top of page
മുതിര്‍ന്നവരുടെ ഒറ്റപ്പെടലിനെതിരെ ഒരു ആശയ സാഹസികത
"ഭൂമിയില്‍ മനുഷ്യര്‍ വ്യത്യാസങ്ങള്‍ മറന്ന് സമരസപ്പെടുമ്പോഴാണ് സ്വര്‍ഗ്ഗത്തില്‍ ആഹ്ലാദമുണ്ടാവുക." ഷേക്സ്പീയറിന്‍റെ As You like it എന്ന നാടകത്തിലെ(Act 5, Scene 4)ഒരു ഡയലോഗ് ആണിത്. കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് അന്ത്യാളം എന്ന ഗ്രാമത്തില്‍ ഞങ്ങള്‍ മുപ്പത് മുതിര്‍ന്ന പൗരന്മാര്‍ സമരസപ്പെടലിന്‍റെ പാതയിലാണ്. പാതയ്ക്ക് ഞങ്ങള്‍ റൂത്ത് കോണ്‍ അവന്യു എന്നു പേരിട്ടു.
ആരാണ് റൂത്ത് കോണ്‍? എങ്ങനെയാണ് നമ്മുടെ ഈ കൊച്ചുകേരളത്തില്‍ അവരുടെ പേരില്‍ ഒരു വീഥി തുറക്കപ്പെടാന്‍ സാഹചര്യമുണ്ടായത്?
ഹിറ്റ്ലറിന്‍റെ ഭീകരവാഴ്ചയുടെ കാലത്ത് ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന ഒരു യഹൂദ വനിതയാണ് റൂത്ത് കോണ്‍. (1912-2010). അവര്‍ ഒരു മനോവിശകലനവിദഗ്ധയായിരുന്നു. മനശ്ശാസ്ത്രമെന്നത് മാനസികബുദ്ധിമുട്ടുള്ളവരെ സഹായിക്കാന്‍ വേണ്ടി ക്ലിനിക്കുകളില്‍ ഉപയോഗിക്കാനുള്ള ഒരു ചികിത്സാപദ്ധതിയായി ലോപിക്കരുതെന്ന് അവര്‍ ശഠിച്ചു.
"സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു മനശ്ശാസ്ത്രജ്ഞയാണു ഞാന്‍. സമൂഹത്തില്‍ മാറ്റം സംഭവിക്കണമെങ്കില്‍ മറ്റുള്ളവരുടെ നന്മയെയും വിക സന സാധ്യതകളെയും തിരിച്ചറിയാനും ആദരിക്കാനും ഉള്ള മനസ്സുണ്ടാകണം. ഇത് ചികിത്സിക്കുന്ന മനശ്ശാസ്ത്രമല്ല, വളര്‍ത്തുന്ന മനശ്ശാസ്ത്രമാണ്. ഈ രംഗത്തെ എന്‍റെ തനതായ സംഭാവനയാണ് തീം സെന്‍റേര്‍ഡ് ഇന്‍ററാക്ഷന്‍ അഥവാ റ്റിസിഐ".
1993 ല്‍ തമിഴ്നാട്ടില്‍ ഊട്ടിക്കടുത്തുള്ള കോട്ടഗിരിയില്‍ ഇന്ത്യയിലെ ആദ്യ റ്റി.സി.ഐ. ശില്പശാല നടന്നു. അതില്‍ പങ്കെടുക്കുവാന്‍ എനിക്ക് ഭാഗ്യമുണ്ടായി. നാലുവര്‍ഷത്തെ മുഴുസമയ റ്റി.സി.ഐ. പഠനത്തിനുശേഷം 1998 ല്‍ റ്റി.സി.ഐ. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെത്തിച്ചു. അന്നത്തെ വൈസ്ചാന്‍സലര്‍ ഡോ. എ. സുകുമാരന്‍ നായര്‍ പറഞ്ഞു, "റ്റി.സി.ഐ. എന്താണെന്ന് എനിയ്ക്കറിയില്ല, ഏതായാലും ഇത് ജര്‍മ്മനിയിലാണല്ലോ ഉത്ഭവിച്ചത്. അതിനെ അപ്പാടെ എടുക്കാതെ നമ്മുടെ സംസ്കാരത്തിന് ഇണങ്ങുന്ന രൂപത്തിലാക്കുക.Do not adopt it, only adapt it. ഇത് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു. എം.ജി. യൂണിവേഴ്സിറ്റിയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്(IUCDS) മുഖേന റ്റി.സി.ഐ. യില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തപ്പെടുന്നു.
