top of page

തുടക്കോം ഒടുക്കോം..

Mar 1, 2010

4 min read

ഫാ. ജോസ് വെട്ടിക്കാട്ട്

തുടരെ തുടരെ വിളിച്ചതു കൊണ്ടും, സ്വരത്തിലെ വേവലാതികൊണ്ടും എന്തോ കുഴഞ്ഞ കേസുകെട്ടുമായിട്ടാണ് ആളുവരുന്നത് എന്നു ഞാനൂഹിച്ചു. മാരുതി 800-ല്‍ ഒറ്റയ്ക്കു ഡ്രൈവുചെയ്താണു വന്നത്. കാറ് ഏറ്റവും ഒഴിഞ്ഞ ഒരു കോണില്‍ ഒതുക്കിയിട്ടിട്ട് പുറത്തിറങ്ങി ആരും കാണുന്നില്ലെന്നുറപ്പു വരുത്താനെന്നപോലെ ചുറ്റും ശ്രദ്ധിച്ചു നോക്കിയിട്ടാണ് സന്ദര്‍ശനമുറിയിലേയ്ക്കു വന്നത്. രാത്രിയായിരുന്നതുകൊണ്ടും അയാള്‍ കൃത്യം 8 മണിക്കു തന്നെ വരുമെന്നു പറഞ്ഞിരുന്നതുകൊണ്ടും, ആസമയത്ത് സന്ദര്‍ശനമുറിയിലെ മണിയടി ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ അയാളെ കാത്ത് മുറ്റത്തു തന്നെ ഉണ്ടായിരുന്നതു കൊണ്ടുമാണ് ഇത്രയും ശ്രദ്ധിച്ചത്. പകല്‍ ഏതെങ്കിലും സമയം ഞാന്‍ നിര്‍ദ്ദേശിച്ചിട്ടും രാത്രീല്‍തന്നെ മതി എന്നയാള്‍ നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍ എവിടുന്നോ 'മുങ്ങി' ഇവിടെ 'പൊങ്ങി'യതാണെന്നെനിക്കുറപ്പായിരുന്നു. എന്നെക്കണ്ട അയാള്‍, ഒന്നു നിന്നു. സൂക്ഷിച്ചൊന്നു നോക്കിയിട്ട് അയാള്‍ പറഞ്ഞു:"താടി നരച്ചു പോയതും, മുടിയുടെ നീളം കുറച്ചതുമൊഴിച്ചാല്‍ അച്ചനെ കണ്ടാല്‍ പണ്ടത്തെപ്പോലെ തന്നെയിരിക്കുന്നു."

ഓര്‍മ്മയില്‍ തപ്പിയിട്ടും ആളെ  പിടികിട്ടാതെ നിന്നപ്പോള്‍ അയാള്‍ വിശദീകരണം തന്നു. പത്തു മുപ്പതു കൊല്ലങ്ങള്‍ക്കു മുമ്പ് അയാളുടെയും എന്‍റെയും നല്ലപ്രായത്തില്‍ അയാള്‍ ഇടവകയിലെ ഫ്രാന്‍സിസ്ക്കന്‍ അത്മായ സഭയിലെ സജീവപ്രവര്‍ത്തകനായിരുന്നു. ഞാന്‍ ഡയറക്ടറും. അസാധാരണ തീക്ഷ്ണതയും ഉത്സാഹവുമൊക്കെയുണ്ടായിരുന്ന, നല്ല തടിച്ചുരുണ്ടിരുന്ന ആ  മനുഷ്യന്‍ തന്നെയാണിപ്പോള്‍ മുമ്പില്‍ നില്ക്കുന്ന ഈ 'ഒണക്കമത്തി' പോലെ മെലിഞ്ഞ 'ചാണ' എന്നു വിശ്വസിക്കാന്‍ വിഷമമായിരുന്നു. പരിചയം പുതുക്കാന്‍ വേണ്ടി പഴയതു പലതും ഞാന്‍ പറഞ്ഞു തുടങ്ങിയിട്ടും തീരെ താല്പര്യമില്ലാതെ മറ്റെന്തോ പറയാന്‍ അയാള്‍ തിടുക്കം കാണിക്കുന്നതു പോലെതോന്നി. അയാള്‍ക്കും കൂടി താല്പര്യമായിരുന്നതുകൊണ്ട്, മുറ്റത്തിന്‍റെ മൂലയ്ക്കുണ്ടായിരുന്ന ഇരിപ്പിടത്തിലേയ്ക്കു നീങ്ങി.

