top of page

രാജാവ് !

Nov 23

2 min read

George Valiapadath Capuchin

The king Jesus Christ

ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ എന്ന് കേൾക്കുമ്പോഴേ മിക്കവരുടെയും നെറ്റി ചുളിയും. കാരണം, കാലിത്തൊഴുത്തിൽ പിറന്ന്, ഒരു ദരിദ്രനായി അലഞ്ഞുനടന്ന് അവസാനം കുരിശിൽ തറച്ചുതൂക്കി കൊല്ലപ്പട്ടെവനെ രാജാവ് എന്ന് വാഴ്ത്തിപ്പാടാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ എന്നായിരിക്കും മിക്കവരും പറയുക. ഒന്നാമത് രാജാവ് എന്നത് ഒരു ക്രമവിരുദ്ധവും (anomaly) അകാലസ്ഥിതവുമായ (anachronic) ബിംബമാണ്. കാരണം ചരിത്രത്തിലെ യേശുവിനോട് ഒത്തുപോകുന്നില്ല എന്നു മാത്രമല്ല, രാജാധികാരവും ഏകാധിപത്യവും പൂർവ്വകാലത്തിൻ്റെ അവശിഷ്ടങ്ങളുമാണ്. എന്നാൽ, മറ്റ് പല പരികല്പനകളും പോലെ ക്രിസ്തുവിൻ്റെ രാജത്വം എന്നത് വളരെ മിസ്റ്റിക്കൽ ആയ ഒരു സങ്കല്പനമാണ്.


"ശക്തന്മാരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിട്ടു; എളിയവരെ ഉയർത്തി" എന്ന് മറിയവും, "തൻ്റെ ദാസനായ ദാവീദിൻ്റെ ഭവനത്തിൽ നമുക്കായി ശക്തമായ രക്ഷയുടെ കൊമ്പ് ഉയർത്തി" എന്ന് സക്കറിയായും തങ്ങളുടെ ഗീതങ്ങളിൽ പാടുന്നതിൽ വ്യക്തമായ രാജത്വത്തിൻ്റെ സൂചനകളുണ്ട്.


ദാവീദ് രാജാവിൻ്റെ പട്ടണമായ ബേത്‌ലഹേമിൽ ദാവീദിൻ്റെ വംശപരമ്പരയിലെ സന്താനമായാണ് യേശു പിറക്കുന്നത്.


അവൻ്റെ ജനനത്തിൽ കിഴക്കുനിന്ന് താരകത്തെ പിന്തുടർന്നെത്തുന്ന ജ്ഞാനികൾ അന്വേഷിക്കുന്നത്, "എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവൻ?" എന്നാണ്. യഹൂദർക്ക് പുതിയൊരു രാജാവ് പിറന്നു എന്ന് കേൾക്കുന്നതിനാലാണ് ഹേറോദേസ് രാജാവ് അസ്വസ്ഥനാകുന്നതും ബേത്‌ലഹേമിലെ നവജാത ശിശുക്കളെ വധിക്കാൻ ഉത്തരവിടുന്നതും.


ദാവീദിൻ്റെ സിംഹാസനത്തിൽ ദാവീദിൻ്റെ പുത്രനായി, തങ്ങളുടെ ശത്രുക്കളിൽനിന്ന് തങ്ങളെ മോചിപ്പിക്കുന്ന, ജനതകളെ ഇരുമ്പുദണ്ഡുകൊണ്ട് മേയ്ക്കുന്ന ഒരു രാജാവ് വന്നെത്തും എന്നുള്ളത് പഴയനിയമ സൂചനകളിൽ നിന്ന് യഹൂദ ജനത വിശ്വസിച്ചുപോന്ന ഒരു പ്രത്യാശയായിരുന്നു. ഈയ്യൊരു സങ്കല്പവും പ്രത്യാശയും സുവിശേഷങ്ങളിൽ ഉടനീളം ശിരസ്സുയർത്തുന്നത് കാണാം.


"ദാവീദിൻ്റെ പുത്രാ" എന്ന് പലപ്പോഴും അവൻ അഭിസംബോധന ചെയ്യപ്പെടുന്നതും, ഒരിക്കലെങ്കിലും 'ദാവീദിൻ്റെ പുത്രനല്ല, ദാവീദിൻ്റെയും കർത്താവാണ് ' എന്ന നിലയിൽ യേശു അതിനോട് പ്രതികരിക്കുന്നതും കാണാം. എന്നാൽ, ജറൂസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിൻ്റെ അവസരത്തിൽ "ദാവീദിൻ്റെ പുത്രന് ഓസാന" എന്ന് ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തിന് നടുവിലൂടെയാണ് യേശു ദേവാലയത്തിലേക്ക് എത്തുന്നത്.


അവൻ്റെ പ്രബോധനങ്ങളത്രയും ചുറ്റിത്തിരിയുന്നത് "ദൈവരാജ്യം" എന്ന പൊളിറ്റിക്കൽ സൂചന നല്കുന്ന സ്വപ്നത്തിൻ്റെ അച്ചുതണ്ടിന്മേലാണ്.


