top of page

ഫ്രാന്‍സിസിന്‍റെ കവിത

Oct 12

4 min read

ക്രിസ്റ്റഫര്‍ കൊയ് ലോ
വിശുദ്ധഗ്രന്ഥത്തിന്‍റെ വെളിപാടുകള്‍ മനുഷ്യ ബുദ്ധിയെ കടന്നു നില്ക്കുന്ന ഒരു തലത്തിലാണ്. ദൈവം തന്നെക്കുറിച്ച് കുറേ നല്ല കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ട് 'നിങ്ങള്‍ അതിനോട് യോജിക്കുന്നുവോ?' എന്നല്ല നമ്മോട് ചോദിക്കുന്നത്. ദൈവം നമ്മുടെ ഇടയില്‍ വന്ന് നമ്മിലൊരുവനായി, തോളത്തുകൈയിട്ട്, നിറങ്ങളുള്ള ഒരു പുറംകുപ്പായം നമ്മെ അണിയിച്ച്, കൈയില്‍ മോതിരമണിയിച്ച്, ഉള്ളില്‍ കൂട്ടിക്കൊണ്ടുപോയി, കൊഴുത്ത കാളക്കുട്ടിയെ കൊന്ന് വിരുന്നൊരുക്കിയ മേശയില്‍ നമ്മെയിരുത്തി, നമുക്കായി സംഗീതമാലപിച്ചു.
A bearded man in a brown robe is pictured praying with closed eyes, surrounded by a glowing halo. A white dove flies nearby, evoking peace.

ഫ്രാന്‍സിസിന് ക്രിസ്തീയത ബുദ്ധിപരമായി അംഗീകരിച്ച് പ്രാവര്‍ത്തികമാക്കേണ്ടത് മാത്രമായിരുന്നില്ല. അത് ആഘോഷിക്കപ്പെടേണ്ടതും ആലപിക്കപ്പെടേണ്ടതും നൃത്തം ചെയ്യപ്പെടേണ്ടതുമായ മനുഷ്യന്‍റെ ആന്തരികാനുഭവത്തിന്‍റെ ഭാഗമായിരുന്നു.


വിശുദ്ധഗ്രന്ഥത്തിന്‍റെ വെളിപാടുകള്‍ മനുഷ്യ ബുദ്ധിയെ കടന്നു നില്ക്കുന്ന ഒരു തലത്തിലാണ്. ദൈവം തന്നെക്കുറിച്ച് കുറേ നല്ല കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ട് 'നിങ്ങള്‍ അതിനോട് യോജിക്കുന്നുവോ?' എന്നല്ല നമ്മോട് ചോദിക്കുന്നത്. ദൈവം നമ്മുടെ ഇടയില്‍ വന്ന് നമ്മിലൊരുവനായി, തോളത്തുകൈയിട്ട്, നിറങ്ങളുള്ള ഒരു പുറംകുപ്പായം നമ്മെ അണിയിച്ച്, കൈയില്‍ മോതിരമണിയിച്ച്, ഉള്ളില്‍ കൂട്ടിക്കൊണ്ടുപോയി, കൊഴുത്ത കാളക്കുട്ടിയെ കൊന്ന് വിരുന്നൊരുക്കിയ മേശയില്‍ നമ്മെയിരുത്തി, നമുക്കായി സംഗീതമാലപിച്ചു.


