top of page
മുന്നുര
സഫ്രെല്ലിയുടെ 'ബ്രദര്‍ സണ്‍ സിസ്റ്റര്‍ മൂണ്‍' എന്ന അഭ്രകാവ്യം. ചാക്കുടുപ്പുമിട്ട് ഫ്രാന്‍സിസ് പടമുഖത്തുനിന്ന് ജ്വരബാധിതനായി തിരിച്ചെത്തുന്നു. വൈരുദ്ധ്യങ്ങളുടെ ഭീതിദമായ കിനാക്കള്‍ അവനെ ഉലയ്ക്കുന്നു. പേക്കിനാക്കളില്‍നിന്ന് അവനെ മെല്ലെ പുതിയ പ്രഭാതത്തിലേക്ക് ഉണര്‍ത്തുന്നത് ഒരു കുഞ്ഞുകുരുവിയുടെ ചിലമ്പിച്ച ചിലപ്പാണ്. അവന്‍ ഉണര്‍ന്ന് അതിനുപിന്നാലെ. ജാലകത്തിലൂടെ ജനല്‍ ക്രാസിയിലേക്ക്. അവിടെനിന്ന് മേല്ക്കൂരയിലേക്ക്. ജ്വരത്താല്‍ തളര്‍ന്ന അവന്‍റെ പേലവമായ രൂപം മൂലയോട്ടിന്മേല്‍നിന്ന് ചാഞ്ചാടുന്നു. ബാലന്‍സിംഗ്. പിന്നാക്കം വിളിക്കുന്ന മാതാപിതാക്കള്‍. ശ്വാസമടക്കി നെഞ്ചില്‍ ആധിയോടെ സമീപവാസികള്‍....
ഫ്രാന്‍സിസ് ഒരു ഞാണിന്മേല്‍ അഭ്യാസിയെപ്പോലെ ബാലന്‍സിംഗ് നടത്തിയവനാണ്. അവന്‍റെ ഞാണിന്മേല്‍ കളി കണ്ടവര്‍ ആധിപൂണ്ടു. പാഷണ്ഡതയുടെയോ ഭൂതാരാധനയുടെയോ കത്താറുകളുടെ വഴിയുടെയോ ഒക്കെ ആഴങ്ങളിലേക്ക് വീണുപോകാതെ ശുദ്ധമാനപള്ളിയുടെ കൂരയഗ്രത്ത് ബാലന്‍സിംഗ് നടത്തിയവന്‍. അവന്‍റെ ചലനം അപകടകരമാണെന്ന് ദ്രഷ്ടാക്കള്‍ക്ക് തോന്നി. എന്നാല്‍ അവന്‍റെ പദചലനങ്ങള്‍ വായുവിലൂന്നിയുള്ള വയായിരുന്നില്ല. കാരണം അവനെ ഉറപ്പിച്ചുനിര്‍ത്താന്‍ ബലിഷ്ഠങ്ങളായ പാശങ്ങള്‍ അഷ്ടദിക്കുകളില്‍നിന്നും ഉണ്ടായിരുന്നു.