അന്നങ്ങനെ ഫ്രാന്‍സിസ്ക്കന്‍ അത്മായസഭയില്‍ ജ്വലിച്ചു നില്ക്കുന്ന കാലത്തായിരുന്നു കരിസ്മാറ്റിക് പ്രസ്ഥാനം കത്തിപ്പടര്‍ന്നത്. വികാരിയച്ചന്‍റെയും കൂടെ പ്രേരണയാല്‍ അന്നത്തെ പ്രവര്‍ത്തകരെല്ലാം തന്നെ പലയിടങ്ങളിലായി ധ്യാനം കൂടി. തുടര്‍ന്ന് ഫ്രാന്‍സിസ്കന്‍ സഭ പിരിച്ചു വിട്ട് അതൊരു കരിസ്മാറ്റിക് പ്രാര്‍ത്ഥനാ ഗ്രൂപ്പാക്കി. ശക്തമായ ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പായി അതു വളര്‍ന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നും പ്രാര്‍ത്ഥനയ്ക്കായി ഒത്തിരിപ്പേര് അവിടെ വന്നു തുടങ്ങി. ഗ്രൂപ്പുലീഡറെന്ന നിലയ്ക്ക് അയാളും പ്രശസ്തനായിത്തുടങ്ങി. പലേടത്തും പ്രാര്‍ത്ഥന നയിക്കാനും, പിന്നെപ്പിന്നെ ധ്യാനത്തില്‍ സഹായിക്കാനും, കൗണ്‍സലിങ്ങിനുമൊക്കെ അയാളും പോയിത്തുടങ്ങി.