വെളിപാട് നൃത്തത്തിന്‍റെ ചുവടുകളെയാണ് പിന്‍പറ്റുന്നത്. നൃത്തം ചലനമാണ്. വാസ്തവത്തില്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരു ലക്ഷ്യസ്ഥാനത്തെത്താന്‍ ഒരു നിശ്ചിതമായ ചലനം മതി എന്നാല്‍ നൃത്തം ചെയ്യുന്ന ഒരാള്‍ക്ക് എത്തിച്ചേരേണ്ട ഒരു 'ലക്ഷ്യ'സ്ഥാനമില്ല. അവള്‍ തിരിയുന്നു, കറങ്ങുന്നു, തിരിച്ച് പഴയ സ്ഥാനത്തെത്തുന്നു. ചലനങ്ങള്‍ക്കിവിടെ പ്രത്യേകിച്ച് ലക്ഷ്യസ്ഥാനങ്ങളില്ല. നര്‍ത്തകിക്ക് തിടുക്കങ്ങളില്ല. അവള്‍ക്ക് സമയമുണ്ട്, അത് ചെലവഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നുമുണ്ട്. നൃത്തത്തിന്‍റെ ലക്ഷ്യം ചലനം തന്നെയാണ്. നൃത്തം ചലനത്തിന്‍റെ ആഘോഷമാണ്, ശരീരത്തിന്‍റെ ആഘോഷമാണ്. ദൈവം വിശുദ്ധഗ്രന്ഥത്തില്‍ സ്വയം വെളിപ്പെടുത്തിയപ്പോള്‍ നമ്മള്‍ അത് ശ്രവിക്കണമെന്നോ, അംഗീകരിക്കണമെന്നോ, പ്രായോഗികമാക്കണമെന്നോ അതിന് പ്രതിഫലമായി സ്വര്‍ഗ്ഗരാജ്യത്തില്‍ നിത്യജീവന്‍ നേടണമെന്നോ ഒന്നും ഉദ്ദേശ്യമുണ്ടായിരുന്നില്ല.


നിത്യജീവന്‍ ഇവിടെയാണ് ആരംഭിക്കുന്നത്. 'ഏക സത്യ ദൈവത്തെയും, അങ്ങ് അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യജീവന്‍' (യോഹ 17:3). ഇത് ബൗദ്ധികമായ ഒരറിവ് മാത്രമല്ല, ഇതൊരു കൂടിക്കാഴ്ചയാണ്, അതില്‍ത്തന്നെ അതിന്‍റെ ലക്ഷ്യമാണ്, സര്‍വ്വസത്തയുടേയും സങ്കലനമാണ്, അതൊരാഘോഷമാണ്. ദൈവം ഈ ആഘോഷത്തിനു തുടക്കം കുറിച്ചു. ഫ്രാന്‍സിസ് അതില്‍ പങ്കുചേര്‍ന്നു.

ദൈവശാസ്ത്രജ്ഞന്മാര്‍ കവിതയെ ഗദ്യത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. ഗദ്യം ആഴമുള്ള ആത്മീയാനുഭവത്തിലേയ്ക്ക് നയിക്കാത്തപക്ഷം പാഴാണ്. വിശ്വാസസംഹിതകളുടെയും നിയമങ്ങളുടെയും ഗദ്യാവിഷ്കരണമാണ് മതമെന്ന് ചിന്തിക്കാന്‍ തുടങ്ങുന്നിടത്താണ് കൂടുതല്‍ അപകടം. യേശുവിന്‍റെ കാലത്തെ ഫരിസേയരുടെ തെറ്റ് അതായിരുന്നു. ഈ തെറ്റിനെയാണ് ജഡമോഹങ്ങളേക്കാള്‍, കൊലപാതകത്തേക്കാള്‍, പരസംഗത്തേക്കാള്‍ നിശിതമായ ഭാഷയില്‍ ക്രിസ്തു വിമര്‍ശിക്കുന്നത്. ഫ്രാന്‍സിസിന്‍റെ കാലത്തും ദൈവശാസ്ത്രം മതമായി കരുതിയ ചിലരുണ്ടായിരുന്നു. അതുകൊണ്ടാണ് ഫ്രാന്‍സിസ് ബൗദ്ധികമായ പഠനത്തില്‍ നിന്ന് അകലം പാലിക്കാന്‍ സഹോദരന്മാരോട് നിര്‍ദ്ദേശിക്കുന്നത്. പഠനത്തോട് ഫ്രാന്‍സിസിന് എതിര്‍പ്പില്ലായിരുന്നു എന്നത് ആന്‍റണിയ്ക്ക് ദൈവശാസ്ത്രം പഠിപ്പിക്കാന്‍ അനുവാദം കൊടുക്കുന്നതില്‍ വ്യക്തമാണ്. എന്നാല്‍ ആത്മീയാനുഭവത്തിലേയ്ക്ക് നയിക്കാത്ത ബൗദ്ധിക പഠനമാണ് ഫ്രാന്‍സിസില്‍ എതിര്‍പ്പുളവാക്കുന്നത്. അതു കൊണ്ടാണ് ആന്‍റണിയോട് പറയുന്നത് ദൈവിക ഭക്തിയും പ്രാര്‍ത്ഥനയും കൈവിടരുതെന്ന്.


