ഫാ. ജോസ് വെട്ടിക്കാട്ട്
top of page
അവിടെയൊരു അടിയന്തിരത്തിനു ചെന്നതായിരുന്നു. കര്‍മ്മങ്ങള്‍ നടത്തുന്നതു ഞാനല്ലാതിരുന്നതുകൊണ്ട് അവസാനഭാഗത്തുചെന്നു കൂടിയാല്‍മതിയായിരുന്നു. പള്ളിയകത്തു ചൂടും, മുറ്റത്തെല്ലാം തിരക്കും. മുറ്റത്തുനിന്നാല്‍ കാണുന്നുരുടെയെല്ലാം സംസാരവിഷയം എന്തായിരിക്കുമെന്നറിയാമായിരുന്നതുകൊണ്ട് അതൊഴിവാക്കാന്‍വേണ്ടി പള്ളിമതിലിനു പുറത്തുകടന്നു. ശാന്തമായിട്ടൊഴുകുന്നതോട്, അതിന്‍റെ കരയ്ക്കു വെള്ളപ്പൊക്കത്തിനു വീണുപോയതെങ്ങ്. അതില്‍ കാറ്റും കൊണ്ടിരുന്നപ്പോള്‍ സ്വൈര്യം കെടുത്താന്‍ ആരും അതിലെ വരല്ലേന്നു പ്രാര്‍ത്ഥിച്ചു.
പൊട്ടാതെ പോയതോ തണുത്തുകിടന്നതോഒക്കെ ഇനിയും കുറെക്കാലത്തേക്കുകൂടി പൊട്ടിയും ചീറ്റിയും നാറ്റം തുടരുമെങ്കലും നാളുകള്‍നീണ്ട വെടിക്കെട്ടൊന്നൊതുങ്ങി. പുറത്തിറങ്ങി നടക്കാന്‍മേലാത്ത അവസ്ഥയായിരുന്നു ഒന്നുരണ്ടാഴ്ച. നാണക്കേടുകൊണ്ടൊന്നുമല്ല, സംസാരിക്കാന്‍ താത്പര്യമില്ലാതിരുന്നതുകൊണ്ട്. എല്ലാവര്‍ക്കും പറയാനുള്ളത് ജലന്തറും സമരപ്പന്തലും!! ഇവരാരുമൊട്ടു ജലന്തറിലും പോയിട്ടില്ല, സമരപ്പന്തലിലും പോയിട്ടില്ല, എന്നാലും വീട്ടുമുറ്റത്തു നടക്കുന്നതുപോലെയല്ലെ പറച്ചില്‍. എവിടുന്നിതൊക്കെ അറിഞ്ഞു എന്നു ചോദിച്ചാല്‍ എത്ര കൃത്യാമായിട്ടാണു ചാനലുകാരുടെ പേരുപറയുന്നത്! സത്യം പറയുന്ന ചാനല്‍ദൈവങ്ങള്‍ ഇത്രയും നിറഞ്ഞ് ആടിത്തകര്‍ത്ത ഒരു സംഭവം കേരളത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. സോളാറിന്‍റെ കാലത്തുപോലും രാക്ഷ്ട്രീയചായ്വ് വച്ചു ചില ചാനലുകള്‍ക്ക് മൃദുസമീപനമുണ്ടായിരുന്നു. എന്നാല്‍ കന്യാസ്ത്രിവിഷയത്തില്‍ ഒറ്റക്കെട്ടായി 'ഇര'യോടു ചേര്‍ന്നുള്ള ചാനല്‍സദ്യകള്‍, മസാലക്കൂട്ടുകളുടെ പുതിയപുതിയ കോമ്പിനേഷനുകളോടെ മത്സരിച്ചു വിളമ്പിയതെല്ലാം തൊണ്ടയോളം നിറച്ചിട്ട് ഏമ്പക്കംവിട്ടിരിക്കുന്ന മനുഷ്യാവകാശസംരക്ഷണ പ്രേമികളുള്ള ഈ കേരളത്തില്‍ ജീവിക്കാന്‍ യഥാര്‍ത്ഥത്തില്‍ അഭിമാനം തോന്നേണ്ടതാണ്. പക്ഷേ അറപ്പുതോന്നുന്നു. 'തേങ്ങാമുറിപോയാലും പട്ടീടെ സ്വഭാവം മനസ്സിലായല്ലോ..'ന്ന് ഓര്‍ത്ത് സമാധാനിക്കുന്നു.
