ജോര്‍ജ് വലിയപാട
top of page
ഹൃദയം കൊതിക്കുന്നൊരു ജീവിതം "മലയിലുയര്‍ത്തപ്പെട്ട പട്ടണം" പോലെ. അതാണ് അസ്സീസിയിലെ വി. ഫ്രാന്‍സീസിന്‍റെ ജീവിതം. ആദര്‍ശലോകത്തെ മാതൃകാരൂപമാണ് അദ്ദേഹം. വിശുദ്ധിയുടെ ആകാശങ്ങളുടെ അകലങ്ങളിലെ പ്രകാശതാരം. ആത്മാവില്‍ അതിതീവ്രഭാവങ്ങളെ തൊട്ടുണര്‍ത്തുന്ന ചൈതന്യധാര. "ആഴം ആഴത്തെ വിളിക്കുന്ന അനുഭവം."
മനസ്സിലെന്നും പതിഞ്ഞു കിടക്കുന്ന ഫ്രാന്‍സീസിന്‍റെ ഒരു ചിത്രമുണ്ട്. രാത്രിയുടെ യാമങ്ങളില്‍ കടുത്ത ഏകാന്തതയുടെ ആവരണത്തിനുള്ളില്‍ കോര്‍ത്തുപിടിച്ച കരങ്ങളുമായി ക്രൂശിതനായ നാഥനെ നോക്കി നിര്‍വൃതിപൂണ്ടു നില്‍ക്കുന്ന വ്യക്തി! അരണ്ട വെളിച്ചത്തില്‍ ആ രണ്ടു രൂപങ്ങള്‍ മാത്രം കാണാം. ക്രൂശിത രൂപത്തിന്‍റെ പാര്‍ശ്വവീക്ഷണമേ അല്പമായി ലഭിക്കുന്നുള്ളൂ. ഫ്രാന്‍സീസിന്‍റെ മുഖം ദിവ്യമായൊരു പ്രകാശത്താല്‍ തെളിയുന്നു. ശരീരത്തിലാണെങ്കിലും ആത്മാവിന്‍റെ അഭൗമികമേഖലകളിലെങ്ങോ സ്വയം മറന്ന്, നാഥനില്‍ ലയിച്ചു കഴിയുന്ന, ആ മുഖത്ത് എന്‍റെ ദൈവത്തിന്‍റെ രഹസ്യം വെളിപ്പെടുന്നു. അതാണെനിക്കു ഫ്രാന്‍സീസ്.
ഈശോയുടെ ജീവിതത്തെ, അതിന്‍റെ വൈവിധ്യമാര്‍ന്ന രൂപഭാവങ്ങളെ, ഒരു മനുഷ്യനു സാധ്യമാകുന്നതിന്‍റെ പൂര്‍ണതയില്‍ പുനരവതരിപ്പിക്കാന്‍ കഴിഞ്ഞ ഫ്രാന്‍സിസ്, മാംസത്തിലവതരിച്ചവനെ, പാപം പിച്ചിച്ചീന്തിയ പഴയ വസ്ത്രത്തിന്‍റെ കീറലുകളോളം എത്തിച്ചുതരുന്നത്, ഉള്ളിന്നുറപ്പായി മാറുന്നു. ക്രിസ്താനുകരണത്തിന്‍റെ ഉത്തുംഗകൊടുമുടിയില്‍ നില്‍ക്കുമ്പോഴും അങ്ങ് വിദൂരതാഴ്വരകളിലെങ്ങോ ഇനിയും തന്‍റെ തീര്‍ത്ഥാടനമാരംഭിക്കാത്തവനെപ്പോലെ ചിന്തിക്കുന്ന അസ്സീസിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ എന്‍റെ കര്‍ത്താവിന്‍റെ മഹോന്നത വ്യക്തിത്വത്തെക്കുറിച്ചുള്ള നേരിയ ബോധ്യമാണുണരുന്നത്.
ജീവിതത്തിനെന്നും പ്രചോദനമായി സൂക്ഷിക്കുന്ന ബോധ്യങ്ങളും ദര്‍ശനങ്ങളും രൂപപ്പെടുത്തുന്നതിന് ഫ്രാന്‍സീസിന്‍റെ മാതൃകയോളം മറ്റൊന്നും ഉപകരിച്ചിട്ടില്ല എന്നത് ഒരു സത്യം മാത്രമാണ്. തിരുവചനത്തിന്‍റെ ഉള്‍പൊരുളുകള്‍പോലും പലപ്പോഴും നമുക്കു വ്യക്തമാവുക വിശുദ്ധരുടെ ജീവിതങ്ങളാകുന്ന പ്രിസത്തിലൂടെ കടന്നുവരുമ്പോഴാണല്ലോ. സുവിശേഷ ദാരിദ്ര്യത്തില്‍ ക്രിസ്താനുകരണത്തിന്‍റെ കാമ്പുകണ്ട വിശുദ്ധന്‍ കര്‍ത്താവിന്‍റെ മനസ്സും അവിടുത്തെ ജീവിതത്തിന്‍റെ രഹസ്യവും അറിഞ്ഞവനാണ്. അടുക്കുന്തോറും അത്ഭുതമായി വിടരുന്ന വ്യക്തിത്വമാണ് ഫ്രാന്‍സീസിന്‍റേത്.
ജീവിതത്തിന്‍റെ കുറവുകള്‍ക്കുമുമ്പില്‍ ലജ്ജിച്ചു നില്‍ക്കുമ്പോഴും സ്വയം അംഗീകരിക്കാനും ആയിരിക്കുംവിധം മറ്റുള്ളവരാല്‍ അറിയപ്പെടാനും മനസ്സ് വിമുഖത കാണിക്കുമ്പോഴും ഫ്രാന്‍സീസിന്‍റെ വാക്കുകള്‍ ശക്തി പകരുന്നു. "ഞാനെന്‍റെ ദൈവത്തിന്‍റെ മുമ്പിലെന്താണോ, അതിലൊട്ടും കൂടുതലുമല്ല, ഒട്ടും കുറവുമല്ല." അവര്‍ണനീയമായ സ്നേഹവും ദാനവുമായ ദിവ്യകാരുണ്യാനുഭവത്തിന്‍റെ സ്വര്‍ഗീയ നിമിഷങ്ങളില്‍ വാക്കുകളാല്‍ സാധ്യമാകുന്ന ആത്മപ്രകാശനത്തിന്‍റെ അതിരുകളില്‍ തെളിയുക അസ്സീസിയുടെ നെടുവീര്‍പ്പുകള്‍ തന്നെ: "എന്‍റെ ദൈവമേ; എന്‍റെ സര്‍വ്വസ്വവുമേ." ഈ ജീവിതതീര്‍ത്ഥാടനത്തില്‍ 'ജറുസലേം - ജറീക്കോ' പാതയില്‍ ശത്രുവിന്‍റെ ആക്രമണമേറ്റു തളര്‍ന്നു വീഴുന്ന സന്ദര്‍ഭങ്ങളില്‍, പ്രലോഭനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത് രക്താങ്കിതനായി, വിജയിയായി, മുള്‍പ്പടര്‍പ്പില്‍ നിന്ന് എഴുന്നേറ്റു വരുന്ന ഫ്രാന്‍സീസിന്‍റെ ആത്മഗതം മറ്റൊരു സമരത്തിന് കരുത്തേകുന്നു. "ഇതു സാരമില്ല. ഈ മുറിവുകള്‍ ചെറുതാണ്. എന്‍റെ ശരീരത്തിനല്ലാതെ ആത്മാവിനു മുറിവുണ്ടാകാന്‍ ഞാന്‍ സമ്മതിക്കുകയില്ല."
കുരുവിയെപ്പോലെ നിസ്സാരന്‍; പുല്‍ക്കൊടിപോലെ ലാളിത്യമാര്‍ന്നവന്‍; കുഞ്ഞിക്കാറ്റുപോലെ സ്വതന്ത്രന്‍. ഒപ്പം ആഴിയുടെ ആഴവും, ആകാശങ്ങളുടെ വ്യാപ്തിയും ആകാശഗോളങ്ങളുടെ ബാഹുല്യവും ഉള്‍ക്കൊണ്ടവന്‍. ഏറ്റം വലിയവര്‍ക്കല്ലേ ഏറ്റം ചെറുതാകാന്‍ കഴിയൂ. യഥാര്‍ത്ഥമഹത്വത്തിന്‍റെ പാഠങ്ങള്‍ ഞാന്‍ ഈ പാഠശാലയില്‍ നിന്നാണു പഠിക്കുന്നത്.