സിനര്‍ജിയുടെ ഉത്ഭവം
ഐശ്വര്യത്തോടെ പ്രായമാകാം, അര്‍ത്ഥവത്തായി ജീവിക്കാം, ഈ തീമില്‍ 2015 ല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി റ്റി.സി.ഐ. മാതൃകയില്‍ രണ്ടു ശില്പശാലകള്‍ യൂണിവേഴ്സിറ്റിയില്‍ നടത്തി. അതില്‍ പങ്കെടുത്തവര്‍ ചേര്‍ന്ന് ഒരു സംഘടന രൂപീകരിച്ചു, "സിനര്‍ജി റ്റി.സി.ഐ. ഫോറം ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ്". സിനര്‍ജിയെന്ന വാക്കിന്‍റെ അര്‍ത്ഥം സംഘോര്‍ജം എന്നാണ്. സമാനമനസ്ക്കര്‍ സംഘം ചേരുമ്പോള്‍ സംഭവിക്കുന്ന ഊര്‍ജ്ജം. ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ടല്ല, രണ്ടിലേറെയാണെന്ന് സിനര്‍ജി തെളിയിക്കുന്നു. ഒരു നല്ല കാര്യത്തിനായി രണ്ടോ മൂന്നോ പേര്‍ ഒത്തുചേരുമ്പോള്‍ അവരില്‍ ദൈവികത രൂപം കൊള്ളുന്നു. ഇന്ന് കോട്ടയം സിനര്‍ജിയില്‍ എണ്‍പതോളം സജീവാംഗങ്ങളുണ്ട്. എല്ലാവരും 55 നു മുകളില്‍ പ്രായമുള്ളവര്‍. പത്തു പ്രവര്‍ത്തന മേഖലകളിലായി സിനര്‍ജിക്കാര്‍ എന്നും തിരക്കിലാണ്.
വ്യത്യസ്തമായ കാഴ്ചപ്പാടുകളും സിദ്ധികളും കഴിവുകളും ജീവിതാനുഭവങ്ങളും ഉള്ള സിനര്‍ജിക്കാര്‍ പാട്ടുക്കൂട്ടം, റീഡേഴ്സ് ഫോറം, 'കയ്യൊപ്പ്' എന്ന കയ്യെഴുത്തു മാസിക, മൂന്നു മാസത്തിലൊരിക്കല്‍ യാത്ര, മാസത്തിലൊരിക്കല്‍ പെപ്ടോക്ക്, എല്ലാ മാസവും കൂടിവരവിന്‍റെ വേളകളില്‍ ഒന്നര മണിക്കൂര്‍ നീളുന്ന റ്റിസിഐ സെഷന്‍, ഒഴുക്കിനെതിരെ നീങ്ങുന്ന അപൂര്‍വ വ്യക്തിത്വങ്ങളെ അടുത്തറിയാന്‍ ഹ്യൂമന്‍ ലൈബ്രറി, ഹൃദയബന്ധങ്ങളുടെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുന്ന പ്രതിമാസ ലിവിംഗ് ലേണിംഗ് ഗ്രൂപ്പുകള്‍ - എന്നുവേണ്ട ഇവിടെ എന്നും തിരക്കാണ്.
സിനര്‍ജിയുടെ ദര്‍ശനം വെളിവാക്കുന്ന പുസ്തകം "ഐശ്വര്യത്തോടെ പ്രായമാകാം, അര്‍ത്ഥവത്തായി ജീവിക്കാം" 2016 ല്‍ ഇറക്കി. സിനര്‍ജിയുടെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ വാര്‍ഷികാഘോഷത്തിലും ന്യൂസ്ലെറ്ററായി അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു.
സിനര്‍ജി ഹോംസ് എന്ന സ്വപ്നം
2015 ല്‍ ആരംഭിച്ച യാത്ര 2019 ല്‍ എത്തിയപ്പോള്‍ ഞങ്ങളുടെ സംഘോര്‍ജത്തിന് ആത്മസംഘോര്‍ജത്തിന്‍റെ ആഴം വന്നു തുടങ്ങിയെന്നു തോന്നി. വ്യത്യാസങ്ങള്‍ നിലനില്‍ക്കേത്തന്നെ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്നു, അറിയപ്പെടാതെ നന്മ ചെയ്യാനും ആശ്വാസം തേടാതെ ആശ്വസിപ്പിക്കാനും അദൃശ്യമായി നേതൃത്വം വഹിക്കാനും ഞങ്ങള്‍ ശീലിച്ചു തുടങ്ങി. അപ്പോള്‍ ഞങ്ങള്‍ ഇങ്ങനെ ചിന്തിച്ചു - ഇത്രയും അടുത്തറിഞ്ഞ നമ്മള്‍ എന്തിനു വേറിട്ടു വസിക്കണം? എന്തിന് ഓരോ വീട്ടിലും അടുക്കള? എന്തിന് നമുക്കിടയില്‍ ചുറ്റുമതിലുകളും കാവല്‍നായ്ക്കളും? വീടുകളില്‍ ഒതുങ്ങി 'കഴിഞ്ഞുകൂടു'ന്നതിന് അപ്പുറം ജീവിതത്തിന് ഒരു അതീത ലക്ഷ്യം വേണ്ടേ?
