ജോര്ജ് വലിയപാടത്ത്
Oct 25
ഒന്ന്
കഴിഞ്ഞ പെസഹനാളില്‍ ഞാനും സുഹൃത്ത് ദിനകറും കൂടി കര്‍ണാടകത്തിലെ ഗ്രാമങ്ങള്‍ കണ്ടു നടക്കുകയായിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട സുബ്രഹ്മണ്യനായിരുന്നു ഞങ്ങളുടെ വഴികാട്ടി. അയാള്‍ അത്ഭുതങ്ങളുടെ ആള്‍ രൂപമായിരുന്നു. കമ്മനള്ളിയിലെ പഴയ ചായക്കടയിലിരുന്നപ്പോഴാണ് സുബ്രഹ്മണ്യന്‍ അതുവഴിവന്നത്. അയാളുടെ കഴുത്തില്‍ ജപമണികളില്‍ കോര്‍ത്ത ഒരു മരക്കുരിശുണ്ടായിരുന്നു. അയാളുടെനെറ്റിയില്‍ മൂന്നു വിരല്‍ചൊടുവില്‍ ചന്ദനം ചാര്‍ത്തിയിരുന്നു. നരച്ച കരിമ്പടത്തിനുള്ളില്‍ അയാളുടെ ശരീരം കാറ്റിലാടുന്ന ഒരു തൃണം പോലെ തോന്നി. ചായക്കടക്കാരനാണ് സുബ്രഹ്മണ്യനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നത്. സുബ്രഹ്മണ്യന്‍ ഞങ്ങളെ നോക്കി ചിരിച്ചില്ല. പകരം, അടുത്തേക്ക് വന്ന് പാതി ഗൗരവത്തോടെ 'നടക്കാം' എന്നു പറഞ്ഞു. ഞങ്ങള്‍ സുബ്രഹ്മണ്യനൊപ്പം നടന്നു.
ഗ്രാമത്തിലെ പഴയ പള്ളിയിലേക്കാണ് സുബ്രഹ്മണ്യന്‍ ഞങ്ങളെ കൊണ്ടുപോയത്. അത് മറിയത്തിന്‍റെ നാമത്തിലുള്ള ഒരു ദേവാലയമായിരുന്നു. പാപരഹിതയും നിത്യകന്യകയുമായ മറിയത്തിന്‍റെ തിരുരൂപം പള്ളിമുറ്റത്തുണ്ടായിരുന്നു. അണഞ്ഞു തുടങ്ങിയ മെഴുകുതിരികളെ കൊടുങ്കാറ്റിനെ അടക്കുന്ന കൈവിരുതോടെ സുബ്രഹ്മണ്യന്‍ രക്ഷിച്ചു നിര്‍ത്തുന്നത് കണ്ടു. പള്ളിയ്ക്കുള്ളിലേക്ക് കടന്ന് അയാള്‍ തിരുരൂപത്തിനു മുന്‍പില്‍ മുട്ടുകുത്തി. ഞങ്ങള്‍ പകച്ചു നില്‍ക്കുകയായിരുന്നു.
