top of page

നമുക്കിടയിലെ തെയോഫനി

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Apr 26
  • 2 min read
Ven. Fr Theophin, Fr Armond,Fr Solanus, St pio

ഒരു നാല്പത്തിനാലുകാരൻ അതീവ ലളിതമായി കടന്നുപോയതിൻ്റെ 800-ാം വർഷം ആചരിക്കവേയാണ് അതേ ആധ്യാത്മിക ധാരയിൽപെട്ട ഒരു അമ്പത്തിനാലുകാരൻ ധന്യനായി പ്രഖ്യാപിക്കപ്പെടുന്നത്. അസ്സീസിയിലെ ഫ്രാൻസിസിനെയും തെയോഫനച്ചനെയും കുറിച്ചാണ് പറയുന്നത്.


തെയോഫനച്ചനെക്കുറിച്ചും പൊന്നുരുന്നി ആശ്രമത്തെക്കുറിച്ചും നന്നേ ചെറുപ്പത്തിൽത്തന്നെ കേട്ടതിൻ്റെ വളരെ മങ്ങിയ ഓർമ്മകളുണ്ട്. സ്‌കൂൾ വിദ്യാഭ്യാസം ആരംഭിച്ച വർഷമായിരുന്നു അദ്ദേഹം കടന്നുപോകുന്നത്. പൊന്നുരുത്തിയിൽനിന്ന് ഒരു മൈൽ പോലും അകലത്തിലല്ലായിരുന്നു അമ്മയുടെ മൂത്ത സഹോദരിയുടെ ഭർത്തൃഗൃഹം. കബറിടത്തിലേക്ക് പ്രാർത്ഥിക്കാനായി പോയിരുന്നവരിൽ ആ കുടുംബവും ഉണ്ടായിരുന്നു. തെയോഫനച്ചൻ കടന്നുപോയി മൂന്നുനാലു വർഷം കഴിയുമ്പോഴേക്കും ഇൻഡ്യയിലെ അവിഭക്ത കപ്പൂച്ചിൻ പ്രോവിൻസ് നാലുപ്രോവിൻസുകളായി മുറിഞ്ഞിരുന്നു. അതിനാൽ, പഠനകാലത്തെ യാത്രകളെല്ലാം സ്വന്തം പ്രോവിൻസിന് അകത്തുമാത്രമായി ചുരുങ്ങിപ്പോയി. വൈദികനായതിനു ശേഷമാണ് പൊന്നുരുന്നിയിലും, പൊന്നുരുന്നി ആസ്ഥാനമായി ഉണ്ടായിരുന്ന വൈസ് പ്രോവിൻസിൻ്റെ ഇതര ആശ്രമങ്ങളിലും കയറിയിറങ്ങാൻ തുടങ്ങിയത്. അങ്ങനെയാണ് തെയോഫനച്ചൻ്റെ കബറിടവും തെയോഫനച്ചനോടൊപ്പം ജീവിച്ചിട്ടുള്ളവരെയും കാണാനും പരിചയപ്പെടാനും തുടങ്ങിയത്.


ദൈവത്തിൻ്റെ ഏറ്റവും വലിയ കാരുണ്യമാണ് ഈ വലിയ കുടുംബത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുവന്നത് എന്ന് ഏറ്റുപറയാതെ വയ്യ. ചേർന്നകാലം മുതൽ അസ്സീസിയിലെ ഫ്രാൻസിസും അതിനു ശേഷം അതേവഴിയേ നടന്നവരുമായ അനേകമനേകം പേരും നമ്മളെ കഥകൾ കേൾപ്പിക്കുകയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും സൂക്ഷിച്ചുനോക്കുകയും ചെയ്യുകയാണ്. പല വിശുദ്ധരുടെയും ജീവിതരേഖ വായിക്കാനിടവന്നിട്ടുണ്ട്. വിശുദ്ധാത്മാക്കളായ അനേകരോടൊപ്പം ജീവിക്കാനും പ്രവർത്തിക്കാനും കൃപ ലഭിച്ചിട്ടുണ്ട്. നമ്മളൊക്കെ കരുതുംപോലെ എലാവരും ഒരുപോലെയല്ല. ചിലർ തീർച്ചയായും വ്യത്യസ്തർ തന്നെയാണ്. ആരും എഴുതിപ്പൊലിപ്പിച്ചെടുക്കുന്നതല്ല അതൊന്നും. ആരെന്തു പറഞ്ഞാലും ചില പ്രത്യേകതകൾ ചില ജീവിതങ്ങളെ ചൂഴ്ന്നു നില്ക്കുന്നുണ്ട്.


