ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
ദ് പ്രീസ്റ്റ്' എന്ന ഏറെ കോളിളക്കമുണ്ടാക്കിയ ഒരു ചലച്ചിത്രമുണ്ട് - വൈദികജീവിതത്തെ കേന്ദ്രപ്രമേയമാക്കുന്നത്. ഒരു ഇടവകയിലെ വികാരിയച്ചന്റെയും അദ്ദേഹത്തിന്റെ അസിസ്റ്റന്റായി എത്തിച്ചേരുന്ന യുവവൈദികന്റെയും കഥ എന്നതിനേക്കാളുപരി അധികാരം, സ്നേഹം, പ്രാര്ത്ഥന, കുടുംബം, ലൈംഗികത, ഏകാകിത്വം, കുമ്പസാരം, പാപം, പശ്ചാത്താപം, വിശുദ്ധി, ദൈവം എന്നിവയെല്ലാം വളരെ വ്യത്യസ്തവും ശക്തവുമായി ദ് പ്രീസ്റ്റ് ചോദ്യം ചെയ്യുകയും വ്യാഖ്യാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. തന്റെ ലൈംഗിക വീഴ്ചകള്മൂലം, മുഴുവന് സമൂഹത്തിനും മുമ്പില് ഒരു ഇടര്ച്ചയായി മാറുന്ന ചെറുപ്പക്കാരനായ വൈദികനെ നൈഷ്ഠിക ബ്രഹ്മചാരിക്കപ്പുറം കാരുണ്യത്തിലേക്ക് ഉണര്ത്തുന്നിടത്ത് തീവ്രവൈകാരികതകളുടെ ചലച്ചിത്രം പര്യവസാനിക്കുന്നു.
എന്താണ് പൗരോഹിത്യത്തിന്റെ കാതല്? പൗരോഹിത്യത്തിന്റെ കാതല് കാരുണ്യമായിരിക്കണം. ആരാണ് എന്റെ അയല്ക്കാരന് എന്ന ചോദ്യത്തിനു മുമ്പില് യേശുവിന്റെ ഉത്തരം സുന്ദരമായ ഒരു ഉപമയായിരുന്നല്ലോ. ജറുസലേമില്നിന്ന് ജറീക്കോയിലേക്ക് പോകവേ മാര്ഗ്ഗമദ്ധ്യേ കൊള്ളക്കാരാല് ആക്രമിക്കപ്പെട്ട് മൃതപ്രായനായി ഉപേക്ഷിക്കപ്പെട്ട മനുഷ്യനെ ആദ്യം കാണുന്നത് ഒരു പുരോഹിതനായിരുന്നല്ലോ. പിന്നാലെ ഒരു ലേവായനും - പുരോഹിതകുലത്തില്പ്പെട്ടവനാണവന്. അവരില് ഇല്ലാതെപോയത് പിന്നീടുവന്ന സമറിയാക്കാരനില് ഉണ്ടായിരുന്നു - അലിവും കാരുണ്യവും. കാരുണ്യത്തിന്റെ കൂദാശ പരികര്മ്മം ചെയ്യുന്നവനാണ് പുരോഹിതന്. അവന് ദൈവത്തിന്റെ ഹൃദയമുണ്ടായിരിക്കണം. സര്വ്വപാപികളെയും ഉള്ക്കൊള്ളാനും സ്നേഹിക്കാനും മാത്രം വിശാലമായ ഹൃദയം - അലിവുള്ള ഹൃദയം. അയാള് ദൈവത്തിന്റെ പൊറുതിയായി, സൗഖ്യത്തിന്റെ ലേപനവും വീഞ്ഞുമായി മാറേണ്ടയാളാണ്. നീയും പോയി അപ്രകാരം ചെയ്യുക എന്നതല്ലോ കല്പന.