മുപ്പതു പേര്‍, പതിനഞ്ചു കുടുംബങ്ങള്‍, മുമ്പോട്ടു വന്നു. അന്വേഷണങ്ങള്‍, ആലോചനകള്‍, കണ്ടെത്തലുകള്‍, നടത്തിപ്പ് - അതിനിടയില്‍ കോവിഡ് ഉള്‍പ്പെടെ ആന്തരികവും ബാഹ്യവുമായ വെല്ലുവിളികള്‍ ഏറെ. എല്ലാം എളുപ്പമായിരുന്നെങ്കില്‍ ഞങ്ങളെങ്ങനെ വളരുമായിരുന്നു? ഞങ്ങള്‍ മുപ്പതു പേരും സാധാരണ മനുഷ്യരാണ്, കുറ്റവും കുറവുകളും ഉള്ളവര്‍. ഞങ്ങളുടെ കൂട്ടത്തില്‍ പുണ്യവാന്മാരോ പുണ്യവതികളോ ഇല്ല. പക്ഷേ ചില ബോധ്യങ്ങള്‍ ഞങ്ങള്‍ക്കുണ്ട്.
ഒന്ന്, ഞങ്ങള്‍ അനുസ്യൂതം സ്വയം സ്ഫുടം ചെയ്യണം.
രണ്ട്, ഒറ്റയ്ക്കൊറ്റയ്ക്ക് ഞങ്ങള്‍ ദുര്‍ബല ചരടുകളാണ്, പക്ഷേ കണ്ണി ചേരുമ്പോള്‍ ഞങ്ങളൊരു സ്നേഹവലയാണ്.
മൂന്ന്, ജനിച്ചു വളര്‍ന്ന മതങ്ങളിലൂടെയും കിട്ടിയ വിദ്യാഭ്യാസത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും കിട്ടിയ മാനുഷികമൂല്യങ്ങള്‍ ഞങ്ങള്‍ക്കു കൈമുതലാണ്, അതേ സമയം മതങ്ങള്‍ ഞങ്ങളുടെ ഇടയില്‍ മതിലുകള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ കൂട്ടത്തില്‍ ക്രിസ്ത്യനും ഹിന്ദുവും മുസ്ലീമും ഉണ്ടെന്നത് ഞങ്ങള്‍ക്ക് അഭിമാനമാണ്.
നാല്, സിനര്‍ജി ഹോംസ് ഒരു എളിയ തുടക്കം മാത്രമാണ്. ഞങ്ങളുടെ ഓരത്തുകൂടി ഒഴുകുന്ന ളാലം തോട്ടിലെ ഒരു ചിറ്റോളം മാത്രമാണ്. ഇത് ഒരു വന്‍ തിരയായി വളര്‍ന്ന് നവസമൂഹ രചനയ്ക്കുള്ള ആഹ്വാനമാകണം. കേരളപ്പിറവി നാളില്‍ത്തന്നെ പാലുകാച്ചലുകള്‍ നടന്നത് ദൈവികമായ പദ്ധതിയുടെ ഭാഗമാകട്ടെ.
സിനര്‍ജി ഹോംസിന്‍റെ ഉദ്ഘാടനം
2024 ലെ കേരളപ്പിറവിയുടെ പിറ്റേന്നു നടന്ന ഉദ്ഘാടനസമ്മേളനം ഞങ്ങള്‍ ബോധപൂര്‍വം ചിട്ടപ്പെടുത്തി.
1. ജനപ്രതിനിധികള്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കാനും തുടര്‍ന്നുള്ള പ്രയാണത്തില്‍ സഹകാരികളാകാനും മുമ്പോട്ടു വന്നു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് അവര്‍ തെളിയിച്ചു.
2. വീട്ടമ്മമാര്‍ മണ്‍ചിരാതുകളില്‍ വെളിച്ചം ഏറ്റുവാങ്ങി. ഞങ്ങള്‍ മണ്‍ചിരാതുകള്‍ മാത്രമാണ്.
