top of page
ഇതു കൊവിഡ് കാലം. അടുത്തവീട്ടില്‍ ആര്‍ക്കേലും ചുമയോ പനിയോ ഉണ്ടെങ്കില്‍ അവരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന കാലം. കൊവിഡ് ഉണ്ടെന്ന് ഒരു നേരിയ സംശയമുണ്ടെങ്കില്‍ക്കൂടി അവരുമായുള്ള സംസര്‍ഗം ഉപേക്ഷിക്കുന്നു. എന്തുകൊണ്ടാണ് നമ്മളിങ്ങനെയൊക്കെ പെരുമാറുന്നത്? ഭയം, അജ്ഞത, അറിവില്ലായ്മ അതുകൊണ്ടൊക്കെയാകാം
ഒരു ചെറിയ പനിയോ ചുമയോ ഉണ്ടെങ്കില്‍പോലും നമ്മള്‍ ഒളിപ്പിച്ചുവയ്ക്കുന്നത്. അല്ലെങ്കില്‍ കള്ളം പറയുന്നത്. നമ്മള്‍, മനുഷ്യര്‍ സമൂഹജീവിയല്ലേ? നമ്മുടെ നിലനില്പിന് നമുക്കു ചുറ്റുമുള്ള മനുഷ്യരെ വേണം. അവരുടെ സ്നേഹവും കരുതലും അംഗീകാരവും വേണം. ഇതൊക്കെ കിട്ടണമെങ്കില്‍ കള്ളം പറഞ്ഞല്ലേ പറ്റൂ. എങ്കില്‍ നിങ്ങള്‍ കള്ളം പറയുമോ?
ഞാന്‍ ജീവിതത്തിലെപ്പോഴാണ് കള്ളം പറയാന്‍ പഠിച്ചതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞിട്ടുണ്ട്, കുഞ്ഞുന്നാളില്‍. പലരോടും പല സാഹചര്യത്തില്‍. പക്ഷേ പ്രധാനമായും ഒരു കാര്യത്തെക്കുറിച്ചാണെന്നു മാത്രം. അതും നമ്മള്‍ കള്ളം പറയുന്നതെന്തിന് എന്നതിന്‍റെ മനശ്ശാസ്ത്രവും തത്ത്വശാസ്ത്രവും മനസ്സിലാക്കുന്നതു വരെ മാത്രം. പക്ഷേ അതു മനസ്സിലാക്കാന്‍ ജീവിതത്തിന്‍റെ മുക്കാലും വേണ്ടിവന്നു.
ബാല്യകാലത്തെക്കുറിച്ച് അധികം ഓര്‍മ്മകള്‍ ഒന്നും എനിക്കില്ല. ഉള്ളതില്‍ ഒരു പ്രധാനപ്പെട്ട ഓര്‍മ്മയെപ്പറ്റി ഞാന്‍ പറയാം. സ്കൂളില്‍ പഠിക്കുന്ന കാലം. ഒരാളെ പരിചയപ്പെടുമ്പോള്‍ എല്ലാവരും എപ്പോഴും ചോദിക്കുന്ന ചില അടിസ്ഥാനപരമായ ചോദ്യങ്ങള്‍. വീട്ടില്‍ ആരൊക്കെയുണ്ട്? അച്ഛന്‍ എന്തുചെയ്യുന്നു, അമ്മ എന്തുചെയ്യുന്നു, സഹോദരങ്ങളെത്ര, എവിടെ എന്നൊക്കെ... ആ കാലത്ത് ഒട്ടുംതന്നെ ഉചിതമെന്നു കരുതാത്ത ഒരു മറുപടിയെപ്പറ്റിയാണ് എന്‍റെ ഓര്‍മ്മ."