top of page

സിനഡ്

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • May 24, 2025
  • 1 min read

Updated: Jun 1, 2025


സഭയുടെ ആദിമ കാലഘട്ടത്തിൽ അപ്പസ്തോലന്മാരെല്ലാം മിക്കവാറും കരുതിയത് ജെറുസലം ആയിരിക്കും യേശു എന്ന മിശിഹായിൽ വിശ്വസിക്കുന്നവരുടെ ആസ്ഥാന കേന്ദ്രം എന്നായിരുന്നു. പത്രോസ് പോലും അവിടം വിടാതെ കുറെ കാലത്തേക്ക് ജെറൂസലേമിൽത്തന്നെ തമ്പടിച്ചതും അതുകൊണ്ടായിരുന്നു. എന്നാൽ അവർ കരുതിയത് പോലെയല്ല കാര്യങ്ങൾ പിന്നീട് സംഭവിച്ചത്. ജെറുസലം കൗൺസിൽ നടക്കുന്നത് മിക്കവാറും പൊതുവർഷം 49 ലോ 50 ലോ ആയിരുന്നിരിക്കണം. അപ്പോഴും പത്രോസ് അവിടെ തന്നെയായിരുന്നു.


ജെറൂസലേമിലെ സഭ ഏതാണ്ട് പൂർണ്ണമായും തന്നെ യഹൂദ വിശ്വാസികളുടെ സഭയായിരുന്നു. എന്നാൽ, അന്ത്യോഖ്യയിൽ ഉരുത്തിരിഞ്ഞു വന്ന സഭ മിക്കവാറും വിജാതീയരുടെയും ഗ്രീക്ക്-യഹൂദരുടെയും സഭയായിരുന്നു. യഹൂദ സംസ്കാരത്തിൻ്റെ ശിരാകേന്ദ്രമായ ജെറുസലേമിലെ സഭയിൽ നിന്ന് അന്ത്യോഖ്യായിലെത്തിയ കുറെ പേർക്ക് അവിടെയുള്ള സഭയിലെ ചട്ടവട്ടങ്ങൾ അത്രയ്ക്കങ്ങ് ദഹിച്ചില്ല. കാരണം അവിടെയുള്ളവരെല്ലാം യേശുവിനെ ക്രിസ്തുവായി അംഗീകരിച്ചവരും വിശ്വാസികളും ആയിരുന്നെങ്കിലും അവരാരും പരിച്ഛേദനം സ്വീകരിച്ചവരോ ഭക്ഷണകാര്യങ്ങളിലെ ശുദ്ധാശുദ്ധ നിയമങ്ങൾ പാലിക്കുന്നവരോ അല്ലായിരുന്നു. ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാതെ നിങ്ങൾക്ക് ക്രിസ്തു വിശ്വാസി ആകാൻ കഴിയില്ല എന്ന് അവർ ശാഠ്യം പിടിച്ചു.


അങ്ങനെയാണ് പൗലോസിനെയും ബർണ്ണബാസിനെയും അവിടത്തെ സഭ ജെറൂസലേമിൽ അപ്പസ്തോലന്മാരുടെ അടുത്തേക്ക് വിശദീകരണത്തിനായി അയക്കുന്നത്. ആ പശ്ചാത്തലത്തിലാണ് ജെറൂസലേം കൗൺസിൽ എന്ന് അറിയപ്പെടുന്ന സുപ്രധാനമായ യോഗം അപ്പസ്തോലന്മാർ വിളിച്ചുകൂട്ടുന്നത്. അവിടെ സന്നിഹിതരായിരുന്ന അപ്പസ്തോലന്മാർ മാത്രം ചേർന്ന് ഒരു തീരുമാനമെടുത്താൽ മതിയായിരുന്നു. പത്രോസും യോഹന്നാനും, അപ്പസ്തോലനായിത്തന്നെ കണക്കാക്കപ്പെട്ടിരുന്ന കർത്താവിൻ്റെ സഹോദരനായ യാക്കോബും അവിടെ ഉണ്ടായിരുന്നു. എന്നാൽ, അവർ ജറൂസലെം സഭയിലെ മൂപ്പന്മാരെയും ഫരിസേയപക്ഷക്കാരെയും സമ്മേളനത്തിലേക്ക് വിളിച്ചു ചേർത്തിരുന്നു. അതുമാത്രമല്ല, അന്ത്യോഖ്യായിലെ സഭ സംശയനിവാരണത്തിനായി പറഞ്ഞയച്ച പൗലോസും ബർണബാസും തീത്തോസും മറ്റു ചിലരും അടങ്ങുന്ന പ്രതിനിധി സംഘത്തെയും സമ്മേളനത്തിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. അവർ വഴി അന്ത്യോഖ്യൻ സഭ മുന്നോട്ടു വച്ച പ്രശ്നം അവതരിപ്പിക്കാൻ അനുവദിച്ചതിനു ശേഷം തീരുമാനം എടുപ്പ് "നേതൃത്വം" നടത്തിയാൽ മതിയായിരുന്നില്ലേ?അവരോട് പുറത്തുപോകാൻ പറയാമായിരുന്നില്ലേ?


അവിടെയാണ് നാം ക്രിസ്തുശിഷ്യരായ ആദിമ സഭാ സമൂഹത്തിൻ്റെ പ്രശ്നസമീപന രീതി കാണുന്നത്. വാദ പ്രതിവാദങ്ങൾക്കു ശേഷം, ആവലാതിയുമായി വന്നവരെ പ്രോത്സാഹിപ്പിച്ച് അയക്കുക മാത്രമല്ല, സിനഡ് തീരുമാനം എഴുതിക്കൊടുത്തയക്കുക മാത്രമല്ല, ജറൂസലേമിൽ നിന്ന് ഒരു പ്രതിനിധി സംഘത്തെ അന്ത്യോഖ്യായിലേക്ക് അയക്കുകയും, തങ്ങളിൽ ചിലർ ചെയ്ത പ്രവൃത്തിയെ അസ്വീകാര്യമായി തള്ളിപ്പറയുകയും കൂടി ചെയ്യുന്നുണ്ട് ആദ്യ കൗൺസിൽ എന്നതാണ് നമ്മുടെ കാലം മാതൃകയാക്കേണ്ട കാര്യം.


മെത്രാന്മാർ മാത്രം ചേർന്നിരിക്കുന്ന സിനഡുകൾ സഭാ പാരമ്പര്യമല്ല. ഒരു പ്രശ്നം ചർച്ച ചെയ്യുമ്പോൾ സങ്കടക്കാർ ആരായാലും - അത് അബ്യൂസ് ചെയ്യപ്പെട്ടവരായാലും സ്ത്രീകളായാലും ലൈംഗിക ന്യൂനപക്ഷങ്ങളായാലും - അവരുടെ പ്രതിനിധികൾ കൂടി സിനഡുകളിൽ ഉണ്ടായിരിക്കുമ്പോഴേ ആദിമ സഭാ സമൂഹത്തിലെ സിനഡിൻ്റെ സിനൊഡാലിറ്റി എന്ന പാരമ്പര്യം പ്രാവർത്തികമാക്കുന്നുള്ളൂ.


bottom of page