അച്ചനേയും മെത്രാനേയും, കന്യാസ്ത്രികളേയും മഠങ്ങളേയും സംബന്ധിച്ചു മാത്രമല്ല, മെത്രാന്‍റെ വസതിയിലും കോണ്‍വന്‍റിനകത്തുംമറ്റും എന്നുംഎപ്പോഴും നടന്നുകൊണ്ടിരിക്കുന്നവ എന്ന മട്ടില്‍ ചാനല്‍ ചര്‍ച്ചകളിലൂടെയുള്ള 'ദൃക്സാക്ഷിവിവരണങ്ങള്‍' കേട്ടപ്പോള്‍, പൈങ്കിളി എ പടം പിടിക്കാന്‍ കാത്തിരിക്കുന്ന സിനിമാനിര്‍മ്മാതാക്കള്‍ക്ക് തിരക്കഥാകൃത്തുകളെ തെരഞ്ഞെടുക്കാനുള്ള മത്സരവേദിയാണെന്നു തോന്നിപ്പോയി. ഒരു കൂസലുമില്ലാതെ പച്ചക്കള്ളം ആരെപ്പറ്റിയും പറയാനുള്ള അവകാശസംരക്ഷണമാണല്ലോ മനുഷ്യാവകാശസംരക്ഷണം! ആയിരങ്ങളില്‍ അഞ്ചോപത്തോ പേര്‍ക്കു സംഭവിച്ചിരിക്കാവുന്ന വീഴ്ചകളുടെ പേരില്‍, എല്ലാവരെയും ഒന്നടങ്കം പ്രതിക്കൂട്ടിലാക്കി പരസ്യവിചാരണനടത്തി ആക്ഷേപിക്കുമ്പോള്‍ മാന്യമായി ജീവിക്കാനുള്ള മഹാഭൂരിപക്ഷത്തിന്‍റെ മൗലീകാവകാശം മനുഷ്യാവകാശമല്ലേ എന്നുചോദിക്കാനാരുമില്ല. അപ്പോള്‍ വ്യക്തം, വിഷയം മനുഷ്യാവകാശവുമല്ല, സമരക്കാരോടു സഹാനുഭൂതിയുമല്ല; പുരകത്തിയപ്പോള്‍ വാഴവെട്ടിയതാണ്. എത്രപേര്‍ക്കുവേണമെങ്കിലും വെട്ടാനുംമാത്രം വിശാലമായ ഒരുതോട്ടമാണല്ലോ കത്തോലിക്കാസഭ! അതുകൊണ്ട്, കത്തിയുണ്ടായാല്‍മതി, നാവിനോളം വലിയകത്തി വേറെയില്ലല്ലോ, ആരിറങ്ങിയാലും വെട്ടിനിരത്താം; കത്തോലിക്കാസഭയല്ലേ, ആരും ചോദിക്കാന്‍വരില്ല, അതാണല്ലോ കത്തോലിക്കന്‍റെ പാരമ്പര്യം.