അച്ഛന്‍ എന്തു ചെയ്യുന്നു?" എന്ന ചോദ്യത്തിന്, "അച്ഛന്‍ ഇല്ല, മരിച്ചു" എന്ന മറുപടി. "ങേ മരിച്ചോ, എങ്ങനെ?" എന്ന് മറുചോദ്യം ഉണ്ടായാല്‍ ഹൃദിസ്ഥമാക്കിവച്ചിരിക്കുന്ന അടുത്ത മറുപടി പോരും, "ഹാര്‍ട്ട് അറ്റാക്ക്." വീട്ടില്‍ നിന്നും പഠിപ്പിച്ചുതന്ന, എല്ലാവര്‍ക്കും ബോധ്യമാകുന്ന ഉത്തരങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ചു. അന്ന് എനിക്ക് വയസ്സ് ആറ്! ആത്മഹത്യ എന്താണെന്നു മനസ്സിലാക്കാനുള്ള പക്വത ഇല്ലാത്തതുകൊണ്ടാണോ, മറ്റുള്ളവര്‍ ഒറ്റപ്പെടുത്തും എന്ന ഭയം കൊണ്ടാണോ എന്നറിയില്ല, ഞങ്ങളുടെ കുടുംബത്തിന്‍റെ നിലനില്പിന,് മുപ്പത്തിയൊന്നു വര്‍ഷങ്ങള്‍ക്കുമുന്നേ അങ്ങനെ ഒരു കള്ളത്തിന്‍റെ ആവശ്യംവന്നു. പിന്നെ അങ്ങോട്ടുള്ള എന്‍റെ ജീവിതത്തിന്‍റെ ഗതി ഏറെക്കുറെ നിര്‍ണയിച്ചത് ആ കള്ളമായിരുന്നു.
സത്യം പറയുന്ന ഒരാളിന് ഒന്നും ഓര്‍ത്തുവെക്കേണ്ടി വരില്ല, കള്ളം പറയുന്ന ഒരാളിന് ആരോട്, എപ്പോള്‍, എങ്ങനെ, എന്തൊക്കെ പറഞ്ഞു എന്ന് ഓര്‍ത്തുവയ്ക്കേണ്ട അധികചുമതല കൂടെയുണ്ട്.
സ്കൂളില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ വീണ്ടും ആരോ ആ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഒട്ടുംതന്നെ ആശങ്കപ്പെടാതെ ഞാന്‍ മറുപടി നല്കി, "അച്ഛന്‍ മരിച്ചു. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു." എന്നാല്‍ പതിവില്‍നിന്നും വിപരീതമായി ഒരു മറുചോദ്യം ആ സഹപാഠിയില്‍നിന്നും വന്നു, "അങ്ങനെയല്ലല്ലോ എന്‍റെ വീട്ടില്‍നിന്നും പറഞ്ഞത്. ന്യൂസ്പേപ്പറിലുണ്ടായിരുന്നു മരണത്തെപറ്റി. ആത്മഹത്യ ആണെന്നാണല്ലോ അവര്‍ പറഞ്ഞത്." അതു കേട്ടപ്പോള്‍ എനിക്കുണ്ടായ വികാരം എന്താണെന്ന് എനിക്ക് ഇപ്പോള്‍ കൃത്യമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. എന്നാല്‍ ആ ഒരു നിമിഷം, അതിന്‍റേതായ എല്ലാ വരിഞ്ഞുമുറുകലും വൈകാരികതയും ഞാന്‍ അനുഭവിച്ചു. കാലത്തോടൊപ്പം മനസ്സിന്‍റെ ആഴങ്ങളില്‍ എവിടെയോ അതും വീണുമാഞ്ഞുപോയി.
ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം വിഷാദവും ഉത്കണ്ഠയും ജീവിതത്തെ വല്ലാതെ പിടിച്ചുലച്ച നിമിഷങ്ങളില്‍ ഏതോ ഒന്നില്‍, വിപാസന മെഡിറ്റേഷന്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍, ആ പഴയ ഓര്‍മ്മ, അതിന്‍റെ എല്ലാ വൈവിധ്യങ്ങളോടുംകൂടി തെളിഞ്ഞുവന്നു. അപ്പോഴാണ് ആ തിരിച്ചറിവുണ്ടായത്. അച്ഛന്‍റെ മരണം ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായെങ്കിലും അതിജീവനത്തിനായി ഞാന്‍ പറഞ്ഞ ആ കള്ളം -അതു പിടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സ്തംഭനം - അവിടെ നിന്നായിരുന്നു എന്‍റെ വ്യക്തിത്വവികസനം ആരംഭിച്ചത്. അല്ലെങ്കില്‍ എന്നിലെ വ്യക്തിത്വവൈകല്യം (പേഴ്സണാലിറ്റ ി ഡിസോര്‍ഡര്‍) തിരിച്ചറിഞ്ഞിടത്തു നിന്നായിരുന്നു വളര്‍ന്നു തുടങ്ങിയത്.
സത്യസന്ധതയും മാനുഷികമൂല്യങ്ങളും ജീവിതനൈപുണ്യങ്ങളും (ലൈഫ്സ് സ്കില്‍) പഠിക്കേണ്ടിയിരുന്ന ആ പ്രായത്തില്‍ ഞാന്‍ അനുഭവിച്ചത് ഒറ്റപ്പെടലും അപമാനവും എങ്ങനെയും പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടുമായിരുന്നു. ലോകത്തെതന്നെ മറ്റൊരു കണ്ണില്‍ക്കൂടി നോക്കിക്കാണാന്‍ പഠിച്ച ഒരു കാലഘട്ടം - അതും തന്‍റേതല്ലാതായ കാരണത്താല്‍. ഇതൊക്കെയായിരുന്നു എന്‍റെ ജീവിതപാഠങ്ങള്‍. ആദ്യമൊക്കെ തോന്നിയിരുന്നു സെല്‍ഫ് ഇന്‍ട്രൊഡക്ഷനിലെ ഒരു കാര്യം മാത്രമല്ലേ ഈ കള്ളം! Just one lie. പക്ഷേ പിന്നീടാണ് മനസ്സിലായത് എല്ലാ വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനം ആ കള്ളമായിരുന്നു. സത്യം പറഞ്ഞാല്‍ സമൂഹത്തില്‍ അംഗീകാരം കിട്ടില്ല എന്നുറപ്പിച്ചു പറയുന്ന, പല സന്ദര്‍ഭങ്ങളില്‍ അതു തെളിയിച്ചു തരുന്ന ഒരു കൂട്ടം ആളുകള്‍. അസത്യം പറഞ്ഞാല്‍ എപ്പോഴെങ്കിലും അവര്‍ സത്യം അറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേട്, അവഗണന, കുറ്റബോധം, സുരക്ഷിതത്വമില്ലായ്മ, ആത്മാഭിമാനക്കുറവ്... വളര്‍ന്നു വന്നപ്പോള്‍ ഡിപ്രെഷന്‍ ഉണ്ടായില്ലെങ്കിലേ അതിശയമുള്ളൂ.