പ്രാര്‍ത്ഥന കഴിഞ്ഞ് സുബ്രഹ്മണ്യന്‍ പുറത്തേക്കിറങ്ങിവന്നു. തോള്‍ സഞ്ചിയില്‍ നിന്നൊരു ചിത്രം പുറത്തേക്കെടുത്തു. അത് ഡച്ച് ചിത്രകാരനായ വാന്‍സീര്‍വെയ്സന്‍റെ 'ദ ഡീപൊസിഷന്‍' എന്ന ചിത്രത്തിന്‍റെ നരച്ച പകര്‍പ്പായിരുന്നു. കാല്‍വരിയിലെ കുരിശില്‍ നിന്ന് ഭൂമിയിലേക്ക് ഇറക്കിക്കിടത്തുന്ന ക്രിസ്തുവിന്‍റെ ഒരു നിമിഷമായിരുന്നു അത്. മഹാസഹനത്തിന്‍റെ ചരിത്രം പറയുന്നതിനിടയ്ക്ക് അയാള്‍ ഞങ്ങള്‍ക്ക് പുളിപ്പില്ലാത്ത അപ്പം തന്നു. ക്രിസ്തു എന്ന മഹാസാമ്രാജ്യത്തെക്കുറിച്ച് വികരാധീനനായി. 'തെറ്റുകള്‍ക്കെതിരായ പീഡനങ്ങളേറ്റുവാങ്ങാനും ആളുകളാല്‍ വെറുക്കപ്പെടാനും ക്രിസ്തുസന്നദ്ധനായിരുന്നു; പരാതിപ്പെടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?' എന്ന് തോമസ് അകംപിസിനെ ഉദ്ധരിച്ചുകൊണ്ട് സുബ്രഹ്മണ്യന്‍ ഞങ്ങളോട് ചോദിച്ചു. ഞങ്ങളുടെ നിശബ്ദത കണ്ടിട്ട് അയാള്‍ വല്ലാതെ സങ്കടപ്പെട്ടു. കര്‍ത്താവിന്‍റെ ഈ ദിനം പരിശുദ്ധമായി ആചരിക്കണമെന്ന് അയാള്‍ ഓര്‍മ്മപ്പെടുത്തി. അയാള്‍ കല്പനകളുടെ ചുരുളഴിക്കാന്‍ തുടങ്ങിയിരുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വ വിശുദ്ധിയെക്കുരിച്ച് അയാള്‍ വിലപിച്ചുകൊണ്ട് സംസാരിക്കാന്‍ തുടങ്ങി. ദൈവത്തിനോട് മനുഷ്യര്‍ കാട്ടുന്ന അനുസരണക്കേടിനെക്കുറിച്ച് ഞങ്ങള്‍ക്ക് താക്കീത് തന്നു. ശുദ്ധീകരണത്തിലൂടെ പാപം നീക്കി സ്വര്‍ഗ്ഗവിശുദ്ധി പ്രാപിക്കുന്നവരെപ്പറ്റി പറഞ്ഞു. ഞങ്ങളുടെ കേള്‍വിയിലേക്ക് സമുദ്രസംഗീതം പോലെ സുബ്രഹ്മണ്യന്‍റെ വാക്കുകള്‍ ഒഴുകിവരികയായിരുന്നു. ഞങ്ങളുടെ മൗനം ഘനീഭവിച്ച് ഹൃദയത്തിനുമേല്‍ പെയ്തിറങ്ങണമേ എന്ന് നിശബ്ദമായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്.നു
ജീവിതത്തിന്‍റെ പരുക്കന്‍ ഇടനാഴിയില്‍ വച്ച് കണ്ടുമുട്ടിയ ഈ മനുഷ്യന്‍ ആരാണ്? ഇയാള്‍ എവിടെ നിന്നു വരുന്നു? ഞങ്ങള്‍ക്കിടയില്‍ ഇത്തരമൊരു കൂടിച്ചേരല്‍ ആരുടെ തീരുമാനമായിരുന്നു? ചോദ്യങ്ങളുടെ നെടുങ്കന്‍ഘോഷയാത്രകള്‍ ഒന്നൊന്നായി മനസ്സിലൂടെ കടന്നുപോയി. സുവിശേഷപ്രഘോഷണത്തിനായി വിശുദ്ധനായ പൗലോസ് നടത്തിയ യാത്രകളെക്കുറിച്ച് ഞാന്‍ പണ്ട് വായിച്ചിരുന്നു. പുതിയ നിയമത്തിലെ പതിമൂന്ന് ലേഖനങ്ങള്‍ എന്‍റെ മനസ്സിലൂടെ കടന്നുപോയി. പൗലോസിനുണ്ടായ മാനസാന്തരം പോലൊന്ന് സുബ്രഹ്മണ്യനും സംഭവിച്ചിരിക്കാമെന്ന് എനിക്ക് തോന്നി. അയാള്‍ കരയുകയാണ്. ക്രിസ്തുവിനുവേണ്ടി ഭൂമിയിലൊഴുക്കുന്ന കണ്ണീര്‍ നദിയില്‍ അയാളുടെ ഉപ്പും അലിഞ്ഞുചേരുന്നു. 'നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു' എന്നു വിളിച്ചു പറഞ്ഞവന്‍റെ വചനധാരയ്ക്കു മുന്‍പില്‍ ഞങ്ങളറിയാതെ മുട്ടുകുത്തിപ്പോകുന്നു. സുബ്രഹ്മണ്യന്‍റെ വാക്കുകള്‍ ഞങ്ങളെ പാറമേല്‍ വീടുപണിയാന്‍ ധൈര്യപ്പെടുത്തുകയായിരുന്നു.