സ്റ്റോയിക്കുകളെപ്പറ്റി പറയുന്ന ഒരു കഥയുണ്ട്. ഒരു സ്റ്റോയിക്കിന്‍റെ കൈയ്യില്‍പിടിച്ചു രണ്ടുപേര് ആഞ്ഞുവലിച്ചു. വലിക്കരുത്, വലിച്ചാല്‍ കൈയ്യുടെ കുഴ ഊരിപ്പോരും എന്നയാള്‍ ശാന്തമായിപ്പിറഞ്ഞു. എന്നിട്ടും അവരുവലിച്ചു, കുഴയൂരിപ്പോരുകയുംചെയ്തു. അന്നേരമയാള്‍ പ്രതികരിച്ചു: ഞാനന്നേരമേ പറഞ്ഞതല്ലായിരുന്നോ കുഴ ഊരിപ്പോരുമെന്ന്. പിന്നെയും അവരുവലിക്കാന്‍തുടങ്ങയപ്പോള്‍ അയാളുപറഞ്ഞു: ഇനീം വലിക്കരുത്, വലിച്ചാല്‍ കൈ പറിഞ്ഞുപോരുമെന്ന്. അവരു പിന്നെയും വലിച്ചു, കൈപറിഞ്ഞു പോരുകയും ചെയ്തു. 'കണ്ടോ, ഞാന്‍ നേരത്തേ പറഞ്ഞതല്ലേ, വലിക്കരുത് വലിച്ചാല്‍ കൈപറിഞ്ഞുപോരുമെന്ന്' അതായിരുന്നു അയാളുടെ പ്രതികരണം. അത്രേയുള്ളു കത്തോലിക്കാസഭയും എന്നെല്ലാവര്‍ക്കുമറിയാം.
"അച്ചനിവിടെ ഒറ്റയ്ക്കിരുന്ന് പടിഞ്ഞാറന്‍ പ്രകൃതിഭംഗി ആസ്വദിക്കയായിരിക്കും."
ചിന്തയില്‍ മുഴുകിയിരുന്നതുകൊണ്ട് തൊട്ടു പുറകില്‍വന്ന് അയാളുചോദിച്ചപ്പോള്‍ ഞെട്ടിപ്പോയി.
"വല്ലപ്പോഴുമല്ലേ പടിഞ്ഞാറേത് കാണാനവസരംകിട്ടൂ, അതുകൊണ്ടിവിടെ വന്ന് ഇരുന്നതാണ്."
"അച്ചന്‍ ഇന്നത്തെ ന്യൂസ് കണ്ടുകാണില്ലല്ലോ. എന്തൊരു കഷ്ടമാണല്ലേ അച്ചാ, മെത്രന്മാരൊക്കെ ഇങ്ങനെ കാണിക്കുകാന്നുവച്ചാല്‍."
"ആ ഇല്ലിക്കൂട്ടത്തില്‍ ഉടക്കിക്കിടക്കുന്ന പ്ലാസ്റ്റിക്കൂടുകള്‍ കണ്ടാലറിയാം എന്തുമാത്രം വെള്ളം പൊങ്ങിയെന്ന്." പള്ളിയിലും വെള്ളം കയറിയിരുന്നോ?"
"വെള്ളപ്പൊക്കത്തേക്കാളൊക്കെ ഭയങ്കരമല്ലേയച്ചാ, നമ്മളു ക്രിസ്ത്യാനികളുടെ ഇപ്പോഴത്തെ അവസ്ഥ?"
"എന്നാപ്പിന്നെ ഞാന്‍പോയി മത്സ്യത്തൊഴിലാളികളെ വിളിച്ചുകൊണ്ടുവരാം." അരിശംതോന്നി എഴുന്നേറ്റുരണ്ടുചുവടു നടന്നുകഴിഞ്ഞപ്പോഴാണ് കാണിച്ചതുമോശമായിപ്പോയെന്നുതോന്നിയത്.