അങ്ങിനെയൊരിക്കലാണു 'സംഭവ'ത്തിന്‍റെ തുടക്കം. കുറെ ഉള്‍പ്രദേശത്തുള്ള ഒരിടവകയില്‍ ധ്യാനം നടക്കുന്നു. ക്ലാസ്സിനും കൗണ്‍സലിങ്ങിനുമൊക്കെ അയാളെയും വിളിച്ചിരുന്നു. ധ്യാനത്തിന്‍റെ മൂന്നാംദിവസം  കൗണ്‍സലിങ്ങു താമസിച്ചു പോയതുകൊണ്ട് അയാള്‍ പള്ളീന്നിറങ്ങിയപ്പോള്‍ വൈകി. വീട്ടിലേയ്ക്കു പോകാന്‍ പ്രതീക്ഷിച്ച ബസ്സും പോയി. ഇനിയും ബസ്സ് കിട്ടാന്‍ ഒരു മണിക്കൂര്‍ കഴിയും. ഉടനെ പോകണമെങ്കില്‍ രണ്ടു കിലോമീറ്റര്‍ നടന്നാല്‍ ധാരാളം ബസ്സുള്ള മറ്റൊരു റോഡിലെത്താം. നേരം സന്ധ്യയാകുന്നതെയുള്ളൂ താനും. മലമുകളായതുകൊണ്ട് ബസ്സ് പോകുന്ന റോഡു വളഞ്ഞു പുളഞ്ഞാണ്. കുറുക്കു വഴിയെ നടന്നാല്‍ പാതിദൂരം കൊണ്ട് മറ്റെ റോഡിലെത്താം. അയാള്‍ നടന്നു. മിക്കവാറും റബര്‍ തോട്ടങ്ങളാണ്. ഇടയ്ക്ക് ഒരു സ്ഥലത്ത് ബഡു ചെയ്യാന്‍ വേണ്ടി പാകി നിര്‍ത്തിയിരുന്ന റബര്‍ തൈകള്‍. വഴിയോടു ചേര്‍ന്നുള്ള ഒത്തിരി തൈകള്‍ അതിലെ കടന്നുപോയ ഏതോ ആടോ പശുവോ കടിച്ചു തിന്നിട്ടുണ്ട്. ശ്രദ്ധിച്ചപ്പോള്‍ പാലു പൊടിച്ചിരിക്കുന്നു. അപ്പഴെങ്ങാണ്ട് സംഭവിച്ചതാണെന്നു വ്യക്തം. അല്പം കൂടി മുന്നോട്ടു ചെന്നപ്പോള്‍ പ്രതി തൊട്ടുമുന്നില്‍ത്തന്നെ. എവിടുന്നോ കെട്ടഴിഞ്ഞു പോന്ന ഒരു പശുക്കിടാവാണ്. വഴിയരികില്‍ നിന്നു പുല്ലുതിന്നുന്നു. കയറില്‍ പിടിക്കാന്‍ ചെന്നപ്പോള്‍  അതു കുതറി. കൈയ്യിലിരുന്ന ബൈബിളു മരച്ചുവട്ടില്‍ വച്ച് അല്പം അഭ്യാസം നടത്തി പിന്നാലെയോടി. കയറില്‍ പിടി കിട്ടി. അവിടെത്തന്നെ ഒരു റബര്‍ മരത്തില്‍ കെട്ടിയിട്ടു.  അലഞ്ഞു നടന്നു കൂടുതലൊന്നും നശിപ്പിക്കാതിരിക്കാന്‍ ഒരു സിമ്പിള്‍ മനോഗുണ പ്രവൃത്തി ചെയ്ത സംതൃപ്തിയോടെ ബൈബിളുമെടുത്തു അതിവേഗം വിട്ടു. വണ്ടീം കിട്ടി. വീട്ടിലുമെത്തി.

അടുത്ത ദിവസവും രാവിലെ തന്നെ അയാള്‍ ധ്യാനിപ്പിക്കുന്ന പള്ളിയില്‍ എത്തിയപ്പോഴേയ്ക്കും കൗണ്‍സലിങ്ങിന് കുറേപ്പേരു കാത്തു നില്ക്കുന്നു. പ്രാര്‍ത്ഥിച്ചൊരുങ്ങി ഉടനെ തന്നെ പണി തുടങ്ങി. ഒന്നു രണ്ടു സ്ത്രീകള്‍ കഴിഞ്ഞ് ഇടിച്ചു കയറിച്ചെന്നത് ഒരു ചേട്ടനാണ്. ചെന്നപാടെ ചേട്ടന്‍ മുട്ടുകുത്തി, തലേല്‍ കൈവച്ചു പ്രാര്‍ത്ഥിക്കാന്‍. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ പ്രശ്നമെടുത്തിട്ടു. തലേദിവസത്തെ ധ്യാനപ്രസംഗത്തില്‍, നിസ്സാരമായി കരുതുന്ന കള്ളത്തരങ്ങളെപ്പറ്റി പ്രത്യേകിച്ചും പാലില്‍വെള്ളം ചേര്‍ത്തു വില്ക്കുന്നതും, പൊരുന്നവച്ച മുട്ട വില്ക്കുന്നതുമൊക്കെയായിരുന്നു അയാള്‍ പറഞ്ഞത്.