1) ദൈവം
ഫ്രാന്‍സിസ് എന്നാല്‍ ദൈവത്തെ ഗൗരവമായെടുത്തവന്‍ എന്നും അര്‍ത്ഥം പറയാം. ഫ്രാന്‍സിസിനെപ്പോലെ ഇത്രമാത്രം ദൈവത്തിലൂന്നി നിന്നവര്‍ ചരിത്രത്തില്‍ തുലോം വിരളമാണ്. തങ്ങളുടെ മാര്‍ഗ്ഗങ്ങള്‍ ദൈവത്തെ നീതീകരണമാക്കുന്ന രീതികളെ അവന്‍ നിഷേധിച്ചു. ദൈവം നമ്മുടെ ആധാരശിലയാണെന്നവന്‍ വിശ്വസിച്ചു. അവന്‍ എല്ലാം ആരംഭിച്ചതും അവസാനിപ്പിച്ചതും ദൈവത്തിലായിരുന്നു. ദൈവം ആദികാരണമാകുന്നു ഫ്രാന്‍സിസില്‍. "ദൈവം എനിക്ക് സഹോദരന്മാരെ തന്നു". "ദൈവം എന്നെ അവിശ്വാസികളുടെ ഇടയിലേക്ക് നയിച്ചു". "എനിക്ക് കയ്പ്പായിരുന്നതെല്ലാം ദൈവം മധുരമാക്കി പകര്‍ത്തി" എന്നിങ്ങനെ ഫ്രാന്‍സിസിന് ദൈവം ആദിയും അന്തവുമായി. ജീവന്‍റെ കാരണവും ആത്മാവിന്‍റെ രക്ഷയും ദൈവമായി. അതിനാല്‍ അവന്‍റെ നോക്കും വാക്കും ചെയ്തിയും ദൈവത്തിലേക്കും ദൈവത്തിനു വേണ്ടിയും ആയിരുന്നു. ബാവായും പുത്രനും റൂഹായുമായ ദൈവം.
2) വചനം
ദൈവത്തെ ഗൗരവമായെടുത്തതിനാല്‍ അവന് ദൈവവചനത്തെ ഗൗരവമായെടുക്കാതിരിക്കാനായില്ല. വചനത്തെ അതിവ്യാഖ്യാനം ചെയ്ത് വിരുദ്ധദിശയില്‍ ചരിക്കുന്നതിനെ അവന്‍ എതിര്‍ത്തു. "Sine glossa" - "വാക്കനുസരിച്ച്" എന്നുള്ളത് അവന്‍റെ സ്ഥിരം പല്ലവിയായത് അങ്ങനെയാണ്. സുഷുപ്തിയിലെ കിനാവില്‍ പറയപ്പെട്ട വചനവും ജാഗ്രത്തിലെ ദര്‍ശനത്തില്‍ മൊഴിയപ്പെട്ട വചനവും വേദഗ്രന്ഥം ഓതിയ വചനവും അവന് വിശുദ്ധമായിരുന്നു. അതിനാല്‍ത്തന്നെ പാലിക്കപ്പെടേണ്ടവയായിരുന്നു. വചനത്തെ ഗൗരവമായെടുത്തതിനാല്‍ അവന്‍ പടമുഖം വിട്ടു. വചനത്തെ ഗൗരവമായെടുത്തതിനാല്‍ അവന്‍ ഉടുവസ്ത്രം ഉരിഞ്ഞുകളഞ്ഞു. അതേ കാരണത്താല്‍ അവന്‍ ജീര്‍ണ്ണ ദേവാലയം പടുത്തു. അതേ കാരണത്താല്‍ അവന്‍ സ്നേഹിച്ചു, ദരിദ്രനായി. 1208 ഫെബ്രവരി 24-ന് വചനം കേട്ടപ്പോള്‍ അതു പാലിക്കാനായി അവന്‍ തന്‍റെ അരയിലെ തോല്‍വാറും പാദുകങ്ങളും ഉപേക്ഷിച്ചു. അതേ വചനത്താല്‍ അവന്‍ പശ്ചാത്താപവും സഹോദര സ്നേഹവും സമാധാനവും പ്രസംഗിച്ചു. അക്കാരണ ത്താല്‍ത്തന്നെ അവന്‍ എല്ലാ കാര്യങ്ങളിലും വചനത്തോട് ആലോചന ചോദിച്ചു. വചനമനുസരിച്ചുമാത്രം ജീവിച്ചു. വചനത്തോടുള്ള ആദരവിനാല്‍ അവന്‍ നിലത്തു കിടക്കുന്ന, അക്ഷരങ്ങള്‍ കോറിയ കടലാസുതുണ്ടുകള്‍ പെറുക്കിയെടുത്ത് മനുഷ്യര്‍ ചവിട്ടാത്ത ഇടങ്ങളില്‍ പ്രതിഷ്ഠിച്ചു.