അസ്സീസിയിലെ ഫ്രാന്സിസിന്റേത് ഒരു പുരോഹിതഗണമാണോ അതോ സഹോദരഗണമാണോ? ദൈവം അദ്ദേഹത്തിലൂടെ തുടക്കമിട്ടത് തീര്ച്ചയായും ഒരു സഹോദരഗണത്തിനായിരുന്നു. യേശു അപ്പസ്തോലന്മാര്ക്ക് നല്കിയ ദൗത്യം സര്വ്വസൃഷ്ടിജാലങ്ങളോടും സുവിശേഷം - ദൈവത്തിന്റെ സ്നേഹവും കാരുണ്യവും കൃപയും പൊറുതിയും പ്രസംഗിക്കുക - എന്നതായിരുന്നല്ലോ. ദൈവത്തിന്റെ പൊറുതി പ്രസംഗിക്കാന് പുറപ്പെട്ട യോഹന്നാന് പക്ഷേ, പശ്ചാത്തപിക്കാത്തവരോട് ക്രുദ്ധനാവുന്നു. ആകാശത്തില്നിന്ന് അഗ്നിയിറക്കി അവരെ ദഹിപ്പിക്കട്ടെയോ എന്ന് അയാള് ഗുരുവിനോട് ചോദിക്കുന്നു. യേശുവാകട്ടെ അയാളെ തിരുത്തുന്നു. ദൈവവചനം പ്രസംഗിക്കുക എന്നത് തീര്ച്ചയായും ഒരു പുരോഹിതദൗത്യമാണ്. ദൈവകാരുണ്യവും പൊറുതിയും പ്രസംഗിക്കുന്ന പുരോഹിതന് പക്ഷേ, ദൈവക്രോധത്തിലേക്ക് ഞൊടിയിടയില് ചുവടുമാറാം. രക്ഷകന് പെട്ടെന്ന് ശിക്ഷകനാകാം. ഇത്തരമൊരു ദുരന്തം ഒഴിവാക്കാനായിരുന്നു ഫ്രാന്സിസ്, 'അസ്സീസിയില്നിന്നുള്ള അനുതാപികളുടെ നിസ്സാര സഹോദരഗണം' എന്നപേരില് തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് തെരുവിലേക്ക് ഭിക്ഷയാചിച്ച് പ്രസംഗിക്കാനിറങ്ങിയത്. ഫ്രാന്സിസിന്റെ ഗണത്തില് എല്ലാവരും അതിനാല് സഹോദരന്മാരായിരുന്നു. പൗരോഹിത്യം സ്വീകരിച്ചവരാകട്ടെ പുരോഹിത സഹോദരന്മാരായിരുന്നു (Brother Priests). പിന്നീട് പുരോഹിതരുടെ എണ്ണം വര്ദ്ധിച്ചു. സഹോദരന്മാര് തുലോം ചുരുങ്ങി.
പിന്നീടുവന്ന കാനന്നിയമസംഹിത പ്രകാരം മൂന്നുവിഭാഗം സന്ന്യാസസമൂഹങ്ങളേ സഭയില് ഉള്ളൂ. പുരോഹിതന്മാരില്ലാത്ത സന്ന്യാസ സഹോദരിമാരുടെ വിഭാഗം (Sisters Congregations), പുരോഹിതന്മാരുടെ അഥവാ പുരോഹിതപ്രാമാണ്യമുള്ള സന്ന്യസ്തരുടെ പുരോഹിതവിഭാഗം (Priests Congregations), പുരോഹിതന്മാരില്ലാത്ത സന്ന്യസ്ത സഹോദരവിഭാഗം (Brothers Congregations).അങ്ങനെ പുരോഹിതന്മാരുള്ള സന്ന്യസ്തരുടെ സഹോദരവിഭാഗം എന്നൊരു ഗണം ഇല്ലാതായിപ്പോയി. അതിനാലാണല്ലോ ഫ്രാന്സിസ്കന്സഭകള്, പ്രത്യേകിച്ച് കപ്പൂച്ചിന്സഭകള് റോമന് കൂരിയായുമായി അത്തരമൊരു അംഗീകാരത്തിന് ദശാബ്ദങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അസ്സീസിയിലെ ഫ്രാന്സിസ് തന്നെയും ധര്മ്മത്തില് ഒരു പുരോഹിതനായിരുന്നില്ല. അക്കാലത്ത് സന്ന്യസ്തസമൂഹങ്ങള് മിഷണറിമാരായി ഇതരസമൂഹങ്ങള്ക്കിടയിലേക്ക് പോകയോ തെരുവോരങ്ങളില് വചനം പ്രസംഗിക്കുകയോ പതിവായിരുന്നില്ല. പുരോഹിതരല്ലാത്ത സന്ന്യാസസഹോദരന്മാര്ക്ക് ദൈവാലയങ്ങളില് വിശുദ്ധബലിക്കു മദ്ധ്യേ പ്രസംഗിക്കാനും അനുമതിയുണ്ടായിരുന്നില്ല. എന്നാല് ഫ്രാന്സിസ് ഇതെല്ലാം തന്റെ സഹോദരഗണത്തില് പ്രത്യേക അനുമതികളോടെ പ്രാവര്ത്തികമാക്കി.