3. നവസമൂഹ രചനയില്‍ ക്രിയേറ്റിവിറ്റിയ്ക്കുള്ള പ്രാധാന്യം - ഇതായിരുന്നു വൈസ്ചാന്‍സലറുടെ മുഖ്യപ്രഭാഷണത്തിലെ സന്ദേശം.
4. സിനര്‍ജി ഹോംസിന്‍റെ മാതൃകയെ മന്ത്രി നാടിനു സമര്‍പ്പിച്ചു. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നും മാത്രമല്ല കേരളത്തിനു പുറത്തു നിന്നും സിനര്‍ജി ഹോംസിനെപ്പറ്റി പഠിക്കാന്‍ ആളുകള്‍ എത്തുന്നു.
5. സിനര്‍ജിയുടെ മാതൃകയില്‍ എം ജി യൂണിവേഴ്സിറ്റി ആരംഭിച്ചിട്ടുള്ള U3A (യൂണിവേഴ്സിറ്റി ഓഫ് ദ തേര്‍ഡ് ഏജ്) സിനര്‍ജി ഹോംസിനെ മുതിര്‍ന്നവരുടെ സഹവാസത്തിന് മാതൃകയായി സ്വീകരിച്ചു കഴിഞ്ഞു. വാഴൂരില്‍ ആരംഭിക്കുന്ന U3A ബട്ടര്‍ഫ്ളൈ ഹോംസിലേക്ക് അഞ്ചുപേര്‍ വൈസ് ചാന്‍സലറില്‍ നിന്നും ദീപം കൊളുത്തി വാങ്ങി.
സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു
അന്ത്യാളത്തെ സിനര്‍ജി ഹോംസ് നല്ല പച്ചപ്പിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ളാലം തോട് അതിരിട്ടൊഴുകുന്നു. തോട്ടില്‍ ഇറങ്ങിക്കുളിക്കാന്‍ കടവുണ്ട്. കുട്ടവഞ്ചി വാങ്ങണം. തോട്ടരികില്‍ പാര്‍ക്ക് നിര്‍മ്മിക്കണം, അവിടെ വൈകുന്നേരം സംഗീതം ഒഴുകണം, സ്വരച്ചേര്‍ച്ച (harmony) ഉള്ള ജീവിതം, പരസ്പരം താങ്ങും തണലുമാകുന്ന ജീവിതം, ഈഗോ വെടിഞ്ഞുള്ള ഇടപെടലുകള്‍, ഓരോ ദിവസവും വീട്ടില്‍ നാലഞ്ചു സന്ദര്‍ശകര്‍. മിണ്ടാന്‍ ഒരാളല്ല, നിരവധി ആളുകള്‍. നമുക്ക് ഇനിയുള്ള കാലം മിണ്ടിയും പറഞ്ഞും കളിച്ചും ചിരിച്ചും കഴിയാം.
ഉണ്ടല്ലോ, തരാമല്ലോ
സിനര്‍ജി ഹോംസിലെ വാസത്തിന്‍റെ രണ്ടാം ദിവസം രാവിലെ എഴുന്നേറ്റു, പല്ലുതേച്ചു, ഷേവ് ചെയ്യാമെന്നു വിചാരിച്ചപ്പോള്‍ ഷേവിംഗ് സെറ്റ് ഇല്ല. തൊട്ടയലത്തെ വീട്ടില്‍ ചെന്ന് മണിയടിക്കാതെ വിളിച്ചു ചോദിച്ചു, ഷേവിംഗ് സെറ്റ് എക്സ്ട്രാ ഉണ്ടോ? ഉടന്‍ സന്തോഷത്തോടെ വന്ന മറുപടി: "ഉണ്ടല്ലോ, തരാമല്ലോ."
ബ്രേക്ക്ഫാസ്റ്റിന് എല്ലാവരും ഒത്തുകൂടിയപ്പോള്‍ ഉറക്കെ ചോദിച്ചു, നമുക്ക് സിനര്‍ജി ഹോംസില്‍ സ്വയം പര്യാപ്തത വേണോ, പരസ്പരാശ്രയത്വം വേണോ? എല്ലാവരും പറഞ്ഞു, പരസ്പരാശ്രയത്വം മതിയെന്ന്. ഞാന്‍ മനസ്സു കൊണ്ടു പ്രാര്‍ത്ഥിച്ചു, ദൈവമേ അന്നന്നു വേണ്ട അപ്പം നീ തരേണമേ, എന്നാല്‍ എനിക്കു വേണ്ടതെല്ലാം എന്‍റെ ഫ്രിഡ്ജില്‍ ഉണ്ടല്ലോ എന്നു വരരുതേ.