"ഇതുതന്നെ കേട്ടുമടുത്തതുകൊണ്ടാ ചേട്ടാ, സോറി." അടുത്തറിയാവുന്ന ആളായിരുന്നെങ്കിലും തിരിഞ്ഞുനോക്കാതെ പള്ളിയിലേയ്ക്കു നടന്നു. കര്‍മ്മങ്ങള്‍ക്കുശേഷം ഭക്ഷണത്തിനിരുന്നപ്പോഴും സംഭാഷണം ഒഴിവാക്കാന്‍ ശ്രദ്ധിച്ചു. അതുംകഴിഞ്ഞു ക്ഷണിച്ചയാളോടു യാത്രപറയുന്നതിനിടയില്‍ അദ്ദേഹത്തിന്‍റെ റിക്വസ്റ്റായിരുന്നു രണ്ടുപേരെ അടുത്ത പട്ടണത്തിലെ ബസ്റ്റാന്‍റുവരെ എത്തിക്കാന്‍. ആളെവിളിക്കാന്‍ പറഞ്ഞു. വന്നപ്പോള്‍ അവരിലൊരാള്‍ വളരെ അടുപ്പമുള്ളയാളും മറ്റെയാള് പരിചയക്കാരനും. കൂട്ടുകിട്ടിയതില്‍ സന്തോഷംതോന്നി. വണ്ടി പാര്‍ക്കുചെയ്തിരിക്കുന്ന സ്ഥലവും പറഞ്ഞുകൊടുത്തിട്ട്, അച്ചന്മാരോടുയാത്രയും പറഞ്ഞു ഞാനെത്തുമ്പോള്‍ അവരു വണ്ടിയുടെ അടുത്തുണ്ടായിരുന്നു. യാത്രതുടങ്ങിയപ്പോള്‍തന്നെ സംസാരവിഷയം മാറ്റിവിടാന്‍വേണ്ടി വെള്ളപ്പൊക്കവും ദുരിതാശ്വാസവും ഞാനെടുത്തിട്ടു. എന്നിട്ടും ഒരിടവേളകിട്ടിയപ്പോള്‍ അയാള്‍ കന്യാസ്ത്രിസമരം എടുത്തിട്ടു.
"സത്യം പറഞ്ഞാലച്ചാ, കഴിഞ്ഞദിവസം കന്യാസ്ത്രികള്‍ സമരത്തിലിരിക്കുന്ന പത്രത്തിലെ ഫോട്ടോയില്‍ കണ്ടത് അച്ചനെയാണെന്നായിരുന്നു ഞാനോര്‍ത്തത്."
എന്‍റെകാല് അറിയാതെ ബ്രേക്കില്‍ ചെന്നു. വണ്ടിനിന്നു. ഒരുസെക്കന്‍റെ കഴിഞ്ഞ് വീണ്ടും വണ്ടിവിട്ടുകൊണ്ടു ഞാന്‍പറഞ്ഞു:
"ഇയാളോടു വണ്ടിയില്‍നിന്നിറങ്ങാന്‍ പറയാനാണു ഞാന്‍ നിര്‍ത്തിയത്. പക്ഷേ വേണ്ടെന്നുവച്ചു. കാരണം പറയാനുള്ളതു പറയാനുള്ള സമയമുണ്ടല്ലോ. ആ സമരപ്പന്തലില്‍ പോയിരിക്കാനുംമാത്രം വെകിടനാണു ഞാനെന്നു താനോര്‍ത്തതിലാണ് എനിക്കമ്പരപ്പ്."
"അങ്ങനെയാണെങ്കില്‍ അവിടെയിരുന്ന അച്ചന്മാരൊക്കെ വെകിടന്മാരാണെന്നാണോ അച്ചന്‍ പറയുന്നത്?
"അവിടെ ഇരുന്നവരു മാത്രമല്ല, അതിന്‍റെ പുറകെനടന്ന അച്ചന്മാരും വെകിടന്മാരാ."
"അച്ചന്‍റെ ഇടിയുംമിന്നലും ഒറ്റയെണ്ണംവിടാതെ വായിക്കുന്ന ആളാണു ഞാന്‍. അതിലെ ഭാഷയാണിപ്പോളച്ചന്‍ പറഞ്ഞ വെകിടന്‍."
"വെകിടന്‍ എന്നുപറഞ്ഞാല്‍ ചൂടന്‍, വിവരമില്ലാത്തവന്‍, എന്നൊക്കെയാ അര്‍ത്ഥം, സംശയമുണ്ടെങ്കില്‍ മലയാളം നിഘണ്ഡുവില്‍ നോക്കിയാല്‍മതി. അതു ഞാനറിഞ്ഞുകൊണ്ടുതന്നെ പറഞ്ഞതുമാണ്."
"അച്ചനിന്നെന്തോ ആകെ മൂഡുതെറ്റിയാണല്ലോ, വണ്ടിക്കും സ്പീഡില്ല."