മുട്ടില്‍ നിന്നെഴുന്നറ്റയുടനെ അഭയാര്‍ത്ഥീടെ കുമ്പസാരം: "ബ്രദറിന്നലെ ധ്യാനത്തില്‍ പറഞ്ഞപോലെ ഞാനൊത്തിരി കള്ളത്തരം കാണിച്ചിട്ടുണ്ട്. പാലില്‍ വെള്ളം ചേര്‍ത്തു വിറ്റിട്ടുണ്ട്. ഇന്നലെത്തന്നെ  തമ്പുരാന്‍ കൃത്യം ശിക്ഷയും തന്നു. ഇന്നലെ ധ്യാനം കഴിഞ്ഞു ചെന്നപ്പോഴേയ്ക്കും ആരാണ്ടെന്‍റെ നല്ല പശുക്കിടാവിനെ കട്ടോണ്ടു പോയി. വീട്ടുകാരത്തി പറഞ്ഞു ബ്രദറു പ്രാര്‍ത്ഥനക്കാരനാ, പൊറുതി പറഞ്ഞു ചോദിച്ചാല്‍ ആരാ പശുനെ കൊണ്ടു പോയതെന്നു പറയുമെന്ന്."

അതു കേട്ടപ്പോള്‍ അയാളാകെ പരിഭ്രമിച്ചുപോയി. അങ്ങിനെയൊന്നും ഗണിച്ചു പറയാനറിയത്തുമില്ല. അതിനുള്ള വരോമില്ല. എന്നാലും മാനം കെടാതെ തലയൂരണം. ബുദ്ധി പ്രവര്‍ത്തിച്ചു. കണ്ണടച്ചല്പനേരം പ്രാര്‍ത്ഥിച്ചു. കണ്ണുതുറന്ന് ബൈബിള്‍ തുറന്നല്പം വായിച്ചു. എന്നിട്ടൊരു ശിക്ഷയങ്ങു കല്പിച്ചു:

"രണ്ടു കുര്‍ബാന ചൊല്ലിക്കണം. തൊട്ടടുത്ത വെള്ളിയാഴ്ച ഉപവസിക്കണം. പശുക്കിടാവ് അടുത്ത സ്ഥലത്തെവിടെയെങ്കിലും ഉണ്ടാകും. ഒന്നന്വേഷിച്ച് നോക്ക്."

തലേദിവസം പിടിച്ചുകെട്ടിയ പശുക്കിടാവിന്‍റെ ഓര്‍മ്മ അയാളുടെ മനസ്സിലുണ്ടായിരുന്നു. അതൊട്ടു പറയാനും പോയില്ല.

ഉച്ചയായപ്പോഴേയ്ക്കും വാര്‍ത്ത പരന്നു. ചേട്ടന്‍റെ ആരോ അടിച്ചു മാറ്റിയ പശുവിനെ ബ്രദറു പ്രാര്‍ത്ഥിച്ചു കണ്ടു പിടിച്ചിരിക്കുന്നു. ശരിയായിരുന്നു, അന്വേഷിച്ചവര്‍ രണ്ടു മൂന്നു പറമ്പപ്പുറത്ത് ഒരു റബര്‍ മരത്തില്‍ കെട്ടിയിട്ട നിലയില്‍ പശുക്കിടാവിനെ കണ്ടെത്തി! പിന്നീടൊരു പടയായിരുന്നു ബ്രദറിന്‍റെയടുത്തു കൗണ്‍സലിംങിന്. വല്യചെലവില്‍ പുറത്തുനിന്നു കൊണ്ടുവന്ന വല്യപേരെടുത്ത കൗണ്‍സലിംഗ്കാരെപ്പോലും കടത്തിവെട്ടി ബ്രദറിന്‍റെയടുത്തു കൗണ്‍സലിങ്ങിനു നോയമ്പു വീടലിന് സര്‍ക്കാരിന്‍റെ പട്ടക്കടേലെക്കാളും വല്യ ക്യൂ.!! ഒരു ഗംഭീരന്‍ തുടക്കമായിരുന്നു അത്.

പിന്നെയങ്ങോട്ടു രണ്ടു കൈയും വിട്ടൊരു കളിയായിരുന്നു. കാണാതെ പോകുന്നതു കണ്ടു പിടിക്കാന്‍, കടം കൊടുത്തതു തിരിച്ചു കിട്ടാന്‍, പിണങ്ങിപ്പോയ കെട്ടിയോനെ തിരിച്ചു കൊണ്ടു വരാന്‍, ഒരു സാക്ഷാല്‍ കണിയാന്‍ ചെയ്യുന്ന എല്ലാ പണികളും. വിദ്യകളൊത്തിരിയൊക്കെ ഫലിച്ചു. ആദ്യമാദ്യം പെട്ടു പോയതു കൊണ്ടും പിന്നെപ്പിന്നെ നാട്ടിലങ്ങിനയൊരു പേരായതുകൊണ്ടുമൊക്കെ നൂറേലങ്ങു പിടിപ്പിച്ചു.

