top of page

സംസാരിക്കുന്ന കല്ലുകള്‍

May 1, 2025

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Stones

നിങ്ങള്‍ നിശബ്ദതനായിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് തന്‍റെ പീഢാനുഭവ യാത്രയില്‍ യേശു പറയുന്നുണ്ട്. കര്‍ത്താവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ചില കല്ലുകളെ നാം ധ്യാനവിഷയമാക്കുകയാണ്. ആറു സ്ഥലങ്ങളില്‍ കര്‍ത്താവുമായി ബന്ധപ്പെട്ട കല്ലുകള്‍ കിടക്കുന്നതായി കാണാം. ഓരോ കല്ലും നമ്മോടു സംസാരിക്കും. പ്രലോഭന മലയുടെ താഴ്വരയില്‍ കിടക്കുന്ന കല്ലുകള്‍ എന്താണു പറയുന്നത്? നല്ല വെളുത്ത കല്ലുകളാണ് ഞങ്ങള്‍, പ്രത്യക്ഷത്തില്‍ അപ്പംപോലെ തോന്നുന്ന കല്ലുകള്‍ പ്രലോഭകന്‍ ഞങ്ങളെ അടിമയാക്കി മാറ്റുവാന്‍ പറഞ്ഞപ്പോള്‍ ക്രിസ്തു സമ്മതിച്ചില്ല. മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ദൈവത്തിന്‍റെ വചനം കൊണ്ടു കൂടിയാണ് ജീവിക്കുന്നതെന്ന് ഗുരു പറഞ്ഞു. വചനം പഠിച്ചവനും വിശ്വാസത്തില്‍ സ്ഥിരതയുള്ളവനെയും ഒരു പ്രലോഭനത്തിനും കീഴ്പ്പെടുത്താനാവില്ല. ഈ കല്ലുകള്‍ക്കു ഇത്രയുമേ പറയാന്‍ കഴിയൂ.

ജറുസലേം ദേവാലയ അങ്കണത്തില്‍ ചില കല്ലുകള്‍ ചിതറി കിടപ്പുണ്ട്. പാപിനിയായ സ്ത്രീയെ എറിയുവാന്‍ ഫരിസേയരും സമൂഹപ്രമാണികളും ഉയര്‍ത്തിയ കല്ലുകള്‍. "നിങ്ങളില്‍ പാപമില്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെ" എന്നു കര്‍ത്താവു പറഞ്ഞപ്പോള്‍ അവര്‍ ഓരോരുത്തരായി കല്ലുകള്‍ താഴെയിട്ടു. ആ കല്ലുകള്‍ ഇന്നു നമ്മോടു പറയുന്നു "നീ ആരെയും വിധിക്കരുത്. എല്ലാവരെയും വിധിക്കുവാനധികാരമുള്ളവന്‍ അവളെ വിധിച്ചില്ലെങ്കില്‍ നിനക്കു മറ്റുള്ളവരെ വിധിക്കുവാനവകാശമുണ്ടോ? മറ്റുള്ളവരെ കുറ്റപ്പെടുത്താതെ വിധിക്കാതെ ജീവിക്കുവാന്‍ ഈ കല്ലുകള്‍ നമ്മെ ക്ഷണിക്കുന്നു.

ലാസറിന്‍റെ കല്ലറ മൂടിവച്ചിരിക്കുന്ന കല്ലിനെ അടുത്തതായി ധ്യാനവിഷയമാക്കാം. 'കല്ല്' ഉരുട്ടി മാറ്റുവിന്‍ എന്ന് യേശു പറഞ്ഞപ്പോള്‍ ആളുകള്‍ അപ്രകാരം ചെയ്തു. കല്ലറക്കുള്ളിലെ ലാസറിനെ ജീവനോടെ പുറത്തുകൊണ്ടുവന്നവന്‍ കവാടത്തിലെ കല്ലും തെറിപ്പിച്ചു കളയാമായിരുന്നു. മനുഷ്യന് പറ്റുന്നതും അവന്‍ ചെയ്താല്‍ ബാക്കി ദൈവം ചെയ്തുകൊള്ളുമെന്ന് ലാസറിന്‍റെ കബറിട വാതില്‍ക്കലെ കല്ലുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. താന്‍ പാതി ദൈവം പാതിയെന്ന പ്രമാണം ഇവിടെ അന്വര്‍ത്ഥമാകുന്നു.

