

അലയുന്നവരോട് അസാധാരണമായ അനുഭാവം പുലര്‍ത്തിയൊരാള്‍ എന്ന നിലയിലും ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിക്കപ്പെടും.
ജീവിത സായന്തനത്തില്‍ അയാള്‍ ഓര്‍മ്മിച്ചെടുക്കുന്ന ഒരു കപ്പല്‍ച്ചേതത്തില്‍ അതിന്‍റെ വേരും വിത്തുമുണ്ട്.
ആത്മരേഖയില്‍ hope, ല്‍ നമ്മള്‍ ഇങ്ങനെ വായിച്ചെടുക്കും.
1927, ഒക്ടോബറില്‍ ഇറ്റാലിയന്‍ ടൈറ്റാനിക്ക് എന്നറിയപ്പെടുന്ന ഒരു കപ്പലപകടമുണ്ടായി. ജനോവായില്‍ നിന്ന് തെക്കേ അമേരിക്കയിലേക്ക് പോകുന ്ന ഒരു കപ്പല്‍ ബ്രസീലിയന്‍ തീരത്തിനടുത്ത് മുങ്ങിപ്പോയി.
നൂറു കണക്കിന് കുടിയേറ്റക്കാര്‍ അതിലുണ്ടായിരുന്നു. സങ്കല്പത്തിലെ മെച്ചപ്പെട്ട ദേശത്ത് അവരാരും നീന്തിയെത്തിയില്ല.
അതില്‍ സഞ്ചരിക്കേണ്ട ഒരു കുടുംബം ഉണ്ടായിരുന്നു- ജിയോവാനി ബര്‍ഗോളിയായും ഭാര്യ റോസായും. ഫ്രാന്‍സിസ് പാപ്പായുടെ മുത്തച്ഛനും മുത്തശ്ശിയുമാണത്.
കരുതിയ നേരത്ത് തങ്ങള്‍ക്കുള്ള സ്വത്തുക്കള്‍ കൊടുത്തു തീര്‍ക്കാന്‍ കഴിയാത്തതു കൊണ്ട് അവര്‍ക്ക് യാത്ര നീട്ടി വയ്‌ക്കേണ്ടതായി വന്നു. നേരത്തെയെടുത്ത ടിക്കറ്റ് വേറൊരു കുടുംബത്തിന് കൈമാറേണ്ടി വന്നു. ആ പകരക്കാരും മാഞ്ഞു പോയി.
വൈകാതെ അവര്‍ അര്‍ജന്‍റീനയിലെത്തും. അവിടെയവര്‍ ചെറുത്തുനില്പിന്‍റെയും ആത്മബലിയുടെയും പ്രാഥമികപാഠങ്ങള്‍ അഭ്യസിക്കും.
ജനിതകത്തിലൂടെ അതിന് കൈമാറ്റവും തുടര്‍ച്ചയുമുണ്ടാവും.
അതിജീവനത്തിനായി അതിസാഹസിക യാത്രകളില്‍ ഏര്‍പ്പെടുന്നവരെ കാത്തിരിക്കുന്ന ചുഴികളെക്കുറിച്ച് അയാളോട് ഇനി ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.
അത്തരം ഓര്‍മ്മകളെ രാകി രാകി അന്ത്യയാമത്തോളം നിലനിര്‍ത്തി എന്നതിലാണ് അയാളുടെ അഴക്.
എന്തു കൊണ്ടായിരിക്കാം ഹോര്‍ഹെ മാരിയോ ബര്‍ഗോളിയാ, ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചത്. പല കാരണങ്ങളുണ്ടാവും.
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ആ പുണ്യവാന്‍റെ പേര് ഒരാളും ഇതിന് മുമ്പ് സ്വീകരിച്ചു കണ്ടിട്ടില്ല.
ഇതിനിടയില്‍ ആറു ഫ്രാന്‍സിസ്ക്കന്‍സ് പോപ്പായി തെരഞ്ഞെടുക്കപ്പെട്ടു .
അവരു പോലും ആ പേരെടുക്കാന്‍ ധൈര്യപ്പെട്ടില്ല. ആ പേര് വലിയൊരു ബാധ്യതയാണ്.
ആ പേരാണ് ഈ ജസ്യൂട്ട് കാര്‍ഡിനല്‍ സ്വീകരിച്ചത്.
പേരിനെക്കുറിച്ച് കാര്യമായ ആലോചന ഒന്നു മില്ലായിരുന്നു.
പുതിയ പാപ്പയെ അഭിനന്ദിക്കുമ്പോള്‍ ബ്രസീലില്‍ നിന്നുള്ള ഫ്രാന്‍സിസ്കന്‍ കാര്‍ഡിനല്‍ ക്ലോഡിയോ ഹുമസ്സ് ചെവിയില്‍ മന്ത്രിച്ചത് അതാണ്: don't forget the poor!
ദരിദ്രരെ മറക്കരുത്.
സഭയുടെ ഗലീലിയന്‍ പ്രഭവം എന്നൊക്കെ പിന്നീട് നമ്മള്‍ കേള്‍ക്കും.