എന്നാല്‍ ഫ്രാന്‍സിസ് തന്‍റെ ദൈവാന്വേഷണത്തിന്‍റെ തനതു വഴിയായി കവിതയേയും നാടകത്തേയും പരിഗണിച്ചു. കാരണം അത് ദൈവം മനുഷ്യനെ തേടിയെത്തിയ വഴിയായിരുന്നു. അതുകൊണ്ടാണ് ആ വഴിയിലെ അത്ഭുതത്തെ ഫ്രാന്‍സിസിന് ഒരിക്കലും മറികടക്കാനാവാതെ പോയത്. ദൈവം സ്വയം ശൂന്യനാക്കി നമ്മിലൊരുവനായതിനെയോര്‍ത്ത് ബെത്ലഹേമിലും കാല്‍വരിയിലും വിശുദ്ധ അപ്പത്തിലും നോക്കി അവന്‍ അത്ഭുതസ്തംബ്ധനായി. ഹൃദയം കൊണ്ടേ കവിത മനസ്സിലാക്കാന്‍ കഴിയൂ. വൈകാരികമായി വ്യക്തികളോടും സംഭവങ്ങളോടും ലോകത്തോടും ഇടപഴകാനാവണം. പ്രായോഗികവാദത്തിന്‍റെ പ്രാഗല്ഭ്യത്തിന്‍റെ, ആശയവ്യക്തതയുടെ സുരക്ഷിതത്വം വേണ്ടെന്നുവയ്ക്കാനാവണം. ഒരു വിഡ്ഢിയാകാന്‍ തയ്യാറാകണം. കളിയില്‍ പങ്കെടുക്കാനാവണം.


ഫ്രാന്‍സിസിന്‍റെ കവിത

ദൈവത്തെ ദരിദ്രനും നിസ്സാരനുമായ മനുഷ്യരൂപത്തില്‍ കണ്ടു മുട്ടിയ കവിയും കലാകാരനുമായ ഫ്രാന്‍സിസ് കൈയിലൊരു ഭിക്ഷാപാത്രവുമെടുത്ത് അസ്സീസിയിലെ തെരുവുകളിലൂടെ അലയാന്‍ തുടങ്ങി. കൂടുതല്‍ ആക്ഷേപങ്ങള്‍ നേരിടുമ്പോള്‍ അവന്‍ കൂടുതല്‍ സന്തോഷവാനായി കാണപ്പെട്ടു, കാരണം അവന്‍ വലിയൊരു സൗഹ്യദത്തിലായിരുന്നു. അവന്‍ സഹോദരന്മാരോട് പറയുമായിരുന്നു: 'ഭിക്ഷയാചിക്കുന്നതില്‍ നിങ്ങള്‍ ലജ്ജിക്കേണ്ട. കാരണം നമുക്കായി ദൈവം ഈ ഭൂമിയില്‍ ദരിദ്രനായി.'


ഒരിക്കല്‍ ഫ്രാന്‍സിസിന് പ്രസംഗം അവസാനിപ്പിച്ച് നിശബ്ദവും പ്രാര്‍ത്ഥനാത്മകവുമായ താപസജീവിതത്തിലേയ്ക്ക് പ്രവേശിക്കാന്‍ ശക്തമായ പ്രേരണ. ഒരു തീരുമാനത്തിലെത്താനാവുന്നില്ല. ദൈവത്തിന്‍റെ ഹിതം എന്താണെന്ന് വ്യക്തമായി അറിയണം. അദ്ദേഹം മസ്സെയോ സഹോദരനെ വിളിച്ചുപറഞ്ഞു: 'സാന്‍ ഡാമിയാനോയില്‍ ചെന്ന് സഹോദരി ക്ലാരയെ കണ്ട് പറയണം എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഒരു തീരുമാനം പറയാന്‍. അതുപോലെ സുബാസിയോ മലയിലെ ഗുഹയില്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുന്ന സില്‍വെസ്റ്റര്‍ സഹോദരനെയും കണ്ട് എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ദൈവഹിതമറിഞ്ഞ് ഒരു തീരുമാനം അറിയിക്കാന്‍ പറയൂ. അവര്‍ രണ്ടുപേരും നിര്‍ദ്ദേശിക്കുന്ന കാര്യം ഒന്നാണെങ്കില്‍ അതായിരിക്കും ദൈവഹിതം'. മസ്സെയോ സഹോദരന്‍ പോയി കാര്യങ്ങള്‍ സഹോദരി ക്ലാരയേയും സില്‍വെസ്റ്റര്‍ സഹോദരനെയും അറിയിച്ച് അവരുടെ മറുപടിയുമായി തിരിച്ചുവരുന്നതു കാത്ത് ഫ്രാന്‍സിസ് പോര്‍സ്യൂങ്കുലായുടെ വാതില്‍പ്പടിയില്‍ നിന്നു.