ഞങ്ങള്‍ സുബ്രഹ്മണ്യനെ കടന്ന് വളരെ മുന്നോട്ടുപോയി. ചുട്ടുപഴുത്ത മണ്ണില്‍ നഗ്നപാദനായി നടന്നുവരുന്ന ഈ മനുഷ്യനെ ഇതിനുമുന്‍പ് കണ്ടിട്ടില്ലല്ലോ. കൊടുങ്കാറ്റിനെ ശമിപ്പിക്കാന്‍ ധൈര്യപ്പെടുന്ന ഈ മെലിഞ്ഞ മനുഷ്യന്‍ ഏതുഗോത്രത്തില്‍ നിന്നാണ് വരുന്നത്. ഇവന്‍ ക്രിസ്തുവിന്‍റെ ദൈവരാജ്യത്തെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്. പിന്നാലെ വരുന്ന സുബ്രഹ്മണ്യനെ കാത്ത് ഞങ്ങള്‍ ഉച്ചവെയിലിലേക്ക് ഇറങ്ങി നിന്നു. സുബ്രഹ്മണ്യന്‍ പറഞ്ഞു: 'എനിക്കറിയാമായിരുന്നു, നിങ്ങള്‍ക്കെന്നെ അത്രപെട്ടന്ന് ഒഴിവാക്കാനാവില്ലെന്ന്. നിങ്ങളുടെ കേള്‍വിയിലാകെ പറ്റിച്ചേര്‍ന്ന ക്ലാവ് നിങ്ങള്‍ക്ക് മാത്രമേ ഇളക്കിക്കളയുവാനാകൂ. വരൂ, നമുക്ക് നടക്കാം,' ഞങ്ങള്‍ നടന്നു. സുബ്രഹ്മണ്യന്‍ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയിരുന്നു.
രണ്ട്
ക്രിസ്തു സഹനങ്ങളുടെ ദാസനായിരുന്നു. പീഡനത്തിനും സഹനത്തിനുമിടയില്‍ അവന്‍ നടന്ന ദൂരങ്ങള്‍ ഭൂമിയിലാര്‍ക്കും അളെന്നെടുക്കാനാവില്ല. മഹത്തായബലിയുടെ പാതയായിരുന്നു അവന്‍ തിരഞ്ഞെടുത്തത്. നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍ എന്നാണ് അവന്‍ വിളിച്ചു പറഞ്ഞത്. ജറുസലേമിലേക്ക് അവന്‍ പ്രവേശിച്ചപ്പോള്‍ പ്രകാശത്താല്‍ ആകാശം താഴ്ന്നു താഴ്ന്നു വന്നു. പെസഹയ്ക്ക് ആഴ്ചകള്‍ മാത്രമുണ്ടായിരുന്നപ്പോഴാണ് അവന്‍ ജറുസലേമിക്കെത്തിയത്. ഒലിവ് മലയെ ബഥാനിയയുമായി ബന്ധിപ്പിക്കുന്ന പര്‍വ്വതതാഴ്വാരത്തു വച്ച് ക്രിസ്തു കിളികളോടു മേഘങ്ങളോടും സംസാരിച്ചു. ഇതു കണ്ടിട്ട് ശിഷ്യന്മാര്‍ വിതുമ്പുകയായിരുന്നു. ലോകം മുഴുവന്‍ നസ്രത്തിലെ ദീര്‍ഘദര്‍ശിയായ ക്രിസ്തുവിനൊപ്പമായിരുന്നു. അവന്‍റെ പിന്നില്‍ ജനസമുദ്രമിരമ്പി. അവരുടെ പ്രാര്‍ത്ഥനകള്‍ക്കിടയിലൂടെ അവന്‍ ദേവാലയഗിരിയിലേക്ക് നടന്നു.