"എടോ ഏതെങ്കിലും കന്യാസ്ത്രി പറഞ്ഞതുംവച്ചു പൊതുസ്ഥലത്തു സമരത്തിനു പോയവരുടെ മൂടുംതാങ്ങിപ്പോയവരുടെ കൂട്ടത്തില്‍ താനെന്നെയും കൂട്ടിയതാണു സഹിക്കാഞ്ഞത്."
മറിച്ചും തിരിച്ചും അവിശ്വസനീയമായ രീതിയില്‍ ലൈംഗിക പീഡനത്തെപ്പറ്റി പരാതി കൊടുക്കുന്ന കന്യാസ്ത്രി. എന്‍റെ സാധാരണ യുക്തിക്ക് അവര് പറയുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.
"അതവരുടെ കുറ്റംകൊണ്ടല്ലല്ലോ അച്ചാ. പീഢിപ്പിച്ചതാണെന്നല്ലേ അവരുതന്നെ പറയുന്നത്."
"ഇയാളോട് ഞാനൊന്നു ചോദിക്കട്ടെ. ഏതുപെണ്ണിനാടോ ഒരു പത്തുപതിനാറുവയസ്സുകഴിഞ്ഞാല്‍ ഒരാണിന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലാകാത്തത്. മനസ്സില്‍ നന്മയുള്ള ഏതുപെണ്ണിനും ഒരു പുരുഷന്‍റെ നോട്ടത്തില്‍നിന്നും ചെറിയനീക്കത്തില്‍നിന്നുപോലും അവനു ദുരുദ്ദേശ്യമുണ്ടെങ്കില്‍ മനസ്സിലാകും. അവളു കരുതലോടെ നീങ്ങും. എങ്ങാനും പെട്ടുപോയാല്‍ രക്ഷപെടാന്‍ എല്ലാ വഴിയുംനോക്കും. എന്നിട്ടും പെട്ടുപോയാല്‍ അതുകഴിഞ്ഞായാലും അറിയിക്കേണ്ടവരെ അറിയിച്ച് അനന്തര നടപടിക്കുനീങ്ങും. അതിനുള്ള ധൈര്യമില്ലെങ്കില്‍ ഇനിയും പെടാതിരിക്കാന്‍ അത്രയും കരുതലോടെ അവളു നീങ്ങും. പിന്നെയും പെടാനുള്ള സാഹചര്യമുണ്ടായാല്‍ അയാളുടെ പള്ളക്കു കയറ്റാന്‍ കത്തിഒളിപ്പിക്കാന്‍ അവള്‍ക്കു ധൈര്യമില്ലെങ്കില്‍ മുളകുപൊടിയെങ്കിലും അവള്‍ കൈയ്യില്‍ കരുതിയിരിക്കും. ഇതൊന്നും ചെയ്യാതെ നാലുവര്‍ഷം പല പ്രാവശ്യം പീഡിപ്പിച്ചെന്നൊക്കെ പറയുമ്പോള്‍ അതു പൈങ്കിളിചാനലുകാര്‍ക്കുള്ള പായസക്കൂട്ടല്ലാതെ എന്താണ്? അതാണിവിടെക്കണ്ടത്. എടോ തന്‍റെ ഭാര്യയോ മകളോ ആയിരുന്നെങ്കില്‍ എന്തുചെയ്തേനേം. താനൊന്ന് ആലോചിച്ചു നോക്കിക്കേ. എനിക്കും അവരെ അറിയാവുന്നതുകൊണ്ടു ഞാന്‍ പറയുന്നു, ഏതു മെത്രാനല്ല, കര്‍ദ്ദിനാളായാലും ചെവിക്കല്ലിനൊരു പൊട്ടീരും കൊടുത്തേച്ച് അവരു രക്ഷപെട്ടേനേം. അബദ്ധത്തില്‍ ഒരുതവണ എന്തെങ്കിലും സംഭവിച്ചാലും, രണ്ടാമതൊന്നു സംഭവിക്കാന്‍ ഇടകൊടുക്കുമായിരുന്നുവോ? ഇത് ഒന്നല്ല, പലപ്രാവശ്യം, അതും നാലു വര്‍ഷങ്ങളില്‍! അത്രയും കഴിഞ്ഞപ്പോള്‍ പരാതിയും റെക്കോഡിങ്ങും! ഇതു കേള്‍ക്കുന്നവര്‍ക്കു സാമാന്യബുദ്ധിയില്ലാഞ്ഞിട്ടല്ല. 