മലയിറങ്ങി കാട്ടുപാത താണ്ടി മസ്സെയോ സഹോദരന്‍റെ രൂപം നടന്നടുക്കുന്നത് കണ്ണില്‍പ്പെട്ടപ്പോഴേയ്ക്കും ഫ്രാന്‍സിസ് തിടുക്കത്തില്‍ പോയി ഒരു പാത്രം വെള്ളവുമായെത്തി. മസ്സെയോ പര്‍ണ്ണ ശാലയ്ക്കരികിലെത്തിയപ്പോള്‍ എന്തെങ്കിലും സംസാരിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് അദ്ദേ ഹത്തിന്‍റെ കാലുകള്‍ കഴുകി. ഏശയ്യാ പ്രവാചകന്‍ പറഞ്ഞിട്ടില്ലേ, 'സദ്വാര്‍ത്തയും പേറി മലമുകളില്‍ ചരിക്കുന്നവന്‍റെ പാദങ്ങള്‍ എത്ര മനോഹരമെന്ന്!' ഫ്രാന്‍സിസിന്‍റെ, തിരുഗ്രന്ഥത്തിലെ ഓര്‍മ്മകള്‍ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേയ്ക്ക് പായുന്നു. അബ്രാഹവും ഗിദയോനും ദൈവത്തിന്‍റെ ദൂതരെ സ്വീകരിക്കുന്നത് ഓര്‍മ്മയിലെത്തുന്നു. മസ്സെയോ സഹോദരനോട് അല്പം കാത്തുനില്‍ക്കാന്‍ പറഞ്ഞിട്ട് അടുക്കളയില്‍ പോയി ആഹാരമുണ്ടാക്കി അദ്ദേഹത്തിന് വിളമ്പുന്നു. ദൈവത്തിന്‍റെ വചനവും സ്നേഹവും പേറി എത്തിയവന്‍. അത്യധികമായ നന്ദിയുടെയും വിസ്മയത്തിന്‍റെയും യോഗാനുഭൂതിയിലായി ഫ്രാന്‍സിസ്. മസ്സെയോയെ സ്വീകരിക്കുവാന്‍ തന്‍റെ കുടില്‍ യോഗ്യമല്ല. നീ എന്‍റെ ഭവനത്തില്‍ വരുവാന്‍ യോഗ്യതയെനിക്കില്ല എന്ന് യേശുവിനോട് ഏറ്റു പറഞ്ഞ ശതാധിപന്‍റെ ഭവനത്തോളം പോലും യോഗ്യമല്ലത്. മസ്സെയോയെ ഫ്രാന്‍സിസ് തന്‍റെ പര്‍ണ്ണശാലയില്‍ നിന്നും കാടിന്‍റെ ശ്രീകോവിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ ഫ്രാന്‍സിസ് മസ്സെയോ സഹോദ രന്‍റെ മുന്നില്‍ മുട്ടുകുത്തി ശിരോവസ്ത്രം നീക്കി തലകുനിച്ച് കരങ്ങള്‍ കുരിശാകൃതിയില്‍ നെഞ്ചോട് ചേര്‍ത്ത് ചോദിക്കുന്നു. 'ഞാന്‍ എന്തു ചെയ്യണമെന്നാണ് എന്‍റെ കര്‍ത്താവ് എന്നോട് ആവശ്യപ്പെടു ന്നത് ?' മസ്സെയോ മറുപടി പറയുന്നു. 'സഹോദരി ക്ലാരയ്ക്കും സില്‍വെസ്റ്റര്‍ സഹോദരനും കര്‍ത്താവ് ഒരേ ഉത്തരമാണ് കൊടുത്തത്. അങ്ങ് പ്രസംഗിച്ചുകൊണ്ട് ചുറ്റിസഞ്ചരിക്കണം. കാരണം ദൈവം അങ്ങയെ വിളിച്ചത് അങ്ങേയ്ക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കുവേണ്ടികൂടിയാണ്.'