ദേവാലയമുറ്റത്ത് കണ്ട ഭിക്ഷാടകനായ അന്ധനെ ക്രിസ്തു തിരിച്ചറിഞ്ഞിരുന്നു. മണ്ണില്‍നിന്ന് ചേറെടുത്ത് അവന്‍ അന്ധന്‍റെ മിഴികളില്‍ പുരട്ടി. എന്നിട്ട് അവനോട് സീലോഹായിലെ ജലത്തില്‍ കണ്ണുകള്‍ കഴുകിവരാന്‍ പറഞ്ഞു. പ്രകാശത്തിന്‍റെ വലിയ അത്ഭുതങ്ങളുമായിട്ടാണ് അവന്‍ മടങ്ങിവന്നത്. പെസഹായ്ക്ക് രണ്ടുനാള്‍ മുന്‍പ് അവന്‍ ബഥാനിയായിലേക്ക് വരികയായിരുന്നു. ശിഷ്യന്മാര്‍ അവനൊപ്പമുണ്ടായിരുന്നു. അവന്‍ നേരെ പോയത് ലാസറിന്‍റെ ഭവനത്തിലേക്കായിരുന്നു. ലാസര്‍ മരിച്ചിട്ട് അന്ന് നാലാം നാളായിരുന്നു. മര്‍ത്തയും മറിയയും അവനെ വിളിച്ച് വിതുമ്പുകയായിരുന്നു. ക്രിസ്തു അവരോടായി പറഞ്ഞു: 'നിന്‍റെ സഹോദരന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും!' പുനരുദ്ധാനത്തിന്‍റെയും ജീവന്‍റെയും പ്രകാശത്തിനു താഴെ വിശ്വാസത്തിന്‍റെ മാലാഖാരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവന്‍ കല്ലറയ്ക്കരികിലേക്ക് ചെന്നു ലാസറിനെ വിളിച്ചു. ലാസര്‍ പുറത്തേക്കിറങ്ങി വന്നു. ലാസര്‍ ഭൂമിയിലേക്ക് ഇറങ്ങി നടന്നു.
സുബ്രഹ്മണ്യന് ലാസറിന്‍റെ മുഖമായിരുന്നു. ലാസറിനെപ്പോലെ സുബ്രഹ്മണ്യന്‍റെ പാദങ്ങളും വിണ്ടുകീറിയിരുന്നു. മര്‍ത്തയെയും മറിയയെയും പോലെ സുബ്രഹ്മണ്യനും രണ്ടു സഹോദരിമാരുണ്ടായിരുന്നു. അയാള്‍ ലാസറിനെപ്പോലെ മൃത്യുവിന്‍റെ ഗുഹയില്‍ നിന്ന് പരുക്കു പറ്റാതെ ജീവിതത്തിലേക്ക് മടങ്ങിവന്നവനായിരുന്നു. ഞങ്ങളോടിതു പറയുമ്പോള്‍ സുബ്രഹ്മണ്യന്‍ വിതുമ്പിത്തുടങ്ങിയിരുന്നു. അയാളെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കായില്ല. ഭൂമിയിലെ എല്ലാ ദുഃഖിതരുടെയും വിലാപങ്ങള്‍ അയാള്‍ ശേഖരിച്ചു വച്ചിരിക്കുകയാണോ എന്നു തോന്നി.