'ഇര'യോടുള്ള കരുണയോ, പ്രതിയോടുള്ള കലിപ്പോ ഒന്നുമല്ലായിരുന്നു ചാനലുകളുടെ അജന്‍ഡയില്‍. ഒന്നെയ്താല്‍ നൂറായി ചിതറുന്ന അര്‍ജ്ജുനന്‍റെ അസ്ത്രംപോലെ കത്തോലിക്കാ സഭയ്ക്കിട്ടടിക്കാന്‍ ഒന്നാന്തരം വടികിട്ടിയതിന്‍റെ ആഘോഷമായിരുന്നു നമ്മളു കണ്ടത്. അതിനവസരം പാര്‍ത്തിരുന്നവരെത്തന്നെയാണ് സമരപ്പന്തലില്‍കണ്ടത്. അതച്ചന്മാരായിരുന്നാലും കന്യാസ്ത്രികളായിരുന്നാലും പിന്നിലുണ്ടായിരുന്നവരൊക്കെ. അവരുടെയിടയില്‍ എന്‍റെ ഫോട്ടോകണ്ടെന്നു താന്‍ പറഞ്ഞത് എന്‍റെ ചങ്കേല്‍കുത്തുന്നതുപോലെയായിരുന്നു."
"ഞാനങ്ങനെയൊന്നും ഓര്‍ത്തോണ്ടല്ലായിരുന്നുകേട്ടോ അച്ചാ. ശരിയല്ലാത്തതു സംഭവിച്ചതിന്‍റെപേരില്‍ നീതികിട്ടാത്തവരുടെ കൂടെ കൂടാന്‍ അച്ചനും പോയെന്ന ധാരണയായിരുന്നു എനിക്ക്."
"ശരിയോടോ, ഞാനും പോയേനേം, സമരപ്പന്തലില്‍. പീഡിപ്പിക്കാന്‍ തുനിഞ്ഞ മെത്രാന്‍റെ ചെവിക്കല്ല് അടിച്ചുപൊട്ടിച്ചിട്ടോ, ആളിന്‍റെ കണ്ണുകുത്തിപ്പൊട്ടിച്ചിട്ടോ 'ഇര' സമരത്തിനിരുന്നെങ്കില്‍ ഞാനും പോയേനേം. എങ്കില്‍ അതിലൊരു മൂല്യമുണ്ടായിരുന്നു. ഇവിടെ സംഭവിച്ചതെന്താണ്? പൊതുജനത്തിന് ഇക്കിളിയിലൂടെ മൈലേജു കൊടുക്കാന്‍ കിട്ടുന്ന എന്തിനും കാത്തിരിക്കുന്ന ചാനലുകാരുടെ കൈയ്യിലേയ്ക്ക് പാതിസത്യങ്ങളും നുണകളും വച്ചുകൊടുത്തു. പകതീര്‍ക്കാന്‍ കാത്തിരിക്കുന്നവരുടെ കൈയ്യിലേയ്ക്ക് മൈക്കുംകൊടുത്തു. എന്നിട്ട്, അവരൊക്കെ തപ്പിയെടുത്ത നാറ്റക്കേസുകളും ചേര്‍ത്തിണക്കി, അതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കാത്തിരുന്നവരുടെ അണ്ണാക്കിലേക്ക് ഈദിവസങ്ങളില്‍ ഇട്ടുകൊടുത്തപ്പോള്‍ 'ഇര' യുടെ കൂടെയുണ്ടായിരുന്നവര്‍ക്കൊക്കെ അപ്രതീക്ഷിതമായി വീണുകിട്ടിയ ബമ്പര്‍ലോട്ടറിയായി.