1947-ൽ ഇൻഡ്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ യുവാവായ തെയോഫനച്ചൻ തമിഴ്നാട്ടിലെ കുന്നം എന്ന സ്ഥലത്ത് ദലിത് ജനതകൾക്കിടയിൽ അവരുടെ സാമൂഹിക ഉന്നമനത്തിനും ശാക്തീകരണത്തിനുമായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.


വാഴ്ത്തപ്പെട്ടവനായി ഉയർത്തപ്പെട്ട അമേരിക്കയിലെ ആദ്യത്തെ കപ്പൂച്ചിൻ വൈദികൻ സൊളാനസ് കെയ്സി കടന്നുപോകുന്നത് 1957 -ലാണ്. ആ സമയത്ത് തെയോഫനച്ചൻ കോട്ടഗിരിയിൽ ദൈവശാസ്ത്ര വിദ്യാർത്ഥികളെ ബൈബിൾ വിജ്ഞാനീയം പഠിപ്പിക്കുകയായിരുന്നു. രണ്ടു വർഷം മുമ്പ് ദൈവദാസനായി ഉയർത്തപ്പെട്ട ഫാ. ആർമണ്ട് മാധവത്ത് അപ്പോൾ തിയോഫനച്ചൻ്റെ അധ്യാപനത്തിൻ കീഴിൽ ദൈവശാസ്ത്രം പഠിക്കുകയായിരുന്നു. ഈ മൂന്നുപേരും തമ്മിൽ കുറേയേറെ സാമ്യങ്ങളുണ്ട് എന്നുതോന്നുന്നു. തെയോഫനച്ചൻ കടന്നുപോയ വർഷം (1968) തന്നെയാണ് ഇറ്റലിയിലെ പീത്രെൾചിനയിൽ വിശുദ്ധ പാദ്രേ പിയോ കടന്നുപോകുന്നതും. വി. പാദ്രേ പിയോയും ധന്യൻ ഫാ. തെയോഫനും തമ്മിലും ചില സാധർമ്മ്യങ്ങളുണ്ട്. ഇപ്പറഞ്ഞവരിൽ തെയോഫനച്ചനാണ് താരതമ്യേന ഇളയപ്രായത്തിൽ കടന്നുപോയത്.