സിനര്‍ജി ഹോംസിന്‍റെ ഏതാനും സവിശേഷതകള്‍
1 ഇത് മാനവികതയ്ക്ക് ഒരിടം. മനസ്സ് നന്നാവട്ടെ, മതം ഏതെങ്കിലും ആവട്ടെ,
2 ഇത് വളരാനും വളര്‍ത്താനും ഒരിടം. "എല്ലാ ജീവജാലങ്ങളും ആദരവ് അര്‍ഹിക്കുന്നു, ആദരവിന്‍റെ അന്തരീക്ഷത്തില്‍ മാത്രമേ വളര്‍ച്ച സംഭവിക്കുകയുള്ളൂ." ഈ റ്റി സി ഐ തത്വം ഞങ്ങള്‍ക്ക് പ്രാണവായു ആണ്.
3 ഇത് ബദലുകള്‍ക്കൊരിടമാണ്. സിനര്‍ജി ഹോംസിലെ അന്തേവാസികളായ ഞങ്ങള്‍ മുപ്പതുപേര്‍ ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്ത സംഘടനയു ടെ പേര് "സൊസൈറ്റി ഫോര്‍ ആള്‍ട്ടര്‍നേറ്റ് ലിവിംഗ്" എന്നാണ്. പല കാര്യങ്ങളിലും ഒഴുക്കിനെതിരേ നിലപാടുകള്‍ എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു.
4 "സ്വാതന്ത്ര്യം എപ്പോഴും പരിധികള്‍ക്കുള്ളിലാണ്, പരിധികളെ വേണമെങ്കില്‍ വികസിപ്പിക്കാവുന്നതേ ഉള്ളു." റ്റിസിഐയുടെ ഈ പ്രമാണവും ഞങ്ങള്‍ക്കു പ്രധാനമാണ്. ഞാനൊരു സ്ത്രീയല്ലേ, ഞാനൊരു ക്രിസ്ത്യാനിയല്ലേ, എനിക്ക് എഴുപതു വയസായില്ലേ, അങ്ങനെ ഒതുക്കുന്ന ചിന്തകളെ മെരുക്കാന്‍ ഒരിടം.
5 പുഴുവിന് ചിത്രശലഭമാകാമെങ്കില്‍ എന്തുകൊണ്ട് മനുഷ്യരാശിക്കു തന്നെ ചിത്രശലഭമായിക്കൂടാ എന്നു ചോദിച്ച നോറി ഹഡിലിന്‍റെ പ്രചോദനത്ത ില് നവസമൂഹരചനയെ സിനര്‍ജി സ്വപ്നം കാണുന്നു. പുഴുവിനെ ശലഭമാക്കുന്നത് പുഴുശരീരത്തില്‍ത്തന്നെയുള്ള 'ഇമാജിനല്‍' സെല്ലുകളാണ്. അവയുടെ ജനിതകരേഖ ഭാവിയില്‍ ശലഭം ഉണ്ടാകാനുള്ളതാണ്. വഴിമാറി ചിന്തിച്ചും ഒഴുക്കിനെതിരെ നീന്തിയും സാമൂഹികമാറ്റത്തിനു ചാലകശക്തികളാകുന്നവര്‍ സമൂഹഗാത്രത്തിലെ ഇമാജിനലുകളാണ്. സിനര്‍ജിഹോംസിലുള്ള ഞങ്ങളും ഈ ലേഖനം വായിച്ച് ഈ കോണ്‍സപ്റ്റ് ഇഷ്ടപ്പെടുന്ന താങ്കളും ഇമാജിനലുകള്‍ ആവണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റൊരു ലോകം സാധ്യമാണ്, അതു നമുക്ക് അന്ത്യാളത്ത് ആരംഭിക്കാം.
6. സിനര്‍ജി ഹോംസിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പല അതിഥികളും ഉപയോഗിച്ച ഒരു വാക്കായിരുന്നു 'സംസ്ക്കാരം' എന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഒ രു ബദല്‍ സംസ്ക്കാരം ജീവിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനു പ്രചോദനം തരുന്ന ഒന്നാണ് ഉബുണ്ടു.