സത്യാവസ്ഥ ഇനിയും ഉറപ്പായിട്ടില്ലാത്ത ഈ 'ഇര' യോട് ഇത്ര അനുകമ്പയുള്ളവര്‍ ഇവിടെയുള്ളവരുതന്നെയാണല്ലോ. പ്രതിരോധിക്കാനാവാതെ സമൂഹത്തില്‍ പീഡിപ്പിക്കപ്പെടുന്ന വേറെ എത്രയോ കേസുകളുണ്ട്. അതോ കന്യാസ്ത്രികളോടു മാത്രമേ ഇവര്‍ക്ക് സഹാനുഭൂതിയുള്ളോ? ആയിരങ്ങളേയും പതിനായിരങ്ങളേയും ബാധിക്കുന്ന ഇതിലും അതിഗുരുതരമായ എത്രയോ ഇഷ്യൂസുണ്ട്, അതിലെന്തേ ഇവര്‍ക്കൊന്നും ഒരു ഫീലിങ്ങുമില്ലാത്തത്. മുല്ലപ്പെരിയാര്‍ വിഷയംതന്നെ; ജനത്തെ ബോധവല്‍ക്കരിച്ച്, സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാകാത്തതെന്താണിവര്‍ക്ക്. കേരളത്തിലെ ഓരോ കൊച്ചു പട്ടണവും അഭിമുഖീകരിക്കുന്ന മാലിന്യനിര്‍മ്മര്‍ജ്ജനപ്രശ്നം, തെരുവുനായ പ്രശ്നം അങ്ങനെ എന്തെല്ലാം. യഥാര്‍ത്ഥജനകീയപ്രശ്നങ്ങളോടു മുഖംതിരിച്ചിട്ട്, മുഖ്യമന്ത്രി പറയാറുള്ളതുപോലെ 'വൈരനിര്യാതന'ത്തിന്, പകതീര്‍ക്കുന്നതിന്, ഇറങ്ങിത്തിരിച്ചവരുടെ കൂട്ടത്തില്‍ അറിയാതെയെങ്കിലും ഇയാളെന്നെ ചേര്‍ത്തതിന് നിരുപാധികം ഞാനിയാളോടു ക്ഷമിച്ചിരിക്കുന്നു.
തെറ്റുചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം, അതെത്ര ഉന്നതനായാലും. പക്ഷേ, തെളിയിക്കപ്പെട്ടിട്ടുപോലുമില്ലാത്ത ഒരുതെറ്റിന്‍റെപേരില്‍ ഒരുതെറ്റും ചെയ്യാത്ത നിരപരാധികളെമുഴുവനും വെറും കപടവേഷധാരികളായി അവതരിപ്പിച്ചാക്ഷേപിച്ചത് പൊറുക്കാനാവുന്നില്ല. ഇയാളുതന്നെ ചിന്തിച്ചുനോക്ക് ഇയാളറിയുന്ന കന്യാസ്ത്രികളിലും അച്ചന്മാരിലും മെത്രാന്മാരിലും എത്രപേരുണ്ട് ഈദിവസങ്ങളില്‍ കേട്ട മാദ്ധ്യമവിചാരണയിലേതുപോലെയുള്ള കുറ്റവാളികള്‍? നൂറില്‍ അഞ്ചെങ്കിലുമുണ്ടോ? എനിക്കറിയാവുന്ന അച്ചന്മാരില്‍ എഴുപതുശതമാനവും ജനത്തിനുവേണ്ടിമാത്രം ജീവിക്കുന്നവരാണ്. വ്യക്തിപരമായ സുഖസൗകര്യങ്ങളൊക്കെ അവഗണിച്ച് ചോര നീരാക്കുന്നവരാണ്, എന്നിട്ടും കിട്ടുന്ന കുറ്റാരോപണങ്ങളും, കുത്തുവാക്കുകളും, ഒറ്റപ്പെടലും, അവഗണനയുമൊക്കെ മറക്കുന്നവരാണ്, ജാതിമതമില്ലാതെ പാവങ്ങളോടും വേദനിക്കുന്നവരോടും പരിഗണനകാണിക്കുന്നവരാണ്. ഒരു പത്തിരുപതു