ഇതില്‍നിന്നൊക്കെ മാറാന്‍ സ്വന്തമായ ഒരു സോഷ്യല്‍ സ്റ്റാറ്റസ് ഉണ്ടാക്കിയേ പറ്റൂ എന്ന് എപ്പോഴോ തിരിച്ചറിഞ്ഞു. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞു ജോലി നേടിയതും ആദ്യമായി വിദേശയാത്ര നടത്തിയതും എല്ലാം സ്വന്തമായി ഒരു ഐഡന്‍ന്‍റിറ്റി ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. ലോകത്തിലെ പലതരം സംസ്കാരത്തെപറ്റിയും ജനങ്ങളെപറ്റിയും കൂടുതല്‍ പഠിച്ചത് ഈ യാത്രകളിലൂടെയായിരുന്നു. വളര്‍ച്ചയുടെ ആ യാത്രയില്‍ സത്യത്തെ അറിയാനും സത്യം പറയാനുമുള്ള തീവ്രമായ ഒരു വ്യഗ്രത അനുഭവപ്പെട്ടതായി ഓര്‍ക്കുന്നു. നാട്ടില്‍ തിരിച്ചെത്തി ജേര്‍ണലിസം പഠിച്ചതും അതോടനുബന്ധിച്ചായിരുന്നു. ആ കാലഘട്ടത്തിലാണ് വിവാഹകമ്പോളത്തിലേക്കുള്ള എന്‍റെ പ്രവേശനം. മാട്രിമോണിയല്‍ വെബ്സൈറ്റുകളിലെ പ്രൊഫൈല്‍ ക്രിയേഷന്‍ പേജ് വീണ്ടും ആ ചോദ്യം ഉന്നയിച്ചു - അച്ഛന്‍ എന്തു ചെയ്യുന്നു. വിവാഹകമ്പോളത്തിലെ ആചാരമനുസരിച്ച് ആത്മഹത്യ നടന്ന കുടുംബങ്ങളില്‍ നിന്നും സാധാരണയായി ആരും തന്നെ പ്രൊപോസല്‍സ് ക്ഷണിക്കില്ല. അപ്പോള്‍ മനസ്സിലായി സ്വന്തമായി എത്ര നല്ല ഐഡന്‍ന്‍റിറ്റി ഉണ്ടാക്കിയാലും സമൂഹത്തിനു നമ്മളെ ഇല്ലാതാക്കാന്‍ പറ്റുമെന്ന്. എന്തായാലും ഇപ്പോള്‍ ഈ മുപ്പത്തിയേഴാമത്തെ വയസ്സില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇതെല്ലാം ഒരു തമാശയായി മാത്രം തോന്നുന്നു. കാരണം, സാമൂഹിക പ്രതീക്ഷകള്‍ എന്ന ആ വലിയ കടമ്പ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍കൊണ്ട് നീന്തിക്കടന്നു എന്നുള്ളതുതന്നെ. പക്ഷേ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അതൊരു വലിയ കടമ്പതന്നെയായിരുന്നു. ഒരു വ്യക്തിയെ ഡിപ്രെഷനിലേക്കോ ആത്മഹത്യയിലേക്കോ തന്നെ തള്ളിവിടാവുന്ന ഒരു വലിയ കടമ്പ - (Social stigma of a suicide survivor).
തുടര്‍ന്നുണ്ടായ വിവാഹവും വിവാഹമോചനവും ക്ലിനിക്കല്‍ ഡിപ്രെഷനും എല്ലാം ചേര്‍ന്ന് ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ ഒരു ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റിന്‍റെ മുമ്പില്‍ എത്തിച്ചു. ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. എന്‍റെ പ്രശ്നങ്ങള്‍ എന്തൊക്കെ ആണെന്ന് ആദ്യമായി ഒരാള്‍ വൈെദ്യശാസ്ത്രപരമായ വിശദീകരണം തന്ന ആ കാലഘട്ടം. എത്രയൊക്കെ professionally successful ആണെന്ന് പറഞ്ഞാലും ലൈഫ് സ്കില്‍സ് തീരെ ഇല്ല എന്ന ഡയഗ്നോസ് കിട്ടിയ ആ ദിവസം - ഞാന്‍ എന്ന വ്യക്തിയുടെ വ്യക്തിപരമായ വളര്‍ച്ച അല്ലെങ്കില്‍ വ്യക്തിത്വവികസനം അവിടെ തുടങ്ങുകയായിരുന്നു. പിന്നീടുള്ള മാറ്റങ്ങള്‍ വളരെ സ്വാഭാവികം ആയിരുന്നു.