അപ്പം വർദ്ധിപ്പിച്ച് ജനക്കൂട്ടത്തെ തീറ്റി സംതൃപ്തരാക്കിയതിൻ്റെ പശ്ചാത്തലത്തിൽ ജനം അവനെ രാജാവാക്കി അവരോധിക്കാൻ ശ്രമിക്കുമ്പോൾ അവൻ അവരുടെ മധ്യത്തിൽനിന്ന് ഊളിയിട്ട് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.


എന്നിട്ടും എന്തുകൊണ്ടാവാം "അവൻ യഹൂദരുടെ രാജാവാണ് എന്നവകാശപ്പെട്ടു" എന്ന് പീലാത്തോസിനു മുന്നിൽ യഹൂദ പ്രമാണിമാർ അവനെതിരേ കുറ്റാരോപണം നടത്തുന്നത്? അവൻ്റെ പല വാക്കുകളും താൻ മിശിഹായാണ്, രക്ഷകനാണ്, ജനം കാത്തിരുന്ന രാജാവാണ് എന്ന് വ്യംഗ്യമായി പ്രഖ്യാപിക്കുന്നതായി അവർക്ക് അനുഭവപ്പെട്ടു എന്നതുകൊണ്ടാവില്ലേ? അതുകൊണ്ടാവണമല്ലോ "നീ യഹൂദരുടെ രാജാവാണോ?" എന്ന് പീലാത്തോസ് അവനോട് ആവർത്തിച്ച് ചോദിക്കുന്നത്. താൻ രാജാവാണെന്നും, എന്നാൽ നിങ്ങൾ ഉദ്ദേശിക്കുന്നതുപോലുള്ള രാജാവല്ല എന്നുമാണ് അവൻ്റെ മറുപടി. "എൻ്റെ രാജ്യം ഐഹികമല്ല" എന്നാണ് അവൻ നല്കുന്ന സ്റ്റേറ്റ്മെൻ്റ്. സീമകളുള്ള ഭൂമിയിലെ അധികാരമല്ല, ഭൗമികമായ അധികാര രൂപങ്ങളിലുമല്ല അവൻ്റെ രാജത്വം എന്നാണവൻ പറയുന്നത്. ഒരുവാക്കിലല്ല, അവൻ പറഞ്ഞ മൊത്തം വാക്കിലും അതുണ്ട്. ദരിദ്രരും ദുഃഖിതരും പീഡിതരും നിരാശ്രയരും പരിഹാസിതരും വിനീതരും വിശക്കുന്നവരും കരുണാശീലരും ശുദ്ധമാനസരും സമാധാനപ്രിയരും ഭൂമിയുടെ അവകാശികളാകുന്ന ദൈവരാജ്യത്തിൻ്റെ രാജത്വമാകും അവൻ്റേത്. നിലവിലുള്ള എല്ലാ ലോകക്രമത്തിൻ്റെയും കീഴ്മേൽ മറിച്ചിലാണവിടെ സംഭവിക്കുക. ഇന്നത്തെ ലോകത്തിൻ്റെ പണിക്കാർ ഉപേക്ഷിച്ച് തള്ളിക്കളയുന്ന ഈ കല്ലുകൾ പുതിയ ലോകത്തിൻ്റെ മൂലക്കല്ലുകളായി അന്ന് മാറും.


അവൻ്റെ വിചാരണ കേട്ട പട്ടാളക്കാർ അവരുടെ ഊഴം വന്നപ്പോൾ അവൻ്റെ ശിരസ്സിൽ ഒരു കിരീടം ഉണ്ടാക്കി വച്ചുകൊടുത്തു - മുള്ളുകൊണ്ടുള്ളത്.

അവൻ്റെ കൈയിൽ ഒരു ഞാങ്ങണയും കൊടുത്തു. അതിനുമുമ്പുതന്നെ ഹേറോദേസ് തൻ്റെ രാജത്വത്തിൻ്റെ ചിഹ്നമായ ധൂമ്രയങ്കി അവൻ്റെ മേൽ ഇട്ടിരുന്നു. ഇനി അവന് തൻ്റെ സിംഹാസനം ഏറിയാൽ മതി. ഭൂമിയിലെ എല്ലാ ദരിദ്രരുടെയും നിന്ദിതരുടെയും പീഡിതരുടെയും പരിഹാസിതരുടെയും തിരസ്കൃതരുടെയും രാജാവിനെ അവർ അവൻ്റെ സിംഹാസനത്തിൽ കയറ്റി. അതിന് കുരിശിൻ്റെ രൂപമായിരുന്നു.

ഹീബ്രു, ലത്തീൻ, ഗ്രീക്ക് എന്നീ മൂന്ന് ഭാഷകളിൽ പീലാത്തോസ് എഴുതിയ ശിലാഫലകം അവൻ്റെ ശിരസ്സിനു മുകളിൽ അവർ ആണിയടിച്ചുവച്ചു:

"നസ്രത്തുകാരനായ യേശു, യഹൂദരുടെ രാജാവ് " !!!

Recent Posts

bottom of page