3) പ്രപഞ്ചം
വചനത്തെ ഗൗരവമായെടുത്തതിനാല്‍ അവന് പ്രപഞ്ചത്തെ ഗൗരവമായെടുക്കേണ്ടതായിവന്നു. അന്നോളം അധികമാരും പ്രപഞ്ചത്തെ ഗൗരവമായെ ടുത്തിട്ടില്ല. "അവിടത്തെ ഒരു വചനത്താല്‍ ആകാശവും ഭൂമിയുമുണ്ടായി. നക്ഷത്രഗണങ്ങളും സൃഷ്ടിക്കപ്പെട്ടു" എന്ന് എഴുതപ്പെട്ടിരിക്കുന്നല്ലോ - മണ്ണില്‍നിന്ന് എടുക്കപ്പെട്ടവനാണ് മര്‍ത്ത്യന്‍ എന്ന് അവന്‍ തിരിച്ചറിഞ്ഞു. മണ്ണില്‍ എഴുന്നുനില്‍ക്കുന്ന ഒരു മണ്‍ കുരുപ്പയായി അവന്‍ സ്വയം നിദര്‍ശിച്ചു. കരുതലുള്ള ദൈവത്തിന്‍റെ വചനത്തില്‍നിന്ന് ഉളവായ ഏതൊന്നിനെയും ഫ്രാന്‍സിസ് അതീവ സ്നേഹത്തോടും വാത്സല്യത്തോടുംകൂടി സഹോദരാ - സഹോദരീ എന്നു വിളിച്ചു. അവയോടെല്ലാം സഹോദരതുല്യം വര്‍ത്തിച്ചു. സൃഷ്ടിയെ ദുരുപയോഗിക്കുന്നവന്‍ സ്രഷ്ടാവിനെ അവമതിക്കുന്നു എന്ന് ഫ്രാന്‍സിസ് പഠിപ്പിച്ചു. പെരിയാറില്‍നിന്നുപോലും തനിക്കാവശ്യമുള്ളത്രയും കൈക്കുടന്നയില്‍ കോരി കുടിക്കാന്‍ ഫ്രാന്‍സിസ് ലോകരെ ശീലിപ്പിച്ചു. കാല്പനികമായ ഒരു സ്നേഹമായിരുന്നില്ല ഫ്രാന്‍സിസിന്‍റേത്. സൃഷ്ടപ്രപഞ്ചത്തോടൊക്കെയുള്ള തന്‍റെ ഉത്തരവാദിത്വം ഫ്രാന്‍സിസ് തിരിച്ചറിഞ്ഞു. പുല്ലിനെയും പുഴുവിനെയും ആദരിക്കാന്‍ ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. തത്ത്വശാസ്ത്രത്തിന് (Metaphysics) അമിതപ്രാധാന്യം നല്കിയിരുന്ന സഭയെ പ്രകൃതിയിലും പ്രപഞ്ചത്തിലുംകൂടി തല്പരയാകുവാന്‍ ഫ്രാന്‍സിസ് പ്രചോദിപ്പിച്ചു. അങ്ങനെ സൃഷ്ടപ്രപഞ്ചവും ശാസ്ത്രം തന്നെയും ദൈവത്തിന്‍റെ വെളിപാടുകളുള്‍ ക്കൊള്ളുന്ന മാധ്യമങ്ങളായി പരിണമിച്ചു.