ഇത് കേള്‍ക്കെ ഫ്രാന്‍സിസ് ചാടിയെഴുന്നേറ്റ് പറയുന്നു. "എന്നാല്‍ നമുക്ക് ദൈവനാമത്തില്‍ പോകാം." നടവഴിയെന്നോ ഊടുവഴിയെന്നോ നോട്ടമില്ലാത്ത നടത്തമായിരുന്നു പിന്നീടങ്ങോട്ട് നേരേ പോകുന്നത് കന്നാറയ്ക്കാണ്. അവിടെവെച്ച് ഫ്രാന്‍സിസിന്‍റെ പ്രസംഗം കേട്ടിട്ട് ആ ഗ്രാമം മുഴുവന്‍ ഫ്രാന്‍സിസിന്‍റെ പിന്നാലെ വരാന്‍ ആഗ്രഹിച്ചെന്നാണ് കേള്‍വി. പിന്നെ അവന്‍ പ്രസംഗിക്കുന്നത് പക്ഷികളോടാണ്.

ഈ സംഭവം മുഴുവന്‍ കവിത നിറയുന്ന ഒന്നാണ്. ഭാവനകളും ഓര്‍മ്മകളും നിറയുന്ന ഒന്ന്, കാരണം മസ്സെയോയില്‍ നിന്ന് സ്വീകരിച്ച ദൈവവചനത്തിന്‍റെ അഗാധാനുഭവം വിവരിക്കാന്‍ ഫ്രാന്‍സിസിന് വേറെ വഴികളില്ല.


ഫ്രാന്‍സിസിന്‍റെ ജീവിതം കവിതപോലെ മനോഹരമാണ്. അവന്‍ ഒരു കവിത ജീവിക്കുകയായിരുന്നു. കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കാനുള്ള ആവേശം അദ്ദേഹത്തിന്‍റെ മനോഭാവത്തിന്‍റെ ഭാഗമായിരുന്നു. കാരണം ബൗദ്ധികവ്യാഖ്യാനം കൊണ്ട് തൃപ്തിപ്പെടുക എന്നത് കവിക്ക് തികച്ചും അചിന്തനീയമാണ്

സാന്‍ ഡാമിയാനോയിലെ ക്രൂശിതരൂപം "ഫ്രാന്‍സിസ്, നീ എന്‍റെ ദേവാലയം പുതുക്കിപ്പണിയുക." എന്ന് പറഞ്ഞപ്പോള്‍ അതിനെ അക്ഷരാര്‍ത്ഥത്തിലാണ് ഫ്രാന്‍സിസ് എടുത്തത്. ഈ വാചകത്തിന്‍റെ അര്‍ത്ഥവും അര്‍ത്ഥവ്യാപ്തിയും വിശകലനം ചെയ്യുക എന്നത് ഫ്രാന്‍സിസിനെപ്പോലെ ഒരാള്‍ക്ക് തികച്ചും അസാധ്യമാണ്. ഒരുപക്ഷേ അതുകൊണ്ടുതന്നെയാവണം ജീര്‍ണ്ണിച്ചുകൊണ്ടിരുന്ന അന്നത്തെ സഭാസമൂഹം അവനിലൂടെ പുതുക്കിപ്പണിയപ്പെട്ടത്.