പത്തുവര്‍ഷത്തെ ഐ. റ്റി. ജോലി മതിയാക്കി. അര്‍ത്ഥപൂര്‍ണമായ ജീവിതരീതിയും ആത്മബോധവും പഠിക്കാനായി മൈന്‍ഡ്ഫുള്‍നെസ് പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ചെന്നെത്തിയത് ട്യൂഷിത ബുദ്ധിസ്റ്റ് മെഡിറ്റേഷന്‍ സെന്‍ററില്‍. അവിടെ നിന്നും സെല്‍ഫ് എന്താണെന്നും സെല്‍ഫ് അവയര്‍നെസ്സ് എന്താണെന്നും പഠിച്ചുതുടങ്ങി. അവിടെ നിന്നും യോഗ, മെഡിറ്റേഷന്‍, ആത്മീയത എന്നിവയെപ്പറ്റി എല്ലാം പഠിച്ചു, കൂടെ സോഷ്യല്‍ വര്‍ക്കില്‍ ഒരു മാസ്റ്റേഴ്സും. എന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ആത്മഹത്യ എന്ന വിഷയത്തില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
എന്‍റെ ജീവിതത്തില്‍ ഞാന്‍ പഠിച്ച പാഠങ്ങള്‍ പ്രത്യേകിച്ചും അതിജീവനത്തിന്‍റെ പാഠങ്ങളും അനുഭവങ്ങളും, അതു മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുമെങ്കില്‍ എന്‍റെ ജീവിതം അര്‍ത്ഥവത്താകും എന്നു തോന്നി. അങ്ങനെ 2017 ല്‍ 'കാന്താരി' എന്ന സ്ഥാപനത്തില്‍ നിന്നും സോഷ്യല്‍ എന്‍റര്‍പ്രെന്യൂര്‍ഷിപ് കോഴ്സ് ചെയ്തു. 'ലെറ്റ്സ് ലിവ്' എന്ന ഓര്‍ഗനൈസേഷന്‍ തുടങ്ങി.
സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഒരു വ്യക്തി ആത്മഹത്യ ചെയ്യുമ്പോള്‍ ചുറ്റുമുള്ള ആറോ അതില്‍ അധികമോ ആളുകളെ ബാധിക്കും. അതിലെ മരണപ്പെട്ട വ്യക്തിയുടെ ബന്ധുമിത്രാദികളെ സൂയിസൈഡ് സര്‍വൈവേഴ്സ് എന്നാണ് പറയുന്നത്. സാധാരണ ജനങ്ങളെക്കാള്‍ ഈ കൂട്ടരില്‍ ആത്മഹത്യ പ്രവണത കൂടുതലാണെന്നാണ് പഠനങ്ങള്‍ രേഖപ്പെടുത്തുന്നത്. ഈ സാധ്യതകള്‍ നിലനില്‍ക്കെ ബന്ധുമിത്രാദികളും സമൂഹവും കൂടെ അവരെ ഒറ്റപ്പെടുത്തുമ്പോള്‍, അല്ലെങ്കില്‍ മുന്‍വിധിയോടെ കാണുമ്പോള്‍, അല്ലെങ്കില്‍ കുറ്റപ്പെടുത്തുമ്പോള്‍ ഈ കുടുംബത്തിന് ഉണ്ടാകുന്ന സംഘര്‍ഷം ചില്ലറയല്ല, പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികളിലും കൗമാരപ്രായക്കാരിലും. ഒന്നു തുറന്നു സംസാരിക്കാന്‍പോലും സ്ഥലവും സാഹചര്യവും ഉണ്ടാകില്ല. ഇങ്ങനെയുള്ളവര്‍ക്കു ജീവിതത്തില്‍ വീണ്ടും സമ്മര്‍ദ്ദമേല്‍ക്കേണ്ടി വരുമ്പോള്‍ ഒരു പക്ഷെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നു വരും. അങ്ങനെയുള്ളവര്‍ക്ക് ഒരു താങ്ങും തണലുമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു മാത്രമായി 2019ല്‍ 'ദി ഓറഞ്ച് റൂം' എന്ന സ്പേസ് തുടങ്ങി.