അല്‍വേര്‍ണാമലയിലെ മഹാസംഭവം. നാഥനെപ്പോലെ നാല്പതുനാള്‍ ഉപവസിച്ച്, ജീവിതത്തിന്‍റെ അഭിലാഷമായി, അവിടുത്തെ അതിരറ്റ സഹനത്തിലും അളവറ്റ സ്നേഹത്തിലും മനുഷ്യപ്രകൃതിക്കൂള്‍ക്കൊള്ളാവുന്നതിന്‍റെ പരമാവധി പങ്കുചേരാനുള്ള കൃപയ്ക്കായി സമര്‍പ്പിച്ച നീണ്ട പ്രാര്‍ത്ഥനയുടെ നാളുകള്‍. ഈശോ തന്‍റെ ദാസനെ തന്നോട് അനുരൂപപ്പെടുത്തുവാന്‍ തന്‍റെ പഞ്ചക്ഷതങ്ങള്‍ ദാനം ചെയ്യുന്നു! അല്‍വേര്‍ണാമലപോലും ജ്വലിച്ചു നിന്ന ആ മഹനീയ നിമിഷങ്ങളുടെ ഓര്‍മപോലും ആത്മാനവിനെ കുളിരണിയിക്കാറുണ്ട്.
ഭിക്ഷ നല്‍കാന്‍ ഒന്നുമില്ലാതെ, സകലതും ദരിദ്രര്‍ക്കു നല്‍കാന്‍ പഠിപ്പിച്ച വചന ഗ്രന്ഥത്തെത്തന്നെ പാവപ്പെട്ടൊരു വിധവയ്ക്കായി കൊടുക്കാന്‍ കല്പിച്ച ഫ്രാന്‍സിസ്: ദാരിദ്ര്യത്തെ മണവാട്ടിയായി സ്വീകരിച്ചവന്‍: പിതാവിന് ഉടുതുണിപോലും ഉരിഞ്ഞു നല്‍കി, സര്‍വ്വം ത്യജിച്ച് സ്വര്‍ഗസ്ഥനായ ദൈവത്തെ 'അപ്പാ" എന്നു വിളിക്കാന്‍ അവകാശം നേടിയ സാധു: തിരുസിംഹാസനത്തിന്‍റെ മുമ്പിലും കീറിപ്പറിഞ്ഞ വസ്ത്രവുമായി നിന്ന കൃശഗാത്രന്‍: മാര്‍പാപ്പയുടെ നീരസം നിറഞ്ഞ സംസാരത്തെയും വേദവാക്യംപോലെ കരുതി, പന്നികളോടു സുവിശേഷം പറഞ്ഞ തീഷ്ണമതി: തിരുസഭാനേതൃത്വം പോലും ദുഷിച്ചുപോയൊരു കാലഘട്ടത്തിലും ആഴമേറിയ വിധേയത്വത്തിലും അനുസരണത്തിലും ഉറച്ചു നിന്നുകൊണ്ട്, സമൂലമായ പരിവര്‍ത്തനത്തിലേയ്ക്ക് സഭയെ നയിച്ച വിപ്ലവകാരി- ഇങ്ങനെയെത്രയെത്ര രൂപങ്ങളില്‍ ഫ്രാന്‍സീസ് ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നു.
വിശുദ്ധരില്‍ വിശുദ്ധനായിരുന്നിട്ടും, ഒരു വൈദികനാകാന്‍ തയ്യാറാകാതിരുന്ന അസ്സീസിയുടെ പൗരോഹിത്യദര്‍ശനവും, പരിശുദ്ധ കുര്‍ബാനയോടുള്ള അത്യഗാധമായ ആദരവും, ആര്‍ക്കു മനസ്സിലാക്കാനാവും! സ്നേഹം എരിയിച്ചു തീര്‍ത്ത ആ ജീവിതത്തിലൂടെ ലോകം സുവിശേഷത്തിലെ ഈശോയെ ഒരിക്കല്‍കൂടി കാണുകയായിരുന്നല്ലോ. ദൈവസാക്ഷാത്ക്കാരംതേടുന്ന മനുഷ്യാത്മാവിന്‍റെ നൈസര്‍ഗ്ഗിക ചോദനകളുടെ പൂര്‍ത്തീകരണമായി ഫ്രാന്‍സീസ് മാറുന്നു. അതിനാല്‍ നാമദ്ദേഹത്തെ സ്നേഹിച്ചു പോകുന്നു.
സര്‍വോപരി, അസ്സീസിയിലെ വി. ഫ്രാന്‍സീസിനെപ്പോലും നിഴലുപോലെ നിസ്സാരനാക്കുന്ന നസ്രസ്സിലെ തച്ചന്‍റെ മകനാര്? അത്ഭുതം നിറഞ്ഞ ഈ അന്വേഷണത്തില്‍ വി. ഫ്രാന്‍സീസ് എന്‍റെ ഏറ്റവും വലിയ മാര്‍ഗദീപവും കണ്ടെത്തലുമായി ഭവിക്കുന്നു. അതാണ് എനിക്ക് വി. ഫ്രാന്‍സീസ്.