അന്നു രാത്രി ഞങ്ങളൊരു സത്രത്തില്‍ കഴിച്ചുകൂട്ടി. വൃത്തി കുറഞ്ഞ ഒരിടമായിരുന്നു അത്. സുബ്രഹ്മണ്യന്‍റെ വഴിയമ്പലങ്ങളിലൊന്നായിരുന്നു അത്. പാതിരാവില്‍ ഒരു വൃദ്ധന്‍ കത്തിച്ചുവച്ച മെഴുകുതിരിവെട്ടത്തിലിരുന്ന് നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. അയാള്‍ക്കടുത്ത് ഒരു നായ് ചുരുണ്ടുകൂടിക്കിടപ്പുണ്ടായിരുന്നു. എനിക്കവിടം ഭൂമിയിലെ നരകമായി തോന്നി. ദിനകര്‍ പുറത്തേ വരാന്തയില്‍ ചെന്നു നിന്നു. അവന്‍ അസ്വസ്ഥനായിരുന്നു. ഈ രാത്രി നമുക്കുറങ്ങാതെ ക്രിസ്തുവിനെ വായിക്കാമെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു. അവന്‍റെ വാക്കുകള്‍ക്ക് എന്തെന്നില്ലാത്ത സ്തുതിപ്പുണ്ടായിരുന്നു. അവനൊരു മെഴുകുതിരി തെളിച്ച് ഇരുട്ടിനുള്ളില്‍ വച്ചു. അപ്പോഴവിടം പ്രകാശത്തിന്‍റെ ഒരു ദളം വീണു കിടക്കുമ്പോലെ തോന്നി.
സുബ്രഹ്മണ്യന്‍ കണ്ണുകളടച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയിരുന്നു. അവന്‍, ക്രിസ്തുവിനെപ്പോലെ 'പിതാവേ, സമയമായിരിക്കുന്നു' എന്നാണ് പ്രാര്‍ത്ഥിച്ചു തുടങ്ങിയത്. സ്നേഹവിശുദ്ധി കലര്‍ന്ന അത്തിയിലകള്‍ അപ്പോള്‍ ഇളം കാറ്റില്‍ തുളുമ്പുന്നതുപോലെ തോന്നി. അവന്‍ മഹത്വമാര്‍ന്ന ഒരു പ്രാര്‍ത്ഥനാ മുകുളംപോലെ നില്‍ക്കുകയായിരുന്നു. പത്രോസിന്‍റെ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങിക്കിടക്കുന്നതായും തോമസിന്‍റെ നിശബ്ദത ഭയാനകമായ ഒന്നാണെന്നും അവന്‍ ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. ക്രിസ്തു ഒലിവുമലയിലേക്കു നടന്നു. അവന്‍ മലയുടെ മറുകരയായ ഗദ്സെമിനിയിലെത്തി. അവിടെ അവന് പ്രിയപ്പെട്ടതായിരുന്നു. പിതാവേ, ഈ പാനപാത്രം എന്നില്‍ നിന്ന് അകന്നുപോകണമേ എന്നവന്‍ പ്രാര്‍ത്ഥിച്ചിരുന്നു. വിചാരണ നാളുകളില്‍ അവന്‍ ശാന്തനായിരുന്നു. സംഘപ്രമാണികളുടെ ദുര്‍ബലമായ ആരോപണങ്ങള്‍ കേട്ട് അവന്‍ കൂടുതല്‍ നിശബ്ദനായി. പീലാത്തോസിന്‍റെ മുമ്പില്‍ അവന്‍ അചഞ്ചലനായിരുന്നു. കൂര്‍ത്ത തുകല്‍ വാറുകള്‍ കൊണ്ട് കെട്ടിയ ചമ്മട്ടി കൊണ്ടടിച്ചപ്പോഴും ശരീരമാകെ മുറിവേറ്റ് നീറിയപ്പോഴും അവന്‍ പിടഞ്ഞില്ല. അവനപ്പോഴും അവര്‍ പറഞ്ഞ നീചവാക്കുകള്‍ ഓര്‍ത്ത് സങ്കടപ്പെടുകയായിരുന്നു.