വി. പാദ്രേ പിയാ, വാ. സൊളാസ് കെയ്സി, ധന്യൻ തെയോഫനച്ചൻ, ദൈവദാസൻ ആർമണ്ടച്ചൻ: കപ്പൂച്ചിൻ സമൂഹാംഗങ്ങളായ ഈ നാലുപേരെ നോക്കിയാൽ അവർ നാലുപേരിലും പൊതുവായി ചില പ്രത്യേകതകൾ കാണാനാവും. നാലുപേരും ചെറുപ്പം മുതലേ തീക്ഷ്‌ണമതികളായിരുന്നു. വൈദികനായി ഏറെക്കഴിയുംമുമ്പേ അവരിൽ സവിശേഷമായ ആത്മീയ സിദ്ധികൾ പ്രകടമാവുകയോ നവസന്ന്യാസിമാരെ രൂപീകരിക്കുന്നതിൻ്റെ ഉത്തരവാദിത്തങ്ങൾ നല്കപ്പെടുകയോ ചെയ്യുന്നുണ്ട്. ദൈവഭക്തിയും പ്രാർത്ഥനാ ചൈതന്യവും വർദ്ധിതമായ അളവിൽ നാലുപേരിലും കാണാനുണ്ട്. നാലുപേരിലും ഫ്രാൻസിസ്കൻ സന്ന്യാസ ജീവിതത്തോട് ശക്തമായ പ്രതിജ്ഞാബദ്ധത കാണാം. നാലുപേരും ദരിദ്രരോടും രോഗികളോടും വളരെ സവിശേഷമായ കാരുണ്യം കാട്ടുന്നുണ്ട്. സൗമ്യത എന്നത് നാലുപേരുടെയും മുഖമുദ്രയായിരുന്നു. ദൈവവചനത്തോടും ദിവ്യകാരുണ്യത്തോടും ഉള്ള അദമ്യമായ അടുപ്പവും പരിശുദ്ധ അമ്മയോടുള്ള സ്‌നേഹവും നാലുപേരിലും വളരെ പ്രകടമാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നാലുപേരും സമൂഹത്തിൽ കുറെയൊക്കെ മാറ്റിനിർത്തലുകൾക്കോ ഇകഴ്ത്തലുകൾക്കോ വിധേയരാകുന്നുണ്ട്. എന്നിരിക്കിലും സന്ന്യാസത്തിൻ്റെ മർമ്മമറിഞ്ഞിരുന്ന അവർ അതിലൊന്നും ചഞ്ചലപ്പെടുകയോ പരാതിപറയുകയോ ചെയ്തില്ല. നാലുപേരും ഇതര മതവിശ്വാസികളോട് അതിരറ്റ ആദരവും അലിവും കാട്ടുന്നതായും കാണാം. അവരുടെ പ്രാർത്ഥനാമാധ്യസ്ഥവും ആശീർവ്വാദങ്ങളും തേടി അനേകർ അവരെ സമീപിച്ചു. നാലുപേരും ദാരിദ്ര്യാരൂപിയിലും അതീവ ലളിതമായും ജീവിച്ചവരാണ്. നാലുപേരും തങ്ങളുടെ ശരീരങ്ങളിൽ വർഷങ്ങളോളം വേദനയനുഭവിച്ചിരുന്നു. ആധ്യാത്മികമായ ശിശുത്വം അവർ നാലിലും കാണാനുണ്ട്. നാലുപേരുടെയും മരണത്തിൽ അവരെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി അസാധാരണമാംവിധം അനേകായിരങ്ങൾ ഓടിയെത്തുന്നുണ്ട്. അവരുടെ കബറിടങ്ങളിലെത്തിയവരും, അവരിലൂടെ അനുഗ്രഹങ്ങൾ സിദ്ധിച്ചവരുമായ ജനങ്ങളാണ് അവർ നാലുപേരുടെയും നാമകരണ നടപടികൾക്ക് ആരംഭമിടുന്നത്.


നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ ഒരു സഹോദരൻ കൂടി ധന്യനാക്കപ്പെടുമ്പോൾ നാമും ധന്യരാവുകയാണ്. അതേസമയം നമ്മുടെ ബാധ്യതകളും വർദ്ധിക്കുകയാണ്. നമ്മുടെ ജീവിതങ്ങൾ ഒരു സോഷ്യൽ ഓഡിറ്റിന് വിധേയമാവുകയാണ്. നമ്മുടെ ഉത്തരവാദിത്വങ്ങൾ ഏറുകയാണ്. ഉപരിപ്ലവത ഉപേക്ഷിക്കാനും കൂടുതൽ വിശ്വസ്തമാവാനുമുള്ള ബാധ്യത കാലം നമ്മിൽനിന്ന് ആവശ്യപ്പെടുകയാണ്. അതല്ലെങ്കിൽ നാം നാടകം കളിക്കുകയാണ്!



ഇന്ന് (2026ഏപ്രിൽ 26) പൊന്നുരുന്നിയിൽ വച്ച് ഫാ. തെയോഫൻ ധന്യനായി പ്രഖ്യാപിക്കപ്പെടുന്നു

bottom of page