ആഫ്രിക്കയില്‍ ഉബുണ്ടു എന്നൊരു ട്രൈബല്‍ വിഭാഗമുണ്ട്. അവരെപ്പറ്റി ഒരു കഥയുണ്ട്. അത് ഇപ്രകാരമാണ്. ഒരു നരവംശ ശാസ്ത്രജ്ഞന്‍ ഉബുണ്ടു സംസ്കാരത്തെപ്പറ്റി പഠിക്കാന്‍ അവരുടെ ഊരിലെത്തി. മധുരപലഹാരങ്ങളുടെ ഒരു ബാസ്ക്കറ്റ് അദ്ദേഹം കരുതിയിരുന്നു. ആകര്‍ഷകമായ റിബ്ബണ്‍ കെട്ടി അദ്ദേഹം ബാസ്ക്കറ്റ് ഒരു മരച്ചുവട്ടില്‍ വച്ചു. അവിടെ കൂടിയ കുട്ടികളോട് അയാള്‍ പറഞ്ഞു. ഈ പലഹാരങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്. ഞാന്‍ ഒരു വര വരയ്ക്കാം. നിങ്ങള്‍ വരയ്ക്കു വെളിയില്‍ നില്ക്കണം. വിസില്‍ അടിക്കുമ്പോള്‍ ഓടിച്ചെന്ന് എടുക്കാം. ആദ്യമെത്തുന്നവന് വേണമെങ്കില്‍ മുഴുവന്‍ സ്വന്തമാക്കാം.
വിസില്‍ മുഴങ്ങി. പക്ഷേ അവിടെ സംഭവിച്ചത് ശാസ്ത്രജ്ഞനെ അത്ഭുതപ്പെടുത്തി. കുട്ടികള്‍ ഓടിയില്ല. അവര്‍ പരസ്പരം കൈ പിടിച്ച് വേഗത്തില്‍ ബാസ്ക്കറ്റിന്‍റെ അടുത്തേയ്ക്കു നടന്നു. ഉള്ള പലഹാരങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു. അവര്‍ മത്സരിച്ചില്ല. അടിപിടി കൂടിയില്ല. എന്തേ നിങ്ങള്‍ ഇങ്ങനെ ചെയ്തുവെന്നു ചോദിച്ചപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ മറുപടി ഇതായിരുന്നു. മറ്റുള്ളവരെല്ലാം ദുഃഖത്തിലാകുന്നിടത്ത് ഞങ്ങളില്‍ ഒരാള്‍ക്ക് എങ്ങനെ സന്തോഷിക്കാനാവും?
ഉബുണ്ടു എന്ന വാക്കിന്‍റെ അര്‍ത്ഥം ഇതാണ്: I am because we are.. ഞാന്‍ ആയിരിക്കുന്നത് നമ്മള്‍ ഉള്ളതുകൊണ്ടാണ്.
7. സിനര്‍ജിയെന്ന സംഘടനയുടെ പേരില്‍ത്തന്നെ എഴുതിച്ചേര്‍ത്തിട്ടുള്ള ഒരു ഘടകമാണ് റ്റിസിഐ എന്നത്. റ്റിസിഐ ഇല്ലെങ്കില്‍ സിനര്‍ജിയില്ല. ഇതിന്‍റെ ഉപജ്ഞാതാവായ റൂത്ത് കോണ്‍ ഒരു സൈക്കോ തെറാപ്പിസ്റ്റ് മാത്രമായിരുന്നില്ല. അവര്‍ ഒരു സോഷ്യല്‍ തെറാപ്പിസ്റ്റ് കൂടിയായിരുന്നു. സമൂഹം പല രീതിയിലും ഇന്ന് രോഗഗ്രസ്ഥമാണ്. ചികിത്സ ആവശ്യമുണ്ട്. "നാമൊക്കെ ഈ ലോകത്തിന്‍റെ സൃഷ്ടിയില്‍ സഹസ്രഷ്ടാക്കളാണ്. ഇതു നശിച്ചാല്‍ ഇതിന്‍റെ നാശത്തില്‍ നമ്മള്‍ കൂട്ടുപ്രതികളായി എണ്ണപ്പെടും." (റൂത്ത് കോണ്‍)
8. ജാതിയും മതവും രാഷ്ട്രീയവും, വിദ്യാഭ്യാസവും സാമ്പത്തിക നിലവാരവും ഒക്കെ നമ്മെ തട്ടുതിരിക്കുന്ന ലോകത്ത് റ ൂത്ത് കോണ്‍ സ്വയം ഇപ്രകാരം വിശേഷിപ്പിച്ചു: I am a planetary citizen. അതേ കാലത്ത്, 1980 കളില്‍ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടം എന്ന ഗ്രാമത്തിലിരുന്ന് ഡി. പങ്കജാക്ഷന്‍ സാര്‍ പറഞ്ഞു, ഞാന്‍ ഭൂമിക്കാരനാണ്. സിനര്‍ജി ഹോംസിന് ചുറ്റുമതില്‍ വേണ്ടെന്നു വയ്ക്കുന്നതിലൂടെ വലിയൊരു തള്ളിപ്പറയല്‍ നടക്കുന്നുണ്ട്. "പുതിയ ലോകം പുതിയ വഴി" എന്ന പുസ്തകത്തില്‍ സവസമൂഹ രചനയ്ക്കു വേണ്ട മൂന്നു പടികള്‍ സാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
1 ഇന്നിന്‍റെ വിശകലനം
2 നാളെയുടെ ഭാവന (സങ്കല്പം)
3 ഭാവനയെ യാഥാര്‍ത്ഥ്യമാക്കുവാനുള്ള കര്‍മ്മപദ്ധതി
സിനര്‍ജി ഹോംസ് അത്തരമൊരു കര്‍മ്മപദ്ധതിയാണ്.
