top of page

ഋതുഭേദങ്ങളുടെ പകര്‍ന്നാട്ടം

Nov 1, 2011

2 min read

കജ
Kim Ki-duk, South Korean film director and screenwriter.

ഓര്‍മ്മകളുടെ അമിതഭാരം മൊബൈല്‍ ഫോണിനെയും ഭാവനയുടെ അനന്തസാധ്യതകള്‍ കമ്പ്യൂട്ടറിനെയും അന്വേഷണങ്ങളെല്ലാം ഗൂഗിള്‍ എന്ന ഇന്‍റര്‍നെറ്റ് യന്ത്രത്തെയും ഏല്പിച്ച് സ്വസ്ഥനാവാന്‍ വൃഥാ ശ്രമിക്കുന്ന മനുഷ്യനെ തെക്കന്‍ കൊറിയയില്‍ നിന്നുള്ള 'കിം കി ഡുക്കെ'ന്ന സെന്‍ മാസ്റ്റര്‍ തന്‍റെ സിനിമയിലൂടെ തിരുത്തുന്നു. പ്രാപഞ്ചിക ജീവിതത്തിന്‍റെ അത്യപൂര്‍വ്വമായ സൗന്ദര്യത്തെയും അലംഘനീയമായ തുടര്‍ച്ചയെയും അമാനുഷികമായ കരവിരുതോടെ, എന്നാല്‍ ഒരു കര്‍മ്മയോഗിയുടെ നിസ്സംഗതയോടെ നമുക്കു കാട്ടിത്തരുന്നു. 2003-ല്‍ പുറത്തിറങ്ങിയ കിമ്മിന്‍റെ 'സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍റ് സ്പ്രിംഗ്' എന്ന ചിത്രം മനുഷ്യന്‍ പ്രകൃതിയിലും പ്രകൃതിയുടെ സഹജപ്രേരണകള്‍ മനുഷ്യനിലും നടത്തുന്ന ഇടപെടലുകള്‍, ഒരു സ്ഫടിക ദര്‍പ്പണത്തിലെന്നപോലെ പ്രതിഫലിപ്പിച്ചു കാട്ടി, പ്രേക്ഷകനെ ഒരു ഉയര്‍ന്ന ജീവിതാവബോധത്താല്‍, വിശാലമായ മാനവിക ദര്‍ശനത്താല്‍ വിമലീകരിക്കുന്നു.

ഹരിത സമൃദ്ധമായൊരു വിസ്തൃത വനമേഖലയാല്‍ ചുറ്റപ്പെട്ട്, ജീവിതത്തിന്‍റെ ഗഹന പ്രതീകമെന്ന പോലെ സ്വച്ഛസുന്ദരമായി ഒഴുകുന്ന പുഴയും പുഴനടുവിലെ വൃദ്ധതാപസന്‍റെ പര്‍ണ്ണാശ്രമവുമാണ് ചലച്ചിത്രകാരന്‍റെ പശ്ചാത്തലം. ആശ്രമപരിസരത്തെ ജീവജാലങ്ങളോടൊപ്പം കളിച്ചുനടന്ന്, ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങുന്ന കുരുന്നുശിഷ്യനും ഗുരുവിന്‍റെ കൂടെയുണ്ട്. കൗതുകക്കാഴ്ചകള്‍ തേടി കാടുകയറുന്ന ബാലനു മുന്നില്‍, ജലമല്‍സ്യവും തവളയും പാമ്പുമൊക്കെ കളിപ്പാട്ടങ്ങളാകുന്നു. ചരടിനാല്‍ വരിഞ്ഞുകെട്ടി അവന്‍ ആ സുന്ദര ജീവിതങ്ങളെ ബന്ധനസ്ഥരാക്കുന്നു. പിന്‍ഗാമിയെ സൂക്ഷ്മനിരീക്ഷണം നടത്തുന്ന മാസ്റ്റര്‍, ശിക്ഷയായി മുതുകത്ത് ഭീമന്‍ കല്ലുകെട്ടി, മിണ്ടാപ്രാണികളെ സ്വതന്ത്രരാക്കുവാന്‍ ഉപദേശിച്ച്, അവനെ തിരിച്ചയയ്ക്കുന്നു. 'നിന്‍റെ പ്രവൃത്തിയാല്‍ ആ ജീവിതങ്ങള്‍ പൊലിഞ്ഞുവെങ്കില്‍, ആ ഭാരം മരണം വരെ നീ ഹൃദയത്തില്‍ ചുമക്കും' അദ്ദേഹം പറയുന്നു. ഏറെ വിഷമിച്ച് ശിഷ്യന്‍ അവയെ കണ്ടെത്തുമ്പോഴേക്കും പാവം മല്‍സ്യവും പാമ്പും ചത്തുകഴിഞ്ഞിരുന്നു. ആദ്യപാഠം നല്‍കിയ തിരിച്ചറിവില്‍ കരള്‍പിളര്‍ന്ന് അവന്‍ കരയുമ്പോള്‍, ലളിതസുന്ദരമായ ജീവിതസമസ്യയുടെ പൊരുള്‍ ഒരു മിന്നല്‍പ്പിണരായി പ്രേക്ഷകനെയും സ്പര്‍ശിക്കുന്നു.