4) മര്‍ത്ത്യന്‍
മനുഷ്യനെയും അവനിലെ ദൈവത്തെയും ഫ്രാന്‍സിസ് തിരിച്ചറിഞ്ഞത് കൗമാരയൗവ്വനങ്ങളിലെ ചങ്ങാതികളൊത്തുള്ള ആഘോഷവേളകളിലായിരുന്നില്ല മറിച്ച് മാര്‍ഗ്ഗമദ്ധ്യേ കണ്ട് താന്‍ ഭയന്ന് പിന്നാക്കം മാറുകയും ഉടനെ മനസ്സിനെ നിയന്ത്രിച്ച് മുന്നോട്ടുചെന്ന് ഗാഢം പുല്‍കുകയും ചെയ്ത കുഷ്ഠദീനക്കാരന്‍റെ സാന്നിധ്യത്തിലായിരുന്നു. അതിനാല്‍ മനുഷ്യന്‍ എന്താണെന്ന, അവന്‍റെ ആഡംബരവും സൗന്ദര്യവും എന്തെന്ന് ഫ്രാന്‍സിസ് കൃത്യമായി തിരിച്ചറിയുന്നു. അതിനുശേഷമുള്ള തന്‍റെ ഓരോ നിലപാടും സമൂഹത്തിലെ ദീനക്കാര്‍ക്കും ദരിദ്രര്‍ക്കും തിരസ്കൃതര്‍ക്കും അനാകൃഷ്ടര്‍ക്കും വേണ്ടിയുള്ളതായിരുന്നു. ഏറ്റം അവഗണിക്കപ്പെട്ടവരെയും നിസ്സാരരായവരെപ്പോലും ഫ്രാന്‍സിസ് അതിരറ്റ കാരുണ്യത്തോടെ സ്നേഹിച്ചു. ഒരിക്കലെങ്കിലും ഒരു വാക്കുപോലും ഒരു മനുഷ്യജീവിക്കുമെതിരേ അദ്ദേഹം ഉരിയാടുകയുണ്ടായില്ല. ഫ്രാന്‍സിസിന്‍റെ അഗാധമായ വിനയത്തിനും താന്‍ ആചരിച്ച ദാരിദ്ര്യവ്രതത്തിനും പോലും ഏറ്റം നിസ്സാരരായവരോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹത്തിന്‍റെ ധ്വനിതലങ്ങളു ണ്ടായിരുന്നു. 'കീഴാളന്‍' (Minor) എന്നു സ്വയം നാമകരണംചെയ്ത് ഫ്രാന്‍സിസ് കീഴാളജീവിതം കഴിച്ചു. തന്നെക്കാള്‍ ചെറിയവരായി ആരും ഉണ്ടാകുവാന്‍ ഫ്രാന്‍സിസ് അനുവദിച്ചില്ല. ധനിക - ദരിദ്ര- പണ്ഡിത -പാമര - സാത്വിക - അധമ വ്യത്യാസം കൂടാതെ ഫ്രാന്‍സിസ് മനുഷ്യനെ സ്നേഹിച്ചു. എന്നാല്‍ ദരിദ്രരോടും നിസ്സാരരോടും പാപികളോടും അദ്ദേഹം കൂടുതല്‍ കാരുണ്യം കാട്ടി. മോന്തെ കസാലെയില്‍ പാര്‍ത്തിരുന്ന ഒരുപറ്റം കൊള്ള ക്കാര്‍ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റവും മൂന്തിയ വീഞ്ഞും ഭക്ഷണസാധനങ്ങളും സമാഹരിച്ചു കൊണ്ടുപോയി ഫ്രാന്‍സിസ് അവര്‍ക്കായി വിരുന്നൊരുക്കി. മനസ്സാ ആരെയും വിധിക്കാതെ ഏവരെയും കാരുണ്യത്തോടെ സ്നേഹിച്ച ഫ്രാന്‍സിസ് വഴിയായി സഭയില്‍ ഇത്തിരികൂടി മാനുഷ്യകം ഉണ്ടായിവന്നു.