9. സിനര്‍ജി ഹോംസിലെ ഇക്കിഗായ്
സന്തോഷത്തോടും ആരോഗ്യത്തോടും കൂടിയ ദീര്‍ഘകാലജീവിതത്തിന് ജാപ്പനീസ് ഭാഷയില്‍ ഒരു വാക്കുണ്ട്, അതാണ് ഇക്കിഗായ്. "ജീവിക്കാന്‍ ഒരു കാരണം" എന്നാണ് അര്‍ത്ഥം. ജപ്പാനിലെ ഒക്കിനാവോ ദ്വീപുകാരുടെ വാക്കുകളില്‍ പറഞ്ഞാല്‍ അവരുടെ ഇക്കിഗായ് ആണ് അവരെ "രാവിലെ ഉണര്‍ത്തുന്നത്." ജീവിതത്തിന് ഒരു ദൗത്യമുണ്ടായിരിക്കുകയെന്നത് ഒക്കിനാവോക്കാര്‍ക്ക് പ്രധാനമാണ്.
ഇക്കിഗായ് എന്ന വാക്കിന് "എപ്പോഴും തിരിക്കിലായിരിക്കുന്നതിന്‍റെ സുഖം" എന്നും അര്‍ത്ഥമുണ്ട്. ഒക്കിനാവോയില്‍ തിരക്ക് മാത്രമല്ല, കളിയും ചിരിയും തമാശയുമുണ്ട്. പ്രകൃതിയിലെ പച്ചപ്പും തെളിനീരും അവരുടെ ജീവിതത്തിലും പ്രതിഫലിക്കുന്നു. കേരളത്തിലെ ഒരു 'ഇക്കിഗായ് തുരുത്ത്' ആകാന്‍ സിനര്‍ജി ഹോംസ് ആഗ്രഹിക്കുന്നു. ഒരു കാര്യം ഉറപ്പാണ്. ഓരോ പ്രഭാതത്തിലും ഞങ്ങള്‍ ആവേശത്തോടെ ആകും ഉണരുക. ഒറ്റയ്ക്കും കൂട്ടായും ചെയ്യാന്‍ എത്രയോ കാര്യങ്ങള്‍ കിടക്കുന്നു.
മനുഷ്യര്‍ അന്യോന്യം നല്ല വ്യക്തിബന്ധത്തില്‍ വന്ന് ചെറു വൃത്തങ്ങളായി കൂടി ആലോചിച്ച് ജീവിക്കുവാന്‍ തുടങ്ങിയാല്‍ ലോകം സ്വസ്ഥമാകും. പ്രശ്നങ്ങള്‍ അന്നും ഉണ്ടാകും. അതത് സമൂഹങ്ങളില്‍ അവ പരിഹരിക്കപ്പെട്ടുകൊള്ളും. പ്രാദേശികാടിസ്ഥാനത്തില്‍ രൂപപ്പെട്ടുവരുന്ന ഓരോ ചെറുസമൂഹവും പരസ്പരം ബന്ധപ്പെട്ട് വിശ്വസമൂഹം ആയിക്കൊള്ളും.