സിനിമയുടെ രണ്ടാം ഖണ്ഡത്തില്‍ വസന്തം മാറി വേനലെത്തുന്നു. ബാലശിഷ്യന്‍ ഇപ്പോള്‍ കൗമാരകൗതുകതലങ്ങളിലേക്കു വളര്‍ന്നിട്ടുണ്ട്. ഇണ ചേരുന്ന പാമ്പുകളും ജലക്രീഡയിലേര്‍പ്പെട്ട അരയന്നങ്ങളും അവനില്‍ രതിചിന്ത നിറയ്ക്കുന്നു. പ്രകൃതിയില്‍നിന്നുള്ള ഒരു സ്വാഭാവിക സംക്രമണം. പ്രണയപരവശനായ അവന്‍ ആശ്രമത്തില്‍ മനോചികിത്സയ്ക്കായി എത്തിയ യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ഒടുവില്‍ ആശ്രമം വിട്ട് അവളുടെ പിന്നാലെ പായുന്നു. കാലാന്തരത്തില്‍, ഒരു കൊലപാതകിയായി വീണ്ടും ആശ്രമത്തില്‍ തിരിച്ചെത്തുന്നു. കുറ്റബോധത്താല്‍ നീറി, വിഭ്രാന്തിയുടെ വക്കിലെത്തിയ അവനെ തന്‍റെ മാന്ത്രിക സ്പര്‍ശനത്താല്‍ ഗുരു ശാന്തനാക്കുന്നു. എന്നാല്‍, താമസിയാതെ അറസ്റ്റുചെയ്യപ്പെട്ട് അവന്‍ ജയിലിലടയ്ക്കപ്പെടുന്നു.

സമയരഥം വീണ്ടും ചലിക്കുന്നു. ശൈത്യത്തിന്‍റെ ഉച്ചസ്ഥായിയില്‍, പുഴ ഒരു മഞ്ഞുപാളിയായി മാറിയ കാലത്ത്, ശിക്ഷ കഴിഞ്ഞ് ഗുരുസവിധം തേടി ശിഷ്യന്‍ മടങ്ങിയെത്തുമ്പോഴേക്കും, തന്‍റെ കര്‍മ്മകാണ്ഠം പൂര്‍ത്തിയാക്കി, സ്വയം തീര്‍ത്ത ചിതയില്‍ മാസ്റ്റര്‍ എരിഞ്ഞുതീര്‍ന്നിരുന്നു. അനന്തമായ സമയപ്രവാഹത്തില്‍, മഹാവിസ്മയമായ ജീവന്‍റെ ഗതിയോര്‍ത്ത് പ്രേക്ഷകന്‍റെ ശ്വാസഗതി നിലച്ചുപോകുന്ന മറ്റൊരു നിമിഷം!! തീവ്രാനുഭവങ്ങളുടെ പടവുകള്‍ പിന്നിട്ട്, ഇതിനകംതന്നെ സാത്വികനായി മാറിക്കഴിഞ്ഞ അയാള്‍ ഗുരുവിന്‍റെ നിശബ്ദനിയോഗം സര്‍വാത്മനാ ഏറ്റെടുക്കുന്നു.

വിഷാദമധുരമായ ~ഒരു ദിനാന്ത്യത്തില്‍, മറ്റേതോ നിയോഗത്താലെന്നപോലെ മുഖം മറച്ച ഒരു മാതാവ് നിറകണ്ണുകളോടെ, തന്‍റെ പിഞ്ചുകുഞ്ഞിനെ ആശ്രമത്തില്‍ ഉപേക്ഷിച്ച് നദീഹൃദയത്തില്‍ മറയുന്നു. സന്ന്യാസം ജീവിതചര്യയാക്കിയ യുവതാപസനോടൊപ്പം അനാഥബാലന്‍ ആശ്രമത്തില്‍ പിച്ചവച്ചു തുടങ്ങുന്നു. ഒരു ചക്രം പൂര്‍ത്തിയാവുകയാണ്. കര്‍മ്മബന്ധങ്ങളുടെ ഭാരവും പേറി വിരക്തനായ ആ പുണ്യാത്മാവ് മല കയറുമ്പോള്‍, കുരുന്നുബാലന്‍ ഒരിക്കല്‍കൂടി തന്‍റെ കളിക്കൂട്ടുകാരനെ തേടുകയായി.