ഇതിനിടയില്‍ കുടുംബത്തില്‍ പോര്, സാമ്പത്തിക തകര്‍ച്ച, മാറാരോഗം, തീരാത്ത കടക്കെണി  ഇങ്ങനെയുള്ള  വിഷയങ്ങളുമായി പലരും എത്തിയപ്പോഴാണ് സംഗതി കുഴഞ്ഞത്. അതിനും വഴി തുറന്നു. ധ്യാനപരിപാടികളുമായി ബന്ധപ്പെട്ട് അടുത്തുപരിചയമുണ്ടായിരുന്ന ഒരു സിസ്റ്ററു വഴിയാണ് അതിനുള്ള ഗുട്ടന്‍സ് കിട്ടിയത്. പൂര്‍വ്വികരുടെ ശാപവും, പൂര്‍വ്വികരുടെ തെറ്റിനുള്ള ദൈവശിക്ഷയുമാണിതിനൊക്കെക്കാരണം പോലും!

അതു വച്ചൊരു കളിയായിരുന്നു പിന്നീട്. പ്രതിവിധികള്‍ എല്ലാം തികച്ചും ഭക്തിമയം. ഇടവകപ്പള്ളിയില്‍ മൂന്നു കുര്‍ബാന, സന്ന്യാസിയച്ചന്മാരെ കൊണ്ടു ഗ്രിഗോറിയന്‍ കുര്‍ബാന, ചില പ്രത്യേക പള്ളികളില്‍ ആരാധന, ഇതൊക്കെയായിരുന്നു കേസ്സിനനുസരിച്ചുള്ള ശിക്ഷാവിധികള്‍. ഇതൊക്കെ നന്നായിട്ടു  ക്ലച്ചു പിടിച്ചു കഴിഞ്ഞ് ഒരച്ചനുമായി ടൈയ്യപ്പുണ്ടാക്കി. അദ്ദേഹത്തിന്‍റെ പള്ളിയില്‍ നിത്യാരാധനയൊക്കെയുണ്ട്. അവിടെ ആരാധനയ്ക്ക് പറഞ്ഞു വിടുക. പോകാന്‍ പറ്റാത്തവര്‍ക്ക് ഒരു മണിക്കൂറിനു അച്ചന്‍ നിശ്ചയിക്കുന്ന തുക കൊടുത്താല്‍ അവിടെ വാടകയ്ക്ക് ആരാധന നടത്താന്‍ ആളുണ്ടു പോലും! ഒരു മണിക്കൂറിന് 500 രൂപായും, അരദിവസത്തേയ്ക്ക് 2000 രൂപയും ഒരു ദിവസത്തേയ്ക്ക് 5000 രൂപയും. തമ്പുരാന്‍റെ റേറ്റ് അല്പം കൂടുതലല്ലേന്ന് കേട്ടപ്പോള്‍ തോന്നി. എന്നാലും അങ്ങനേം തമ്പുരാനുമായിട്ട് ഒരു ഒത്തുതീര്‍പ്പ്!!

അയാളിങ്ങനെ ധ്യാനോം പ്രാര്‍ത്ഥനയുമായി നടന്നതുകൊണ്ടു ഭാര്യയായിരുന്നു വീട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത്. മൂത്തതു മകളായിരുന്നു. അവളു ഡിഗ്രി കഴിഞ്ഞ് കേരളത്തിനു വെളിയില്‍ ജോലിയ്ക്കുപോയി. രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞു വന്നത് അവളു തന്നെ കണ്ടെത്തിയ ഒരു കൂട്ടുകാരനുമായിട്ടാണ്. ഒരു 'പ്രെയ്സ് ദ ലോഡില്‍' അതു സമാധാനമായി ഒതുക്കിത്തീര്‍ത്തു.

