനെ നോക്കി
വാക്കും
വാക്കിനെ നോക്കി ഞാനും
തളരുമ്പോള്‍
തോറ്റോടിയ പടപോലെ തിരിച്ചെത്തും
മറ്റൊരു അഭയ കേന്ദ്രമില്ലാതെ
ഒരാശ്വാസ തെളിനീരായ്...
ഒരാവശ്യമില്ലാതെ ചിന്തിച്ച് കൂട്ടുന്ന
തോന്ന്യാസങ്ങള്‍ ഇനിമേല്‍ തുടര്‍ന്നാല്‍
ഞാനെന്നോട് താക്കീത് ചെയ്തു.
കടക്ക് പുറത്തെന്ന്.