ഫ്രാന്‍സിസ്കന്‍ ദൗത്യം

ജീവിതത്തോടുള്ള ഫ്രാന്‍സിസിന്‍റെ സമീപനത്തെ സ്വന്തം ജീവിതത്തിലും അപരന്‍റെ ജീവിതത്തിലും മാംസം ധരിക്കാനും ധരിപ്പിക്കാനുമുള്ള ശ്രമത്തിലായിരുന്നുകൊണ്ട് സഭയെ പുതുക്കിപ്പ ണിയാനുള്ള വലിയൊരുത്തരവാദിത്വം ഫ്രാന്‍സിസിന്‍റെ ഇക്കാലത്തെ സ്നേഹിതരിലും ശിഷ്യരിലും നിക്ഷിപ്തമായിട്ടുണ്ട്. ഇത് വളരെ ശ്രമകരമായ ഒരു സംഗതിയാണ്. കാരണം ഫ്രാന്‍സിസിന്‍റെ കാലത്തേക്കാള്‍ ലോകവും സമൂഹവും ഏറെ മാറ്റങ്ങളിലൂടെ കടന്നു പോയിരിക്കുന്നു. എന്നാല്‍ ഇത് നിശ്ചയമായും അനുവര്‍ത്തിക്കേ ണ്ടതുണ്ട്. കാരണം വ്യക്തികള്‍ ഏറെ മാറിയിട്ടില്ല.


നമ്മുടെ കാലഘട്ടത്തിനു വേണ്ടിയുള്ള മനുഷ്യന്‍

സഭ കടന്നുപൊയ്കൊണ്ടിരിക്കുന്ന വിശ്വാസ - ആത്മീയ പ്രതിസന്ധിക്കു കാരണം റോമന്‍ പീഡനകാലത്തിനുശേഷമുണ്ടായ അമിത ബൗദ്ധികവത്കരണവും അച്ചടിയന്ത്രം കണ്ടുപിടിച്ചതിനു ശേഷം ലൂഥറും കനിസിയൂസും മറ്റ് സ്കൊളാസ്റ്റിക് ദൈവശാസ്ത്രജ്ഞരും അതിന് നല്കിയ അമിത ഊര്‍ജ്ജവുമായിരുന്നു. ഈ ബൗദ്ധികവത്കരണത്തിന്‍റെ കാലഘട്ടത്തില്‍ അത് പരമകാഷ്ഠയിലെത്തി. 'ദൃശ്യ-ശ്രാവ്യ'മായിരുന്ന തിരുലിഖിതങ്ങളിലെ ദൈവിക വെളിപാടുകള്‍ അതിന്‍റെ കാവ്യാത്മക തലങ്ങളും ദൃശ്യപ്രതികങ്ങളുമെല്ലാം പൊഴിച്ചുകളഞ്ഞ് ബൗദ്ധികമായ ആശയങ്ങളും സംജ്ഞാ വ്യത്യാസങ്ങളും വിവരണങ്ങളുമായി കണികവത്കരിക്കപ്പെടാന്‍ തുടങ്ങി. അങ്ങനെ സാവകാശം ചിത്രങ്ങള്‍കൊണ്ടും ശബ്ദങ്ങള്‍ കൊണ്ടും ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യുക എന്നത് ക്രിസ്തീയത മറന്നേപോയി. ഇതിന്‍റെ ഉദാഹരണങ്ങള്‍ നമ്മുടെ കാലത്തെ ചില ബൈബിള്‍ പതിപ്പുകളില്‍ കാണാനാവും. ഉദാഹരണത്തിന് ICEL ബൈബിള്‍ പതിപ്പിന്‍റെ പുതിയ വിവര്‍ത്തനത്തില്‍ ശതാധിപന്‍റെ വാക്കുകളായി ദിവ്യകാരുണ്യ സ്വീകരണത്തിന് മുന്‍പ് ഉപയോഗിച്ചിരുന്ന വാക്കുകള്‍ 'ഞാന്‍ നിന്നെ സ്വീകരിക്കാന്‍ യോഗ്യനല്ല' എന്ന് വളരെ ഗദ്യാത്മകമായും വ്യക്തമായും എഴുതിവയ്ക്കപ്പെട്ടു. അവിടെ 'അങ്ങ് എന്‍റെ കൂരയില്‍ പ്രവേശിക്കാന്‍ വേണ്ട യോഗ്യത എനിക്കില്ല.' എന്ന വാചകത്തിന്‍റെ കാവ്യാത്മക പ്രതീകങ്ങളായ 'വീടും' 'മേല്‍ക്കൂര'യും എല്ലാമെല്ലാം നഷ്ടമായി.