മാനസികാരോഗ്യത്തെപറ്റി മിഥ്യാധാരണകള്‍ നിലനില്‍ക്കേ, അതിനെപറ്റി തുറന്നു സംസാരിക്കാനുള്ള അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ദി ഓറഞ്ച് റൂം' ആരംഭിച്ചത്. ആറു മാസത്തേക്ക് വാടകയ്ക്കെടുത്ത ഒരു ചെറിയ സ്പേസില്‍ ഞങ്ങള്‍ ആ പ്രോജക്ട് വളരെ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ അതിന്‍റെ പ്രയോജനങ്ങള്‍ അനുഭവപ്പെട്ടതു കൂടുതലും മാനസികരോഗത്തിന് ചികിത്സയിലിരിക്കുന്ന യുവജനങ്ങള്‍ക്കായിരുന്നു. അവിടെ മാനുഷികമൂല്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ആരെയും പേടിക്കാതെ സത്യം പറയാനുള്ള ഒരു അന്തരീക്ഷം ആണ് ഞങ്ങള്‍ ഒരുക്കിയത്. തന്‍റെ പ്രശ്നം എന്താണെന്നു മനസ്സിലാക്കാനും അത് ഉറക്കെ പറയാനും, ഒരേ പ്രശ്നങ്ങള്‍ നേരിടുന്ന മറ്റുള്ള ആള്‍ക്കാരെ പരിചയപ്പെടാനും എല്ലാം കഴിഞ്ഞത് വളരെ സന്തോഷം തരുന്ന ഒരു അനുഭവമായിരുന്നു.
ഡിപ്രഷന്‍ കാരണം ആത്മഹത്യ ചെയ്ത ഒരാളുടെ മകളെന്ന നിലയില്‍ നിന്നും, വിഷാദവും ഉത്കണ്ഠയും കൊണ്ട് ജീവിതം വഴിമുട്ടി നിന്നിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ നിന്നും മാനസികപ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന യുവജനങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സഹായിക്കുന്നതിന് ഒരു സ്ഥാപനം തുടങ്ങുക എന്നത് ദുഷ്ക്കരമായ ഒരു യാത്രതന്നെ ആയിരുന്നു. എന്നാല്‍ സത്യത്തിലേയ്ക്കും അതിജീവനത്തിലേക്കുമുള്ള ആ യാത്ര എന്‍റെ വളര്‍ച്ചയെ നിര്‍ണയിച്ച ഒരു സ്വാതന്ത്ര്യാനുഭൂതി കൂടിയാണ്. നമ്മള്‍ കൂടുതല്‍ സെല്‍ഫ് അവയെര്‍ ആകുമ്പോള്‍, നമ്മള്‍ നമ്മളോട് സത്യസന്ധത പുലര്‍ത്തുമ്പോള്‍, നാം മാറുന്നതിനൊപ്പം നമ്മുടെ ചുറ്റും ഉള്ളവരെയും അതു മാറാനും വളരാനും സഹായിക്കും. നമ്മെക്കുറിച്ചും നമ്മുടെ ജീവിതത്തെക്കുറിച്ചും നമ്മള്‍ക്ക് വ്യക്തമായ ധാരണയുണ്ടെങ്കില്‍, നമ്മളുടെ പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ സ്ഥലവും സമയവും സാഹചര്യവും ഉണ്ടെങ്കില്‍, നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു കൂട്ടം സമാനചിന്താഗതിക്കാരായ ആത്മാക്കള്‍ ഉണ്ടെങ്കില്‍ പിന്നെ എന്തിനു ഭയക്കണം? പിന്നെ എന്തിനു കള്ളം പറയണം?
സ്വയം തടവ് അല്ലെങ്കില്‍ അഥവാ ഉള്‍വലിയല്‍ ഒന്നിനും ഒരു പരിഹാരമാകില്ല. എന്നാല്‍ ശരിയായ അറിവും സഹാനുഭൂതിയും തുറന്ന പെരുമാറ്റവും ഒരു വ്യക്തിയെയും അതുവഴി ഒരു സമൂഹത്തെയും പേടിയുടെ പാതയില്‍ നിന്നും സ്നേഹത്തിന്‍റെ പാതയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും. അതു കൊവിഡ് ആണെങ്കിലും മാനസികാരോഗ്യപ്രശ്നങ്ങളാണെങ്കിലും!
വരൂ... നമുക്ക് ഭയത്തെയും അജ്ഞതയെയും തുടച്ചുമാറ്റാം...
Featured Posts
bottom of page