5) പളളി
"ജീര്‍ണ്ണാവസ്ഥയെ പ്രാപിച്ച എന്‍റെ പള്ളി നീ പുനരുദ്ധരിക്കുക" എന്നായിരുന്നു ഒരു ദര്‍ശനവെളിപാടില്‍ യേശു ഫ്രാന്‍സിസിനോടരുളിയത്. പള്ളി ദൈവത്തിന്‍റേതായതിനാല്‍ അത് ശുദ്ധമാനപള്ളിയാണ്. സാന്‍ ദാമിയാനോപള്ളിയും മാലാഖാമാരുടെ രാജ്ഞിയുടെ പോര്‍സ്യുങ്കുലാ പള്ളിയും പുനരുദ്ധരിച്ച ഫ്രാന്‍സിസ് കര്‍ത്താവിന്‍റെ ശുദ്ധമാനപള്ളിയെ അതിരറ്റ് സ്നേഹിക്കാനും ആരംഭിച്ചു. ഇനി തനിക്ക് സന്ന്യാസ ത്തിന്‍റെ വഴിയാണെന്നു പറഞ്ഞ് മെത്രാന്‍റെ അരമന യില്‍നിന്ന് ഇറങ്ങിനടന്ന ഫ്രാന്‍സിസ് തനിക്ക് പതിനൊന്ന് കൂട്ടാളികളുണ്ടായപ്പോള്‍ 'അസ്സീസിയില്‍നിന്നുള്ള അനുതാപികളു'ടെ Penitants from Assisi സംഘമായി, അനുതാപത്തിനും മാനസാന്തരത്തിനും പ്രസംഗിക്കുന്ന തിനുമുളള അനുമതിക്കായി (അത്തരമൊരു അനുമതി യുടെ ആവശ്യമില്ല എന്നിരിക്കിലും) പരിശുദ്ധസിംഹാസനത്തെത്തന്നെ സമീപിക്കുന്നു. അന്നുമുതല്‍ ഇങ്ങോട്ട് എന്നും ശുദ്ധമാനപള്ളിയുടെ വിനീതപുത്രനായി ഫ്രാന്‍സിസ് ജീവിച്ചു. അങ്ങനെതന്നെ ആയിരിക്കാന്‍ തന്‍റെ അനുയായികളെ അദ്ദേഹം നിഷ്കര്‍ഷിക്കുകയും ചെയ്തു." തങ്ങള്‍തന്നെ ദരിദ്രരായിക്കൊണ്ടും സാന്‍ ദാമിയാനോപോലുള്ള കര്‍ഷകരുടെയും ദരിദ്രരുടെയും ജീര്‍ണ്ണിതമായ പള്ളികള്‍ പുനരുദ്ധരിച്ചുകൊണ്ടും അനാഥനും ദരിദ്രനും വിധവയ്ക്കും കുഷ്ഠരോഗിക്കും ഇടമുള്ള ഒരു പള്ളിയെ ഫ്രാന്‍സിസ് സാര്‍ത്ഥകമാക്കി. ഭൂമികുലുക്കത്തില്‍ തകര്‍ന്നുവീഴാന്‍ തുടങ്ങിയ ലാറ്ററല്‍ ബസിലിക്കയെ ജീര്‍ണ്ണ വസ്ത്രധാരിയായ ഒരു കൃശഗാത്രന്‍ വന്ന് താങ്ങി നിറുത്തുന്നതായി ഇന്നസെന്‍റ് ത്രിതീയന്‍ പാപ്പാ ദര്‍ശിച്ചത് വെറും പാഴ്കിനാ വായിരുന്നില്ല എന്ന് പിന്നാക്കം മാറിനില്ക്കുമ്പോള്‍ ഇന്ന് നാമറിയുന്നു. വര്‍ത്തമാനകാലയാഥാര്‍ത്ഥ്യങ്ങളെക്കാള്‍ ബീഭത്സമായ വക്രീകരണങ്ങള്‍ ശുദ്ധമാനപള്ളിക്ക് അന്നാളുകളില്‍ ഉണ്ടായിരുന്നെങ്കിലും ആയമ്മയെ തള്ളിപ്പറയാതെ ഫ്രാന്‍സിസ് എന്നും വിധേയത്വമുള്ള മകനായി നിലകൊണ്ടു.