ചുവന്ന കുപ്പായത്തിനുള്ളില്‍ മുള്‍ക്കിരീടം ചൂടി അവന്‍ അചഞ്ചലനായി നിന്നു. അവന്‍റെ മുന്‍പിലൂടെയായിരുന്നു ബറാബസിനെ ജനങ്ങള്‍ തെരുവിലേക്ക് കൂട്ടിക്കൊണ്ടുപോയത്. നീതിമാന്‍റെ രക്തത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് പീലാത്തോസ് കൈകഴുമ്പോള്‍ ആകാശം കൂടുതല്‍ ഇരുണ്ടുവരികയും മേഘങ്ങള്‍ ഇടിഞ്ഞു താഴുകയും ചെയ്തു.
കുരിശുയാനത്തില്‍ പിന്നാലെ കൂടിയ ഒര്‍സലേം പുത്രിമാരെ നോക്കി അവന്‍ സഹതപിച്ചു. പച്ചമരത്തിന്‍റെയും ഉണക്കമരത്തിന്‍റെയും അനുഭവങ്ങളോടെ അവന്‍ അവരോട് സമാധാനിക്കുവാന്‍ പറഞ്ഞു. മണലാരണ്യത്തില്‍ നിന്ന് ചുട്ടുപഴുത്ത കാറ്റുവീശി. അവന്‍ ദേവാലയത്തെ നോക്കിക്കിടന്നു. അവന്‍ അമ്മയെ നോക്കി യോഹന്നാനെ ചൂണ്ടിക്കാട്ടിക്കൊടുത്തു പറഞ്ഞു, 'ഇതാ നിന്‍റെ മകന്‍.' അനന്തരം യോഹന്നാനെ നോക്കി അവന്‍ പറഞ്ഞു, 'മകനേ, ഇതാ നിന്‍റെ അമ്മ.' ഭൂമിയിലെ എല്ലാ അമ്മമാര്‍ക്കുമായി അവന്‍ മക്കളേയും എല്ലാ മക്കള്‍ക്കുമായി അമ്മമാരേയും നല്കുകയായിരുന്നു.
മൂന്ന്
സുബ്രഹ്മണ്യന്‍ നിശബ്ദനായി കിടന്നു. അയാള്‍ ശ്വാസം വല്ലാതെ വലിച്ചു വിടുന്നുണ്ടായിരുന്നു. മെഴുകുതിരി വെളിച്ചത്തില്‍ അയാളുടെ നരച്ച നെഞ്ച് ഒരു കാട്ടുമൃഗത്തെപ്പോലെ അമറുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. ക്രിസ്തുവിന്‍റെ മഹത്തായ ശാന്തതപോലെ അയാളുടെ മുഖവും ശാന്തമായി. ഞങ്ങള്‍ ഭൂമിക്കും ആകാശത്തിനുമിടയില്‍ ഒറ്റപ്പെട്ടതുപോലെ തോന്നി. വിലാപ യാത്രയില്‍ അവനെ അനുഗമിച്ച് ഞങ്ങളും നടന്നു. മണ്ണിലേക്ക് ഇറക്കി ക്കിടത്തുമ്പോള്‍ അവനെ ഓര്‍ത്ത് ആരും നിലവിളിച്ചില്ല. എണ്ണിത്തീര്‍ക്കാനാകാത്തത്ര നിലവിളികളാല്‍ ഞങ്ങളുടെ നെഞ്ചിന്‍ കൂട് തകര്‍ന്നു പോകുമോയെന്നു തോന്നി.
സുബ്രഹ്മണ്യന്‍ ആരായിരുന്നു?
അയാളെന്തിനാണ് ക്രിസ്തുവിന്‍റെ ഭാഷയില്‍ ഞങ്ങളോട് സംസാരിച്ചത്. ഒന്നും അറിയില്ല. അയാള്‍ ക്രിസ്തുവിനോളം തന്നെ മഹത്തായൊരു പ്രാര്‍ത്ഥനയായിരുന്നുവെന്ന് കാരുണ്യത്തോടെ ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു.