

ഒന്ന്
'ഞാന്‍' എന്ന ചിന്തയോടെയും അതില്ലാതെയും ഒരു വിഷയം പറയാന്‍ കഴിയും. 'ഞാന്‍' എന്നതു തീര്‍ത്തുമില്ലാതെ ഒരാള്‍ ഒരു വിഷയം പറയുമ്പോള്‍ അയാളുടെ മനസ്സ് പ്രപഞ്ചസത്യം പ്രകടിപ്പിക്കാനുള്ള ഒരു 'വായന'യായി മാറുന്നു. 'ഞാനെന്നചിന്തയില്ല' എന്ന ചിന്തപോലുമില്ലാതെ ഒന്നു പറയാന്‍ കഴിയുമ്പോള്‍ അയാള്‍ക്ക് പരമമായത് പറയാന്‍ കഴിയുന്നു. അത് 'ബുദ്ധാവസ്ഥ'യില്‍നിന്ന് 'രമണാവസ്ഥ'യില്‍ 'കൃഷ്ണമൂര്‍ത്തി അവസ്ഥ'യില്‍ എത്തിയ ഒരു മനസ്സിനേ കഴിയുകയുള്ളൂ. ഏതായാല ും ഈയൊരറിവിന്‍റെ വെളിച്ചത്തില്‍ മരണത്തെപ്പറ്റിയുള്ള ചില വിചാരങ്ങള്‍, ഇത്തിരി വെളിച്ചത്തിന്‍റെ തുള്ളികള്‍ വിനയത്തോടെ ഇവിടെവെയ്ക്കുകയാണ്.
വാര്‍ദ്ധക്യം, രോഗം, മരണം - ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം അതാണ്. ഈ മൂന്നു സാഹചര്യങ്ങളിലൂടെയും ജീവന്‍ കടന്നുപോകുന്നു. വാര്‍ദ്ധക്യം ഇല്ലാതാക്കാനാവില്ല, രോഗം ഇല്ലാതാക്കാനാവില്ല, മരണവും ഇല്ലാതാക്കാനാവില്ല. വാര്‍ദ്ധക്യത്തിലും ജീവിതത്തെ ആദരിച്ചുകൊണ്ട്, അതിന്‍റെ നേരെ കൃതജ്ഞനായിക്കൊണ്ട് ഓരോ ദിവസവും അമൂല്യമാക്കിക്കൊണ്ട് ജീവിക്കാനുകുമോ? രോഗാവസ്ഥയിലും അതിന്‍റെ പ്രയാസങ്ങള്‍ അവനവനും മറ്റുള്ളവര്‍ക്കും ഉണ്ടാക്കാതെ, വേദനയെ, രോഗയാതനയെ മനസ്സിലാക്കിക്കൊണ്ട്, ശാന്തമായൊരു മനസ്സോടെ, സ്നേഹത്തോടെ ജീവിക്കാനാകുമോ? മരണാവസ്ഥയ്ക്കു മുന്‍പും വെപ്രാളങ്ങളില്ലാതെ, ഭയമില്ലാതെ, ഒന്നിച്ചുള്ളവര്‍ക്കു സമാധാനം പകര്‍ന്നുകൊണ്ട്, ചിരിക്കാന്‍ പ്രേരണ കൊടുത്തുകൊണ്ട് ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്കു കടന്നുപോകുന്നതുപോലെ മരിക്കാന്‍ ഒരാള്‍ക്കു കഴിയുമോ?
കുറച്ചുവര്‍ഷങ്ങളായി ഇത്തരം ഒരു വിചാരമാണ് ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ബുദ്ധന്‍ മുതല്‍ ഗുര്‍ജിഫ് വരെയുള്ള, ലാവോത്സു മുതല്‍ ജെ. കൃഷ്ണമൂര്‍ത്തിവരെയുള്ള മഹാമനസ്സുകള്‍ മാനവരാശിയെ ഈ സ്വച്ഛജീവിതത്തിന്‍റെ പാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്. അതിന്‍റെ വെളിച്ചത്തില്‍ ശരീരത്തിലും മനസ്സിലും ആത്മാവിലും ആരോഗ്യത്തോടെ ജീവിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഒരാള്‍ ജീവിക്കുന്നത്. ആര്‍ക്കും ദുഃഖം നല്കാതെ, ഒരു ജീവിയെപ്പോലും വേദനിപ്പിക്കാതെ, അവനവന്‍റെ അന്നന്നത്തെ ജീവിതം കഴിച്ചുകൂട ്ടാന് കഴിയുന്ന ഒരാള്‍ക്ക് പുസ്തകങ്ങളില്‍നിന്നു കിട്ടാത്ത വെളിച്ചവും വിവേകവും സാന്ത്വനവും കിട്ടുന്നു.
ഇതിലേക്കൊരാളെ നയിക്കാനാവശ്യമായ ആദ്യത്തെ ഘടകം ആരോഗ്യമുള്ള, സംഘര്‍ഷമില്ലാത്ത, ശാന്തമായ ഒരു ശരീരമാണ്. ശരീരം ശാന്തമാകുമ്പോള്‍, ശീതളമാകുമ്പോള്‍, ശരീരം ആരോഗ്യമുള്ളതാണ്. ശരീരം അശാന്തമാകുമ്പോള്‍, കലുഷമാകുമ്പോള്‍, തപിക്കുമ്പോള്‍, ശരീരം രോഗഗ്രസ്തമാണ്.
ശരീരം അശാന്തമാകുമ്പോള്‍ മനസ്സും സൂക്ഷ്മസത്തയും അശാന്തമാകുന്നു. അത്തരം ഒരു ശരീരം, മനസ്സ്, ജീവിതത്തിന്‍റെ മഹിമ, ആനന്ദം, സ്വച്ഛത ഒന്നും അറിയുന്നില്ല.
ജീവിതത്തെ വന്ദിച്ചുകൊണ്ട്, സൂക്ഷ്മമായി അറിഞ്ഞുകൊണ്ട്, ഉണര്‍ന്ന മനസ്സോടെ ഇതില്‍ ലീനമായിക്കൊണ്ട് ഒരാള്‍ ജീവിക്കുമ്പോള്‍ അയാളുടെ ശരീരം ശാന്തമാകുന്നു, മനസ്സ് ശാന്തമാകുന്നു. ഈ അവസ്ഥയിലെത്തിയ ഒരാള്‍ക്ക് രോഗത്തിലും വാര്‍ദ്ധക്യത്തിലും മരണത്തിലും സംഘര്‍ഷമില്ലാതെ അതിനെ നേരിടാന്‍ കഴിയുന്നു.
മരണത്തോടടുക്കുമ്പോള്‍, പ്രായംകൂടി വരുമ്പോള്‍, പ്രയാസങ്ങളും വേദനകളും നിസ്സഹായതയും വര്‍ദ്ധിക്കുമ്പോള്‍ അനിവാര്യമായത്, മരണം വന്നുകൊണ്ടിരിക്കുന്നത്, ഒരാളറിയുമ്പോള്‍ അയാള്‍ സ്വയം ചോദിച്ചുപോകുന്നു, '