ഫിലിംമേക്കര്‍ എന്ന നിലയ്ക്കുള്ള കീം കി ഡുക്കിന്‍റെ ജീവചരിത്രത്തിലെ വേറിട്ട അധ്യായമായ ഈ ചിത്രം മനുഷ്യപ്രകൃതിയിലെ ഋതുഭേദങ്ങളെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. അക്രമവാസനയിലും ലൈംഗികാസക്തയിലുമൂന്നിയ മുന്‍കാല പ്രമേയങ്ങളെ കൈവിട്ട്, ഈ അപൂര്‍വ്വസൃഷ്ടിയിലൂടെ, സംവിധായകന്‍ മാനവികതയുടെ ഉന്നതമൂല്യങ്ങളിലേക്കു വളര്‍ന്നിരിക്കുന്നു. കാടും ജലപ്പരപ്പും വിവിധ ജീവരൂപങ്ങളായ മത്സ്യം, അരയന്നം, ആമ, കോഴി, പൂച്ച, തവള, പാമ്പ്, പച്ചക്കുതിര തുടങ്ങിയവയോടൊപ്പം മനുഷ്യനും മാറി മാറി പകര്‍ന്നാടുന്ന ചിത്രത്തിലെ ഓരോ ദൃശ്യബിംബവും പ്രപഞ്ചജീവസത്തയെ അതിസമര്‍ത്ഥമായി എന്നാല്‍, തികച്ചും ലളിതമായി പ്രതീകവത്കരിക്കുന്നു. സമസ്യകളെ പൂരിപ്പിക്കുന്നു. സിനിമയുടെ എല്ലാവിധ സാങ്കേതികത്വത്തിനുമപ്പുറം, ഏതൊരു ഉന്നതകലാസൃഷ്ടിയേയും പോലെ സമഗ്രജീവിതത്തെ സംബന്ധിച്ച ഒരു വെളിപാടായി ചിത്രം മാറുന്നു.

ബാല്യത്തില്‍ തുടങ്ങി വാര്‍ദ്ധക്യം വരെയുള്ള ഘട്ടങ്ങളില്‍ കഥാപുരുഷന്‍ കടന്നുപോകുന്ന വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ഓരോ പ്രേക്ഷകനും സ്വന്തം ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയായി മാറുന്നു എന്നതാണ്, ഒരു സെന്‍കഥയുടെ സരളമാധുര്യം പേറുന്ന ഈ സിനിമയുടെ ദാര്‍ശനിക സൗന്ദര്യം. ചിത്രാന്ത്യത്തില്‍, ബുദ്ധപ്രതിമയുമായി മല കയറുന്ന സന്ന്യാസിയുടെ സീക്വന്‍സ് മനുഷ്യാവസ്ഥയെ അതിന്‍റെ എല്ലാ സംഘര്‍ഷങ്ങളോടും കൂടി ബിംബവത്കരിക്കുന്നു. ഏതൊരു പ്രൊഫഷണലിനെയും അതിശയിക്കുന്ന സംവിധാനമികവാണ് ഈ രംഗ ചിത്രീകരണത്തില്‍ കീം കി ഡുക്ക് പ്രദര്‍ശിപ്പിക്കുന്നത്.

സിനിമാറ്റോഗ്രഫി എന്ന കലയുടെയും സംഗീതത്തിന്‍റെയും മാത്രമല്ല, ദൃശ്യഭാഷയുടെ തന്നെ പുത്തന്‍ വ്യാഖ്യാനങ്ങളാണ് ചിത്രത്തിലെ ഫ്രെയിമുകളോരോന്നും.തന്‍റെ വേറിട്ട വീക്ഷണകോണിലൂടെ ജീവിതത്തെ കാണുവാന്‍ സംവിധായകന്‍ നമ്മെ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍, ചലച്ചിത്രമെന്നാല്‍ വെറും കഥപറച്ചിലോ, നാടകീയത നിറഞ്ഞ രംഗങ്ങളോ, സാങ്കേതികതയിലൂന്നിയ ദൃശ്യവിസ്മങ്ങളോ ഒന്നുമല്ല, കലാകാരന്‍റെ ജീവിതദര്‍ശനം തന്നെയാണെന്നു വരുന്നു. നവീനമായ ഈ ആശയത്തിന് ഉത്തമദൃഷ്ടാന്തം കൂടിയായി മാറുന്നു സിനിമയുടെ ഈ വസന്തം.

Featured Posts