യേശുവിലെ മഹാപുരോഹിതനെക്കുറിച്ച് ഹെബ്രായര്ക്കുള്ള ലേഖനകാരന് പറയുന്നതിങ്ങനെ: യേശു പുരോഹിതന്മാരുടെ ഗോത്രമായ ലേവിയുടെ ഗോത്രത്തില് പിറന്നവനല്ല, മറിച്ച് യൂദാ ഗോത്രത്തില് പിറന്നവനാണ്. അതായത് അവന് പുരോഹിതധര്മ്മം നല്കപ്പെട്ടിട്ടില്ല. പുരോഹിതന്മാര് തന്റേതല്ലാത്ത രക്തം സംവഹിച്ചുകൊണ്ട് ബലിപീഠത്തെ സമീപിക്കുന്നു. എന്നാല് യേശു എന്ന പുരോഹിതന് സ്വന്തം ജീവനും രക്തവും ബലിവേദിയില് ഹോമിച്ചു. അതിനാല് അവന് കര്മ്മത്തില് പുരോഹിതനായി - പലതവണയല്ല ഒറ്റത്തവണ ബലിയര്പ്പിച്ച്, അതും തന്റെ തന്നെ രക്തം ചിന്തി ബലിയര്പ്പിച്ച് അവന് എന്നേക്കുമുള്ള ശ്രേഷ്ഠ പുരോഹിതന്തന്നെയായിത്തീര്ന്നു എന്നാണ്. ഇങ്ങനെ മാംസം മുറിയുന്ന, രക്തം കിനിയുന്ന ആത്മീയ തപസ്സിന്റെ ജീവിതം വഴിയായി ഫ്രാന്സിസും സഹോദരഗണവും അതേ മഹാപുരോഹിതന്റെ ഗോത്രജരായിത്തീര്ന്നു. വീണ്ടും ആദ്യത്തെ ചോദ്യത്തിലെ സംശയം ബാക്കിയാവുന്നു. ഫ്രാന്സിസിന്റേത് ഒരു പുരോഹിതഗണമായിരുന്നോ അതോ സഹോദരഗണമായിരുന്നോ? ധര്മ്മത്തില് അതൊരു സഹോദരഗണവും കര്മ്മത്തില് അതൊരു പുരോഹിതഗണവുമായിരുന്നു എന്ന് ഉത്തരം പറയേണ്ടിവരും.
ഉപകാരമോ നന്മയോ പ്രവര്ത്തിച്ച ഒരാള്ക്ക് നേരിട്ട് നന്ദി പറയുന്നതിന് പകരം ഇംഗ്ലീഷില് 'May your tribe increase' എന്ന് ഒരു ആശീര്വാദമുണ്ട്. നിന്നെപ്പോലുള്ളവര് ഭൂമിയില് പെരുകട്ടെയെന്ന് മുഖസ്തുതിയോടെയുള്ള ഒരു ആശംസയാണത്. പുരോഹിതാ, നിന്നെപ്പോലുള്ളവര് ഭൂമിയില് പെരുകട്ടെ.