top of page

"ദി അവേഴ്സ്" -നിമിഷങ്ങളുടെ കഥ

Sep 2, 2017

5 min read

ജജ
the hours

പരസ്പരബന്ധിതമായി സങ്കീര്‍ണ്ണതകള്‍ കൊണ്ടാണ്, മൈക്കിള്‍ കണ്ണിംഗ്ഹാമിന്‍റെ, പുലിറ്റ്സര്‍ പുരസ്കാരത്തിനര്‍ഹമായ "ദി അവേഴ്സ്" The Hours (1998) എന്ന നോവല്‍ ശ്രദ്ധേയമാകുന്നത്. പുസ്തകങ്ങള്‍ ചലച്ചിത്രങ്ങളായി മാറുമ്പോഴുണ്ടാകുന്ന മാന്ത്രികതയും, വായനക്കാരനില്‍ നിന്നു കാഴ്ചക്കാരനിലേക്കുള്ള യാത്രയുടെ ശൂന്യതാബോധവും, ഒരുപോലെ സമ്മാനിക്കുന്നു, സ്റ്റീഫന്‍ ഡാല്‍ഡ്രിയുടെ ദി അവേഴ്സ് (2003). നോവല്‍ പോലെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ സിനിമ, അതിന്‍റെ സമയസംവിധാനം കൊണ്ടുതന്നെ, നിശ്ചിതമായ നിരൂപണങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അപ്പുറമാണ്. എന്നാല്‍, "ദി അവേഴ്സ്" സമ്മാനിക്കുന്ന തീവ്രമായ വായനാനുഭവവും ചലച്ചിത്രാനുഭവവും പോലെ തന്നെ, ഈ സൃഷ്ടിയെക്കുറിച്ചെഴുതുക എന്നതു കൂടി ആഴമായ അനുഭവം തന്നെയായിത്തീരുന്നു. വിലയിരുത്തലിനും ആസ്വാദനത്തിനുമൊക്കെ ഉപയോഗിക്കുന്ന രീതികളെക്കാള്‍ അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങള്‍, പ്രപഞ്ചത്തോളം സങ്കീര്‍ണ്ണമായ എന്നാല്‍ ഏതോ തുടര്‍ച്ചയുടെ കണ്ണികളായി വെളിപ്പെട്ടു വരുന്ന പ്രപഞ്ചതത്വങ്ങളും ജീവിതാനുഭവങ്ങളും, ലക്ഷ്യത്തിന്‍റെ നിസാരതയെയും മാര്‍ഗത്തിന്‍റെ ആഴത്തെയും വരച്ചുകാട്ടുന്ന ആഖ്യാനരീതി എന്നിങ്ങനെ അനന്തമായ കാരണങ്ങള്‍ കൊണ്ട്, അനുവാചകനെ പൂര്‍ണ്ണമായും കീഴ്പ്പെടുത്തിക്കളയുന്നു, ഈ സിനിമ

ആധുനിക ചിന്താലോകത്തെ ഏറെ സ്വാധീനിച്ച എഴുത്തുകാരിയും ചിന്തകയുമായ വിര്‍ജീനിയ വൂള്‍ഫിന്‍റെ ജീവിതമാണ്, സിനിമയുടെ പ്രചോദനം. ഇവിടെ, വൂള്‍ഫിന്‍റെ എഴുത്ത്, ജീവിതം, വ്യക്തിത്വം എന്നിവ യാഥാര്‍ത്ഥ്യത്തിന്‍റെയും ഭാവനയുടെയും സമ്മിശ്രതലങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്നു. നോവല്‍ (സിനിമ) ഒരിക്കലും അവരുടെ ജീവിതരേഖയാകുന്നില്ല. ഒപ്പം, കണ്ണിങ്ഹാം സൃഷ്ടിച്ചെടുത്ത സാങ്കല്‍പിക ലോകത്തില്‍ നിന്നും, നമുക്കറിയാവുന്ന വിര്‍ജിനിയ വുള്‍ഫ് ഏറെയൊന്നും വ്യത്യസ്തയുമല്ല. ഇത്തരം, ഒരു ശക്തമായ അടിത്തറയാണ്, "ദി അവേഴ്സ്" നോവലില്‍ നിന്നും സിനിമയാക്കപ്പെടുമ്പോഴും ദൃശ്യമാകുന്നത്. ഒരു സ്ത്രീ സ്വതന്ത്രയാക്കപ്പെടുന്നത്, അവള്‍ക്ക് സ്വന്തമായി ഒരു മുറിയും വരുമാനവും ലഭിക്കുമ്പോഴാണ്, എന്ന ഒറ്റ ആശയം കൊണ്ട്, ഫെമിനിസത്തിന്‍റെ ആശയസമ്പത്തിന് വലിയ സംഭാവന നല്‍കിയ എഴുത്തുകാരിയായിരുന്നു വുള്‍ഫ്. അസാമാന്യമായ ബുദ്ധിയും സര്‍ഗശേഷിയും, ഒപ്പം സങ്കീര്‍ണ്ണമായ സ്വഭാവ വിശേഷങ്ങളും, വുള്‍ഫിനെ വ്യത്യസ്തയാക്കുന്നു. സില്‍വിയ പ്ലാത്തിന്‍റേതു പോലെ, അവരുടെ മരണത്തോടുള്ള പ്രതിപത്തിയും, എടുത്തുപറയേണ്ട ഒന്നാണ്. വുള്‍ഫ്, തന്‍റെ നോവലായ "മിസ്സിസ് ഡാളോവേ" Mrs. Dalloway  (1925)യുടെ രചനാവേളയില്‍ എഴുതിയ ഡയറിക്കുറിപ്പുകളാണ്, "ദി അവേഴ്സ്" എന്ന സിനിമയുടെ കഥാപ്രേരകമായ ഘടകം. "മിസ്സിസ് ഡാളോവേ"യ്ക്കു വുള്‍ഫ് ആദ്യം നിശ്ചയിച്ചിരുന്ന തലക്കെട്ടാണ് ദി അവേഴ്സ്. തുടര്‍ച്ചയായ ആഖ്യാനശൈലിയുടെ അഭാവത്തില്‍, അതിമനോഹരമായ സ്ക്രിപ്റ്റും കവിതയുടെ സുഗന്ധമുള്ള സംഭാഷണങ്ങളുമാണ്, സിനിമയെ മുന്നോട്ടു നയിക്കുന്നത്. ഇതിനു കാരണവും, മറ്റൊന്നല്ല - അതീവ സര്‍ഗചൈതന്യമുള്ള ഒരെഴുത്തുകാരി, അവരുടെ വൈകാരികാംശങ്ങള്‍ ഏറെയുള്ള ഒരു നോവല്‍ രചനയുടെ അനുഭവത്തെ ഭാവനയില്‍ വീണ്ടും സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമാണ് "ദി അവേഴ്സ്". സിനിമയും, വുള്‍ഫിന്‍റെ നോവലും, ഒരേ സമയം പരസ്പര ബന്ധിതവും വ്യത്യസ്തവുമായി നിലകൊള്ളുന്നു. ഉദാഹരണത്തിന്, സിനിമ ആരംഭിക്കുന്നത് ക്ലാരിസാ വോഗന്‍ എന്ന സ്ത്രീ ഒരു പാര്‍ട്ടി നടത്തുന്നതിനു വേണ്ടി, ന്യൂയോര്‍ക്ക് നഗരത്തില്‍ പൂക്കള്‍ വാങ്ങാനിറങ്ങുന്ന സംഭവത്തോടെയാണ്. ഇതേ സംഭവം, വൂള്‍ഫിന്‍റെ നോവലിന്‍റെയും തുടക്കമാണ്. നോവലില്‍ നിന്നിറങ്ങിവന്നു ജീവിക്കുന്ന, അല്ലെങ്കില്‍ നോവല്‍ ജീവിച്ചനുകരിക്കാനോ അനുകരിച്ചു ജീവിക്കാനോ ശ്രമിക്കുന്ന ആളുകളെയാണ് സിനിമയില്‍ നമുക്ക് കാണാന്‍ സാധിക്കുക. അതേസമയം, സിനിമ അതിനുള്ളില്‍ തന്നെയുള്ള നോവല്‍രചനയുമായും ബന്ധപ്പെട്ടു കിടക്കുന്നു. വ്യക്തതയില്ലായ്മയും അതിസങ്കീര്‍ണതയും ഒരു പക്ഷെ നിറഞ്ഞു നിന്നിട്ടും ഈ സിനിമ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായതിനു കാരണം, മനുഷ്യജീവിതത്തോട് അതിനുള്ള അത്ഭുതകരമായ താദാത്മ്യ സ്വഭാവം തന്നെയാണ്