സംഗതി പുഴുക്കു പോലങ്ങു കുഴഞ്ഞത് അടുത്ത കാലത്തായിരുന്നു. അപ്പനെപ്പോലെതന്നെ അരൂപിയിലും ജീസസ് യൂത്തിലുമൊക്കെ ആണ്ടുപോയ മകന്‍ പലയിടത്തും പാട്ടും ക്യാമ്പുമൊക്കെയായി നടന്നു. പഠിത്തം ഉഴപ്പി. അവസാനം ഒരു വല്യവീട്ടിലെ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. പ്രാര്‍ത്ഥനയുടെ മറയില്‍ അതു വളര്‍ന്നു. ഒരു ക്യാമ്പിനു പോയ പെണ്‍കുട്ടി പറഞ്ഞദിവസം തിരിച്ചു ചെല്ലാതിരുന്നപ്പോഴാണ് അങ്ങിനൊരു ക്യാമ്പിലവളെത്തിയിരുന്നു പോലുമില്ലെന്നു വീട്ടുകാരറിയുന്നത്. പെണ്ണിന്‍റെ അപ്പനും ആങ്ങളമാരും പയ്യനുമായുള്ള ബന്ധവിവരമറിഞ്ഞ് തേടിച്ചെന്നപ്പം അവന്‍ വീട്ടില്‍ നിന്നും പോയിട്ട് നാലഞ്ചു ദിവസമായെന്നറിഞ്ഞു.  മകനെ കിട്ടാത്ത അരിശത്തിന് അവരു സൂത്രത്തില്‍ അപ്പനെ വിളിച്ചു കാറില്‍ കയറ്റി വായും പൊത്തിപ്പിടിച്ചു നന്നായിട്ടൊന്നു പെരുമാറി. മൂന്നു ദിവസത്തിനകം പെണ്‍കുട്ടിയെ കണ്ടു പിടിച്ചു കൊടുത്തില്ലെങ്കില്‍ പോലീസിലൊന്നും അറിയിക്കില്ല അപ്പനേം മോനേം തങ്ങളില്‍ കണ്ടാലറിയാന്‍ പറ്റാത്ത ഷേപ്പിലാക്കും എന്നു പറഞ്ഞ് അവരു സ്ഥലം വിട്ടു.

ഇങ്ങനെയൊരവസ്ഥയില്‍ അഭയം ചോദിച്ചു വന്നിരിക്കയാണിപ്പോള്‍. എന്തെങ്കിലും ഒരു പ്രതിവിധിയുണ്ടാക്കികൊടുക്കണം പോലും!! ഒടുക്കം അങ്ങിനെയായി!

"ഒരൊറ്റ വഴിയേയുള്ളൂ." ഞാന്‍ വളരെ ഗൗരവത്തില്‍ പറഞ്ഞപ്പോള്‍ അയാള്‍ വളരെ ആകാംഷയോടെ ചെവി വട്ടം പിടിച്ചു.

"ഇതുവരെയും ഇയാള്‍ ചെയ്തതു മുഴുവന്‍ വെറും കബളിപ്പീരായിരുന്നു എന്ന് വരുന്നവരോടൊക്കെപ്പറയണം നാട്ടുകാരോടും."

അയാള്‍ അന്തം വിട്ടിരുന്നു.

"എല്ലാറ്റിന്‍റെയും തുടക്കം അപ്രതീക്ഷിതമായിരുന്നല്ലോ. ഒടുക്കവും അങ്ങിനെ തന്നെയാകട്ടെ!" ഞാനൊരു സമാപനം പോലെ പറഞ്ഞു.

രാത്രി വൈകി അയാള്‍ തിരിച്ചു പോകാന്‍ ഭയപ്പെടുന്നതുപോലെ തോന്നി! എന്നാലും പോയി.

Featured Posts