ശതമാനംപേര് ഒരുപക്ഷേ, പലകാരണങ്ങളാല്‍ ജനത്തോട് ഇടയുന്നവരും തലക്കനം കാണിക്കുന്നവരും സുതാര്യതയില്ലാത്തവരും കണ്ടേക്കാം. വെറും പത്തുശതമാനം മാത്രമായിരിക്കും സാമ്പത്തികമോ, സന്മാര്‍ഗ്ഗികമോ ആയ കാര്യങ്ങളില്‍ അലംഭാവമുള്ളവര്‍. ഈ സത്യമൊക്കെ അറിയാവുന്നവരാണ് കേരളത്തിലെ സാമാന്യജനങ്ങള്‍ മുഴുവന്‍. പക്ഷേ ദുരുദ്ദേശ്യത്തോടെ പ്രത്യേക അജന്‍ഡകളുമായും, പകപോക്കലിനുമായും സര്‍വ്വമൂല്യങ്ങളും വിട്ടു പടയ്ക്കിറങ്ങുന്നവരുടെകൂടെ അച്ചന്മാരും കന്യാസ്ത്രികളുമുണ്ടാകുമ്പോള്‍ പരുക്കുപറ്റിയ അമ്മയുടെ നെഞ്ചത്തുവാളിറക്കുന്നതിനു തുല്യമാണ്. സഭയ്ക്കും സഭാധികാരികള്‍ക്കും തെറ്റുപറ്റിയിട്ടില്ല എന്നോ, തെറ്റില്ലെന്നോ അല്ല പറഞ്ഞതിനര്‍ത്ഥം. മുന്‍കാലങ്ങളെ അപേക്ഷിച്ച് സഭയ്ക്കുള്ളില്‍ മൂല്യശോഷണം ഏറിയിട്ടുണ്ട് എന്നും സമ്മതിച്ചേതീരൂ. അതിനുള്ള ഒന്നാമത്തെ കാരണം, ഐക്യത്തിനുള്ള പ്രചോദനങ്ങളേക്കാളുപരി, പാശ്ചാത്യത്തിന്‍റെയും പൗരസ്ത്യത്തിന്‍റെയും പേരിലും, പാരമ്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും പേരിലും, റീത്തിന്‍റെയും ഡിനോമിനേഷനുകളുടേയും പേരിലും വിശ്വാസികളെതമ്മില്‍ വിഘടിപ്പിച്ചുനിര്‍ത്താന്‍ സഭാനേതൃത്വം മത്സരിക്കുന്നു എന്നുള്ളതുതന്നെയാണ്. രാഷ്ട്രീയത്തിലെപ്പോലെ സഭയിലും നേതൃത്വത്തിലെത്താനുള്ള മത്സരവും, ചരടുവലികളും, സ്വാധീനവുമൊക്കെമൂലം അര്‍ഹതയില്ലാത്തവര്‍ ആ സ്ഥാനങ്ങളില്‍ എത്തുന്നതും വിശ്വാസികളുടെയിടയിലെ വിശ്വാസ്യതയ്ക്കു വല്ലാതെ ചോര്‍ച്ചവരുത്തുന്നു. അങ്ങനെ പദവിയിലെത്തുന്നവര്‍ അധികാരവും മേധാവിത്വവും ആയുധമാക്കുക സ്വാഭാവികം. അതു പാദസേവക്കാര്‍ക്കും പ്രതികാരദാഹികള്‍ക്കും അവസരമൊരുക്കുന്നു. അതിന്‍റെയൊക്കെ പ്രതിഫലനങ്ങള്‍ ഈ കേസിലും ഇല്ലേ എന്നു സംശയിക്കുന്നു.
ഇതിനൊക്കെയൊരൊറ്റമൂലി സഭയിലൊരു മഹാപ്രളയമുണ്ടാകുക എന്നതുമാത്രം! അതായത് പരിശുദ്ധാത്മാവിന്‍റെ അഭിഷേകപ്രളയം!! അതു സാദ്ധ്യമാകണമെങ്കില്‍ അതിനു തടയിട്ടിരിക്കുന്ന കടുംപിടുത്തക്കാരായ കുറെ ഏറെപ്പേര്‍ രംഗമൊഴിയണം!!!