നോവലും സിനിമയും അതീവ മനോഹരമായ ഒരു എപിലോഗില്‍ നിന്നാണ് തുടങ്ങുന്നത്. ഇതിനായുപയോഗിച്ചിരിക്കുന്നതാകട്ടെ, ഹൃദയത്തില്‍ തൊടുന്ന വുള്‍ഫിന്‍റെ ഡയറിക്കുറിപ്പും. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ്, വുള്‍ഫ് തന്‍റെ ഭര്‍ത്താവിനെഴുതുന്ന കത്താണിവിടെ പ്രമേയമാകുന്നത്. ലിയനോര്‍വിനൊപ്പമുള്ള തന്‍റെ ജീവിതം, അതിലെ ഓരോ മണിക്കൂറുകളും (The Hours) ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായിരുന്നു എന്ന് അവര്‍ എഴുതുന്നു. ഈ നിമിഷത്തിന്‍റെ ഭീകരത താങ്ങാന്‍ തനിക്കാവുന്നില്ല എന്നും, ജീവിതത്തില്‍ തന്‍റെ ഭര്‍ത്താവിന്‍റെ നന്മയും സ്നേഹവും മാത്രം തന്നിലവശേഷിക്കുന്നു എന്നും കത്ത് തുടരുമ്പോള്‍ (വുള്‍ഫിന്‍റെ യഥാര്‍ത്ഥ ആത്മഹത്യാക്കുറിപ്പാണിവിടെ ഉപയോഗിച്ചിരിക്കുന്നത്), സ്ക്രീനില്‍, കോട്ടിനുള്ളില്‍ ഭാരമുള്ള കല്ലുകള്‍ വാരി നിറച്ച് മരണത്തിലേക്കു മുങ്ങിപ്പോകുന്ന വുള്‍ഫിനെ നാം കാണുന്നു. ഒപ്പം, കത്ത് കണ്ടെത്തി വായിക്കുന്ന ലിയനോര്‍ഡിന്‍റെ മുഖത്തെ ആകുലതയും. ഒരുപക്ഷേ, സിനിമയിലേക്കു കടക്കും മുന്‍പേ, ഒരു ജീവിതം മുഴുവനറിഞ്ഞ്, സിനിമയുടെ തലക്കെട്ടിന്‍റെ ആഴമറിഞ്ഞ്, പ്രേക്ഷകനും മുങ്ങിത്താഴുന്നത് - ഒരു നിമിഷസാഗരത്തിലേക്കാണ്. അനേകം നിമിഷങ്ങളുടെ സൗന്ദര്യവും വേദനയും ചേര്‍ത്തുവയ്ക്കുന്നതിനെയാണ് 'ജീവിതം' എന്നു നാം നിസ്സാരമായി നിര്‍വ്വചിക്കുന്നത്, എന്ന തിരിച്ചറിവു തന്നെയാണ് ഈ സിനിമ

വ്യക്തമായി വിവരിച്ചു പോകുന്ന കഥാഘടനയില്ലാതെ, അനുഭവങ്ങളെയും വികാരങ്ങളെയും അവതരണരീതിയായി സ്വീകരിച്ചിരിക്കുന്നു. ഇവിടെ - സാഹിത്യത്തിലെ "സ്ട്രീം ഓഫ് കോണ്‍ഷ്യസ്നെസ്" എന്ന രീതി (വുള്‍ഫിന്‍റെ നോവലും, കണ്ണിംഗ്ഹാമിന്‍റെ നോവലും പിന്തുടരുന്നതും ഈ രീതിയാണ്).  സിനിമ തുടങ്ങുന്നതും, നിയതമല്ലാത്ത സംഭവഗതി അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തപ്പെടുന്നതും, അവസാനിക്കുന്നതും സ്വയം വരിക്കുന്ന മരണത്തിലാണ്. (വുള്‍ഫിന്‍റെ, ലോറയുടെ, ആത്മഹത്യാശ്രമം, റിച്ചാര്‍ഡിന്‍റെ - മൂന്ന് 'ആത്മഹത്യ'കള്‍). എന്നാല്‍, "ദി അവേഴ്സ്" മരണത്തെ ആഘോഷിക്കുന്ന ഒരു സിനിമയല്ല. മറിച്ച്, അതാഘോഷിക്കുന്നത് ജീവിതത്തിന്‍റെ ഓരോ നിമിഷത്തേയുമാണ്. ഒരു ദിവസം - മൂന്നു സ്ത്രീകള്‍ - മൂന്നു മരണങ്ങള്‍ - എന്നു ചുരുക്കി, നമുക്ക് ഈ സിനിമയെ വായിച്ചെടുക്കാവുന്നതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നിന്നുള്ളവരാണ്, ഈ മൂന്നു സ്ത്രീകളും. ഇവിടെ, ക്ലാരിസാ വോഗണ്‍ (മെറില്‍ സ്ട്രീപ്) എന്ന കഥാപാത്രത്തെ ആധുനിക കാലത്തിന്‍റെ മിസിസ് ഡോളോവേയായി കാണാം. ന്യൂയോര്‍ക്കിലെ പ്രശസ്തയായ ബുക്ക് എഡിറ്ററാണ് ക്ലാരിസാ. അവരുടെ ജീവിതം ഇപ്പോഴും, തന്‍റെ മുന്‍ പ്രണയിതാവും കവിയുമായ റിച്ചാര്‍ഡി (എഡ്ഹാരിസ്)ല്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ക്ലാരിസയെ നാം ആദ്യം കണ്ടുമുട്ടുമ്പോള്‍ തന്നെ അവര്‍, റിച്ചാര്‍ഡിനു ലഭിച്ച പുരസ്കാരത്തിന്‍റെ ആഘോഷത്തിനായി ഒരു പാര്‍ട്ടി നടത്താനുള്ള ഒരുക്കത്തിലാണ്. റിച്ചാര്‍ഡാകട്ടെ എയിഡ്സ് ബാധിതനും തീര്‍ത്തും അവശനുമാണ്. ക്ലാരിസ റിച്ചാര്‍ഡിനെ പരിചരിക്കുന്നതിലാണ് തന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്തുന്നത്. കഴിഞ്ഞുപോയ ഏതോ ഭൂതകാലപ്രണയമെന്നതിനപ്പുറം, റിച്ചാര്‍ഡും ക്ലാരിസയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ക്ലാരിസ തന്‍റെ ഇപ്പോഴത്തെ പ്രണയമായ സാലി (അലിസണ്‍ ജാനി) യില്‍ അഭയം തേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റിച്ചാര്‍ഡ് ക്ലാരിസയെ "മിസ്സിസ് ഡാളോവേ" എന്നാണ് വിളിക്കാറ്. വുള്‍ഫിന്‍റെ നോവലിലെ കേന്ദ്രകഥാപാത്രം, ക്ലാരിസാ ഡാളോവേ ആയതുകൊണ്ടു മാത്രമല്ല, ഈ ക്ലാരിസയും അവരെപ്പോലെ സാമൂഹ്യകൂട്ടായ്മകളും ആഘോഷങ്ങളും നടത്തുന്നതില്‍ തല്‍പരയാണെന്നും റിച്ചാര്‍ഡ് പറയുന്നുണ്ട്. ക്ലാരിസയിലെ മാറ്റങ്ങള്‍ മെറില്‍ സ്ട്രീപ്പിന്‍റെ അത്യുജ്വലമായ പ്രകടനത്തിലൂടെ നമ്മെ അമ്പരപ്പിക്കുന്നു - ഇന്നലെയില്‍ നിന്നും ഇന്നിലേക്ക് - ചിരിയില്‍ നിന്നും കണ്ണീരിലേക്ക് - എല്ലാം അവര്‍ ചലിച്ചുകൊണ്ടേയിരിക്കുന്നു. ഉദാഹരണത്തിന്, തന്‍റെ പാര്‍ട്ടിയെക്കുറിച്ച് അത്യുല്‍സാഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്ന ക്ലാരിസ തൊട്ടടുത്ത നിമിഷത്തില്‍ സ്വയം ശപിച്ചുകൊണ്ട് പൊട്ടിക്കരയുന്നു. സ്ത്രീമനശ്ശാസ്ത്രത്തിന്‍റെ വിവിധ തലങ്ങളെയും തൊട്ടു പോകുന്ന സിനിമയാണ്, "ദി അവേഴ്സ്". സാധാരണത്വമാരോപിക്കപ്പെടുമ്പോഴും, തങ്ങളുടെ അസാധാരണമായ മാനസിക പ്രയാണങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന, തങ്ങളില്‍ നിന്നു തന്നെ രക്ഷപെട്ടു കൃത്രിമമായി ജീവിക്കാന്‍ തയ്യാറാകാത്ത മൂന്നു സ്ത്രീകളുടെ കഥ.  

ലോറാ ബ്രൗണ്‍ (ജൂലിയന്‍ മൂര്‍), എന്ന രണ്ടാമത്തെ സ്ത്രീ, പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന, സുന്ദരിയായ, ഒരു ലോസ് ആഞ്ചലസ് നിവാസിയാണ്. 1951-കളില്‍, തന്‍റെ ഭര്‍ത്താവായ ഡാന്‍ (ജോണ്‍ സിറിലേയ്), കുഞ്ഞുമകന്‍ (ജാക്ക് റോവെല്ലോ) എന്നിവര്‍ക്കൊപ്പം, സാധാരണജീവിതം നയിക്കാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്യുന്ന ഒരു യുവതിയാണ് ലോറാ. അവര്‍, വുള്‍ഫിന്‍റെ മിസിസ് ഡോളോവ എന്ന നോവല്‍ വായിക്കുന്നതിനായാണ് തന്‍റെ കൂടുതല്‍ സമയവും ചിലവഴിക്കുന്നത്. 'കുടുംബം' എന്ന വ്യവസ്ഥയ്ക്കുള്ളില്‍, 'ഭാര്യ', 'അമ്മ' എന്നീ കര്‍ത്തവ്യങ്ങളില്‍ സ്വയം പരുവപ്പെടുത്താന്‍ ലോറ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. മറ്റേതോ ലോകങ്ങളില്‍ സ്വയം തിരയുന്ന തന്‍റെ അമ്മയെ നോക്കി നിശബ്ദമായി വിങ്ങുന്ന കൊച്ചുകുഞ്ഞും, പ്രേക്ഷകന് വല്ലാത്ത വേദനയാണ് നല്‍കുക. വീടുപേക്ഷിച്ച്, ഒരു ഹോട്ടല്‍ മുറിയില്‍, കൈയ്യില്‍ 'മിസിസ് ഡാളോവേ' യുമായി ആശ്വാസത്തോടെ കിടക്കുന്ന ലോറ, മരണമാണ് സ്വത്വത്തിലേക്കുള്ള വഴിയെന്നു തിരിച്ചറിഞ്ഞ് അതിനു ശ്രമിക്കുന്നു. എന്നാല്‍, മരണം പോലും അവര്‍ക്കു സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ കഴിയുന്നില്ല. ഭര്‍ത്താവ്, മകന്‍ എന്ന ഓര്‍മ്മകളുടെ ശക്തി, ലോറയെ മരണത്തില്‍ നിന്നകറ്റുന്നു. തന്‍റെ അയല്‍ക്കാരിയുടെ വേദനകള്‍ ലോറയെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ട്. മറ്റുള്ളവര്‍ കാണുന്നതിനേക്കാള്‍ തീവ്രമായി സംഭവങ്ങളെ ഉള്‍ക്കൊണ്ട് സ്വയമുരുകുന്ന ലോറ, മരിക്കാന്‍ സാധിക്കാതെ ജീവിക്കാന്‍ വിധിക്കപ്പെടുന്നു. സന്തുഷ്ടയായ കുടുംബിനിയുടെ കുപ്പായമണിയാന്‍ ശ്രമിച്ച്, ഓരോ തവണയും തനിക്കതു പാകമല്ല എന്നു തിരിച്ചറിയുന്ന ലോറയുടെ നോവുകള്‍, ജൂലിയാന്‍ മൂറിന്‍റെ സൂക്ഷ്മമായ ഭാവചലനങ്ങള്‍ വഴി സ്ക്രീനില്‍ സുവ്യക്തമായി ആവിഷ്കരിക്കപ്പെടുന്നു.

സിനിമയിലെ സുപ്രധാനവും മൂന്നാമത്തേതുമായ വ്യക്തിത്വം, വിര്‍ജിനിയ വുള്‍ഫിന്‍റേതാണ്. നികോള്‍ കിഡ്മാനെ ഓസ്കാര്‍ പുരസ്കാരത്തിനര്‍ഹമാക്കിയ ഈ പ്രകടനം, 'അത്ഭുതാവഹം' എന്നു പറഞ്ഞാല്‍ മതിയാവില്ല. വുള്‍ഫിനെ വായിച്ചറിഞ്ഞവര്‍ക്ക്, അവരെ കണ്ടറിയുന്ന അനുഭവം കിഡ്മാന്‍ സമ്മാനിക്കുന്നു. സിനിമയില്‍, ആവിഷ്കരിക്കപ്പെടുന്ന വുള്‍ഫ്, ഒന്നാം ലോകമഹായുദ്ധത്തോടടുത്ത വര്‍ഷങ്ങളില്‍, തന്‍റെ സ്ഥിരമായ മനോരോഗലക്ഷണങ്ങള്‍ സുഖപ്പെടുന്നതിനായി, റിച്ച്മോണ്ട് എന്ന ശാന്തമായ പ്രദേശത്ത് താമസിക്കുകയാണ്. ഭര്‍ത്താവും വീട്ടിലെ സഹായികളും അവരെ ശ്രദ്ധാപൂര്‍വ്വം ശുശ്രൂഷിക്കുന്നു. വുള്‍ഫാകട്ടെ, "മിസ്സിസ് ഡാളോവെ" എന്ന തന്‍റെ നോവല്‍ രചനയില്‍ വികാരക്ഷോഭങ്ങളുടെ പിടിയിലാണ്. നഗരത്തില്‍ നിന്നുമെത്തുന്ന തന്‍റെ സഹോദരിയെയും കുടുംബത്തെയും സ്വീകരിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇവിടെ, ലോറാ ബ്രൗണിനെ പോലെ രണ്ടു ലോകങ്ങള്‍ക്കിടയില്‍ - ശ്വാസം കിട്ടാതെ പിടയുകയാണ് വിര്‍ജിനിയ വുള്‍ഫും. വുള്‍ഫ്, നഗരത്തിലേക്ക്, തന്‍റെ നോവല്‍ സംഭവിക്കുന്ന ഇടത്തിലേയ്ക്കു പോകാന്‍ വാശി പിടിക്കുന്നു. അവരുടെ മനസിന്‍റെ തിരമാലകളെ നന്നായറിഞ്ഞ് അവരെ സ്നേഹിക്കുന്ന ഭര്‍ത്താവ് ലിയനോര്‍ഡ്, മരണത്തിന്‍റെ ശാന്തി തേടി വുള്‍ഫ് പോകുമെന്ന ഭീതിയില്‍, എപ്പോഴും അവരെ ശ്രദ്ധാപൂര്‍വ്വം പരിപാലിക്കുന്നുണ്ട്. ലിയനോര്‍ഡിന്‍റെ സ്നേഹം മനസ്സിലാക്കുമ്പോഴും, വുള്‍ഫിന് തന്‍റെ മനസിലെ പ്രളയങ്ങളെ തോല്‍പിക്കാന്‍ സാധിക്കുന്നില്ല.

ഈ മൂന്നു സ്ത്രീജീവിതങ്ങളെ സിനിമ അതിന്‍റെ സങ്കേതങ്ങള്‍ ഉപയോഗിച്ച് കോര്‍ത്തിണക്കുന്നു. മൂന്നു സ്ത്രീകളും, അനുഭവിക്കുന്ന സ്വത്വപ്രതിസന്ധി ആഴമേറിയതാണ്. വളരെ സ്വാഭാവികവും സാധാരണവും ആയ (Normal)ചിട്ടപ്പെടുത്തലുകള്‍ക്ക് അതീതരാണവര്‍. ഈ മൂന്നു കഥാപാത്രങ്ങളും പ്രകടിപ്പിക്കുന്ന വൈകാരികതലങ്ങള്‍ക്ക് സമാനതകള്‍ കൈവരുന്നത് സിനിമയിലെ ബിംബങ്ങളിലൂടെയാണ്.  ലോറയുടെ നിശബ്ദനായ മകന്‍റെ നിഷ്കളങ്കമായ നിസഹായത, ക്ലാരിസയുടെ മകളിലും പ്രതിഫലിക്കുന്നുണ്ട്, കൂടുതല്‍ പ്രതീക്ഷാനിര്‍ഭരമായ ഒന്നാണെങ്കില്‍ കൂടി വിര്‍ജിനിയ അത്തരമൊരു 'മാതൃ' സ്നേഹം കാണിക്കുന്നത്, തന്‍റെ സഹോദരിയുടെ മകളോടാണ്. വുള്‍ഫ് അവളോടൊപ്പം ഒരു കിളിക്കുഞ്ഞിനെ അടക്കം ചെയ്യുന്നു. അതിന് പൂക്കള്‍കൊണ്ട് കിടക്കയൊരുക്കുന്നു. ഇവിടെ, എഴുത്തുകാരിക്ക് മരണത്തോടുള്ള അഭിനിവേശം പ്രകടമാക്കപ്പെടുന്ന പ്രതീകമാണ് ദൃശ്യമാകുന്നത്. സിനിമയിലെ കാതലായ സംഭാഷണത്തില്‍, വുള്‍ഫ് വ്യക്തമാക്കുന്നുമുണ്ട് - "ആരെങ്കിലുമൊരാള്‍ മരിച്ചേ തീരൂ - എഴുതുന്നയാള്‍ - സ്രഷ്ടാവ്". മരണവും ദുഃഖവുമെല്ലാം എഴുത്തുകാരി ഏറ്റെടുക്കുന്നു. വിര്‍ജിനിയ വുള്‍ഫ് എന്ന എഴുത്തുകാരിയും, റിച്ചാര്‍ഡ് എന്ന എഴുത്തുകാരനും മരണം തിരഞ്ഞു പോകുമ്പോള്‍, ബാക്കിയെല്ലാ കഥാപാത്രങ്ങളും അവരുടെ സൃഷ്ടികളാണെന്ന് നാം തിരിച്ചറിയുന്നു. ഈ കഥാപാത്രങ്ങള്‍, ജീവിതത്തിലെ ഓരോ നിമിഷത്തിന്‍റെയും സൗന്ദര്യം തിരിച്ചറിഞ്ഞ് ഏറ്റെടുക്കുമ്പോഴാണ് സിനിമ അവസാനിക്കുന്നത്.

ക്ലാരിസ തന്‍റെ പാര്‍ട്ടിയ്ക്കായി വാങ്ങുന്ന റോസാപ്പൂക്കള്‍, സിനിമയിലെ ശക്തമായ ഒരു പ്രതീകത്തിന്‍റെ ഭാഗമാണ്. ആര്‍ക്കുവേണ്ടിയാണോ ആ പാര്‍ട്ടി ഒരുക്കിയത്, അയാള്‍ മരണം ഏറ്റെടുക്കുന്നു. വല്ലാത്ത, ഭ്രാന്തമായ ഒരാവേശത്തോടെ താന്‍ വാങ്ങിക്കൂട്ടിയ പൂക്കള്‍ ഒടുവില്‍ ക്ലാരിസ തന്നെ വെയ്സ്റ്റ് ബിന്നിലേക്കു കുടയുന്നു. തന്‍റെയുള്ളിലെ അപക്വമായ ദുഃഖാസക്തികളെ എന്ന വണ്ണം. സ്വന്തം ജന്മദിനമായിരുന്നിട്ടു കൂടി, ലോറയുടെ ഭര്‍ത്താവ് അവള്‍ക്ക് റോസാപ്പൂക്കള്‍ വാങ്ങി സമ്മാനിക്കുന്നു. ആ പൂക്കള്‍ ലോറയുടെ ദൗര്‍ബ്ബല്യങ്ങളുടെയും കുടുംബിനി എന്ന നിലയിലെ പരാജയത്തിന്‍റെയും പ്രതീകമാണ്. പകരം, ഭര്‍ത്താവിന് കേക്കുണ്ടാക്കാന്‍ ശ്രമിക്കുന്ന ലോറ, മകന്‍റെ വിടര്‍ന്ന കണ്ണുകള്‍ക്കു മുന്നില്‍ ആ കേക്ക് വെയ്സ്റ്റ് പാത്രത്തിലേക്കിടുന്നു. വുള്‍ഫിന്‍റെ റോസാപ്പൂക്കളാകട്ടെ, ഒരു കിളിയുടെ മരണത്തിനു കൂട്ടാക്കുന്നു. ചത്തുപോയ കിളിക്കുഞ്ഞുമായി വുള്‍ഫ് താദാത്മ്യം പ്രാപിക്കുന്നുണ്ട്.  സ്വന്തം ശവമഞ്ചമൊരുക്കുന്ന സൂചന ഈ രംഗത്തില്‍ നല്‍കുന്നുമുണ്ട്. തീവ്രമായ സ്ത്രീ - സ്ത്രീ ബന്ധങ്ങള്‍ ഈ മൂന്നു കഥാപാത്രങ്ങളും പ്രകടമാക്കുന്നു. ലണ്ടന്‍ നഗരത്തിലേക്ക് മടങ്ങുന്ന തന്‍റെ സഹോദരിയെ ഇറുകെ പിടിച്ചു ചുംബിക്കുന്ന വുള്‍ഫും, രോഗം മൂലമുള്ള ദുഃഖം താങ്ങാനാവാതെ യാത്ര പറയാനെത്തിയ അയല്‍ക്കാരിയെ ഗാഢമായി പുണര്‍ന്നു ചുംബിക്കുന്ന ലോറയും, തന്‍റെ വേദനകളെയെല്ലാം നേരിട്ട ശേഷം സാലിയെ ദാഹാര്‍ത്തയായി ചുംബിക്കുന്ന ക്ലാരിസയും, ഇതു വ്യക്തമാക്കുന്നു. ലെസ്ബിയന്‍ വായനകള്‍ക്കപ്പുറം, ഈ ചുംബനങ്ങള്‍ പരസ്പരം ജീവിതത്തിന്‍റെ തുടിപ്പു കൈമാറാനോ സ്വന്തമാക്കാനോ ഉള്ള ദാഹത്തിന്‍റെ പ്രതീകമാണ്. വ്യവസ്ഥാപിതബന്ധങ്ങളിലോ, മറ്റൊന്നിലുമോ കാണാത്ത സ്വത്വം, ഈ സ്ത്രീകള്‍ തങ്ങളില്‍ പരസ്പരം കണ്ടെത്തുന്നുണ്ട് എന്ന സന്ദേശമാണിത്.

സിനിമയിലെ പുരുഷകഥാപാത്രങ്ങള്‍ സ്ത്രീവിരുദ്ധരല്ല. മറിച്ച്, തങ്ങളുടെ ജീവിതത്തിലെ സ്ത്രീകളെയും അവരുടെ മാനസിക വ്യാപാരങ്ങളെയും മനസിലാക്കി, സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവരാണ്. (ലോറയുടെയും വിര്‍ജിനിയ വുള്‍ഫിന്‍റെയും ഭര്‍ത്താക്കന്മാരും, ക്ലാരിസയുടെ കാമുകനായ  റിച്ചാര്‍ഡും). അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീ അനുഭവിക്കുന്ന വേദന എന്ന തികച്ചും സാധാരണമായ വിഷയം ബോധപൂര്‍വ്വം ഒഴിവാക്കി, സ്ത്രീയുടെ ബൗദ്ധികമായ ഒറ്റപ്പെടലുകളെയും മാനസിക സങ്കീര്‍ണ്ണതകളെയുമാണ് ഈ ചലച്ചിത്രം സൂക്ഷ്മമായി വിലയിരുത്തുന്നത്. കുടുംബത്തെ ഉപേക്ഷിച്ച് നഗരത്തിലെ ലൈബ്രേറിയന്‍ ജോലിയിലേക്കു ചേക്കേറുന്ന ലോറയും, എഴുത്തിന്‍റെ മായാജാലം തീര്‍ത്ത് അവസാനം മരണത്തിലേക്കു സ്വയമാഴ്ന്നു പോകുന്ന  വിര്‍ജിനിയ വുള്‍ഫും, ജീവിതത്തെ അതിന്‍റെ മുഴുവന്‍ മാസ്മരികതയോടെയും സ്വീകരിക്കുന്ന ക്ലാരിസയും, തങ്ങളുടേതായ ഉത്തരങ്ങളും ഇടങ്ങളും സ്വയം കണ്ടെത്തുന്നവരാണ്. ഇവിടെ, ആശ്ചര്യജനകങ്ങളായ അനേകം കണ്ണികളുണ്ട്. 1. എഴുത്തുകാരിയായ വുള്‍ഫ് - വുള്‍ഫിന്‍റെ കഥാപാത്രമായ ക്ലാരിസ - വായനക്കാരിയായ ലോറ. 2. എഴുത്തുകാരനായ റിച്ചാര്‍ഡ് - റിച്ചാര്‍ഡിന്‍റെ കഥാപാത്രവും പ്രണയിനിയുമായ ക്ലാരിസ - റിച്ചാര്‍ഡിന്‍റെ കഥാപാത്രവും അമ്മയുമായ ലോറ. ഇങ്ങനെ, സിനിമ തീരുമ്പോള്‍ എല്ലാം പരസ്പരം എഴുതപ്പെടുകയായിരുന്നു, എന്ന തിരിച്ചറിവിലാണ് കാഴ്ചക്കാരെത്തിച്ചേരുക. "ജീവിതത്തെ അവഗണിച്ചുകൊണ്ട് സമാധാനം കണ്ടെത്താന്‍ കഴിയില്ല" എന്നെഴുതി വച്ച്, വുള്‍ഫ് മരണത്തിലേക്കിറങ്ങിപ്പോകുമ്പോള്‍ ജീവിതത്തിന്‍റെ മൂല്യത്തെക്കുറിച്ച്, ക്ലാരിസയെ പോലെ, ലോറയെ പോലെ നാം ബോധവാന്മാരാകുന്നു.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു നോവലില്‍ നിന്നുമുളവായ, പ്രശസ്തമായ മറ്റൊരു നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്ന ശ്രമകരമായ ദൗത്യം ഡേവിഡ് ഹെയറിന്‍റെ സ്ക്രിപ്റ്റിംഗിലൂടെ അനായാസമായതിന്‍റെ തെളിവാണ്, "ദി അവേഴ്സ്. ഒരു ദിവസത്തിന്‍റെ ആരംഭം മുതല്‍, അവസാനം വരെ മൂന്നു സ്ത്രീകള്‍. അവര്‍ കാലത്തിനപ്പുറം പരസ്പരം എങ്ങനെയൊക്കെയോ ബന്ധപ്പെട്ടൊഴുകുന്ന അനുഭവം, ഫിലിപ് ഗ്ലാസിന്‍റെ പശ്ചാത്തല സംഗീതത്തിലൂടെ ഹൃദയത്തില്‍ തൊടുന്നു. "ദി അവേഴ്സ്" നിമിഷങ്ങളുടെ കഥയാണ്. ഓരോ മാത്രയിലും വിസ്മയങ്ങള്‍ നിറഞ്ഞ വിലപ്പെട്ട മനുഷ്യജീവിതത്തിന്‍റെ കഥ. 


ജജ

0

2

Featured Posts