6) കുര്‍ബാന
ഒരു അനുഷ്ഠാനമെന്നതില്‍ക്കവിഞ്ഞ് ഫ്രാന്‍സിസ് കുര്‍ബാനയെ ഗൗരവമായികണ്ടു. കുരിശിനെ അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ ഫ്രാന്‍സിസ് കുര്‍ബാനയില്‍ നിദര്‍ശിച്ചു. ശുദ്ധമാനപള്ളിയുടെ കേന്ദ്രം പരിശുദ്ധ കുര്‍ബാനയാണെന്ന് ഫ്രാന്‍സിസ് തിരിച്ചറിഞ്ഞു. പരിശുദ്ധകുര്‍ബാനയെ സ്നേഹിക്കാനും ആരാധിക്കാനും ഫ്രാന്‍സിസായിരുന്നു നമ്മെ പഠിപ്പിച്ചത്. വിദൂരസ്ഥി തങ്ങളായ ദരിദ്രദേവാലയങ്ങള്‍ക്കായി ഫ്രാന്‍സിസ് സ്വയം കുര്‍ബാനയ്ക്കുള്ള ഓസ്തിയുണ്ടാക്കിക്കൊണ്ടുപോയി നല്കി. ദേവാലയ പ്രവേശനത്തിങ്കല്‍ "ഇവിടെയും ലോകമെമ്പാടുമുള്ള എല്ലാ പള്ളികളിലും കര്‍ത്താവീശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു: എന്തെന്നാല്‍ വിശുദ്ധ കുരിശിനാലേ അങ്ങ് ലോകത്തെ വീണ്ടെടുത്തു" എന്ന് ഫ്രാന്‍സിസ് സാഷ്ടാംഗം പ്രണമിച്ച് പ്രാര്‍ത്ഥിച്ചു. സക്രാരി അതിന്‍റെ മാഹാത്മ്യത്തിനിണങ്ങും വിധം പരിപാലിക്കാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചു. പരിശുദ്ധ കുര്‍ബാനയില്‍ അതിരറ്റഭക്തിയോടെയും സ്വയം നഷ്ടപ്പെട്ടവനെപ്പോലെയും അദ്ദേഹം പങ്കുകൊണ്ടു. തന്‍റെ ദരിദ്രസമൂഹത്തിന്‍റെ ആശ്രമദേവാലയ ങ്ങളായാല്‍പ്പോലും അവിടെ കുര്‍ബാനയ്ക്കുള്ള തിരുവസ്ത്രങ്ങളും തിരുപാത്രങ്ങളും വെടിപ്പുള്ളതും ആദരണീയവുമായിരിക്കണം എന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. പരിശുദ്ധ കുര്‍ബാനയോടുള്ള സ്നേഹവും ഭക്തിയും ആദരവും ഫ്രാന്‍സിസിനോളം ആരും ഊട്ടിയുറപ്പിച്ചിട്ടില്ല.
7) തിരുപ്പട്ടം
പൗരോഹിത്യത്തെ ഫ്രാന്‍സിസ് ഏറ്റം ആദരിച്ചു. തങ്ങള്‍ ഭരമേറ്റിരിക്കുന്ന ശുശ്രൂഷയുടെ പവിത്രതയ്ക്കനുസരണമായി വിശുദ്ധരായി വ്യാപരിക്കാന്‍ അദ്ദേഹം വൈദികസഹോദരരെ സ്നേഹപൂര്‍വ്വം ഉപദേശിച്ചു. ഒരു പട്ടണത്തില്‍ വിശുദ്ധന്‍ എത്തിച്ചേര്‍ ന്നപ്പോള്‍ അവിടത്തെ പള്ളിയിലെ വൈദികന്‍ പാപകരമായ ജീവിതം കഴിക്കുന്നയാളാണെന്നും ആയതിനാല്‍ അയാളെ ശകാരിക്കണമെന്നും വിശുദ്ധനോട് ആവശ്യപ്പെട്ട ജനം കാണ്‍കെ ഫ്രാന്‍സിസ് നേരേ പ്രസ്തുത പള്ളിയില്‍ചെന്ന് വൈദികനെ കണ്ട് അദ്ദേഹത്തിനുമുന്നില്‍ മുട്ടുകുത്തി അദ്ദേഹത്തിന്‍റെ കരംഗ്രഹിച്ച് ചുംബിച്ച് തന്നെ അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. മാര്‍ഗ്ഗമദ്ധ്യേ ഒരു ദൈവദൂതനെയും ഒരു വൈദികനെയും ഒരേസമയം കാണുന്നപക്ഷം താന്‍ ആദ്യമേ വൈദികന്‍റെമുമ്പില്‍ മുട്ടുകുത്തി കരംചുംബിച്ചശേഷമേ ദൈവദൂതനെ ആദരിക്കൂ എന്ന് ഫ്രാന്‍സിസ് പറഞ്ഞു. ഇതിനെല്ലാമുള്ള കാരണമോ - പട്ടക്കാരനിലെ മനുഷ്യന്‍റെ കരങ്ങള്‍ പാപപങ്കിലങ്ങളായിരിക്കാം, എന്നാല്‍ അതിനെക്കാള്‍ ഉപരിയാണ് അദ്ദേഹം പരികര്‍മ്മംചെയ്യുന്ന പരിശുദ്ധ കുര്‍ബാനയിലെ കര്‍ത്താവിന്‍റെ തിരുശരീര രക്തങ്ങളുടെ പരിശുദ്ധി എന്ന് ഫ്രാന്‍സിസ് പഠിപ്പിച്ചു.
പിന്നുര
ഫ്രാന്‍സിസിന്‍റെ ഈ ഊന്നലു കളാണെന്നു തോന്നുന്നു ഫ്രാന്‍സിസിന്‍റെ സംഭാവനകളും. ഫ്രാന്‍സിസ് ഭൂമിയിലെ തന്‍റെ ഹ്രസ്വമായ തീര്‍ത്ഥാടനശേഷം ഇവിടെ അവശേഷിപ്പിച്ചത് ഈ നിലപാടുകളും ഊന്നലുകളുമായിരുന്നു. ദൈവത്തെ, അവിടത്തെ വചനത്തെയും ഗൗരവമായെടുക്കാന്‍ ഫ്രാന്‍സിസ് പഠിപ്പിച്ചത് ലൂഥറും തീര്‍ച്ചയായും കേട്ടിരുന്നു. എന്നാല്‍ അതോടനുബന്ധമായി ഫ്രാന്‍സിസ് പ്രപഞ്ചത്തെയും മനുഷ്യനെയും ശുദ്ധമാന പള്ളിയെയും, പള്ളിയെ പള്ളിയാക്കുന്ന പരിശുദ്ധ കുര്‍ബാനയെയും പള്ളിക്ക് കുര്‍ബാന നല്കുന്ന പട്ടക്കാരനെയും ഗൗരവമായെടുക്കുകയും ആദരിക്കുകയും അവയോടെല്ലാം സവിശേഷമായ ഭക്തി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ, ലൂഥര്‍ തിരിച്ചറിയാതെ പോയതും ലൂഥറിനുശേഷം ഇന്നും ഒരുപരിധിവരെ നാമൊക്കെ മനസ്സിലാക്കാതെപോകുന്നതും ഫ്രാന്‍സിസിന്‍റെ നിലപാടുകളുടെ സമ്പൂര്‍ണ്ണതയാണ്. അതിനാല്‍ ഫ്രാന്‍സിസ് ഇല്ലാത്ത സഭ ദരിദ്രവും വക്രീകരിക്കപ്പെട്ടതുമായിരിക്കും. വിജ്ഞാനികളിലും വിവേകികളിലുമിന്ന് മറച്ചുവയ്ക്കപ്പെട്ട രഹസ്യങ്ങള്‍ ശിശുക്കള്‍ക്ക് വെളിപ്പെട്ടുകിട്ടിയിരിക്കുന്നല്ലോ. അതിനാല്‍ ഫ്രാന്‍സിസ് എന്ന ശിശു നമ്മുടെ മുന്നില്‍. ഈ ശിശുവിനെ നസ്രായന്‍റെ നാമത്തില്‍ത്തന്നെ നാം സ്വീകരിക്കുക.