10. മനുഷ്യരുടെ സന്തോഷത്തിന്‍റെയും സംതൃപ്തിയുടെയും നിദാനമെന്ത് എന്ന പഠനമാണ് ലോകം കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ഗവേഷണം. ഇത് 75 വര്‍ഷം നീണ്ടു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയാണ് നേതൃത്വം കൊടുത്തത്. ഒരു നിര മനശ്ശാസ്ത്രജ്ഞന്മാര്‍ ഒന്നിനു പിറകെ ഒന്നായി ഇതു നയിച്ചു. 75 -ാം വര്‍ഷം ഇത് ഉപസംഹരിച്ചത് റോബര്‍ട്ട് വാല്‍ഡിംഗര്‍ എന്ന മനശ്ശാസ്ത്രജ്ഞനാണ്. ഗവേഷണത്തിന്‍റെ കണ്ടെത്തല്‍ ചുരുങ്ങിയ വാക്കുകളില്‍ വാല്‍ഡിംഗര്‍ ഇങ്ങനെ അവതരിപ്പിച്ചു. “Having higher quality of close connections is more important than our number of connections for our well being.”സിനര്‍ജിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇഴയടുപ്പമുള്ള ഹൃദയബന്ധങ്ങളാണ് നമ്മുടെ സന്തോഷത്തിന്‍റെ അടിസ്ഥാനം.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയെപ്പറ്റി അഭിമാനിക്കാന്‍ പല കാരണങ്ങളുണ്ട്. ഗവേഷണ മികവ് അതില്‍ പ്രധാനമാണ്. ഒപ്പം എടുത്തു പറയേണ്ട ഒന്നാണ് സാമൂഹ്യ പ്രതിബദ്ധത. കോട്ടയം സാക്ഷരതാ യജ്ഞ (1989)ത്തിനും നാല്പാത്തിമലയിലെ പരീക്ഷണ (1990 - 2005)ത്തിനും നേതൃത്വം കൊടുത്ത യൂണിവേഴ്സിറ്റി ഇപ്പോള്‍ U3A എന്ന യൂണിവേഴ്സിറ്റി ഓഫ് തേര്‍ഡ് ഏജിലൂടെ കേരളമൊട്ടാകെ മുതിര്‍ന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു, സിനര്‍ജിയെ നല്ല മാതൃകയായി അംഗീകരിച്ച് U3Aയിലേക്കെടുത്തു. ഇന്നിത് MGU3Aമോഡല്‍ എന്ന പേരില്‍ 2025 ഏപ്രില്‍ മാസത്തില്‍ ഹോങ്കോങ്ങിലെ അന്തര്‍ദ്ദേശീയ U3A സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോകുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.റ്റി. അരവിന്ദകുമാറിന്‍റെ ദീര്‍ഘ വീക്ഷണത്തിനും U3A ഡയറക്ടറായ ഡോ. ടോണി കെ. തോമസിനും സിനര്‍ജി നന്ദി രേഖപ്പെടുത്തുന്നു.
കൂടുമാറ്റത്തിന് ഒരുമ്പെട്ട സിനര്‍ജി കുടുംബങ്ങള്‍
നാരായണന്‍ പോറ്റി & രാധാദേവി
കേണല്‍ മാത്യു മുരിക്കന്‍ & ഡോളി
ജോയി മാത്യു & ഗ്രെറ്റാ
അലക്സ് മാത്യു & മിനി
ജേക്കബ് കാട്ടാമ്പള്ളി & ആന്‍സി
എം കെ മാത്യു(മോട്ടി) & ലാലി
ഡോ. എം സി ജോസഫ് & വത്സമ്മ
കേണല്‍ പിസി ഫിലിപ്പ് & മറിയമ്മ
നാസര്‍ മേത്തര്‍ & ഷീബ
മാണി ജോണ്‍ & ലിസ്സി
ഏബ്രഹാം തോമസ് & ലിസ്സി
ബ്രിജേഷ് ജോര്‍ജ് & ഫോസി
പോള്‍സാര്‍ & മേരിറ്റീച്ചര്‍
സി തോമസ് ഏബ്രഹാം & മോളി
ഉപസംഹാരം
സിനര്‍ജി എങ്ങും എത്തിയിട്ടില്ല, അന്വേഷണത്തിന്‍റെ പാ തയിലാണ്, സത്യാന്വേഷണത്തിന്‍റെ പാതയില്‍. ചേര്‍ന്നു നടക്കാന്‍ കുറെയേറെപ്പേര്‍ മുമ്പോട്ടു വന്നിട്ടുണ്ട്. മുതിര്‍ന്നവരുടെ ഒറ്റപ്പെടലിനെതിരെയും നവസമൂഹ രചനയ്ക്കു വേണ്ടിയുമുള്ള ഈ ആശയസാഹസികതയില്‍ പങ്കു ചേരാന്‍ താല്പര്യമുള്ളവര്‍ വാട്സ്ആപ്പില്‍ 9447180439 അഥവാ E-mail: thomasabraham.tci@gmail.com ബന്ധപ്പെടുക.
ഡോ. സി. തോമസ് ഏബ്രഹാം
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി
ലൈഫ് ലോംഗ് ലേണിംഗ് വകുപ്പിന്‍റെ മുന്‍ തലവന്‍