ചിത്രങ്ങളില്‍നിന്നും ഭാവനകളില്‍നിന്നും സംഗീതത്തില്‍ നിന്നും അകന്നുപോയ സഭയ്ക്ക് ഇന്ന് കണ്ടുമുട്ടേണ്ടി വരുന്നത് ഇലക്ട്രോണിക് മീഡിയയുടെ യുഗത്തില്‍ സിനിമയുടെയും ശബ്ദത്തിന്‍റെയും സംഗീതത്തിന്‍റെയും, നിറങ്ങളുടെയും, താളത്തിന്‍റെയും മതരഹിതമായ ഒരു ലോകത്ത് ജീവിക്കുന്ന പുത്തന്‍ തലമുറയെയാണ്.


സഭയിന്ന് ഒരിക്കല്‍ അവള്‍ മറന്നുപോയ ഭാഷയെ ഓര്‍മ്മ പുതുക്കിയെടുക്കാനും പഠിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക കാലത്തെ സഭയുടെ ഏറ്റവും വലിയ പുനര്‍പഠന പ്രക്രിയയായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, കൗണ്‍സില്‍ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് 1962-ല്‍ ആരാലും ഏറെ ശ്രദ്ധിക്കപ്പെടാത്ത ഒരു സംഭവം നടന്നു. കൗണ്‍സിലിന്‍റെ കേന്ദ്രവ്യക്തിത്വമായിരുന്ന ജോണ്‍പോള്‍ 23-ാമന്‍ മാര്‍പാപ്പ അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ കബറിടത്തിലേയ്ക്ക് ഒരു തീര്‍ത്ഥാടനം നടത്തി, ഇറ്റലിയിലെ നൂറുകണക്കിന് വിശുദ്ധന്മാരില്‍നിന്ന് കൗണ്‍സിലിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പാ ഒരു സൂചകമായി തിരഞ്ഞെടുത്തത് അസ്സീസിയിലെ ഫ്രാന്‍സിസിനെയാണ്. 'പതിമൂന്നാം നൂറ്റാണ്ടില്‍ ജീര്‍ണ്ണിച്ച് വീണു കൊണ്ടിരുന്ന സഭയെ പുതുക്കിപ്പണിയാന്‍ നീ ശ്രമിച്ചതുപോലെ ഞങ്ങളുടെ സഭയേയും പുനരുദ്ധരിക്കുക' എന്ന് മാര്‍പാപ്പാ അന്ന് ഫ്രാന്‍സിസിനോട് പ്രാര്‍ത്ഥിച്ചു.

മനുഷ്യന്‍റെ കേന്ദ്രം എന്നത് തലയല്ല ഹൃദയമാണ് എന്ന് ഫ്രാന്‍സിസ് നമ്മോട് പറയുന്നു. അത് ഭാവനയാണ്, ഓര്‍മ്മകളാണ്, വികാരങ്ങളാണ്. നമ്മള്‍ തൊട്ടിലില്‍ പഠിച്ച് പിന്നീട് മറന്നു പോയ ചില പാഠങ്ങളുണ്ട് - നിറങ്ങള്‍ക്ക് നാവുകളുണ്ട്; കൈകള്‍ക്ക് ഒച്ചവയ്ക്കാനാവും; വിരലുകള്‍ക്ക് പാടാന്‍ കഴിയും; പാദങ്ങള്‍ക്ക് അവയുടെ ഭാഷയുണ്ട്; മരങ്ങള്‍ കൈകൊട്ടാറുണ്ട്; പര്‍വ്വതങ്ങള്‍ക്ക് കോലാടുകളെപ്പോലെ തുള്ളിച്ചാടാന്‍ കഴിയും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും വായുവും ജലവും മേഘവും തീയും മണ്ണും നമ്മുടെ കുടുംബത്തിലെ അംഗങ്ങളാണ്; അവരും നമ്മുടെ ഗായകസംഘത്തിലെ പാട്ടുകാരാണ്.


ഫ്രാന്‍സിസിന്‍റെ കവിത

ക്രിസ്റ്റഫര്‍ കൊയ്ലോ

(വിവ. ജിജോ കുര്യന്‍,

ദൈവത്തിന്‍റെ ഭോഷന്‍, ജീവന്‍ ബുക്സ്)

Oct 12

0

45

Recent Posts

bottom of page