ഗത്സമന്‍ തോട്ടത്തില്‍ ഇന്നും ഒരു കല്ലുകാണാം. യേശു മുട്ടുകുത്തിയും കമിഴ്ന്നു വീണും പ്രാര്‍ത്ഥിച്ച കല്ലാണിത്. യേശുവിന്‍റെയുള്ളിലുണ്ടായ ഒരു സംഘത്തില്‍ സ്വന്തം ഹിതവും ദൈവഹിതവും മുഖാമുഖം നിന്നു. ശക്തമായ ആത്മീയ യുദ്ധത്തിനൊടുവില്‍ പിതാവിന്‍റെ ഹിതത്തിന് പുത്രന്‍റെ ഹിതം കീഴ്വഴങ്ങുന്നു. എന്‍റെ ജീവിതയാത്രയില്‍ എന്നും രണ്ടു ഹിതങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടാറില്ലേ? അവസാനം എന്‍റെ ഹിതമല്ല നിന്‍റെ ഹിതം നിറവേറട്ടെ എന്നു പറയുവാന്‍ ഗത്സമേനിലെ കല്ലുകളെ ആഹ്വാനം ചെയ്യുന്നു.

ഈസ്റ്റര്‍ ആഘോഷങ്ങളുടെ നടുവില്‍ മറ്റൊരു കല്ലിനെ നാം ധ്യാനവിഷയമാക്കി. അരിമത്തിയാക്കാരന്‍ ജോസഫിന്‍റെ കല്ലറയുടെ കവാടത്തിലുള്ള കല്ലാണത്. ആര് കല്ല് ഉരുട്ടി മാറ്റും എന്നു പറഞ്ഞുകൊണ്ടാണ് ഭക്തസ്ത്രീകള്‍ ക്രിസ്തുവിന്‍റെ കല്ലറയിങ്കലേക്ക് പോയത്. അതൊരു പ്രശ്നമായി അവരുടെയുള്ളില്‍ നിറഞ്ഞു നിന്നു. അവര്‍ ചെന്നപ്പോള്‍ കല്ല് ഉരുട്ടി മാറ്റിയതായി കണ്ടു. യഥാര്‍ത്ഥ സത്യത്തെ നിത്യകാലം കുഴിച്ചു മൂടാനാവില്ല. ഏതു സത്യവും മൂന്നാം നാളില്‍ ഉയിര്‍ത്തുവരും. എനിക്കു സ്വയം പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങളെല്ലാം ഉത്ഥിതന്‍ പരിഹരിക്കും. ഒന്നിനെക്കുറിച്ചും നമ്മള്‍ അസ്വസ്ഥരാകരുത്. കല്ലിന്‍റെ മുദ്രയും കല്ലറയുടെ കാവലും തകര്‍ത്തവന്‍ എന്‍റെ ജീവിത പ്രതിസന്ധികളില്‍ നിന്നുയര്‍ത്തെഴുന്നേല്‍ക്കാന്‍ ശക്തിനല്‍കും.

6-ാമത്തെ കല്ല് ഒലിവുമലയിലെ കല്ലാണ്. ഇന്നും പ്രതീകാത്മകമായി ഒരു കല്ലും അതില്‍ 2 പാദങ്ങളുടെ മുദ്രയും കാണാം. ആ കല്ലില്‍നിന്നുകൊണ്ട് ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്ന് പോയി എന്ന് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. ഉത്ഥിതന്‍ മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞു പോയതുപോലെ വീണ്ടും വരുമെന്ന വാഗ്ദാനം നല്‍കിയിട്ടാണ് അപ്രത്യക്ഷനായത്. ആകാശം കാണുമ്പോഴെല്ലാം അതില്‍ മറഞ്ഞിരിക്കുന്ന ഉത്ഥിതനെ കാണുവാന്‍ നമ്മുക്കു സാധിക്കണം. കര്‍ത്താവിന്‍റെ രണ്ടാമത്തെ ആഗമനം കാത്ത് പ്രാർത്ഥനയോടെ ആയിരിക്കുവാൻ ഒലിവുമലയിലെ കല്ല് നമ്മെ പ്രേരിപ്പിക്കുന്നു.

May 1, 2025

0

93

Recent Posts

bottom of page