അപ്പോള്‍ തെളിഞ്ഞ പേരാണ് ഫ്രാന്‍സീസ്.
മധ്യകാലഘട്ടത്തിന്‍റെ ഒടുവില്‍ അസീസ്സിയില്‍ ജീവിച്ച ആ താപസന്‍ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്: ഞങ്ങള്‍ വെറുതെ തീര്‍ത്ഥാടകരും പരദേശികളും (pilgrims and strangers) മാത്രമാണ്.
ഒക്കെ തുടര്‍ച്ചയാണ്.
എപ്പോള്‍ വേണമെങ്കിലും നിലച്ചുപോകാവുന്ന തുടര്‍ച്ച.
ഞാന്‍ പരദേശിയായിരുന്നു. നിങ്ങളെന്നെ ഭവനത്തില്‍ സ്വീകരിച്ചു എന്ന് അരുള്‍ ചെയ്ത ഒരാളിലേക്ക് ഫ്രാന്‍സിസ് പാപ്പ അലിഞ്ഞു പോകുമ്പോള്‍ അതാണെന്നെ ഭയപ്പെടുത്തുന്നത്.
തന്‍റെ അടയാള പദമായി അയാള്‍ വത്തിക്കാനിലേക്ക് കൊണ്ടു വന്നത് ബ്യൂണസ് ഐറിസില്‍ മെത്രാനായി മാറിയപ്പോള്‍ സ്വീകരിച്ച അതേ വാക്യമാണ്.
miserando atque eligendo, കരുണയോടെ നോക്കി വിളിച്ചു എന്ന് സാരം. സുവിശേഷത്തില്‍ ചുങ്കം പിരിച്ചിരുന്ന മാത്യുവിലേക്ക് യേശുവെത്തിയ പാഠഭാഗത്തെ വിശുദ്ധ ബീഡ് വായിച്ചെടുത്ത രീതിയായിരുന്നു അത്.
പതിനേഴാം വയസ്സില്‍ മാത്യുവിന്‍റെ തിരുന്നാള്‍ ദിനത്തിലാണ് ജീവിതം യേശു പാദങ്ങളില്‍ അര്‍പ്പിക്കാന്‍ ഉതകുന്ന വിധത്തില്‍ അയാള്‍ക്കൊരു സ്നേഹാനുഭവം ഉണ്ടായത്. തന്നിലേക്കെത്തിയ കരുണയ്ക്ക് ശിഷ്ടജീവിതം കൊണ്ടയാള്‍ ചുങ്കം കൊടുക്കുകയായിരുന്നു.
അവസാനത്തോളം.
കരുണയായിരുന്നു അയാളുടെ ഇഷ്ടപദം. സംഭാഷണങ്ങളിലും പ്രഭാഷണങ്ങളിലും ആ പദം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു...
രോഗക്കിടക്കയില്‍ പോലും ഗാസയില്‍ ചിതറി വീഴുന്ന മനുഷ്യരെ കുറിച്ച് വ്യാകുലപ്പെട്ടു കൊണ്ടേയിരുന്നു. ഞങ്ങള്‍ അനാഥരായി എന്നാണ് ഗാസയില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്ന വിഷാദം.
ന്യൂനപക്ഷത്തോടൊപ്പം നില്‍ക്കുന്നതാണ് ശരിയെന്ന് തിരിച്ചറിയുമ്പോളാണ് ഒരാള്‍ പൊളിറ്റിക്കലാവുന്നത്. എണ്ണം കൊണ്ടല്ല അത് നിശ്ചയിക്കുന്നത്.കൂട്ടത്തില്‍ സ്വാധീനവും ബലവും കുറഞ്ഞത് ആരാണോ അവരോടൊപ്പം ആയിരിക്കുക. നാല്‍പതു പേരുള്ള ഒരു ഏകാധ്യാപക വിദ്യാലയത്തിലും കുട്ടികള്‍ തന്നെയാണ് ന്യൂനപക്ഷം! ഏതിലും എവിടെയും.
അതിലാണയാള്‍ ഏറ്റവും ശ്രദ്ധിച്ചത്. സുവിശേഷ ഭാഷയില്‍ ഗലീലിയന്‍ പ്രഭവത്തെ തിരിച്ചു പിടിക്കുക.ഗലീലിയ കടലോരമാണ്. ദേശത്തിന്‍റെ വിളുമ്പാണത്. അവിടെ നിന്നാണ് അത് ആരംഭിച്ചത്. അവിടെ നിന്നാണ് അത് അകന്നു പോയത്.
മടങ്ങി വരൂ എന്നാണയാള്‍ ഒരു വ്യാഴവട്ടമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. ദരിദ്രരുടെ എളിയ സഭയെന്നയാള്‍ സഭയെ പുനര്‍നിര്‍വചിച്ചു. അതിനെ മിനുക്കി കൊണ്ടിരിക്കുകയാണ് പഞ്ച ഭൂതങ്ങളിലേക്ക് ഇപ്പോള്‍ അലിഞ്ഞ് പോകുന്ന ഒരാള്‍ക്കുള്ള കുലീന തര്‍പ്പണം.





















